വെസ്റ്റ് ബാങ്കിലെ ഒരു കൊച്ചു ഗ്രാമമായ മുസഫ്‌ഫർ യാത്തയിലെ ജനങ്ങളുടെ കഥയാണ് നോ അദർ ലാൻഡ് (No other land). വർഷങ്ങളായവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആസൂത്രിതമായ ആക്രമണത്തിന്റെയും കുടി യൊഴിപ്പിക്കലുകളുടെയും വേദനാജനകമായ ദൃശ്യങ്ങൾ. വിദഗ്‌ധ സംഭാഷണങ്ങളും ചരിത്ര വിവരണങ്ങളുമില്ലാതെ ഫലസ്‌തീനിലെ ഗ്രാമങ്ങളിൽ വർഷങ്ങളായി ഇസ്രായേലി പട്ടാളം നടത്തിക്കൊണ്ടിരിക്കുന്ന സൈനിക അധിനിവേശത്തെയും അടിച്ചമർത്തലുകളെയും കാഴ്ചക്കാർക്ക് അനുഭവവേദ്യമാക്കുന്ന വെരിതെ (vérité) സ്റ്റൈൽ ഡോക്യുമെൻ്ററിയാണ് നോ അദർ ലാൻഡ്.
അഞ്ച് വർഷത്തോളമെടുത്ത് ഈ അതിക്രമങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് സംവിധായകരിലൊരാൾ കൂടിയായ ഫലസ്തീനി ആക്ടിവിസ്റ്റ് ബാസൽ അദ്രയാണ് (Basel Adra). യാതൊരുവിധ കൂട്ടിച്ചേർക്കലുകളുമില്ലാതെ ഒരു നേർരേഖയിലെന്നവണ്ണം തൻ്റെ നാട്ടിലെ ജനങ്ങളുടെ നിസ്സഹായാവസ്ഥ ബാസലും സുഹൃത്ത് യുവാൽ അബ്രഹാമും (Yuval Abraham) ചേർന്ന് കൃത്യമായി വരച്ചിടുന്നുണ്ട്. നശീകരണത്തിന്റെയും പുറന്തള്ളലിന്റെയും മായാത്ത ദൃശ്യങ്ങളുടെ അനിഷേധ്യമായ സാക്ഷിപ്പെടുത്തലുകളാണ് നോ അദർ ലാൻഡിലെ ഓരോ നിമിഷങ്ങളും. ബാസലിന്റെ ഉപ്പയടക്കം പ്രതിരോധത്തിന്റെയും പ്രത്യാശയുടേയും മുഖങ്ങൾ ആദ്യകാഴ്ച്ചയിൽ തന്നെ നമ്മുടെ ഹൃദയങ്ങളിൽ പതിയും. അസ്തിത്വത്തിന്റെ രണ്ട് വ്യത്യസ്ത തുറകളിലായിട്ട് പോലും ദാർശനികവും രാഷ്ട്രീയവുമായി ശക്തമായ ഒരു സഖ്യം രൂപീകരിക്കുന്ന ഫലസ്‌തീനിയായ ബാസൽ അദ്രയുടെയും ഇസ്രായേലിയായ പത്രപ്രവർത്തകൻ യുവാൽ എബ്രഹാമിൻ്റെയും സൗഹൃദത്തിന്റെ ചലിക്കുന്ന ഛായാചിത്രമായും നോ അദർ ലാൻഡ് വർത്തിക്കുന്നു.
ചിത്രത്തിലുടനീളം അധികാരത്തിൻ്റെയും അധിനിവേശത്തിൻ്റെയും പ്രതീകമെന്നോണം നിസ്സഹായരായ മുസഫർ യാത്തയിലെ ജനങ്ങളുടെ കൂരകൾ തകർത്തെറിയുന്ന ഇസ്രായേലി ബുൾഡോസറുകളുടെ ദൃശ്യങ്ങൾ പലയാവർത്തി കടന്നുവരുന്നുണ്ട്. അതോടൊപ്പം സായുധസൈനികർക്ക് മുന്നിൽ നിരായുധരായിരുന്നിട്ടും നിർഭയം പ്രതിഷേധിക്കുകയും എതിർത്തു നിൽക്കുകയും ചെയ്യുന്ന കുട്ടികളേയും നമുക്ക് പലപ്പോഴായി കാണാനാവും. നോ അദർ ലാൻഡിലെ ഈ കാഴ്‌ചകൾ, ഫലസ്തീനികളുടെ പോരാട്ടം നിലനിൽപ്പിനായുള്ള തദ്ദേശീയരുടെ പ്രതിരോധത്തിനപ്പുറം അസ്തിത്വപരമായ ഒരു കടന്നുകയറ്റത്തിനെതിരെയുള്ള അനിവാര്യതയാണെന്ന ബോധ്യം കൂടെ നമുക്ക് നൽകുന്നു.ബാസലിന്റെ തന്നെ കുട്ടിക്കാലത്തുള്ള ദൃശ്യങ്ങൾ കാണിക്കുന്നത് വഴി ഇസ്രയേലിന്റെ കടന്നുകയറ്റം എത്രയോകാലം പഴക്കമുള്ളതാണെന്നും പാശ്ചാത്യമാധ്യമങ്ങൾ പറയുന്നതു പോലെ ഒക്ടോബർ ഏഴിൻ്റെ ശേഷമുണ്ടായതല്ല എന്നും കാണികളിൽ തിരിച്ചറിവുണ്ടാക്കാൻ സംവിധായകർക്കായിട്ടുണ്ട്. നോ അദർ ലാൻഡ് ആത്യന്തികമായി പ്രതിരോധത്തിന്റെ വഴികളടഞ്ഞുപോയ ഒരു ഫലസ്‌തീനി യുവാവ് കാമറയെ എങ്ങനെ ആയുധമാക്കി മാറ്റുന്നു എന്നതിന്റെ പ്രകാശനമാണ്.
ബസാറിനും യുവാലിനും പുറമെ ഫലസ്തിനിയായ ഹംദാൻ ബല്ലാലും (Hamdan Ballal) ഇസ്രയേലിയായ റേച്ചൽ സോറും (Rachel Szor) ചേർന്നാണ് നോ അദർ ലാൻഡ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം, ബെർലിനാലെയിലെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പനോരമ ഓഡിയൻസ് അവാർഡ് ഉൾപ്പെടെ വ്യത്യസ്‌ത അവാർഡുകൾ കരസ്ഥമാക്കി. ഏറ്റവും ഒടുവിൽ 2025 ലെ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ അവാർഡ് കൂടി നേടിയതോടെ വലിയ അംഗീകാരമാണ് നോ അദർ ലാൻഡിനെ തേടിയെത്തിയിരിക്കുന്നത്.
Add comment