Thelicham

മനസ്സും ഭാഷയും: പിടിതരാത്ത ആഴങ്ങള്‍

ലോഗോസ് / സമാപ്തം

ശാസ്ത്രത്തിനും തത്വചിന്തക്കും ഇതുവരെ പൂര്‍ണമായും പിടിതരാത്ത പ്രഹേളികകളാണ് മനസും ഭാഷയും. ഒരര്‍ത്ഥത്തില്‍ നമ്മോട് മറ്റെന്തിനെക്കാളും കൂടുതല്‍ അടുത്തുകിടക്കുന്ന ഈ രണ്ട് പ്രതിഭാസങ്ങളെ വിശദീകരിക്കുക ഏറെ ദുഷ്‌കരമാണെന്ന യാഥാര്‍ഥ്യം മതി സൃഷ്ടിപ്പിന്റെ സങ്കീര്‍ണത മനസ്സിലാവാന്‍. മനസിനെയും ഭാഷയെയും സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വെളിച്ചം വീശുകയാണ് ഈ പംക്തിയിലെ അവസാനത്തെ ലേഖനം.

ശാസ്ത്രത്തെയും തത്വചിന്തയെയും എന്നും കുഴക്കിയ, അതേസമയം തന്നെ എണ്ണമറ്റ ഗവേഷണങ്ങളിലേക്ക് നയിച്ച രണ്ട് പ്രഹേളികകളാണ് മനുഷ്യമനസ്സും ഭാഷയും. മാനസിക പ്രതിഭാസങ്ങളായ ബോധം, ചിന്ത, ഓര്‍മ, ഭാവന, ഇച്ഛ എന്നിവ എങ്ങനെ ഉടലെടുക്കുന്നു? പരിണാമപ്രക്രയയിലൂടെ ഇവ എങ്ങനെ രൂപപ്പെട്ടു? മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ കൃത്യമായി എങ്ങനെ നിര്‍വചിക്കാനാവും? തലച്ചോറും മനസ്സും ഒന്നാണോ? എന്നുതുടങ്ങി, പൂര്‍ണ്ണമായി ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളെയാണ് ഫിലോസഫി ഓഫ് മൈന്‍ഡും കോഗ്‌നിറ്റീവ് സയന്‍സും അഭിമുഖീകരിക്കുന്നത്.

അത് പോലെ, അപരന് പ്രാപിക്കാന്‍ കഴിയാത്ത വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെ പുറത്തെത്തിക്കുകയെന്ന ധര്‍മം നിര്‍വഹിക്കുന്ന ഭാഷ മനുഷ്യവംശത്തിന്റെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളിലൊന്നാണ്. ഭാഷ എങ്ങനെ രൂപപ്പെട്ടു?, മനസ്സും ഭാഷയും തമ്മിലുള്ള ബന്ധത്തെ എങ്ങനെ അടയാളപ്പെടുത്താം?, ഭാഷാശേഷിയെ തലച്ചോറില്‍ കൃത്യമായി കണ്ടെടുക്കാമോ? തുടങ്ങി ഒട്ടനേകം പ്രശ്നകരമായ ചോദ്യങ്ങളെയാണ് ലിംഗ്വിസ്റ്റിക്സും ഫിലോസഫി ഓഫ് ലാംഗ്വേജും അഭിമുഖീകരിക്കുന്നത്. പരസ്പര ബന്ധിതങ്ങളാണ് മേല്‍ പറഞ്ഞ ചോദ്യങ്ങളെല്ലാം എന്നത് കൊണ്ട് തന്നെ ഫിലോസഫി ഓഫ് മൈന്‍ഡും ഭാഷാതത്വശാസ്ത്രവും ലിംഗ്വിസ്റ്റിക്സും കോഗ്‌നിറ്റീവ് സയന്‍സുമെല്ലാം പരസ്പരാശ്രിതങ്ങളാണ്. ആദ്യം മൈന്‍ഡിനെക്കുറിച്ച് നമുക്ക് ഹൃസ്വമായി ചര്‍ച്ച ചെയ്യാം.

പിടി തരാത്ത മനസ്സ്

കോഗ്‌നിറ്റീവ് സയന്‍സില്‍ മനസ്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ഭൂരിഭാഗവും തലച്ചോറിനെ കേന്ദ്രീകരിച്ചാണുള്ളത്. അനവധി വശങ്ങളുള്‍ക്കൊള്ളുന്ന വിശാലമായൊരു ലോകമാണ് ഈ വിഷയമെന്നതിനാല്‍ ചില ഭാഗങ്ങളെ മാത്രം ചര്‍ച്ചക്കെടുക്കുകയാണ്. മനസ്സിന്റെ ഏറെ പ്രധാനപ്പെട്ടതും എന്നാല്‍ ഏറെ കുഴക്കുന്നതുമായ സവിശേഷതയാണ് ബോധം എന്നുള്ളത്. ഒരു വസ്തുവിന് ബോധമുണ്ടെന്ന് പറഞ്ഞാല്‍ അത് കൊണ്ട് പൊതുവേ അഞ്ചര്‍ഥങ്ങളാണ് നാം ഉദ്ദേശിക്കാറ്.

 1. Sentience: ചുറ്റുപാടുകളെ അനുഭവിക്കാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള കഴിവ്. പ്രാണികള്‍ക്കടക്കം ഉള്ളതാണിത്.
 2. Wakefulness: ജാഗ്രതയും ഉണര്‍വും പരിസരബോധവും ഉള്ള അവസ്ഥ.
 3. Self-consciounsess: ബോധമുണ്ടന്നതിനൊപ്പം ബോധമുണ്ടെന്നതിനെക്കുറിച്ച് ബോധ്യമുള്ള അവസ്ഥ.
 4. Phenomental consciounsess: ആത്മനിഷ്ഠമായ അനുഭവത്തെയാണിത് കുറിക്കുന്നത്. അഥവാ, ഒരു ജീവി ആത്മനിഷ്ഠമായി ലോകത്തെ അനുഭവിക്കുന്ന വിധമാണ് ഫിനോമിനല്‍ കോണ്‍ഷ്യസ്നെസ്.
 5. Access consciounsess: മറ്റൊരാള്‍ക്ക് പറഞ്ഞ് കൊടുക്കാവുന്ന വിധത്തില്‍ നമുക്ക് ലഭ്യമായ മാനസികാവസ്ഥകളിലുള്ള (Mental states) ബോധമാണിത്. ചിന്തിക്കുക, പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ മാനസിക പ്രവര്‍ത്തനങ്ങളെല്ലാം ആക്സസ് കോണ്‍ഷ്യസ്നെസ് ഉള്ള മാനസികാവസ്ഥകളുടെ പരിധിയില്‍ പെടും(1).

ഓസ്‌ട്രേലിയന്‍ തത്വചിന്തകന്‍ ഡേവിഡ് ചാമസ് ബോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. Hard problem, Easy problem എന്നിവയാണവ, ബോധാവസ്ഥയിലുള്ള മാനസിക വ്യാപാരങ്ങള്‍ അബോധാവസ്ഥയിലുള്ളവയില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെടുന്നു? തലച്ചോറില്‍ നടക്കുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇത്തരം മാനസികാവസ്ഥകള്‍ക്ക് കാരണം?എന്ത് കൊണ്ട് തലച്ചോറ് പരിണമിച്ച വന്നു? തുടങ്ങിയ ചോദ്യങ്ങളുള്‍ക്കൊള്ളുന്നതാണ് Easy problem. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ കോഗ്‌നിറ്റീവ് ന്യൂറോസയന്‍സ് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബോധത്തിന്റെ അധിക വശങ്ങളെയും തലച്ചോറുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ കോഗ്‌നിറ്റീവ് ന്യൂറോസയന്‍സിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഫിനോമിനല്‍ കോണ്‍ഷ്യസ്നെസ്സുമായി ബന്ധപ്പെട്ട Hard problem of consciounsess എന്നാണ് തോമസ് നാഗേല്‍, ഡേവിഡ് ചാമസ്, ഫ്രാങ്ക് ജാക്സണ്‍ തുടങ്ങിയ തത്വചിന്തകര്‍ വാദിക്കുന്നത്.

ചുറ്റുപാടിനെ ഒരു ജീവി ആത്മനിഷ്ഠമായെങ്ങനെ അനുഭവിക്കുന്നുവെന്നത് പുറത്ത് നിന്നും മറ്റൊരാള്‍ക്ക് മനസ്സിലാക്കാനാവില്ല. വസ്തുനിഷ്ഠക്കും ആത്മനിഷ്ഠക്കുമിടയിലുള്ള മറികടക്കാനാവാത്ത വിടവാണ് ഫിനോമിനല്‍ കോണ്‍ഷ്യസിനെസ്സിനെ ദുഷ്‌കരമായൊരു പ്രശ്നമാക്കിത്തീര്‍ക്കുന്നത്. ബ്രയിന്‍ സയന്റിസ്റ്റുകള്‍ പുറത്തുനിന്നാണ് മനസ്സിനെയും ബോധത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ആത്മനിഷ്ഠയെ ഗ്രഹിക്കാനാവില്ല അവര്‍ക്ക് എന്നാണ് ഈ തത്വ ചിന്തകര്‍ വാദിക്കുന്നത്. ഇതിന് ഉപോല്‍ബലകമായി ഫ്രാങ്ക് ജാക്സണ്‍ മുന്നോട്ട് വെക്കുന്ന ഒരു ചിന്താപരീക്ഷണം വിവരിക്കാം: മേരി എന്ന പെണ്‍കുട്ടി ബ്ലാക്ക് ആന്‍ വൈറ്റിലുള്ള ഒരു റൂമില്‍ ജനിക്കുന്നു. പുറം ലോകം കാണാതെ ആ റൂമിനുള്ളില്‍ മാത്രമായി വളര്‍ന്ന അവള്‍ നിറങ്ങളെ കുറിച്ചുള്ള സര്‍വ്വവിജ്ഞാനങ്ങളും കരസ്ഥമാക്കുന്നു. മനുഷ്യനേത്രങ്ങളെങ്ങനെ നിറങ്ങളെ തിരിച്ചറിയുന്നു, എന്തൊക്കെ ജൈവിക പ്രവര്‍ത്തനങ്ങളാലാണ് അത് സംഭവിക്കുന്നത് എന്നൊക്കെ വളരെ വിശദമായി അവള്‍ മനസ്സിലാക്കുന്നു. പക്ഷേ അവളൊരിക്കലും ബ്ലാക്ക് ആന്‍ഡ് വൈറ്റല്ലാത്ത മറ്റൊരു നിറവും കണ്ടിട്ടില്ല. അങ്ങനെ ഒരു ദിവസം ആ മുറിയില്‍ നിന്നും പുറത്തിറങ്ങിയ മേരി യഥാര്‍ഥ നിറങ്ങളെ കാണുന്നു. ഇത് വരെ അവളറിഞ്ഞിട്ടില്ലാത്ത പുതിയൊരു അനുഭവമായിരിക്കും അവള്‍ക്ക് അത് എന്ന് ജാക്സണ്‍ പറയുന്നു. പുറത്ത് നിന്ന് ഒരു കാര്യം പഠിക്കുന്നതും അതിനെ നേരിട്ടനുഭവിക്കുന്നതും തമ്മിലെ വ്യത്യാസമാണ് ജാക്‌സണ്‍ ഇതിലൂടെ ചൂണ്ടിക്കാണിച്ചത് .

തേര്‍ഡ് പേഴ്സണ്‍ വീക്ഷണകോണും ഫസ്റ്റ് പേഴ്സണ്‍ വീക്ഷണകോണും തമ്മിലെ അടിസ്ഥാന അന്തരത്തെ മറികടക്കാന്‍ നമുക്കാവില്ല. ഭൗതികമായ പ്രതിഭാസങ്ങളെ പോലെ വിശകലനത്തിലൂടെയും (Analysis) ന്യൂനീകരണത്തിലൂടെയും (Reduction) മാത്രം ഗ്രഹിച്ചെടുക്കാനാവുന്നതല്ല, ബോധത്തിന്റെ ഈ വശം എന്നൊക്കെയാണ് ഈ തത്വചിന്തകര്‍ വാദിക്കുന്നത്. എന്നാല്‍ ഡാനിയല്‍ ഡെനറ്റിനെ പോലുള്ളവര്‍ Hard problem നില നില്‍ക്കുന്നില്ലെന്നും Easy problem മായി ചുരുക്കാവുന്നത് മാത്രമാണ് അതെന്നുമാണ് വാദിക്കുന്നത്(2).

സത്യത്തില്‍, ശാസ്ത്രത്തിനിവിടെ ചെയ്യാന്‍ സാധിക്കുന്നത് ആത്മനിഷ്ഠമായ അനുഭവത്തിന് വിധേയമാവുമ്പോള്‍ തലച്ചോറില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് പരിശോധിക്കുകയാണ്. ഇതര മാനസികാവസ്ഥകളും ഈ മാനസികാവസ്ഥയും തമ്മില്‍ എന്തൊക്കെ അന്തരങ്ങളുണ്ടെന്ന് കൃത്യമായി തിരിച്ചറിഞ്ഞാല്‍ ശാസ്ത്രം അതിന്റെ ദൗത്യം വിജയകരമായി നിര്‍വഹിച്ചുകഴിഞ്ഞെന്ന് പറയാമെന്നാണ് തോന്നുന്നത്.

ഇനി ബോധത്തിന്റെ ചില സവിശേഷതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത മേല്‍ പറഞ്ഞ ആത്മനിഷ്ഠമായ വശം തന്നെയാണ്. അതുപോലെ, ബോധമനസ്സിലുള്ള അനുഭവങ്ങളൊന്നും ഒറ്റയൊറ്റയായി നിലനില്‍ക്കുന്നതല്ല. മറിച്ച്, ഒരു വിഷയിയുടെ അല്ലെങ്കില്‍ സ്വത്വത്തിന്റെ അനുഭവങ്ങളൊയാണ് അവ നിലകൊള്ളുന്നത്. സ്വത്വം നമ്മുടെ അനുഭവങ്ങളിലൊന്നും പ്രകടമായി പ്രത്യക്ഷമാവാറില്ലെങ്കിലും ഒരു ‘ഞാന്‍ ‘ എന്ന ബോധം എപ്പോഴും അവയോടൊപ്പമുണ്ടെന്ന് കാന്റ് നിരീക്ഷിച്ചിട്ടുണ്ട്. പദാര്‍ത്ഥ ലോകത്തെ നാമനുഭവിക്കുന്നത് സ്വത്വം ഒരുക്കിത്തരുന്ന വീക്ഷണകോണില്‍ നിന്നാണ്. സ്ഥല-കാലപരമായ ഒരു വീക്ഷണ കോണ്‍ എന്നതിന് പുറമെ അനുഭവങ്ങള്‍ക്ക് അര്‍ത്ഥവും സുഗ്രാഹ്യതയും നല്‍കുന്നത് ഈ ‘ഞാന്‍’ എന്ന ഭാവമാണ്.

ബോധം ഏകീകൃതമാണെന്നതാണ് മറ്റൊരു സവിശേഷത. നമ്മുടെ അനുഭവങ്ങളെല്ലാം പരസ്പരം ക്രമബദ്ധമായി കോര്‍ക്കപ്പെട്ടത് കൊണ്ടാണ് നമുക്ക് ലോകത്തെ മനസ്സിലാക്കാനാവുന്നത് തന്നെ.

മറ്റൊരു സവിശേഷത ബോധത്തിന്റെ intentionality ആണ്. അഥവാ ബോധമെപ്പോഴും ഒരു വസ്തുവിനെക്കുറിച്ചുള്ള ബോധമായിരിക്കും. കൂടാതെ ബോധം സുതാര്യവുമാണ്. അഥവാ, ഇന്ദ്രിയാനുഭവങ്ങള്‍ നമുക്ക് വളരെ വ്യക്തമാണ്. ആ അനുഭവത്തില്‍ തെളിയുന്ന വസ്തുക്കളെക്കുറിച്ചാണ് നമുക്ക് ബോധമുണ്ടാവുക, അല്ലാതെ ആ അനുഭവത്തെ സാധ്യമാക്കുന്ന ശാരീരികമോ മാനസികമോ ആയ ഗുണങ്ങളെ കുറിച്ചല്ല എന്ന് ജി. ഇ മൂര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഞാന്‍ ജനലിലൂടെ പുറത്തെ മൈതാനത്തിലേക്ക് നോക്കുമ്പോള്‍ അവിടെ കാണുന്ന പച്ചപ്പുല്ലുകകളാണ് എന്റെ ബോധത്തില്‍ തെളിയുന്നത്. അല്ലാതെ എന്റെ കാഴ്ചയുടെ പച്ച നിറം തിരിച്ചറിയാനുള്ള ശേഷിയല്ല. കൂടാതെ, ബോധപൂര്‍വ്വമായ ചിന്തകളുടെ അര്‍ത്ഥം ഉടനടി നമുക്ക് ഗ്രഹിക്കാവുന്നു എന്ന അര്‍ത്ഥത്തിലും ബോധം സുതാര്യമാണെന്ന് വാന്‍ഗുലിക്ക് പറയുന്നുണ്ട് (3).

ബോധവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു വെല്ലുവിളി പ്രകൃതിയിലുള്ള അതിന്റെ ഇടം വിശദീകരിക്കുകയെന്നതാണ്. ബോധത്തെ വിശദീകരിക്കുന്നിടത്ത് ഒരു Explanatory gap ഉണ്ടെന്ന് ജോസഫ് ലെവിന്‍ നിരീക്ഷിച്ചിട്ടുണ്ട്. അഥവാ ഭൗതികമായ, ബോധമില്ലാത്തൊരു പദാര്‍ത്ഥത്തില്‍ നിന്നും ബോധം എങ്ങനെ ഉടലെടുക്കുന്നു എന്നിടത്താണ് ഈ വിടവ് നിലകൊള്ളുന്നത്. മനുഷ്യന്റെ വൈജ്ഞാനിക ശേഷി സ്ഥലപരമായതിനാല്‍ ഭൗതികവും മാനസികവുമായ വസ്തുക്കള്‍ തമ്മിലുള്ള ബന്ധം (psycho- physical) മനുഷ്യന് മനസ്സിലാക്കാനാവില്ലെന്ന് കോളിന്‍ മക്ഗിന്‍ വാദിക്കുന്നത് കാണാം. പക്ഷേ ഈ രീതിയില്‍ വാദിക്കുന്നവര്‍ തങ്ങളുടെ വാദത്തിന് ഉപോത്ബലകമായ തെളിവുകളൊന്നും കൊണ്ടുവരുന്നില്ലെന്നത് പ്രശ്നകരമാണ്.

ഡാനിയല്‍ ഡെന്നറ്റിനെ പോലുള്ളവര്‍ കരുതുന്നത് നിലവിലെ സിദ്ധാന്തങ്ങളുടെ അപര്യപ്തത മാത്രമാണ് ഇവിടെ തെളിയുന്നതെന്നതാണ്. ഭാവിയില്‍ മനുഷ്യന് പ്രസ്തുത വിടവ് നികത്താനാകുമെന്ന് അവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ചിലര്‍ വാദിക്കുന്നത് ഈ വിടവ് തെളിയിക്കുന്നത്, അഭൗതികമായ കാര്യങ്ങളെ മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത ഭൗതികജീവി മാത്രമാണ് മനുഷ്യനെന്ന തത്വത്തെയാണെന്നാണ്. അപ്പോള്‍ പ്രസ്തുത Explanatory gap അവരുടെ അഭിപ്രായത്തില്‍ ഭൗതികമാത്രവാദത്തെ നിരാകരിക്കുകയെന്നതിലുപരി അതിനെ ഉറപ്പിക്കുയാണ് ചെയ്യുന്നത് (4).

ബോധവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യത്തെ നമുക്കിങ്ങനെ വിവരിക്കാം: ന്യൂറോണുകളുടെ എന്തുതരം അവസ്ഥകളാണ് ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ബോധം ഉയിര്‍ക്കൊള്ളുന്നതിന് മതിയായത്, അല്ലെങ്കില്‍ അത്യാവശ്യമായത്?. ന്യൂറോസയന്‍സിലും ഫിലോസഫി ഓഫ് മൈന്‍ഡിലും ഒരുപാട് സിദ്ധാന്തങ്ങള്‍ ഇതിനുത്തരമായി മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട്. ചിലത് ഇവിടെ പരാമര്‍ശിക്കാം.

ഗ്ലോബല്‍ ന്യൂറോണല്‍ വര്‍ക്സ്പേസ്:
ബര്‍നാഡ് ബാര്‍സ് മുന്നോട്ട് വെക്കുകയും സ്റ്റാനിസ്ലാവ് ദഹൈനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിപുലപ്പെടുത്തുകയും ചെയ്ത ഈ സിദ്ധാന്തമനുസരിച്ച് ഒരു മാനസികാവസ്ഥ ബോധം കൈകൊള്ളുന്നത്, അതോ അതിന്റെ ഉള്ളടക്കമോ ഓര്‍മ, ശ്രദ്ധ, മൂല്യനിര്‍ണയം, ഇന്ദ്രിയാനുഭവങ്ങളെ ഗ്രഹിക്കുക, വ്യാഖ്യാനിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് നടത്തുന്ന ന്യൂറോണുകളുടെ വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതോട് കൂടിയാണ്. ഇതാണ് ഗ്ലോബല്‍ വര്‍ക്സ്പേസ്. ബ്രയിന്‍ കോര്‍ടെക്സിലെ പ്രൈമറി സെന്‍സറി ഏരിയകളും ഫ്രണ്ടല്‍, പരൈറ്റല്‍ ഏരിയകളും ഉള്‍പെടുന്ന വിശാലമായൊരു പ്രദേശത്തുനടക്കുന്ന പരസ്പര ബന്ധിതമായ പ്രവര്‍ത്തനഫലമായി മാനസിക ഉള്ളടക്കങ്ങള്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ബോധം ഉണ്ടാവുന്നതെന്നാണ് ദഹൈനും കൂട്ടരും വാദിക്കുന്നത്.

റികറന്റ് പ്രൊസസിങ് തിയറി:
വിക്ടര്‍ ലാം, നെഡ് ബ്ലോക്ക് തുടങ്ങിയവരുടെ അഭിപ്രായത്തില്‍ സെന്‍സറി കോര്‍ടെക്സിലുള്ള താഴ്ന്നതും ഉയര്‍ന്നതുമായ ഏരിയകള്‍ക്കിടയില്‍ നടക്കുന്ന പ്രവര്‍ത്തനം മാത്രം മതി ഫിനോമിനല്‍ കോണ്‍ഷ്യസ്നെസ് ഉണ്ടാവാന്‍. പക്ഷേ ഫിനോമിനല്‍ കോണ്‍ഷ്യസ്നെസ് ആക്സസ് കോണ്‍ഷ്യസ്നെസ് കൂടാതെ ഉണ്ടാകുമോ എന്ന ചോദ്യം ഗ്ലോബല്‍ വര്‍ക് സ്‌പേസ് തിയറിക്കും റികറന്റ് പ്രോസസിംഗ് തിയറിക്കും വെല്ലുവിളിയാണ്.

ഹയര്‍ ഓര്‍ഡര്‍ തിയറി:
ഈ സിദ്ധാന്ത പ്രകാരം, ഒരു മാനസികാവസ്ഥക്ക് ബോധം കൈവരുന്നത്, വ്യക്തിക്ക് താന്‍ ആ മാനസികാവസ്ഥയിലാണ് എന്ന ബോധമുണ്ടാകുമ്പോഴാണ്. അഥവാ ആത്മബോധമാണ് ബോധത്തിനടിസ്ഥാനം എന്നര്‍ത്ഥം. അപ്പോള്‍ ഒരു വസ്തുവിനെ കാണുന്ന ആള്‍ക്ക് താനതിനെ കാണുന്നു എന്ന ബോധമുണ്ടാകുമ്പോഴാണ്, ആ വിഷ്വല്‍ സ്റ്റേറ്റില്‍ കോണ്‍ഷ്യസ്നെസ് കടന്നുവരുന്നത്. ഇതിന് ഹയര്‍ ഓര്‍ഡര്‍ റെപ്രസന്റേഷന്‍ എന്ന് പറയുന്നു.

ബ്രയിനിലെ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സിലെ പ്രവര്‍ത്തനങ്ങളാണ് ആത്മബോധത്തിന് അടിസ്ഥാനമെന്ന് റോസന്താളിനെപ്പോലുള്ള ഗവേഷകര്‍ വാദിക്കുന്നു. പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സിന് സംഭവിക്കുന്ന ആഘാതങ്ങള്‍ ബോധത്തെ ബാധിക്കുന്നുണ്ടെന്ന് പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ശസ്ത്രക്രിയയിലൂടെ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സ് നീക്കം ചെയ്യപ്പെട്ട രോഗികളില്‍ ഇന്ദ്രിയജ്ഞാനബോധം (Perceptual awareness) കാണപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ ഹയര്‍ ഓര്‍ഡര്‍ തിയറികള്‍ക്കെതിരെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

പക്ഷേ, ഇത്തരം സംഭവങ്ങളില്‍ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സ് പൂര്‍ണമായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയകരമാണ്. ബോധം ഉണ്ടാവാന്‍ മതിയായ അംശം അവിടെ ബാക്കി കിടക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് ഇത്തരം റിപ്പോര്‍ട്ടുകള്‍ സിദ്ധാന്തത്തിന് അത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നില്ല (5).

എങ്കിലും ബോധത്തെയും ആത്മബോധത്തെയും സമീകരിക്കുന്ന ഈ സിദ്ധാന്തം വളരെ സാധാരണമായ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിന്‍ നോക്കുമ്പോള്‍ അത്രക്ക് ശരിയാണെന്ന് തോന്നുന്നില്ല. കാരണം, ആത്മബോധം അല്ലെങ്കില്‍ ഹയര്‍ ഓര്‍ഡര്‍ റെപ്രസന്റേഷന്‍ കൂടാതെ തന്നെ ബോധം നമ്മുടെ ഇന്ദ്രീയാനുഭവങ്ങളില്‍ ഉണ്ടെന്ന കാര്യം നാം അനുഭവിക്കുന്നത് തന്നെയാണ്.

ഏതായാലും, ഈയടുത്തായി ബോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിനെ ബ്രയിനിന്റെ മുന്‍ഭാഗത്താണോ പിന്‍ഭാഗത്താണോ അതിനെ പ്രതിഷ്ഠിക്കേണ്ടത് എന്ന ചോദ്യത്തില്‍ കുടുങ്ങിക്കിടപ്പാണ്. റികറന്റ് പ്രൊസസിംഗ് തിയറികള്‍ തലച്ചോറിന്റെ പിന്‍ഭാഗത്തെയും, ഹയര്‍ ഓര്‍ഡര്‍ തിയറികള്‍ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സിനെയുമാണ് ഉയര്‍ത്തിക്കാട്ടുന്നതെങ്കില്‍ ഗ്ലോബല്‍ വര്‍ക്ക്സ്പേസ് തിയറി പ്രകാരം, തലച്ചോറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും മാത്രം മതിയാവില്ല ബോധം ഉയിര്‍കൊള്ളാന്‍ (6).

കോഗ്‌നിറ്റീവ് സയന്‍സിലെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം എങ്ങനെയാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. വെറും ഒരു കമ്പ്യൂട്ടറിനെപ്പോലെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനമെന്ന ക്ലാസിക്കല്‍ കമ്പ്യുട്ടേഷന്‍ തിയറി വളരെയധികം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കണക്ഷനിസം, ഗ്ലോബല്‍ വര്‍ക്സ്പേസ് തിയറി തുടങ്ങിയവയെല്ലാം ഈ വിഷയത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയിട്ടുണ്ട്.

ഈയടുത്തായി നടന്ന പല പരീക്ഷണങ്ങളിലും വ്യക്തമായൊരു കാര്യം, പൂര്‍വാനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ മുന്‍ധാരണ, അല്ലെങ്കില്‍ പൂര്‍വകല്‍പിത ആശയസഞ്ചയം വഴിയാണ് തലച്ചോര്‍ ലോകത്തെ മനസ്സിലാക്കുന്നതെന്നാണ്. Predictive coding എന്നാണ് ഇതിന് പറയുക (7). ചില വിഷ്വല്‍ ഇല്യൂഷനുകളിലൂടെ ഇക്കാര്യം വ്യക്തമാവുന്നതാണ്. ഹോളോ ഫേസ് മാസ്‌ക് ഇല്യൂഷന്‍ ഒരുദാഹരണം.

കറങ്ങുന്ന ഒരു ഹോളോ ഫേസ് മാസ്‌കിന് സ്വാഭാവികമായും രണ്ട് വശങ്ങളുണ്ടാകും . ഒന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന (Convex) തും മറ്റെത് അകത്തേക്കുന്തി നില്‍ക്കുന്നതുമായിരിക്കും(Concave). പുറത്തേക്കുന്തി നില്‍ക്കുന്ന ഭാഗത്തിനാണ് യഥാര്‍ത്ഥ മനുഷ്യമുഖത്തോട് സാദൃശ്യമുള്ളത്. പക്ഷേ കുറച്ചകലെ നിന്ന് നോക്കുമ്പോള്‍ കോണ്‍കേവ് ആയ ഭാഗവും യഥാര്‍ത്ഥ മുഖത്തെപ്പോലെ പുറത്തേക്കുന്തിനില്‍ക്കുന്നതായി തോന്നും. അടുത്തേക്കെത്തുമ്പോഴാണ് അത് കോണ്‍കേവ് ആണെന്ന് ബോധ്യപ്പെടുക.

ഇവിടെ Predictive coding ആണ് തലച്ചോര്‍ പ്രയോഗിക്കുന്നത്. കാരണം പൂര്‍വാനുഭവങ്ങളില്‍ നിന്ന് മനുഷ്യമുഖം എങ്ങനെയാണെന്ന് തലച്ചേരിന് അറിയാം. അതുവെച്ച് അതൊരു മുന്‍ധാരണ രൂപപ്പെടുത്തിയെടുക്കുന്നു. പിന്നീട്, അത് അഭിമുഖീകരിക്കുന്ന മനുഷ്യമുഖങ്ങളെയെല്ലാം ഈ മുന്‍ധാരണ അല്ലെങ്കില്‍ പൂര്‍വസ്ഥാപിത ഘടന അനുസരിച്ചായിരിക്കും തലച്ചോര്‍ മനസ്സിലാക്കുക. അത് കൊണ്ടാണ് മാസ്‌കിന്റെ കോണ്‍കേവ് ആയ ഭാഗവും സാധാരണ മുഖത്തെപ്പോലെയുള്ള കോണ്‍വെക്സ് ഭാഗത്തിന് സദൃശമായി പ്രത്യക്ഷപ്പെടുന്നത്, (ചിത്രം 1 നോക്കുക).

ചിത്രം 1പക്ഷേ, Predictive coding അഭിമുഖീകരിക്കേണ്ടതെന്ന് ഞാന്‍ കരുതുന്ന വളരെ പ്രധാനപ്പെട്ടൊരു ചോദ്യമുണ്ട്: ലോകത്തെ അത്രത്തോളം പരിചയിച്ചിട്ടില്ലാത്ത ഒരു നവജാത ശിശു,അല്ലെങ്കില്‍ കുറച്ച് മാസം മാത്രം പ്രായമുള്ള ശിശുക്കള്‍ എങ്ങനെയാണ് ഹോളോ ഫേസ് മാസ്‌കിനെ കാണുന്നത്? അകിസുഹാര, എമിനകാടോ, യുമികോ ഒട്സുക, സോ കനസവ തുടങ്ങിയവരും സഹപ്രവര്‍ത്തകരും നടത്തിയ പ്രത്യേക പരീക്ഷണത്തില്‍ അവരെത്തിച്ചേര്‍ന്ന നിഗമനം 8-മാസം പ്രായമുള്ള ശിശുക്കള്‍ ഈ മാസ്‌കിന്റെ കോണ്‍കേവ് കോണ്‍കേവായിട്ടും കോണ്‍വെക്സിനെ കോണ്‍വെക്സായിട്ടും ആണ് കാണുന്നതെന്നാണ് (8).

എന്നാല്‍ യോനാസ് എന്ന ശാസ്ത്രജ്ഞനും കൂട്ടരും 2010-ല്‍ 5-7 മാസം പ്രായമുള്ള ശിശുക്കളില്‍ നടത്തിയ പരീക്ഷണത്തില്‍ കോണ്‍കേവായ മാസ്‌കില്‍ മൂക്കുള്ള ഭാഗം തള്ളി നില്‍ക്കുന്നെന്ന് ധരിച്ച് എത്തിപ്പിടിക്കാന്‍ ഈ ശിശുക്കള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (9). ഇത് പരിഗണിച്ച്, വ്യത്യസ്ത സാഹചര്യങ്ങളില്‍ ശിശുക്കള്‍ക്ക് ഈ ഇല്യൂഷന്‍ അനുഭവപ്പെടുകയും അനുഭവപ്പെടാതിരിക്കുകയും ചെയ്യുമെന്നാണ് അകിസുഹാരയും സംഘവും വാദിക്കുന്നത്.

പക്ഷേ യോനാസിന്റെ റിപ്പോര്‍ട്ടിന് തൃപ്തികരമായ മറുപടി അവര്‍ക്കില്ല. ശിശുക്കളില്‍ ജനിച്ച ഉടനെ ഈ പരീക്ഷണം നടന്നിട്ടില്ലെന്നുള്ളത് പ്രധാന പ്രശ്‌നമാണ്. ഇതിനൊക്കെ പുറമെ ഇവരുടെ നിരീക്ഷണങ്ങള്‍ക്കൊന്നും ശിശുവിന്റെ റെറ്റിനയില്‍ പതിയുന്ന ഹോളോ മാസ്‌കിന്റെ ചിത്രം എങ്ങനെയാണെന്ന് ഉറപ്പിച്ചുപറയാന്‍ കഴിഞ്ഞിട്ടില്ല. കാരണം അത് തിരിച്ചറിയാനുപയോഗിക്കുന്ന സംവിധാനങ്ങളൊന്നും ഇവര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇനിയത് ഉപയോഗപ്പെടുത്തിയാല്‍ തന്നെ മുതിര്‍ന്നവരായ ഗവേഷകര്‍ക്ക് ശിശുക്കളുടെ റെറ്റിനയില്‍ പതിയുന്ന ഹോളോ മാസ്‌ക് കോണ്‍വെക്സ് ആയി മാത്രമല്ലേ കാണാനാവൂ എന്ന ചോദ്യവുമുണ്ട്.

ചുരുക്കത്തില്‍ Predictive coding ന്റെ സാധുത തെളിയിക്കുന്നത് അത്രത്തോളം എളുപ്പമല്ലെന്ന് വ്യക്തം. ഇനി, യോനാസിന്റെയും കൂട്ടരുടെയും നിഗമനം ശരിയാണെങ്കില്‍ Predictive coding പാരമ്പര്യമായി കൈകാര്യം ചെയ്യപ്പെടാനുള്ള സാധ്യത നാം അന്വേഷിക്കേണ്ടി വരും. അതില്ലെങ്കില്‍ Predictive coding അപൂര്‍ണമായ സിദ്ധാന്തമാണെന്ന് പറയേണ്ടി വരും.

കോഗ്‌നിറ്റീവ് സയന്‍സിലെ അധീശപ്രവണതയാണ് മൈന്‍ഡിനെ തലച്ചോറുമായി സമീകരിക്കുന്നത്. ഇതിനെ ശക്തമായി വിമര്‍ശിച്ചയാളാണ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്വചിന്തകന്‍ ലുഡ് വിഗ് വിറ്റ്ഗെന്‍സ്‌റ്റൈന്‍. ബാഹ്യസ്വഭാവവും (Behaviour) മനസ്സും തമ്മിലുള്ള ബന്ധം വെറും ആകസ്മികമാണെന്ന് കരുതുന്ന സിദ്ധാന്തങ്ങളുടെ അപര്യപ്തത അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്: മനസ്സും സ്വഭാവവും തമ്മിലെ ബന്ധം ആകസ്മികമാണെങ്കില്‍ അചേതനമായ കല്ലും മരവുമെല്ലാം ബോധമുള്ളവയാണെന്ന് നമുക്ക് പറയേണ്ടി വരും. നാമിരിക്കുന്ന കസേരക്ക് നന്നായി വേദനിക്കുന്നുണ്ടാവാം, പക്ഷേ അത് അങ്ങേയറ്റത്തെ ക്ഷമ പാലിച്ച് അനങ്ങാതിരിക്കുകയാണെങ്കിലോ?

ഈ സാധ്യതയെ കണക്കിലെടുത്ത് വിറ്റ്ഗെന്‍സ്‌റ്റൈന്‍ കാണിച്ചു തരുന്നത് ബോധവും പെരുമാറ്റവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ്. ‘ഞാന്‍’ എന്നത് എന്റെ ശരീരത്തെ നിയന്ത്രിക്കുന്ന മറ്റൊരു പ്രതിഭാസമല്ല, മറിച്ച് ഞാനെന്നാല്‍ എന്റെ ശരീരമാണ്, City of Rome എന്നതിലെ സിറ്റിയും റോമും വേറെയല്ലാത്തത് പോലെ. ഈ കാര്യം വ്യക്തമാക്കാന്‍ വിറ്റ്ഗെന്‍സ്റ്റൈന്‍ Symptoms, Criteria എന്നീ രണ്ട് ആശയങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു വിഷയത്തിലെ തെളിവും അതിന്റെയടിസ്ഥാനത്തില്‍ ലഭിക്കുന്ന നിഗമനവും തമ്മിലുള്ള ബന്ധം പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടതാണെങ്കില്‍ അത് Symptom ആണ്.

ഇന്നത്തെ രാത്രിയിലെ ചുവന്ന ആകാശം നാളെ പ്രഭാതത്തില്‍ നല്ല അന്തരീക്ഷമുണ്ടാകുന്നതിന്റെ Symptom ആണ്. തെളിവും നിഗമനവും തമ്മിലുള്ള ബന്ധം പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടത് എന്നതിലുപരി, വിഷയത്തെ മനസിലാക്കുന്ന ആള്‍ക്ക് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെങ്കില്‍ അതാണ് Criterion. പ്രഭാതത്തില്‍ കാര്‍മേഘങ്ങളുടെ അഭാവം, തിളക്കമുള്ള സൂര്യന്‍ തുടങ്ങിയവ നല്ല അന്തരീക്ഷത്തിന്റെ Symptom അല്ല, മറിച്ച് Criterion ആണ്, അഥവാ നല്ല അന്തരീക്ഷം എന്താണെന്ന് മനസ്സിലാക്കുന്ന ആള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് അവയെന്നര്‍ത്ഥം. ഒരു പാട്ട് പാടുന്നത് അത് അറിയുന്നതിന്റെയും തിന്നുന്നത് വിശപ്പനുഭവിക്കുന്നതിന്റെയും Criterion ആണ്, അറിയുന്ന എല്ലാവരും പാടുന്നില്ലെങ്കിലും വിശപ്പനുഭവിക്കുന്ന എല്ലാവരും തിന്നുന്നില്ലെങ്കില്‍ പോലും.

മനസ്സും ശരീരവും രണ്ടാണെന്ന് വാദിക്കുന്ന ദ്വൈതവാദികള്‍ക്കും (Dualists) മനസെന്നാല്‍ സ്വഭാവമാണെന്ന് വാദിക്കുന്ന സ്വഭാവ മാത്രവാദികള്‍ക്കുമിടയില്‍ ( Behaviourists) വിവേകപൂര്‍ണമായ സന്തുലിതത്വം സ്ഥാപിക്കാന്‍ ഈ ആശയം വഴി വിറ്റ്ഗൈന്‍സ്‌റ്റൈനായി. ശാരീരികമായ പ്രകടനങ്ങളില്ലാതെ ചില മാനസികാവസ്ഥകള്‍ സംഭവിക്കാമെന്നതില്‍ ദ്വൈതവാദികളോടും എന്നാല്‍ ശാരീരികമായ പ്രകടനങ്ങള്‍ കൊണ്ട് മാത്രമേ ബോധപൂര്‍വമായ മാനസികാവസ്ഥകള്‍ മനുഷ്യര്‍ക്കുണ്ടെന്ന് നമുക്ക് സ്ഥാപിക്കാനാവൂ എന്നതില്‍ സ്വഭാവമാത്രവാദികളോടും യോജിക്കാന്‍ അദ്ദേഹത്തിനായി.

അപ്പോള്‍ വിറ്റ്ഗെന്‍സ്റ്റൈനെ സംബന്ധിച്ചിടത്തോളം മനസ്സും സ്വഭാവവും ഒന്നാണെന്ന് വാദിക്കുന്നത് തെറ്റാണെങ്കില്‍, അതിലേറെ തെറ്റാണ് മനസ്സും തലച്ചോറും ഒന്നാണെന്ന് പറയുന്നത്. കാരണം മനസ്സും ശാരീരിക പ്രകടനങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അഥവാ, ഒരു Criterial ബന്ധം എന്നര്‍ഥം. ഉദാഹരണത്തിന് വയറുണ്ടായാലേ വിശപ്പെന്ന അനുഭവമുണ്ടാകൂ, കാലുണ്ടായാലേ ഒരു കാര്യം നടന്നെത്തിപ്പിടിക്കാനുള്ള ആഗ്രഹവും മനസികാവസ്ഥയുമുണ്ടാകൂ. കണ്ണുണ്ടായാലേ നിറം, ആകൃതി തുടങ്ങിയവ തിരിച്ചറിയാനുള്ള മാനസികശേഷികള്‍ ഉണ്ടാവൂ. അത് കൊണ്ടാണ് വിറ്റ്ഗെന്‍സ്‌റ്റൈന്‍ പ്രഖ്യാപിക്കുന്നത്: ‘മനുഷ്യനെക്കുറിച്ചോ മനുഷ്യനെപ്പോലെ പെരുമാറുന്നതിനെക്കുറിച്ചോ മാത്രമേ അത് ചിന്തിക്കുന്നു, കാണുന്നു, ബോധമുണ്ട്, ബോധമില്ല, എന്നൊക്കെ പറയാന്‍ പറ്റൂ'(10).

എന്നാല്‍ കോഗ്‌നിറ്റീവ് സയന്‍സിലും റോബോട്ടിക് ടെക്നോളജിയിലും Embodied cognition പഠനവിധേയമാക്കുന്ന ധാര സജീവമായുണ്ട്. ശരീരവും മനസ്സും തമ്മിലെ അഭേദ്യബന്ധമാണ് ഇതിന്റെ പ്രധാന ചര്‍ച്ചാവിഷയം. റോബോട്ടിക്സില്‍ വിറ്റ്ഗെന്‍സ്റ്റൈന്റെ ശരീരവും മനസും തമ്മിലെ Criterial relation എന്ന ഉള്‍ക്കാഴ്ചയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് കാണാം. ഉദാഹരണം പറയാം: ലോകത്ത് കസേരകള്‍ പല രൂപത്തിലും ആകൃതിയിലും ഉണ്ട്. അതിനാല്‍ തന്നെ ഒരു വസ്തു കസേരയാണെന്ന് മനസ്സിലാക്കാനുള്ള സവിശേഷതകളുടെ ലിസ്റ്റൊന്നും നമുക്കുണ്ടാക്കാനാവില്ല. എങ്കിലും, ഒരു വസ്തു കസേരയാണോ അല്ലയോ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് തിരിച്ചറിയാനാവും. ജെയിംസ് ഗിബ്സണ്‍ വാദിക്കുന്നത് ഒരു കസേരയില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഇരിക്കാന്‍ കഴിയുക (Sitability) എന്ന ആശയമാണ്.

ഒരു പ്രത്യേക രീതിയില്‍ നാം ഇടപെടുന്ന വസ്തുവായി നാമതിനെ മനസിലാക്കുന്നു. ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ ഭാരം താങ്ങുന്ന, പ്രത്യേക രീതിയില്‍ വളയാനനുവദിക്കുന്ന അനേകം വസ്തുക്കളില്‍ നിന്ന് നാം Sitabiltiy എന്ന ആശയം രൂപപ്പെടുത്തുന്നു. അതിന് സഹായിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന എല്ലാത്തിനെയും നാം കസേരയായി മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, ഒരു റോബോട്ടിന് കസേരയെ തിരിച്ചറിയണമെങ്കില്‍ അതിന് ഇരിക്കാനുള്ള കഴിവ് വേണം. എന്തൊക്കെ അതിന്റെ ഭാരം താങ്ങുമെന്നും പ്രത്യേകരീതിയില്‍ വളയാന്‍ അനുവദിക്കുമെന്നും അനുഭവത്തിലൂടെ തിരിച്ചറിയാനുള്ള ശാരീരിക രൂപം അതിന് വേണം (11).

ഇക്കാര്യത്തെയാണ് Criterion എന്ന ആശയമുപയോഗിച്ച് വിറ്റ്ഗെന്‍സ്റ്റൈന്‍ വ്യക്തമാക്കിയത്. മനസ്സും ശരീരവും ഈ രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെങ്കില്‍ തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ മാത്രം തിരിച്ചറിഞ്ഞതാണ്.

അതിനാല്‍ അവ രണ്ടുമുള്ള ബന്ധം ആകസ്മികം മാത്രമാണെന്നാണ് വിറ്റ്ഗെന്‍സ്‌റ്റൈന്‍ വാദിക്കുന്നത്(12). പക്ഷേ രോഗാണുക്കളാണ് രോഗത്തിന് കാരണമെന്ന് പരീക്ഷണത്തിലൂടെ അറിഞ്ഞതാണെങ്കിലും രോഗവും രോഗാണുക്കളും തമ്മിലുള്ള ആകസ്മികം മാത്രമാണെന്ന് നമുക്ക് പറയാനൊക്കില്ലല്ലോ. ബോധവുമായി ബന്ധപ്പെട്ട പലതും തലച്ചോറില്‍ തന്നെ കോഗ്‌നിറ്റീവ് സയന്റിസ്റ്റുകള്‍ക്ക് കണ്ടെത്താനായിട്ടുണ്ടെന്നതിനാല്‍ വിറ്റ്ഗെന്‍സ്റ്റൈന്റെ വാദം പ്രശ്നവത്കരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

എങ്കിലും ചിന്ത, ഭാവന തുടങ്ങിയ സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളെ കൃത്യമായി തലച്ചോറില്‍ കണ്ടെടുക്കാന്‍ കോ ഗ്‌നിറ്റീവ് സയന്റിസ്റ്റുകള്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. വിറ്റ്ഗെന്‍സ്റ്റൈന്‍ പറയുന്നത് ഭൗതിക പ്രതിഭാസങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മാനസികാവസ്ഥകളെന്നും, ചിന്ത, ഭാവന തുടങ്ങിയവയെ തലച്ചോറില്‍ കണ്ടെടുക്കാന്‍ ആവില്ലെന്നും ഭൗതികമായ കാര്യ- കാരണ ബന്ധത്തെ തന്നെ അതിവര്‍ത്തിക്കുന്നതാണ് മാനസിക ലോകമെന്നുമൊക്കെയാണ് (13). പക്ഷേ, കോഗ്‌നിറ്റീവ് സയന്‍സ് നിരന്തരം പുരോഗമിക്കുമ്പോള്‍ കാത്തിരുന്നു കാണാം എന്നേ നമുക്ക് പറയാനൊക്കൂ.

ഭാഷയെന്ന അത്ഭുതം

മനസിലുള്ളതിനെ പുറത്തെത്തി ക്കാനുള്ള മാധ്യമമാണ് ഭാഷ. ഇതര ജീവജാലങ്ങളിലൊന്നും കാണപ്പെടാതത്ര സങ്കീര്‍ണമായ ഘടനയുള്ള മനുഷ്യഭാഷയുടെ പ്രധാന സവിശേഷതകല്‍ രണ്ടെണ്ണമാണ്.

 1. Semanticity: ബാഹ്യലോകത്തുള്ള വസ്തുക്കളെ സൂചിപ്പിക്കാനായി ഭാഷ ഉപയോഗിക്കാം.
 2. Combinatoriality: അര്‍ഥമില്ലാത്ത അക്ഷരങ്ങളും മറ്റും കൂടിച്ചേര്‍ന്ന് അര്‍ഥമുള്ള വാക്യങ്ങള്‍ രൂപപ്പെടുത്താനുള്ള ശേഷി.
  പുറമെ മനുഷ്യ ഭാഷ Compositional കൂടിയാണ്. അഥവാ ഒരു വാക്യത്തിന്റെ അര്‍ഥം അതിന്റെ ഭാഗങ്ങളുടെ അര്‍ഥങ്ങളുടെയും ആ ഭാഗത്തിന്റെ പ്രത്യേക രീതിയിലുള്ള കൂടിച്ചേരലിന്റെയും ഫലമാണെന്നര്‍ഥം. ഈ ഘടന മറ്റൊരു ജീവജാലങ്ങളുടെ ഭാഷയിലും കാണപ്പെടുന്നതല്ല. ഭാഷ പഠിക്കുന്ന കുട്ടി വാക്കുകളെന്നതിലുപരി ഒരു ഘടനയെ മൊത്തം പഠിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

  തലമുറകളായി നടക്കുന്ന ഭാഷാകൈമാറ്റമാണ് എല്ലാ മനുഷ്യഭാഷകളിലും കാണപ്പെടുന്ന മൗലികമായ ഘടനകള്‍ക്ക് കാരണമെന്നാണ് പല ഭാഷാശാസ്ത്രജ്ഞരും വാദിക്കുന്നത് (14). ദൈവം ആദ്യമേ ആ രീതിയിലാണ് ഭാഷകളെ സൃഷ്ടിച്ചത് എന്ന വിശദീകരണം പരിണാമവാദത്തിന്റെ പിടിയിലകപ്പെട്ട അവര്‍ക്ക് മനസ്സിലാവുന്നതല്ല.

ഭാഷാതത്വചിന്തയിലെ മഹത്തായൊരു വഴിത്തിരിവായിരുന്നു ലുഡ് വിഗ് വിറ്റ്ഗെന്‍സ്റ്റൈനിന്റെ സ്വകാര്യഭാഷകള്‍ക്കെതിരെയുള്ള (Private Language) ചിന്താ പരീക്ഷണം. ഇതുവഴി ഒരാള്‍ക്കും സ്വന്തമായി, തന്റേതായ വാക്കുകളും അര്‍ഥങ്ങളുമുള്ള ഭാഷ ഉണ്ടാക്കാനാവില്ലെന്ന് വിറ്റ്ഗെന്‍സ്‌റ്റൈന്‍ തെളിയിച്ചു.

അദ്ദേഹത്തിന്റെ ചിന്താപരീക്ഷണം വിവരിക്കാം: പ്രത്യേകമായൊരു വികാരം ഉണ്ടാവുന്നത് കുറിച്ചുവെക്കാനായി ഞാനൊരു ഡയറി സൂക്ഷിക്കുന്നുവെന്ന് കരുതുക. ആ വികാരം ഉണ്ടാകുമ്പോള്‍ ഞാന്‍ ‘S’ എന്ന് ഡയറിയില്‍ കുറിച്ചിട്ടു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ പ്രക്രിയയില്‍ നമ്മുടെ സാധാരണ ഭാഷ ഒരു തരത്തിലും കടന്നുവരരുതെന്നാണ്.

അങ്ങനെ, ആ വികാരം അനുഭവിക്കുന്ന ഉടനെത്തന്നെ ഞാന്‍ ‘S’ എന്ന് എഴുതുന്നു. വിറ്റ്ഗെന്‍സ്‌റ്റൈന്‍ വാദിക്കുന്നത് ഇതുവഴി ‘S’ നും എന്റെ വികാരത്തിനുമിടയില്‍ വാക്കും അര്‍ഥവും തമ്മിലുള്ളതിന് സമാനമായൊരു ബന്ധം സ്ഥാപിക്കാനാവുകയില്ലെന്നാണ്. കാരണം, അടുത്ത പ്രാവശ്യം ഞാന്‍ മറ്റൊരു വസ്തുവിനെ ‘S’ എന്ന് വിളിക്കണമെങ്കില്‍ ‘S’ ന്റെ അര്‍ഥമറിയേണ്ടേ.

സാധാരണ ഭാഷയിലെ വാക്കുകള്‍ കടമെടുക്കാതെ എനിക്കിത് ചെയ്യാനാവുകയുമില്ല. ഒരു വസ്തുവിനെ ചൂണ്ടിക്കാണിച്ച്, ഉദാഹരണത്തിന്, ‘കടല’ എന്ന് പറയലോട് കൂടി കടലയുടെ അര്‍ഥം ആ വസ്തുവാകണമെന്നില്ല. അതിന് മുമ്പ് പേര് എന്ന വാക്കും അതിന്റെ അര്‍ഥവും നാമറിഞ്ഞിരിക്കണമല്ലോ (15).

ഭാഷയെന്നാല്‍ ഒരു സാമൂഹിക പ്രതിഭാസമാണെന്ന യാഥാര്‍ഥ്യമാണ് വിറ്റ്ഗെന്‍സ്‌റ്റൈന്‍ ഈ പ്രൈവറ്റ് ലാംഗ്വേജ് ആര്‍ഗ്യുമെന്റിലൂടെ തെളിയിച്ചു കാണിച്ചത്. പക്ഷേ, ലോജിക്കല്‍ പോസിറ്റിവിസ്റ്റുകളുടെ ‘ഞാന്‍ ചുവപ്പായി കാണുന്നത് നീ പച്ചയായി കാണാം. അപ്പോള്‍ നിന്റെ പച്ചയെയാണ് ഞാന്‍ ചുവപ്പെന്ന് വിളിക്കുന്നത്.’എന്ന സ്‌കെപ്റ്റിക്കല്‍ വാദഗതിയെ തകര്‍ക്കുന്നതാണ് പ്രൈവറ്റ് ലാംഗ്വേജ് ആര്‍ഗ്യുമെന്റ് എന്ന് ആന്തണി കെന്നി പറയുന്നുണ്ട് (16).

പക്ഷേ, പ്രൈവറ്റ് ലാംഗ്വേജ് ആര്‍ഗ്യുമെന്റ് ഈ സംശയവാദത്തെ തകര്‍ക്കുന്നുവെന്ന് തോന്നുന്നില്ല. കാരണം, ഇവിടെ പ്രൈവറ്റ് ലാംഗ്വേജ് ഉണ്ടാകുന്നില്ല. ഇവിടെ നിന്റെ പച്ചയെ നീ ചുവപ്പെന്ന് വിളിക്കാന്‍ കാരണം നീ പച്ച കണ്ടിടത്ത് മറ്റൊരാള്‍ ചുവപ്പെന്ന് പറഞ്ഞതാവാം. ഒരു ചിന്താപരീക്ഷണമായി ഈ വാദം മുന്നോട്ട് വെക്കുന്നതില്‍ താര്‍ക്കികമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് തോന്നുന്നു.

വിറ്റ്ഗെന്‍സ്റ്റൈന്‍ തകര്‍ത്തുകളഞ്ഞ മറ്റൊരു സിദ്ധാന്തമാണ് ഒരു വാചകം നീ മനസ്സിലാക്കുന്നത് അതിനനുസൃതമായ ഒരു മെന്റല്‍ ഇമേജ് നിനക്കുള്ളില്‍ കൊണ്ടുവന്നാണ് എന്നത്. അഥവാ, ചുവന്ന പൂവ് കൊണ്ടുവാ എന്ന വാക്യത്തെ നീ മനസ്സിലാക്കുന്നത് ചുവപ്പിന്റെ ഒരു മെന്റല്‍ ഇമേജ് കൊണ്ടാണ് എന്ന്. പക്ഷേ വിറ്റ്ഗെന്‍സ്‌റ്റൈന്‍ ചോദിക്കുന്നത് ഈ മെന്റല്‍ ഇമേജിന്റെ നിറം ചുവപ്പാണ് എന്ന് നിനക്കെങ്ങനെ മനസ്സിലായെന്നാണ്.

ഇതുപോലെ, ഒരാളെ തിരിച്ചറിയുന്നത് അയാളെ കാണുമ്പോള്‍ നമ്മുടെ കാഴ്ചമണ്ഡലത്തില്‍ പതിയുന്ന അയാളുടെ രൂപവും പിന്നെ മനസ്സിലുള്ള അയാളുടെ രൂപവും ഒത്തുനോക്കി തമ്മില്‍ സാദൃശ്യമുണ്ടോ എന്ന് പരിശോധിച്ചാണ് എന്ന വാദത്തെയും വിറ്റ്ഗെന്‍സ്റ്റൈന്‍ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. കാരണം, ആ മെന്റല്‍ ഇമേജ് മനസ്സില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ ആദ്യം അത് ഈ കാണുന്ന ആളുടേതാണെന്ന് തിരിച്ചറിയേണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത് (17).

പക്ഷേ ഈ തിയറിയെ ഒന്നുകൂടി വിപുലീകരിച്ചാല്‍ അതുവഴി തിരിച്ചറിയലിനെ വിശദീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. അഥവാ, ഒരാളെ കാണുമ്പോള്‍ ആ വിഷ്വല്‍ ഇമേജ് തലച്ചോറില്‍ ശേഖരിക്കപ്പെട്ട മറ്റു ഇമേജുകളുമായി അതിവേഗം താരതമ്യം ചെയ്യപ്പെടുകയും അങ്ങനെ സാദൃശ്യമുള്ള ഒന്ന് തെരെഞ്ഞെടുക്കപ്പെടുകയും അതുവഴി തിരിച്ചറിയല്‍ സംഭവിക്കുകയും ചെയ്യുന്നു. മാനസിക പ്രവര്‍ത്തനങ്ങളുടെ വേഗം നിര്‍ണ്ണയാതീതമാണെന്ന് നമുക്കറിയാവുന്നതാണല്ലോ. പക്ഷേ, ഇതൊരു അനുമാനം മാത്രമാണ്, പരീക്ഷിക്കപ്പെട്ടറിഞ്ഞതല്ല.

സമൂഹത്തില്‍ നിന്നാണ് മനുഷ്യന്‍ ഭാഷ അഭ്യസിക്കുന്നതെന്നത് ശരിയാണെങ്കില്‍ ഒരു വ്യക്തിക്ക് മാത്രം അറിയാവുന്ന അനുഭവങ്ങളെ -അവന് വേദനിക്കുന്നത്, സങ്കടം അനുഭവിക്കുന്നത് തുടങ്ങിയവ- കുറിക്കാനുപയോഗിക്കുന്ന പദങ്ങള്‍ നാമെങ്ങനെ പഠിക്കുന്നു എന്ന ചോദ്യം വരാം. വിറ്റ്ഗെന്‍സ്റ്റൈന്‍ പറയുന്നത്, ഈ വികാരങ്ങളോടൊപ്പമുണ്ടാകാറുള്ള ശാരീരിക പ്രകടനങ്ങളാണ് ഭാഷയറിയാത്ത കുട്ടികള്‍ നടത്തുക. പക്ഷേ കുറച്ച് കഴിയുന്നതോടെ ഈ പ്രകടനങ്ങളെ എങ്ങനെ ഭാഷയിലവതരിപ്പിക്കാമെന്ന് മാതാപിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അവര്‍ പഠിക്കുന്നു/പഠിപ്പിക്കപ്പെടുന്നു(18).

എങ്കിലും, പുറമെ പ്രകടമാകുന്ന മാനസികാവസ്ഥകള്‍ക്കും മാനസിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പേരുകള്‍ മറ്റുള്ളവരില്‍ നിന്ന് ഒരു കുട്ടിക്ക് പഠിക്കാനാകുമെന്ന് വെക്കാം. പക്ഷേ ഇത്തരം പ്രകടഭാവങ്ങളില്ലാത്ത, മനസ്സിലാക്കുക, ഭാവിക്കുക തുടങ്ങിയ വാക്കുകള്‍ മനസ്സിലാക്കാനും ഉപയോഗിക്കാനും ഒരു കുട്ടിയെങ്ങനെ പഠിക്കുന്നുവെന്ന പ്രധാനപ്പെട്ട ചോദ്യം ഞാന്‍ മുന്നോട്ട് വെക്കുകയാണ്. ഉത്തരം കണ്ടെത്തിയാല്‍ ഭാഷ പഠിക്കുന്നതിന്റെ പൂര്‍ണ്ണമായും ചുരുളഴിയാത്ത രഹസ്യത്തിലേക്കുള്ള വെളിച്ചം വീശലാകും അതെന്ന് തോന്നുന്നു.

ഭാഷയെ പരിണാമസിദ്ധാന്തം വഴി മനസ്സിലാക്കാനുള്ള ശ്രമങ്ങളിന്ന് സജീവമാണ്. കുറേ ശരികളുണ്ടെങ്കിലും പരിണാമം വഴി ഭാഷയുടെ ഉറവിടം കണ്ടെത്തുന്നത് ദുഷ്‌കരമാണ്. പരിണാമത്തിലൂടെ ഉത്ഭവിച്ചുവന്നതാണ് ഭാഷയെങ്കില്‍ ഏറ്റവും ആദ്യത്തെയാള്‍ ഒരു പ്രൈവറ്റ് ലാംഗ്വേജ് ഉപയോഗിച്ചുവെന്ന് പറയേണ്ടി വരില്ലേ? അതിനാണെങ്കില്‍ വിറ്റ്ഗെന്‍സ്‌റ്റൈന്‍ പറഞ്ഞ പ്രശ്നങ്ങളുമുണ്ട്. ഭാഷകളുടെ ദിവ്യാടിസ്ഥാനത്തിന്റെ തെളിവാകാമിത്. ഏതായാലും അനവധി ഗവേഷണങ്ങളുടെ ഫലമായി മാത്രമേ ഭാഷയെയും മനസിനെയും സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍-കഴിയുകയാണെങ്കില്‍- നമുക്കൊരു തീര്‍പിലെത്താനാവൂ എന്നുറപ്പാണ്.

             *********************************************************************************

ഒന്‍പത് ലക്കങ്ങളിലായി തത്വചിന്ത, സാഹിത്യം, മതം എന്നിവയെക്കുറിച്ചുള്ള ചില ശ്ലഥചിന്തകള്‍ പങ്കുവെക്കുകയായിരുന്നു. ഈ ലക്കത്തോടെ ലോഗോസിനു സമാപ്തം കുറിക്കുകയാണ്. കൂടെ ചരിച്ച വായനക്കാര്‍ക്ക് ഹൃദ്യമായ നന്ദികള്‍ അറിയിക്കാന്‍ മറക്കുന്നില്ല.

Citations

1.Standford encyclopedia of philosophy: Consciounsess: https://plato.stanford.edu/entries/consciousness/

2.Wikipedia: Frank Jackson’s knowledge argument: https://en.wikipedia.org/wiki/Knowledge_argument

3.Standford encyclopedia of philosophy: Consciounsess

4.Ibid.

5.Ibid.

6.Ibid

 1. Andy clark, Do thrifty brains make better minds, NewYork Times.
  https://archive.nytimes.com/opinionator.blogs.nytimes.com/2012/01/15/do-thrifty-brains-make-better-minds/
 2. Aki Tsuruhara et al. The hollow-face illusion in infancy: do infants see a screen based rotating hollow mask as hollow?, Iperseption (2011) volume 2, pages 418-427
 3. Albert Yonas et al. Six-month-old infants perceive the hollow-face illusion, Perception (2011), volume 40, 1376-1383
 4. Anthony kenny, New history of western philosophy (Oxford University press ,2007) 918-921
 5. Philosophy of cognitive sciences, provided by Edinbrush University, in Coursera: https://www.coursera.org/learn/philosophy-cognitive-sciences/lecture/viAdy/4-2-embodied-cognition-part-ii
 6. Anthony kenny, 919-20
 7. Ibid., 921
 8. See Kenny smith, How culture and biology interact to shape language and language faculty, Topics in cognitive science, volume 12, issue 2, 690-172, and How language learning and language use create linguistic structure, Current directions in psychological science, volume 31, issue 2: https://doi.org/10.1177/09637214211068127
 9. Anthony Kenny, 862, 63
 10. Ibid.
 11. Ibid., 917,18
 12. Ibid., 863

ഖിദ്ർ പി.ടി തറയിട്ടാൽ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.