Thelicham

അറഹീഖുല്‍ മഖ്തൂം: പ്രവാചക സീറകളിലെ ഇന്ത്യന്‍ സാന്നിധ്യം

മുസ്‌ലിം ലോകം ആഘോഷിച്ച പ്രവാചക സീറകളില്‍ ഇന്നും അനുവാചക ഹൃദയങ്ങളെ വിരുന്നൂട്ടിയ സീറാ രചനയാണ് വിശ്രുത ഇന്ത്യന്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ സ്വഫിയ്യുറഹ്‌മാന്‍ മുബാറക്പൂരിയുടെ അറ്ഹീഖുല്‍ മഖ്തൂം. 1976 ല്‍ മുസ്‌ലിം വേള്‍ഡ് ലീഗ് റബീഉല്‍ അവ്വലിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാചക സീറാ രചനാ മത്സരത്തില്‍ ആദ്യ സ്ഥാനം നേടിയാണ് ഈ ഗ്രന്ഥം മുന്‍നിര സീറകളുടെ പട്ടികയിലേക്കെത്തുന്നത്. ആഖ്യാന ശൈലിയിലും ഉള്ളടക്കത്തിലും സാമ്പ്രാദായിക സീറകളില്‍ നിന്ന് മാറി ലളിതമായ അവതരണവും സരസമായ അനാവരണവും വശ്യമായി സംയോജിച്ച കൃതി കൂടിയാണിത്. ഒറ്റയിരിപ്പില്‍ തന്നെ വായിച്ച് തീര്‍ക്കാന്‍ ഉതകുന്ന രീതിയിലാണ് രചന.

പ്രവാചക ജീവിതത്തിന്റെ സൗന്ദര്യവും സുഭഗതയും വായനക്കാരിലേക്ക് തന്റെ വശ്യമായ വാക്കുകളിലൂടെയും അര്‍ഥ ഗര്‍ഭമായ വരികളിലൂടെയും പരിചയപ്പെടുത്താന്‍ അദ്ദേഹത്തിനായി. കെട്ടുപിണഞ്ഞ് കിടക്കുന്ന പദാവലികളോ ദുര്‍ഗ്രാഹ്യ പ്രയോഗങ്ങളോ വിന്യസിക്കാതെ ആസ്വാദക വായനക്കാരനെ ഉള്‍ചേര്‍ത്ത് പിടിക്കുന്ന ശൈലിയാണദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. അഭിപ്രായാന്തരങ്ങളില്‍ നിന്ന് പ്രബലമായതിനെ മാത്രം എടുത്തുദ്ധരിക്കുകയും ആവര്‍ത്തന വിരസതയില്ലാതെ ഓരോ ചരിത്ര സംഭവങ്ങളെയും കോര്‍ത്ത് വെക്കുകയും ചെയ്യുന്ന പുസ്തകത്തിന്റെ ആഖ്യാനമാതൃക എടുത്ത് പറയേണ്ടതാണ്.
പേരു കേട്ട അറബി രചനാവിസ്മയങ്ങളുണ്ടായിരിക്കെ തന്നെ അവരെയൊക്കെ പിന്നിലാക്കി ഒരിന്ത്യന്‍ പണ്ഡിതന് വിശ്വത്തോളം വളരാന്‍ കഴിഞ്ഞുവെന്നത് ഏറെ അത്ഭുതാവഹം തന്നെയാണ്. കൃതിയിലുടനീളം ആഴമേറിയ അപഗ്രഥനത്തിന്റെയും സൂക്ഷ്മതയാര്‍ന്ന ചരിത്ര സംവേദനങ്ങളും ദര്‍ശിക്കാനാകും. ഏത് പ്രായക്കാര്‍ക്കും വായിക്കാവുന്ന രീതിയിലാണ് ഗ്രന്ഥത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരേ സമയം അക്കാദമിക് സ്വഭാവവും വായനാസ്വാദനത്തെ മുന്‍നിര്‍ത്തിയുള്ള അടരുകളുടെ കൂടി കാന്‍വാസാണ് അറഹീഖുല്‍ മഖ്തൂം. അലി ജുമുഅ പോലൊത്തെ ഇസ്‌ലാമിക വിശ്വ പണ്ഡിതരോട് അവലംബയോഗ്യമായ സീറകളേതാണെന്നെ ചോദ്യത്തിന് അറഹീഖുല്‍ മഖ്തൂമിനെ എടുത്ത് പറയുന്നുണ്ട്.


മുബാറക്പൂരിയുടെ ജീവിത ചിത്രങ്ങള്‍ കൃത്യമായി ചികഞ്ഞെടുക്കല്‍ ഏറെ ക്ലേശകരമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം വേണ്ട രീതിയില്‍ ക്രോഡീകരിക്കപ്പെട്ടില്ലായെന്നതാണ് സത്യം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ചില ജീവിത രേഖകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ഇന്ത്യന്‍ ബഹുമുഖ പ്രതിഭയുടെ ജീവിത വരികള്‍ ഇന്നും മറക്ക് പിന്നിലാണ്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിടര്‍ന്ന് വിശ്വത്തോളം പടര്‍ന്ന മുബാറക്പൂരിയുടെ ചരിത്രം നഷ്ടപ്പെട്ടുപോകാന്‍ ഗവേഷക വിദ്യാര്‍ഥികള്‍ ഒരിക്കലും അനുവദിക്കരുത്. അദ്ദേഹത്തിന്റെ സലഫി വീക്ഷണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വിജ്ഞാന സ്‌നേഹികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പറ്റിയ അനേകം കിടയറ്റ ഗ്രന്ഥങ്ങളുടെ തോഴനാണ് മുബാറക്പൂരി. അലീ മീയാനെ പോലെ അറബ് വായനാ ഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞൊരു പ്രതിഭാവിലാസമാണെന്ന് നമുക്കദ്ദേഹത്തെ ചുരുക്കി പറയാം.

ഗ്രന്ഥകാരന്റെ ജീവിത ചിത്രങ്ങള്‍


1943- ല്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് പേര് കേട്ട മുബാറക്പൂരില്‍ ജനനം. നാട്ടില്‍ നിന്ന്തന്നെയായിരുന്നു പ്രാഥമിക മത പഠനം. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. 1948- ല്‍ മുബാറക്പൂരിലെ തന്നെ ദാറു തഅ്‌ലീമില്‍ മതപഠനത്തിന് ചേര്‍ന്നു. ആറു വര്‍ഷത്തെ പഠന സപര്യക്ക് ശേഷം അവിടെ തന്നെയുള്ള ഇഹ്യാഉലൂം മദ്‌റസയില്‍ ചേരുകയും അഞ്ച് വര്‍ഷം അവിടെ അറബി ഭാഷയും മത വിഷയങ്ങളും പഠിച്ചു ഉന്നതമായ വിജയം നേടി. അനന്തരം വിവിധ സ്ഥലങ്ങളില്‍ പോയി തന്റെ വൈജ്ഞാനിക ദാഹം തീര്‍ക്കുകയും 1959 ല്‍ മൗലവി ബിരുദവും 1960 ല്‍ ആലിം പദവിയും കരസ്ഥമാക്കി.

28 വര്‍ഷത്തോളം അധ്യാപകനായി ഇന്ത്യയിലെ വിവിധ മദ്‌റസകളിലും സ്ഥാപനകങ്ങളിലും സേവനം ചെയ്തു. അക്കാലത്താണ് മദീന യൂനിവേഴ്‌സിറ്റിയിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നത്. തന്റെ അധ്യാപക കാലത്ത് അറബിയിലും ഉര്‍ദുവിലുമായി എഴുപതോളം പുസ്തകങ്ങള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രചനാ ലോകം പരിചയപ്പെടുത്തുമ്പോള്‍ ദൃശ്യമാകുന്നത് വിവിധ വൈജ്ഞാനിക മേഖലകള്‍ സ്പര്‍ശിച്ച വിശ്വ പണ്ഡിതനെയാണ്. ഖാദിയാനികള്‍ക്കെതിരെ അദ്ദേഹത്തിന്റെ മികച്ച രചനയാണ് ഫിത്‌നയെ ഖാദിയാനിയ്യത്. ഇറാന്‍ വിപ്ലവത്തിന്റെ ഹിഡന്‍ താത്പര്യങ്ങളെ വെളിച്ചത്ത് കൊണ്ട് വരുന്നതാണ് ഖുമൈനി കാ ഇസ്‌ലാമി ഇന്‍ഖിലാബ്.

പ്രവാചക സീറയില്‍ തന്നെ നമ്മുടെ പ്രതിപാദ്യ സീറക്ക് പുറമെ മുബാറക്പൂരി എഴുതിയ മറ്റൊരു സീറയാണ് റൗളതുല്‍ അന്‍വാര്‍ ഫീ സീറത്തു നബിയ്യില്‍ മുഖ്താര്‍. ഇത് പിന്നീടെ വെന്‍ ദ മൂന്‍ സ്പിളിറ്റ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മക്കയുടെയും മദീനയുടെയും കഥകള്‍ ഒപ്പിയെടുക്കുന്ന ചരിത്ര കൃതികളുമെഴുതിയിട്ടുണ്ട്. വിശ്യ വിഖ്യാത തഫ്‌സീറു ബ്‌ന് കസീറിനെ സംഗ്രഹിച്ചെഴുതുകയും സ്വഹീഹ് മുസ്‌ലിമിന് വിശദീകരണമെഴുതുകയും ചെയ്തിട്ടുണ്ട്. സലഫി ചിന്താ ധാരയിലായിരുന്നു അദ്ദേഹത്തിന്റെ കര്‍മവും ജീവിതവും. അതുകൊണ്ട് തന്നെ വഹാബി സംസ്ഥാപകന്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ കുറിച്ച് അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ സലഫി സ്ഥാപനമായ ബനാറസിലെ ജാമിഅ സലഫിയ്യയില്‍ വര്‍ഷങ്ങളോളം ഹദീസ് വിഭാഗം തലവനായിരുന്നു. ഗ്രന്ഥങ്ങള്‍ക്ക് പുറമെ അനേകം പ്രഭാഷണങ്ങള്‍ സഊദി, അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ നടത്തിയിട്ടുണ്ട്.

അറഹീഖുല്‍ മഖ്തൂം


നാനൂറോളം പേജുകളിലായി വളരെ അടുക്കും ചിട്ടയോടും കൂടിയാണ് അറഹീഖുല്‍ മഖ്തൂം ക്രമപ്പെടുത്തിയിട്ടുള്ളത്. ലളിത സുന്ദര അവതരണമാണ് ഈ ഗ്രന്ഥത്തിന്റെ വലിയ സവിശേഷത. പ്രാരംഭത്തില്‍ അറബി വംശ ചരിത്രത്തെക്കുറിച്ചും അവിടുത്തെ രാഷ്ട്രീയ സാമൂഹ്യ പരിസരത്തെക്കുറിച്ചും വളരെ വിശദമായി അനാവരണം ചെയ്യുന്നുണ്ട്. പ്രവാചകന്റെ കുടുംബ പശ്ചാതലവും കുടുംബ വേരുകളും അവിടുത്തെ ശൈശവവും അക്കാലത്തുണ്ടായ അത്ഭുതകാഴ്ചകളും കഅ്ബ പുനര്‍ നിര്‍മാണവുമൊക്കെ വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ഗ്രനന്ഥകാരന്‍. പ്രവാചകന്റെ പ്രബോധന കാലത്തെ രഹസ്യ പ്രബോധനം, പരസ്യ പ്രബോധനം, മക്കക്ക് പുറത്തുള്ള പ്രബോധനം, യുദ്ധങ്ങള്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളായി തിരിക്കുന്നുണ്ട്. ജാഹിലിയ്യ കാലത്തെ സാമൂഹിക മാനങ്ങളെ വിവരിക്കുമ്പോള്‍ അക്കാലത്ത് അവരിലുണ്ടായിരുന്ന നന്മകളെയും മൂല്യങ്ങളെയും പഠന വിധേയമാക്കുന്നുണ്ട്.


അവരിലുണ്ടായിരുന്ന സത്കാര പ്രിയത, സദ്മനസ്സ്, ധീരത, കരാര്‍ പൂര്‍ത്തീകരണം തുടങ്ങി ജാഹിലിയ്യത്തിനെ നിരാകരിക്കുന്ന സദാചാരങ്ങളുടെ വലിയ പട്ടികയദ്ദേഹം നിരത്തുന്നുണ്ട്. അതിലൂടെ അവരുടെ ഹൃദയാന്തരങ്ങളില്‍ നിലകൊള്ളുന്ന മൂല്യങ്ങളെ ജീവിപ്പിക്കാന്‍ കഴിയുന്നൊരാള്‍ രംഗത്തു വന്നാല്‍ അവരില്‍ നവോത്ഥാനം സാധ്യമാക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യത്തെ സമര്‍ഥിക്കുന്നുമുണ്ട്. അറബിയില്‍ മുന്തിരിക്ക് കറമെന്ന പേരിന്റെ കാരണങ്ങള്‍ തേടുന്നതിനിടെ നിരീക്ഷിക്കുന്നത് അറബികള്‍ക്ക് ജാഹിലിയ്യാ കാലത്ത് മദ്യവും വീഞ്ഞും ദാനം ചെയ്യാന്‍ അവര്‍ തത്പരരായിരുന്നതിനാലാണെന്നാണ്.

അവര്‍ക്കിടയില്‍ ചൂതാട്ടം സജീവമാകാനുള്ള കാരണവും അതില്‍ നിന്ന് ലഭിക്കുന്ന ഒട്ടകങ്ങളെയും മറ്റും പാവങ്ങളെ ഭക്ഷിപ്പിക്കാനുള്ള അവരുടെ ജീവകാരുണ്യ മനോഭാവത്തില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നുണ്ട്. നാഗരികതയുമായി പറയത്തക്ക ബന്ധമില്ലാത്തതിനാല്‍ അവര്‍ക്ക് കാപട്യം, കളവ് തുടങ്ങിയവയില്ലായിരുന്നുവെന്നും ഗ്രന്ഥം സൂചിപ്പിക്കുന്നു. പ്രവാചകത്വത്തിന് മുമ്പുള്ള അവിടുത്തെ ജീവിതം വിവരിക്കുമ്പോള്‍ തെളിമയാര്‍ന്ന ജീവിതത്തിലെ ഉജ്ജ്വല മാനങ്ങളെ വരച്ച് കാട്ടുന്നതും കാണാം.


അറഹീഖുല്‍ മഖ്തൂമിന്റെ ജനപ്രിയതയുടെ വ്യാപ്തി മനസ്സിലാക്കാന്‍ അതിനെ വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളെയൊന്ന് വീക്ഷിച്ചാല്‍ തന്നെ മതി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു തുടങ്ങിയ ലോകഭാഷകളിലേക്കും തമിഴ്, ബംഗാളി, മലയാളം, ഹിന്ദി തുടങ്ങിയ ദേശീയ ഭാഷകളിലേക്കും ഗ്രന്ഥം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2006 ഡിസംബറിനായിരുന്നു മുബാറക് പൂരിയുടെ വിയോഗം വിയോഗം. മരണം വരെ മദീനാ യൂനിവേഴ്‌സിറ്റിയിലെ ഹദീസ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായിരുന്നു.

സിബ്ഗതുല്ല ഹുദവി

എഴുത്തുകാരനും, വിവര്‍ത്തകനുമായ സിബ്ഗതുല്ല ഹുദവി നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബ് സാഹിത്യങ്ങളിലെ താരതമ്യ പഠനത്തില്‍ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യനിരൂപണത്തില്‍ പിജി കരസ്ഥമാക്കിയ അദ്ദേഹം മേല്‍വിലാസം നഷ്ടപ്പെട്ടവര്‍, ദീപ്തവിചാരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങൾ അറബിയിലേക്ക് തര്‍ജ്ജമ നിര്‍വ്വഹിച്ചിട്ടുണ്ട്. മജല്ലത്ത് ബയാനു സഊദ്, മജല്ലത് റാബിത, മജല്ലത് ഹിറ, അൽ വഅ് യുൽ ഇസ് ലാമി തുടങ്ങിയ പ്രമുഖ മാഗസിനുകളില്‍ കോളമിസ്റ്റു കൂടിയാണ് അദ്ദേഹം.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.