അനുഗ്രഹീതരായ പ്രഭാഷകരാല്‍ ധന്യമായ മണ്ണാണ് ഈജിപ്ത്. സാഹിത്യം, തത്വശാസ്ത്രം, മതം, സൂഫിസം തുടങ്ങിയ മേഖലകളില്‍ പ്രഭാഷണംകൊണ്ട് ജനഹൃദയങ്ങളില്‍ കുടിയേറിയ പരശ്ശതം പ്രഭാഷകര്‍ ഇവിടെ ജന്മം കൊണ്ടിട്ടുണ്ട്. വിവിധ ആശയധാരകളും പ്രസ്ഥാനങ്ങളും രൂപംകൊള്ളുന്നതില്‍ ഇത്തരം പ്രഭാഷകരുടെ പങ്ക് നിസ്തുലമാണ്.
വിശുദ്ധ ഖുര്‍ആന്‍ സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും ഒരു പോലെ പകര്‍ന്നു കൊടുത്ത ശൈഖ് മുതവല്ലി ശഅ്റാവി, ചൊവ്വാഴ്ച തോറും നടത്തിയിരുന്ന മത പ്രഭാഷണങ്ങളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ ഓളംസൃഷ്ടിച്ച് വലിയ ജനക്കൂട്ടത്തെ ഇഖ്വാനുല്‍ മുസ്ലിമൂനിലെത്തിച്ച ഹസനുല്‍ ബന്ന, ഈജ്പിതിന്റെ സ്വാതന്ത്രസമര പ്രഭാഷകനായിരുന്ന മുസ്തഫ കാമില്‍, ജനകീയ നേതാവായിരുന്ന സഅദ് സഅ്ലൂല്‍ തുടങ്ങി നിരവധി പ്രഭാഷകവ്യക്തിത്വങ്ങളെ കാണാം.
ഇവര്‍ക്കിടയില്‍നിന്ന് ശൈഖ് അബ്ദുല്‍ ഹമീദ് കിശ്കിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെതായ അനേകം ഘടകങ്ങള്‍കൊണ്ടാണ്. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള അവതരണം, ഒരേ പ്രഭാഷണത്തില്‍തന്നെ ചിരിപ്പിക്കാനും കരയിപ്പിക്കാനുമുള്ള വൈഭവം, ഇസ്ലാമിലെ ചരിത്ര നിമിഷങ്ങളെ പുതിയ കാലത്തെ ചുവരെഴുത്തുകളോട് സന്ധിപ്പിക്കുന്നതിലുള്ള കൃത്യത, വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് താഴ്ന്നും പൊങ്ങിയുമുള്ള ശബ്ദവിന്യാസം, നീതിക്കായുള്ള നിലക്കാത്ത പോരാട്ടങ്ങള്‍ തുടങ്ങി തന്റേതായ പ്രഭാഷണവ്യക്തിത്വം പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനായി.
താന്‍ ഖത്വീബായി സേവനമനുഷ്ടിച്ച പള്ളിയില്‍ ജനങ്ങള്‍ക്കായി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച അദ്ദേഹം പള്ളിയെ ഒരു ജനസേവന കേന്ദ്രമാക്കിമാറ്റി. ജനങ്ങളുടെ മാനസികവും സാമൂഹികവുമായ എല്ലാ ആവശ്യങ്ങളെയും പള്ളിയില്‍ പോയി പറയാന്‍ മാത്രം മാറ്റം കൊണ്ടുവന്ന ആസുത്രണമായിരുന്നു അബ്ദുല്‍ ഹമീദ് കിശ്കി സാധ്യമാക്കിയത്. ഒരു ഖത്വീബ് ചെയ്തു തീര്‍ക്കേണ്ട ബാധ്യതകള്‍ ഏറെ സൂക്ഷ്മതയോടെ ചെയ്യാനദ്ദേഹത്തിനായിരുന്നു.
രണ്ടായിരത്തോളം പ്രഭാഷണങ്ങളിലൂടെ മുസ്ലിം ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം രാഷ്ട്രീയം, സാംസ്‌കാരികം, മതകീയം തുടങ്ങി ഇസ്ലാമിക പരിസരങ്ങളുമായി നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലൊക്കെ കൃത്യമായ നിലപാടുകളാണ് കൈകൊണ്ടത്. നാല്‍പത് കൊല്ലത്തോളം നീണ്ടുനിന്ന തന്റെ പ്രഭാഷണ ചരിത്രത്തില്‍ ചെറിയൊരു ഭാഷാപിഴവ് പോലും അദ്ദേഹത്തിനുണ്ടായിട്ടില്ലയെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.
‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ യാ റബ്ബ്’ ഗാംഭീര്യം സ്ഫുരിക്കുന്നയീ മുഖവുരയോടെ അലയടിച്ച പ്രഭാഷണങ്ങള്‍ അറബ് ലോകത്തെ കേളികേട്ട പല പ്രഭാഷകരെയും ഇന്നും സ്വാധീനിക്കുന്നുണ്ട്. ശ്രോതാക്കളിലേക്ക് ചോദ്യങ്ങളെറിഞ്ഞു കൊണ്ട് തന്റെ പ്രഭാഷണത്തോടൊപ്പം അവരെയും കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സയണിസം, സോഷ്യലിസം, സെക്കുലറിസം തുടങ്ങി സര്‍വ ഇസ്ലാമികവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കെതിരെയും അദ്ദേഹം നിരന്തരം ആക്രമണം നടത്തി. സത്യത്തോടൊപ്പം മാത്രം സഞ്ചരിച്ചു. കലങ്ങിയ ഈജിപ്തിന്റെ രാഷ്ട്രീയ പരിസരത്ത് ഒരു സംഘടനയോടും പ്രസ്ഥാനത്തോടും അദ്ദേഹം വിധേയത്വം കാണിച്ചില്ല.
ജനനം, പഠനം, സേവനം
അല്കസാണ്ട്രിയക്കടുത്തുള്ള ശബ്റാഖൈത്ത് ഗ്രാമത്തില്‍ 1933-ലാണ് അബ്ദുല്‍ ഹമീദ് കശ്കി ജനിക്കുന്നത്, സാമ്പത്തികമായി അത്ര മെച്ചമില്ലെങ്കിലും മതനിഷ്ഠയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും തന്റെ വ്യാപാരത്തില്‍ ദൈവഭക്തിയും സൂക്ഷമതയും പുലര്‍ത്തിയിരുന്നവരായിരുന്നു പിതാവ്.
പത്ത് വയസാകുന്നതിന്നുമുമ്പ് തന്നെ അദ്ദേഹം ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. തന്റെ ആത്മകഥാംശങ്ങള്‍ വിവരിക്കുന്ന കിശ്കിന്റെ ‘ഖിസ്സതു അയ്യാമി’യെന്ന കൃതിയില്‍ ചെറുപ്പക്കാലത്തെ സംഭവവികാസങ്ങള്‍ അതി മനോഹരമായി വിവരിക്കുന്നുണ്ട്. ഡോക്ടര്‍ക്ക് സംഭവിച്ച ഒരബദ്ധം കാരണം തന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.
ആദ്യമായി നാട്ടിലെ പള്ളിയില്‍ മിമ്പറില്‍ കയറി നാട്ടില്‍ നടക്കുന്ന അനീതിക്കെതിരെയും അവിടുത്തെ കച്ചവടക്കാരുടെ ദുഷ് ചെയ്തികള്‍ക്കെതിരെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇതോടെ ശ്രോതാക്കൊളൊന്നാകെ പുതിയ ബാല പ്രഭാഷകന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടുകയും ജീവിതവൈതരണികളെ വകഞ്ഞുമാറ്റി തങ്ങളുടെ നാട്ടില്‍ ഉയര്‍ന്നുവരുന്ന പ്രതിഭയെ സ്നേഹത്തോടെ നോക്കിക്കാണുകയും ചെയ്തു.
മാത്രമല്ല, ഈ കന്നി പ്രഭാഷണം ഏതാനും ചില അസൂയാലുക്കളെ സൃഷ്ടിക്കുകകൂടി ചെയ്തു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തന്റെ അകക്കാഴ്ചയുടെ ശക്തിയോടെ മിമ്പറുകളില്‍നിന്ന് മിമ്പറുകളിലേക്ക് തന്റെ പ്രബോധന ദൗത്യം തുടര്‍ന്നു. അസ്ഹറില്‍ കുല്ലിയത്തു ഉസൂലിദ്ദീനില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കുന്നത്. ശേഷം, കുറച്ചു കാലം അവിടെതന്നെ മുഈദായി (പ്രഫസറുമാരെ സഹായിക്കുന്നവര്‍) ജോലി ചെയ്യുകയും തന്റെ മേഖല അധ്യാപനമല്ലെന്നും മറിച്ച് പൊതുജനങ്ങളെക്കൂടി ഉദ്ബുദ്ധരാക്കാന്‍ പറ്റുന്ന പ്രസംഗമേഖലയാണെന്നും തിരിച്ചറിഞ്ഞ് ആ തസ്തിക ഒഴിവാക്കുകയായിരുന്നു.
ഈജിപ്തിലെ ഭരണകൂട മര്‍ദനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും അതുമൂലം അബ്ദുനാസറിന്റെ കാലത്ത് ജയിലിലകപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. അക്കാലത്ത് ഈജിപ്ഷ്യന്‍ തടങ്കല്‍ പാളയങ്ങള്‍ കിരാത പീഡനങ്ങള്‍ക്ക് കേളികേട്ടതായിരുന്നു. 1978-ല്‍ ഇസ്രായേലുമായിട്ട് സമാധാന ഉടമ്പടിയെന്നോണം നടന്ന ക്യാമ്പ്.
ഡേവിഡ് കരാറിനെതിരെ ശക്തമായി സാദാത്ത് ഭരണകൂടത്തെ വിമര്‍ശിക്കുകയും ഒരു കൂസലുമില്ലാതെ രാഷ്ട്രീയകളികളെ തുറന്ന് കാട്ടുകയും ചെയ്തു. സാദാത്ത് കൊല്ലപ്പെട്ടതിന് ശേഷം ഹുസ്നി മുബാറക് അധികാരമേല്‍ക്കുകയും കശ്കിനെ ജയില്‍മോചിതനാക്കുകയും പൊതു പ്രഭാഷണങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തു. വശ്യമനോഹരമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ‘അന്‍വര്‍ സാദത്തില്‍ പ്രകാശവുമില്ല അധികാരവുമില്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കോളിളക്കം സൃഷ്ടിക്കുന്നത് തന്നെയായിരുന്നു.
അറബി ഭാഷയില്‍ നൂറെന്നാല്‍ പ്രകാശവും സാദതെന്നാല്‍ അധികാരികളെന്നുമാണല്ലോ. മറ്റൊരിക്കല്‍ ഈജ്പിതിലെ ജനപ്രിയ അഭിനേതാവായിരുന്ന ആദില്‍ ഇമാമിനെക്കുറിച്ച് പറഞ്ഞത് അതിലും സരസമായിട്ടാണ്. അല്ലാഹുവിനോട് നമ്മൊളൊക്കെ പ്രാര്‍ഥിച്ചത് ഇമാമുന്‍ ആദിലിലെ തന്ന് അനുഗ്രഹിക്കാനാണ്, ദൗര്‍ഭാഗ്യവശാല്‍ നമുക്ക് ലഭിച്ചത് തല തിരിഞ്ഞ ആദില്‍ ഇമാമിനെയാണെന്നായിരുന്നു കശ്കിന്റെ കണ്ടെത്തല്‍. സ്വാതന്ത്രാനന്തരം ഈജിപ്തില്‍ സോഷ്യലിസത്തിന്റെ പിടിമുറുക്കമുണ്ടായതിനാലും സാംസ്‌കാരികാധിനിവേശം വ്യാപകമായി പടര്‍ന്നത് കാരണത്താലും അദ്ദേഹം കാര്യമായി വിമര്‍ശിച്ചത് സിനിമാ നടന്‍മാരെയും നടികളെയുമായിരുന്നു.
ഈജിപ്തിന്റെ അറബ് ഇസ്ലാമിക പൈതൃകത്തെ ആമൂലം നശിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ വളരെ സജീവമായി നിലനിന്ന കാലം കൂടിയായിരുന്നുവെന്നത് നാം നിരീക്ഷിക്കേണ്ടതാണ്. ആയതിനാല്‍ തന്നെ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പ്രായോജകരെ അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. അധികാരികളെന്നോ അവാര്‍ഡ് ജേതാക്കളെന്നോ അഭിനയകുലപതികെളെന്നോ തരംതിരിവില്ലാതെ അദ്ദേഹം തന്റെ വിമര്‍ശനത്തിന്റെ വാക്ശരങ്ങള്‍ തൊടുത്തു വിട്ടു.
കിഴക്കിന്റെ താരകമെന്ന വിളിപ്പേരുള്ള വിശ്യവിഖ്യാത ഗായിക ഉമ്മുകുല്‍സൂം, പ്രഥമ അറബി സാഹിത്യ നോബല്‍ ജേതാവ് നജീബ് മഹ്ഫൂസ്, (ഇദ്ദേഹത്തിന്റെ ‘തെരുവിന്റെ മക്കളെ’ന്ന പുസ്തകത്തില്‍ ഇസ്ലാമിനെയും സ്വഹാബികളെയും അപഹസിച്ചപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ച് പുസ്‌കവുമെഴുതിയിട്ടുണ്ട്) അഭിനയ നേതാക്കളായ അബ്ദുല്‍ ഹലീം, ആദില്‍ ഇമാം, സംഗീതജ്ഞനായ അബ്ദുല്‍ വഹാബ് തുടങ്ങി അക്കാലത്തെ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വങ്ങളൊക്കെ അദ്ദേഹത്തിന്റെ വിമര്‍ശനശരം ഏറ്റുവാങ്ങിയവരായിരുന്നു. ദാരിദ്ര നിര്‍മാജനത്തിന്റെ പ്രധാനഭാഗം സന്താന നിയന്ത്രണമാണെന്ന വാദത്തിന് പ്രചാരം നല്‍കിയവരെയും അദ്ദേഹം വെറുതെ വിട്ടില്ല.
ഈജിപ്തിന്റെ വീട്ടകങ്ങളെ മലീമസമാക്കിയ സിനിമകളെയും സീരിയലുകളെയും അദ്ദേഹം ഇഴകീറി രൂക്ഷമായി വിമര്‍ശിച്ചു. പല പ്രഭാഷണങ്ങളിലും മാധ്യമങ്ങളുടെ കാപട്യത്തെ തുറന്നുകാട്ടി. ഇതുകൊണ്ടുതന്നെ പലരുടെയും കണ്ണിലെ കരടായിരുന്നു അദ്ദേഹം. ഇതിനെല്ലാം പുറമെ വലിയ പ്രവാചക സ്നേഹികൂടിയായിരുന്നു. പ്രവാചക ജീവിതചിത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ച് ശ്രോതാക്കളെ കണ്ണീരിലാഴ്ത്താന്‍ അദ്ദേഹത്തിനായി. ഇവിടെയാണ് പ്രവാചകന്റെ വിദ്യാലയം… അതിന്റെ കവാടമുഖത്ത് പ്രവാചകരെ അങ്ങയെ ലോകത്തേക്ക് നിയോഗിച്ചത് കരുണയായിട്ടാണെന്നാണ് ഉല്ലേഖനം ചെയ്തിട്ടുള്ളത്… പ്രഭാഷണങ്ങള്‍ക്കിടയില്‍ ഇത്തരം മനോഹരമായ പ്രയോഗങ്ങള്‍ കൊണ്ടുവരാന്‍ പ്രത്യേക വാചാലതയുണ്ടായിരുന്നു അദ്ദേഹത്തിന്.
കിശ്കിന്റെ മരണം തന്നെ വലിയൊരു അത്ഭുതമായിരുന്നു. സുജൂദില്‍ കിടന്നു മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന, പ്രാര്‍ഥനയുടെ സാക്ഷാത്കാരമെന്നോളം 1996-ല്‍ വെള്ളിയാഴ്ച പള്ളിയില്‍ വെച്ച് രണ്ടാം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ അദ്ദേഹം മരണം വരിക്കുകയായിരുന്നു. മരിക്കുന്നതിനുമുമ്പ് പ്രവാചകരെയും ഉമറി(റ)നെയും സ്വപനത്തില്‍ ദര്‍ശിച്ചിരുന്നു.
തന്റെ ജനനവും ഒരു വെള്ളിയായിരുന്നു. ജീവിതത്തിലുടനീളം ലാളിത്യവും എളിമയും കൈകൊണ്ട സാത്വിക ജീവിതം നയിച്ച പ്രബോധകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായത്. അനേകായിരങ്ങള്‍ക്ക് ഉള്‍കാഴ്ചയേകിയ പ്രഭാഷണങ്ങളിലൂടെ ഇന്നും കശ്ക് ഉമ്മതിന് ദിശാബോധം നല്‍കുന്നു.
സ്വജീവിതം ഏറെ ക്ലേശകരമായിരിന്നിട്ടും അതൊന്ന് മെച്ചപ്പെടുത്താനോ ആയാസത്തിലാക്കാനോ വേണ്ടി തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ ഈജ്പ്തില്‍ നിന്ന് നാടുവിട്ടുപോയി മറ്റൊരു നാട്ടില്‍ വസിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. ഇസ്ലാമില്‍ വന്‍ പാപങ്ങളില്‍പെട്ട യുദ്ധസമയത്ത് പിന്തിരിഞ്ഞോടലിന് സമാനമായിട്ടാണ് അദ്ദേഹം ഇത്തരം കൂടുമാറ്റ ചിന്തകളെ നിരീക്ഷിച്ചത്. കിശ്കിന്റെ ജീവിത ചിത്രങ്ങളെ കോര്‍ത്തിണക്കി ഫാരിസുല്‍ മനാബിറെ(മിമ്പറുകളിലെ തേരാളി)ന്ന പേരില്‍ അല്‍ ജസീറ ഡോക്യുമെന്ററി പോലും തയ്യാറാക്കിയിട്ടുണ്ട്. 1981-ല്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പ്രസംഗത്തില്‍നിന്നു വിലക്കിയപ്പോള്‍ ഖുര്‍ആന്റെ പ്രബോധന ചലനങ്ങളെ ആസ്പദിച്ച് രചിച്ച ‘ഫീ രിഹാബിത്തഫ്സീര്‍’ ഖുര്‍ആന്‍ പഠിതാക്കള്‍ക്കൊരു മികച്ച റഫറന്‍സു ഗ്രന്ഥം കൂടിയാണ്.
Add comment