Thelicham

ചന്ദ്രിക; മുസ്‌ലിംലീഗിന്റെ ദാസ് കാപിറ്റല്‍

ഏതു രാഷ്ട്രീയകക്ഷിയുടെ ആവനാഴിയിലും ചില ആയുധങ്ങളുണ്ട്, കത്തി മുതല്‍ ബോംബു വരെ. മുസ്‌ലിം ലീഗിനെ സംബന്ധിച്ച്, അതിന്റെ രാഷ്ട്രീയ ആവനാഴിയിലെ ആയുധം തോക്കായിരുന്നില്ല, വാക്കായിരുന്നു. വാക്കാണ് തോക്കിനേക്കാള്‍ വലിയ ആയുധം എന്ന തിരിച്ചറിവാണ് പ്രധാനം. അതുണ്ടായിരുന്നു ആദ്യകാല നേതൃത്വത്തിന്. രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും വലിയ മൂലധനമാണ് ചന്ദ്രിക. ആ പാര്‍ട്ടിയുടെ ദാസ്‌കാപിറ്റലും മാനിഫെസ്റ്റോയും.

1962ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ സഞ്ചാരസാഹിത്യകാരന്‍ എസ്‌കെ പൊറ്റക്കാടിനെ കക്ഷിരഹിത സ്ഥാനാര്‍ത്ഥിയാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. 1957ല്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു തോറ്റ അനുഭവം മുമ്പിലുള്ളതു കൊണ്ട് മറുപടി നല്‍കാന്‍ ഒരാഴ്ച വേണമെന്നാണ് പൊറ്റക്കാട് അറിയിച്ചത്. വടകരയില്‍ മുസ്‌ലിംലീഗിന്റെ സഹായമില്ലാതെ ജയിക്കാന്‍ ആവില്ലെന്ന് എസ്‌കെ മനസ്സിലാക്കിയിരുന്നു.

അദ്ദേഹം സുഹൃത്തായ സിഎച്ച് മുഹമ്മദ് കോയയോടാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. വടകരയില്‍ നിന്നാല്‍ മുസ്‌ലിംലീഗ് പിന്തുണയ്ക്കുമോ എന്നായിരുന്നു പൊറ്റക്കാടിന്റെ ചോദ്യം. നേരിട്ടൊരു ഉത്തരം പറയാതെ ബാഫഖി തങ്ങളെ പോയി കാണാനാണ് സിഎച്ച് ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് പൊറ്റക്കാട് ഇങ്ങനെ എഴുതുന്നുണ്ട്. ‘ആരുടെയും കൂട്ടോ ശുപാര്‍ശയോ ഇല്ലാതെ, 1961 ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് ഞാന്‍ ഒറ്റയ്ക്ക് ബാഫഖി തങ്ങളെ അദ്ദേഹത്തിന്റെ വലിയങ്ങാടിയിലെ പാണ്ടികശാലയുടെ മുകളില്‍ ചെന്നുകണ്ടു. ഞങ്ങള്‍ മുമ്പ് അന്യോന്യം പരിചയപ്പെട്ടിരുന്നില്ല. എന്നാലും അദ്ദേഹം വളരെ സ്‌നേഹഭാവത്തിലാണ് എന്നെ സ്വീകരിച്ചത്. ഞാന്‍ വന്നകാര്യം അദ്ദേഹത്തെ കേള്‍പ്പിച്ചു. അദ്ദേഹം എല്ലാം ശ്രദ്ധിച്ചുകേട്ടു. കുറച്ചു നേരം ആലോചിച്ചു. പിന്നെ സൗമ്യഭാവത്തില്‍ പറഞ്ഞത് ഇതായിരുന്നു-നിങ്ങള്‍ തലശ്ശേരിയില്‍ നിന്നോളൂ, ലീഗ് സഹായിക്കാം…

ബാഫഖി തങ്ങളുടെ പുതിയ നിര്‍ദേശം ഞാന്‍ എന്റെ സുഹൃത്തുക്കളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും മുമ്പില്‍ സമര്‍പ്പിച്ചു. തലശ്ശേരിയിലേക്കുള്ള എന്റെ നീക്കം ആദ്യം അവര്‍ക്ക് അത്ര ആശാസ്യമായി തോന്നിയില്ല. ഞാന്‍ ഒരിക്കല്‍ മത്സരിച്ചു തോറ്റ മണ്ഡലമാണല്ലോ തലശ്ശേരി. തലശ്ശേരിയില്‍ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മറ്റൊരു സ്വതന്ത്രനെ മിക്കവാറും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ബാഫഖി തങ്ങളുടെ ഉപദേശത്തിന് വില കല്‍പ്പിക്കുകയും തലശ്ശേരിയിലേക്ക് മാറാന്‍ തീരുമാനിക്കുകയും അപ്രകാരം പത്രപ്രസ്താവന ഇറക്കുകയും ചെയ്തു… ഞാന്‍ തലശ്ശേരിയില്‍ മത്സരിക്കാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അനുകൂലിച്ചു. മുസ്‌ലിംലീഗിന്റെ നിര്‍ദേശപ്രകാരം വടകരയിലും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി-യശഃശരീരനായ എ.വി രാഘവന്‍-മത്സരിച്ചു. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബാഫഖി തങ്ങളുടെ വ്യക്തിപ്രഭാവം മുസ്‌ലിംലീഗിന്റെയും പിന്തുണയോട് കൂടി 66,000 വോട്ടിന്റെ ഭൂരിപക്ഷത്തോട് കൂടി തലശ്ശേരിയില്‍ നിന്ന് ഞാനും 72,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വടകരയില്‍ നിന്ന് എ.വി രാഘവനും ജയിച്ചു.’ (അസാമാന്യമായ കാര്യവിശകലന ശേഷി, എസ്‌കെ പൊറ്റക്കാട്-ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം, ഒന്നാം ലേഖനം, 1973)
സുകുമാര്‍ അഴീക്കോടായിരുന്നു തലശ്ശേരിയില്‍ എസ്‌കെയുടെ എതിരാളി. പിന്നീട് നടന്ന കഥയിങ്ങനെയാണ്. പാര്‍ലമെന്റിലേക്ക് വിജയിച്ച ശേഷം ഒരിക്കല്‍ക്കൂടി എസ്‌കെ പൊറ്റക്കാട് ബാഫഖി തങ്ങളുടെ പാണ്ടികശാലയിലെത്തി. എന്ത് സഹായമാണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത് എന്ന് പൊറ്റക്കാട്. ആ സഹായം ബാഫഖി തങ്ങള്‍ സ്‌നേഹപൂര്‍വം നിരസിച്ചു. കൂടെയുണ്ടായിരുന്ന സിഎച്ച് പറഞ്ഞു ‘നിങ്ങള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ പാര്‍ലമെന്റ് അനുഭവപശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണം. അതു ചന്ദ്രികയ്ക്ക് നല്‍കണം’. എസ്‌കെ വാക്കുപാലിച്ചു. ഒരു തെരുവിന്റെ കഥ, കുരുമുളക്, കബീന എന്നീ നോവലുകള്‍ക്ക് ശേഷം എഴുതിയ നോര്‍ത്ത് അവന്യൂ ഖണ്ഡശ്ശഃ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വെളിച്ചം കണ്ടു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്നതാണ് ആ നോവല്‍ എന്നതാണ് ഏറെ കൗതുകകരം. ആ നോവല്‍ പൂര്‍ത്തിയാക്കാതെയാണ് പൊറ്റക്കാട് ഈ ലോകത്തു നിന്ന് യാത്രയായത്.

സാഹിത്യകാരനായ രാഷ്ട്രീയക്കാരനെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വരച്ചുകാണിക്കുകയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. സിഎച്ചിന്റെ ആ പൈതൃകം തന്റെ ആദ്യകാല രാഷ്ട്രീയ ജീവിതത്തില്‍ ഇ. അഹമ്മദും പിന്തുടരുന്നുണ്ട്. അഹമ്മദിന്റെ ആവശ്യപ്രകാരമാണ് ഈ ലോകം, അതിലൊരു മനുഷ്യന്‍ എന്ന നോവല്‍ ഞാന്‍ ചന്ദ്രികയില്‍ എഴുതിയത് എന്ന് തലശ്ശേരിയില്‍ വച്ചുള്ള സ്വകാര്യസംഭാഷണത്തില്‍ മയ്യഴിപ്പുഴയുടെ കഥാകാരന്‍ പറഞ്ഞതോര്‍ക്കുന്നു. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ബിഎം ഗഫൂര്‍ വരച്ച ചിത്രങ്ങളോടെയാണ് നോവല്‍ അച്ചടിച്ചു വന്നത്. മുകുന്ദന് ആദ്യമായി പുരസ്‌കാരം (1973, കേരള സാഹിത്യ അക്കാദമി അവര്‍ഡ) ലഭിക്കുന്ന നോവലാണത്.

പൊറ്റക്കാടും മുകുന്ദനും മാത്രമല്ല, ആറ്റൂര്‍ രവിവര്‍മയുടെ മേഘരൂപന്‍ അച്ചടിച്ചു വന്നതും ചന്ദ്രികയിലാണ്. തനിക്ക് ആദ്യത്തെ പ്രതിഫലം തന്നത് ചന്ദ്രികയാണെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ പലയിടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1951ലെ ആഴ്ചപ്പതിപ്പിന്റെ ഒന്നാം സ്വാതന്ത്ര്യദിന വിശേഷാല്‍ പതിപ്പില്‍ വരിക്ക് പന്ത്രണ്ടണയാണ് മഹാകവി വള്ളത്തോളിന് പ്രതിഫലമായി നല്‍കിയത്. അതേലക്കത്തില്‍ ചെറുകഥയെഴുതിയ ഉറൂബിന് നല്‍കിയത് 25 രൂപയാണ്! മലയാളത്തിലെ പഴയ തലമുറയിലെ തലപ്പൊക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരും ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ട്. ആ പേരുകളെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

മലയാളത്തിന്റെ സാംസ്‌കാരിക-സാഹിത്യ ലോകത്ത് ചന്ദ്രിക അടയാളപ്പെടുത്തിയത് എന്ത്? അതില്‍ ലീഗ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ എങ്ങനെ എന്നു ചൂണ്ടിക്കാനാണ് ഇത്രയും കുറിച്ചത്. ഒരു പ്രത്യേക സമുദായത്തിന്റെ നാവായി വര്‍ത്തമാന പത്രമായ ചന്ദ്രിക നിലനില്‍ക്കെയാണ് ആഴ്ചപ്പതിപ്പിന് മലയാള ഭാഷയുടെ തന്നെ സാംസ്‌കാരിക മൂലധനമായി മാറാന്‍ കഴിഞ്ഞത്. അത് മുന്‍കാല ലീഗ് നേതാക്കള്‍ ഭാഷയോട്, സംസ്‌കൃതിയോട്, സാഹിത്യത്തോട്, കലയോട് ചെയ്ത സുകൃതമെന്നേ പറയാനൊക്കൂ.

ദേശാഭിമാനിയുടെ പരസ്യമുള്ള ചന്ദ്രിക!


സാമ്പത്തികമായി ചന്ദ്രിക നല്ല ശേഷിയില്‍ നില്‍ക്കുന്ന വേളയാണ് അമ്പതുകളുടെ ആരംഭം. അമേരിക്കയില്‍ നിന്ന് റിബില്‍ട്ട് ഫ്‌ളാറ്റ് ബെഡ് റോട്ടറി പ്രസ് ഇറക്കുമതി സ്ഥാപനം ഇറക്കുമതി ചെയ്തത് അക്കാലത്താണ്. അന്ന് മലബാറില്‍ മാതൃഭൂമിക്ക് പോലും റോട്ടറി പ്രസുണ്ടായിരുന്നില്ല. അപ്പോഴാണ് ചന്ദ്രികയ്ക്കായി ഒരു ആഴ്ചപ്പതിപ്പ് പുറത്തിറക്കുക എന്ന ഒരു സാഹസം സിഎച്ച് കാണിച്ചത്. ചന്ദ്രിക പത്രത്തിന്റെ റീഡേഴ്‌സ് ബേസ് വച്ചു നോക്കുമ്പോള്‍ ഒരു സാഹിത്യപ്രസിദ്ധീകരണം അക്കാലത്തെ ആഡംബരമായിരുന്നു. അമ്പതുകള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്കിടയിലെ സാഹിത്യ, ഭാഷാ ജ്ഞാനം പറയേണ്ടതില്ലല്ലോ. എന്നാല്‍ ദീര്‍ഘദൃക്കായ സിഎച്ച് പിന്നോട്ടില്ലായിരുന്നു. അതിന് നായകത്വം വഹിക്കാന്‍ സിഎച്ച് കണ്ടെത്തിയത് ഒരു കമ്യൂണിസ്റ്റുകാരനെയും-കായിക നിരൂപകനും സാഹിത്യകാരനുമായ മുഷ്താഖ് എന്ന പിഎ മുഹമ്മദ് കോയയെ. പിഎ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെ;
‘കോഴിക്കോട്ടെ ആര്യഭവന്‍ ഹോട്ടലില്‍ ഒരു സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കവെ സിഎച്ച് എന്റെ അടുത്താണിരുന്നത്. പലതിനെ കുറിച്ചും അന്നു ഞങ്ങള്‍ സംസാരിച്ചു.കൂട്ടത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് ആരംഭിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു. എനിക്കിഷ്ടമാണെങ്കില്‍ ആഴ്ചപ്പതിപ്പിന്റെ ചാര്‍ജ് വഹിക്കുന്ന പത്രാധിപരായി ചന്ദികയില്‍ ചേരാം. അത് തികച്ചും അപ്രതീക്ഷിതമായ ഒരു ഓഫര്‍ ആയിരുന്നു. അന്നു കോഴിക്കോട്ടെ ‘പൗരശക്തി’യില്‍ പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ ആ ഓഫര്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു” (ഓര്‍മകള്‍, ആശംസകള്‍: പിഎ മുഹമ്മദ് കോയ-സിഎച്ച് മുഹമ്മദ് കോയ, രാഷ്ട്രീയ ജീവചരിത്രം-1985. എംസി വടകര ഉദ്ധരിച്ചത്-പേജ് 133)

ചന്ദ്രികയില്‍ ജോലി ചെയ്യുന്ന കാലത്ത് ആദ്യമായി നോവല്‍ എഴുതേണ്ടി വന്ന അനുഭവവും പിഎ മുഹമ്മദ് കോയ ഓര്‍ത്തെടുത്തിട്ടുണ്ട്. ‘…ഒരറബിക്കല്യാണത്തിന്റെ ആദ്യരാത്രിയില്‍ വിവാഹിതയായ പെണ്‍കുട്ടിയുടെ ദൈന്യത ചിത്രീകരിക്കുന്ന ഇഫ്തഹ് ബാബ് (വാതില്‍ തുറക്കൂ) എന്നാരംഭിക്കുന്ന ഒരു ചെറുകഥ ഞാനെഴുതി. അന്ന് വീക്കിലിയില്‍ എന്റെ അസിസ്റ്റന്റായിരുന്ന കുഞ്ഞിബാവ, ഞാനെഴുതിക്കൊണ്ടുവന്ന കഥ വായിച്ച ഉടനെ പത്രാധിപരുടെ (സിഎച്ചിന്റെ) മുറിയിലേക്ക് ശരേ എന്നൊരു പോക്ക്. ഇതു കണ്ടോ കോയ സാഹിബ് എന്നു തുടങ്ങുന്ന വാക്കുകളോടെ കുഞ്ഞിബാവ എന്റെ കഥയെപ്പറ്റിയും അതു നോവലാക്കി വികസിപ്പിക്കാനുള്ള സാധ്യതയെപ്പറ്റിയും സിഎച്ചിനോട് പറഞ്ഞു’
നോവലെഴുതണം എന്നാവശ്യപ്പെട്ട സിഎച്ചിനോട് നീണ്ട ക്യാന്‍വാസില്‍ ഇതുവരെ എഴുതിയിട്ടില്ലെന്നും ആലോചിച്ച ശേഷം പിന്നീടെഴുതാമെന്നുമായിരുന്നു പിഎയുടെ മറുപടി.

പിഎ തന്നെ പറയുന്നു; ‘കുഞ്ഞിബാവാ, പിഎ അടുത്ത ആഴ്ച മുതല്‍ ഇത് നോവലാക്കി വികസിപ്പിക്കും. പരസ്യം കൊടുത്തേക്കണം. ഞാന്‍ സമ്മതഭാവത്തില്‍ നിന്നു. അപ്പോള്‍, എന്താ അഡ്വാന്‍സ് വേണോ? ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും പാഡില്‍ നിന്നു കടലാസ് വലിച്ചുകീറലും ഒരു തുക അഡ്വാന്‍സായി എഴുതലും കഴിഞ്ഞു… അങ്ങനെയാണ് ഞാന്‍ ആദ്യമായി നോവലിസ്റ്റായത്. കൃതി: സുറുമയിട്ട കണ്ണുകള്‍’. (അടുക്കുന്തോറും കൂടുതല്‍ സൗരഭം: പിഎ മുഹമ്മദ് കോയ-സിഎച്ച് ഉപഹാരം 2014). ഈ നോവല്‍ പിന്നീട് സിനിമയായി.

നല്ല കളിയെഴുത്തുകാരനും സംഗീതപ്രേമിയും കൂടിയായിരുന്നു മുഹമ്മദ് കോയ. ആകാശവാണിയില്‍ അക്കാലത്താദ്യമായി ഫുട്‌ബോള്‍ കമന്ററി പറഞ്ഞത് അദ്ദേഹമായിരുന്നു. ഗസല്‍ രാജാവ് മുഹമ്മദ് റഫി കോഴിക്കോട്ടു വന്നപ്പോള്‍ അദ്ദേഹത്തെ വേദിക്ക് പരിചയപ്പടുത്തിയതും മുഷ്താഖ് തന്നെ. അതിലേറെ കൗതുകം സിഎച്ച് ചന്ദ്രികയിലേക്ക് വിളിക്കുമ്പോള്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു പിഎ മുഹമ്മദ് കോയ. ചന്ദ്രികയില്‍ നിന്ന് പോയ അദ്ദേഹം പിന്നീട് ദേശാഭിമാനിയില്‍ ജോലി ചെയ്തിട്ടുണ്ട് എന്നത് അതിലേറെ രസകരം. മുഷ്താഖിലെ രാഷ്ട്രീയമല്ല, ബൗദ്ധിക ശേഷിയാണ് സിഎച്ച് കണ്ടത്. പണിയറിയുമോ എന്നതു മാത്രമായിരുന്നു സിഎച്ചിന്റെ നോട്ടം. ഉള്ളടക്കത്തിലും കാണാം ഇത്തരം വൈവിധ്യങ്ങള്‍.

കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്‍ മുതല്‍ വിഎം കോറാത്ത് വരെയുള്ള ആശയപരമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ ആഴ്ചപ്പതിപ്പില്‍ പലവേള എഴുതിയിട്ടുണ്ട്. ദേശാഭിമാനിയുടെ പരസ്യം ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചിരുന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആശയപരമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോഴും സംവാദത്തിനുള്ള തുറസ്സുകള്‍ എല്ലാ കാലത്തും ചന്ദ്രിക തുറന്നുവച്ചിരുന്നു എന്നു ചുരുക്കം.

ജനാധിപത്യത്തിലെ ആയുധം

‘തൊഴിലാളികളുടെ കോട്ടേജിലെ ചുമരില്‍ തൂങ്ങുന്ന ആ തോക്ക് ജനാധിപത്യത്തിന്റെ അടയാളമാണ്. അതിപ്പോഴും അവിടെത്തന്നെയുണ്ട് എന്ന് കാണിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്’ എന്നു പറഞ്ഞത് ആംഗലേയ സാഹിത്യകാരനായ ജോര്‍ജ് ഓര്‍വെലാണ്. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ ഒരു നിര്‍വചനമാണത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ വൈവിധ്യങ്ങള്‍ക്കും മേല്‍ ഭരണകൂടത്തിന്റെ അഹന്ത മേഞ്ഞുനടക്കുമ്പോള്‍ വിശേഷിച്ചും.

ഏതു രാഷ്ട്രീയകക്ഷിയുടെ ആവനാഴിയിലും ചില ആയുധങ്ങളുണ്ട്, കത്തി മുതല്‍ ബോംബു വരെ. അതിന്റെ സമര്‍ഥമായ ഉപയോഗത്തിനായി മുനിഞ്ഞുകത്തുന്ന വെട്ടത്തില്‍ രാഷ്ട്രീയപഠന ക്ലാസുകള്‍ അരങ്ങേറിയിട്ടുണ്ട്. ചിലത് ഇപ്പോഴും തുടരുന്നു.

മുസ്‌ലിം ലീഗിനെ സംബന്ധിച്ച്, അതിന്റെ രാഷ്ട്രീയ ആവനാഴിയിലെ ആയുധം തോക്കായിരുന്നില്ല, വാക്കായിരുന്നു. വാക്കാണ് തോക്കിനേക്കാള്‍ വലിയ ആയുധം എന്ന തിരിച്ചറിവാണ് പ്രധാനം. ആദ്യകാല നേതൃത്വത്തിന് ആ തിരിച്ചറിവുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും വലിയ മൂലധനമാണ് ചന്ദ്രിക. ആ പാര്‍ട്ടിയുടെ ദാസ്‌കാപിറ്റലും മാനിഫെസ്റ്റോയും. മുസ്‌ലിംലീഗ് വ്യവസ്ഥാപിതായി വേരുറപ്പിക്കും മുമ്പെ ആ ആശയവുമായി ചന്ദ്രികയുണ്ട്.

ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ച് മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ പരസ്പര സ്‌നേഹവും സാഹോദര്യവും വളര്‍ത്തുക എന്നിവയായിരുന്നു പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

സമര്‍പ്പണത്തിന്റെ വെളിച്ചം

1934 മാര്‍ച്ച് 26 തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ദിനത്തിലായിരുന്നു പത്രത്തിന്റെ ആദ്യ ലക്കം വായനക്കാരന്റെ കൈകളിലെത്തിയത്. സമുദായത്തിന്റെ പിന്തുണ കിട്ടാതെ നിരവധി പേരുകളില്‍ പുറത്തിറങ്ങിയിരുന്ന ഇതര മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ മുടന്തി നീങ്ങിയ കാലഘട്ടത്തിലായിരുന്നു ചന്ദ്രിക പിറവിയെടുത്തത്. വക്കം മൗലവിയുടെ ദീപിക, സീതി സാഹിബിന്റെ ഐക്യം, അബൂ മുഹമ്മദ് സാഹിബിന്റെ മലബാര്‍ ഇസ്‌ലാം എന്നിങ്ങനെ മേല്‍വിലാസമുള്ള പത്രങ്ങള്‍ക്കൊന്നും സമൂഹത്തില്‍ വേരുപിടിക്കാത്ത സാഹചര്യത്തിലായിരുന്നു സമുദായത്തിലെ പുരോഗതിയെകുറിച്ച് ആശങ്കയും ഉത്കണ്ഠയുമുള്ള മുസ്‌ലിംനേതാക്കളുടെ ഉദ്യമം.

ദീര്‍ഘദൃക്കായ സീതി സാഹിബ് ആയിരുന്നു ആ സംഘത്തിന് മുന്നില്‍ നിന്നത്. പത്രപാരായണം നിഷിദ്ധമാണെന്നു പറഞ്ഞിരുന്ന ഒരു വിഭാഗത്തിന്റെയും അല്‍ അമീനുള്ളപ്പോള്‍ മുസ്‌ലിംകള്‍ക്കെന്തിന് വേറെ വര്‍ത്തമാന പത്രം എന്നു ചോദിച്ച മറ്റൊരു വിഭാഗത്തിന്റെയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചായിരുന്നു ഓരോ തിങ്കളാഴ്ചയും ലക്കങ്ങള്‍ പുറത്തിറങ്ങിയത്. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് ആരംഭിച്ച് ഒരുവര്‍ഷത്തിനകം തന്നെ പത്രം നിര്‍ത്തിവെക്കേണ്ടി വന്നു.

സാമ്പത്തിക ഞെരുക്കത്തില്‍ നിന്നു സ്ഥാപനത്തെ രക്ഷിക്കാന്‍ സത്താര്‍ സേട്ടു സാഹിബ് എം.എല്‍.എ, തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്ന എ.കെ കുഞ്ഞിമായന്‍ ഹാജി, കടാരന്‍ അബ്ദുറഹ്മാന്‍ ഹാജി സാഹിബ്, മുക്കാട്ടി മൂസ്സ സാഹിബ്, സി.പി മമ്മുക്കേയി എന്നീ നേതാക്കള്‍ അഞ്ഞൂറു രൂപാ വീതം സ്ഥാപനത്തിന് നല്‍കാമെന്നേറ്റു.

1935 ഫെബ്രുവരിയില്‍ നിലച്ച പത്രം ഏതാനും മാസങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. ഇവരുടെ ഫണ്ടുകൂടി ചേര്‍ത്താണ് മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി രൂപീകരിക്കപ്പെട്ടത്. വൈകാതെ ചന്ദ്രികക്ക് സ്വന്തമായി പ്രസ് വാങ്ങി. ഖാദി ബോര്‍ഡില്‍ ജോലി ലഭിച്ച തൈലക്കണ്ടി മുഹമ്മദ് പത്രാധിപ സ്ഥാനമൊഴിയുകയും പെരിന്തല്‍മണ്ണയിലെ കക്കരോത്ത് മുഹമ്മദ് ഷാഫി പത്രാധിപ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മലബാര്‍ പ്രസില്‍ നിന്ന് 13-4-1936 ന് ചന്ദ്രിക പത്രത്തിന്റെ സ്വന്തം പ്രസായ ചന്ദ്രിക പ്രസിലേക്ക് അച്ചടി മാറ്റി. നുച്ചിലയകത്തു മൊയ്തു സാഹിബിന്റെ കമാല്‍ പ്രസ് വാങ്ങിയാണ് ചന്ദ്രിക പ്രസാക്കി മാറ്റിയത്. ഇതേ പ്രസില്‍ വെച്ചാണ് കെ.കെ മുഹമ്മദ് ഷാഫി പത്രാധിപരും എന്‍. മൊയ്തു സാഹിബ് പ്രിന്ററുമായി ചന്ദ്രിക ദിനപത്രം വെളിച്ചം കണ്ടത്. 19-6-38 നായിരുന്നു വാരികയില്‍ നിന്ന് ദിനപത്രത്തിലേക്ക് മാറാന്‍ മുഹമ്മദ്ഷാഫി സര്‍ക്കാറില്‍ അപേക്ഷ നല്‍കിയത്. 2600 കോപ്പിയായിരുന്നു പ്രചാരം.

കെ.എം സീതി സാഹിബിന്റെ തിരുവങ്ങാട്ടെ വീട്ടില്‍ അദ്ദേഹത്തിന്റെ ക്ലര്‍ക്കായിരുന്ന വി. മുഹമ്മദ് സാഹിബിന്റെ മുറിയുടെ മൂലയായിരുന്നു പത്രാധിപരായിരുന്ന മുഹമ്മദ് ഷാഫിയുടെ ഓഫീസ്. കുറച്ചു കാലത്തിനു ശേഷം നഗരത്തില്‍ ചെറിയ ഓഫീസ് പത്രം വാടകക്കെടുത്തു. സി.പി മമ്മുക്കേയിയുടെ ഉടമസ്ഥതക്കു ശേഷം വ്യവസ്ഥാപിതമായി ആദ്യത്തെ ഡയറക്ടര്‍ബോര്‍ഡ് നിലവില്‍ വന്നു. എ.കെ കുഞ്ഞിമായന്‍ ഹാജി മാനേജിംഗ് ഡയറക്ടറും ഹാജി അബ്ദുസ്സത്താര്‍ ഹാജി, ഇസ്ഹാഖ് സേട്ട് സാഹിബ്, കെ.എം സീതി സാഹിബ്, ടി.എ മൂസ സാഹിബ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം നിമിത്തമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടലാസ് ക്ഷാമവും കാരണം 1941 ല്‍ ചന്ദ്രിക ദിനപത്രത്തില്‍ നിന്ന് വാരികയായി ചുരുങ്ങി. 1941 നവംബര്‍ 13 മുതലായിരുന്നു വീണ്ടും വാരികയായത്.

1941 നവംബര്‍ 21 ന് മുഹമ്മദ് ഷാഫി പത്രാധിപത്യം രാജിവെച്ചു. നാല്‍പ്പതുകളില്‍ 2600 കോപ്പി പ്രചാരമുണ്ടായിരുന്ന പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ അഞ്ചു രൂപയായിരുന്നു. മൂന്നു വര്‍ഷമായി പത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന ഇരുപത്തഞ്ചുകാരന്‍ വി.സി അബൂബക്കര്‍ അദ്ദേഹത്തിനു ശേഷം പത്രാധിപരായി. തലശ്ശേരിയില്‍ നിന്നു തന്നെ ചന്ദ്രിക ദിനപത്രമായി മാറിയെങ്കിലും നിരവധി സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി പത്രം മലബാര്‍ ആസ്ഥാനമായ കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനിച്ചു. 1946 വരെ ക്രൗണ്‍ വലിപ്പത്തില്‍ 12,16 പേജുകളോടെ എല്ലാ തിങ്കളാഴ്ചയും ചന്ദ്രിക മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടു.

നിലപാട് വ്യക്തമാക്കിയ ആദ്യ മുഖപ്രസംഗം

സ്വാതന്ത്ര്യ സമരം വെന്തുനില്‍ക്കുന്ന വേളയില്‍, 1946 ഫെബ്രുവരിയിലാണ് ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് മലബാര്‍ ജില്ലയുടെ ആസ്ഥാനമായിരുന്ന കോഴിക്കോട്ടെത്തിയത്. രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ സാഫല്യത്തിനായി ക്വിറ്റിന്ത്യാ-നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേരൂന്നിയ കാലം. ബ്രിട്ടീഷ് രേഖകള്‍ പറയുന്നത് പ്രകാരം ‘അര്‍ധ വിദ്യാഭ്യാസം മാത്രമുള്ള മതഭ്രാന്തരായ’ മാപ്പിളമാരെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതായിരുന്നു ചന്ദ്രികയുടെ യഥാര്‍ത്ഥ ദൗത്യം.

കലക്ട്രേറ്റിനു തൊട്ടടുത്ത് തന്നെയുള്ള കിഴക്കെ നടക്കാവിലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ ഇരുനില കെട്ടിടത്തിലായിരുന്നു ചന്ദ്രികയുടെ പ്രസും ഓഫീസും പ്രവര്‍ത്തനമാരംഭിച്ചത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു കോഴിക്കോട്ടെ ചന്ദ്രികയുടെ ഒരുക്കങ്ങള്‍. എ.കെ കുഞ്ഞിമായന്‍ ഹാജി മലബാറിലുടനീളം സഞ്ചരിച്ച് ഒരു ലക്ഷം രൂപയുടെ ഓഹരി പിരിച്ചുണ്ടാക്കി. സത്താര്‍ സേട്ടു സാഹിബ് ഗുജറാത്തിലെ കത്തിയവാറില്‍ പോയി 17000 രൂപ പിരിച്ചുകൊണ്ടുവന്നു. തലശ്ശേരിയിലെ അവസാന കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ച വാരിക ചന്ദ്രികക്ക് സാമ്പത്തികമായി നേട്ടമായിരുന്നു. 46 ല്‍ ഷെയറുടമകള്‍ക്ക് ഏഴു ശതമാനം ഡിവിഡന്റ് കൊടുക്കാനായി എന്ന് ആദ്യകാല സഹപത്രാധിപന്മാരിലൊരാളായ മൊയ്തു കരിയാടന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴായിരം ഉറുപ്പിക മൂലധനവും പതിനേഴായിരം ഉറുപ്പിക ബാങ്ക് ബാലന്‍സുമുണ്ടായി. ഈ സാമ്പത്തികാഭിവൃദ്ധിയാണ് പത്രം കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കാന്‍ ധൈര്യം നല്‍കിയത്.

കോഴിക്കോട്ടു നിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിക്കുന്ന സമയത്ത് മാതൃഭൂമി, പൗരശക്തി എന്നീ പത്രങ്ങള്‍ നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന മാതൃഭൂമി അക്കാലത്തു തന്നെ ഏറെ സ്വാധീനശക്തിയുള്ള വര്‍ത്തമാന പത്രമായി മാറിയിരുന്നു. 1941 ഒക്ടോബര്‍ 21 ന് സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച മലബാറിലെ പോലീസ് ഭരണം എന്ന എഡിറ്റോറിയല്‍ കാരണം പത്രം നിരോധിച്ച സര്‍ക്കാര്‍ നടപടി ജനരോഷത്തെ തുടര്‍ന്ന് ഒരാഴ്ച മാത്രമേ പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞുള്ളൂവെന്നത് മാതൃഭൂമിയുടെ സ്വീകാര്യതക്ക് തെളിവായിരുന്നു. 1938 മുതല്‍ പുറത്തിറങ്ങിയിരുന്ന പൗരശക്തിയും മികച്ച നിലയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന പത്രമായിരുന്നു. കെ.അബൂബക്കര്‍ മാനേജിംഗ് എഡിറ്ററായി ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഓഫീസും പ്രസും കോഴിക്കോട്ട് പുഴവക്കത്തെ പള്ളിക്കടുത്തായിരുന്നു.

ആദ്യകാലത്തു തന്നെ ചന്ദ്രികയില്‍ ലേഖനങ്ങളെഴുതിയിരുന്ന പ്രൊഫ. കെ.വി അബ്ദുറഹ്മാന്‍ സാഹിബായിരുന്നു കോഴിക്കോട്ടെ പത്രത്തിന്റെ പ്രഥമ പത്രാധിപര്‍. നാലു വര്‍ഷം പത്രാധിപ സ്ഥാനത്തിരുന്ന അദ്ദേഹം ഫാറൂഖ് കോളജിലെ എകണോമിക്‌സ് വകുപ്പില്‍ അധ്യാപകനായി ജോലി ലഭിച്ചതോടെ ചന്ദ്രിക വിട്ടു. കോഴിക്കോട്ടു നിന്ന് ഇറങ്ങിയ പത്രത്തിലെ ആദ്യത്തെ മുഖപ്രസംഗം ചന്ദ്രികയെ സംബന്ധിച്ച് എക്കാലത്തും പ്രസക്തമാണ്. അതിലൊരുഭാഗം ഇങ്ങനെയാണ്;
”മുസ്ലിംസമുദായത്തിന്റെ അവകാശ സംരക്ഷണത്തിന്നു വേണ്ടി ന്യായവാദം ചെയ്യുന്നതോടൊപ്പം നാട്ടിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കു സഹായകമായ സേവനങ്ങള്‍ ചെയ്‌വാനും ചന്ദ്രിക മുന്‍പിലെന്ന പോലെ ഇപ്പോഴും ശ്രദ്ധിക്കുക തന്നേ ചെയ്യും. നാട്ടിന്നും സമുദായത്തിന്നും പ്രതികൂലമായി നില്‍ക്കുന്ന ശക്തികളെ-അവ ഉദ്യോഗസ്ഥമണ്ഡലത്തിലോ അനുദ്യോഗസ്ഥ വൃത്തത്തിലോ ആയിരിക്കട്ടെ- ഞങ്ങള്‍ കര്‍ക്കശമായി വിമര്‍ശിക്കുമെന്നുള്ളത് ഞങ്ങളുടെ വായനക്കാര്‍ക്കു പൂര്‍വ്വാനുഭവങ്ങള്‍ കൊണ്ടു നല്ലപോലെ അറിയാമല്ലോ. ആ നയം ഇനിയും ഞങ്ങള്‍ ശരിയായി തുടര്‍ന്നു പോകുന്നതാണ്. ചന്ദ്രിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുമെങ്കിലും മുസ്ലിമീങ്ങളുടെ മതപരവും സാമുദായികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ ഒരിക്കലും വിസ്മരിക്കുന്നതല്ല. കൂടാതെ ഒരു വര്‍ത്തമാനപ്പത്രമെന്നുള്ള പേരിനെ അന്വര്‍ത്ഥമാക്കുമാറ് പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ കൗതുകമുള്ള വര്‍ത്തമാനങ്ങള്‍ പ്രസിദ്ധം ചെയ്യുന്നതില്‍ കക്ഷിവ്യത്യാസമൊന്നും തന്നെ ഞങ്ങളെ തടയുന്നല്ല.വിവിധ പരിഷ്‌കാരങ്ങളോടു കൂടി ചന്ദ്രികയെ നാനാവിധത്തിലും അഭിവൃദ്ധിപ്പെടുത്തുവാന്‍ സാധിക്കുമെന്നു ഞങ്ങള്‍ക്ക് നല്ല ധൈര്യവും വിശ്വാസവുമുണ്ട്.

അങ്ങിനെ ഒരു ഭാവി ചന്ദ്രികക്കു കരഗതമാകുവാന്‍ അനുഗ്രഹിക്കേണമെന്നു സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ലോകത്തിന്നൊരനുഗ്രഹമായി മുഹമ്മദ് നബി (സ.അ)ഭൂജാതനായ ഈ റബീഉല്‍ അവ്വല്‍ മാസത്തില്‍ ഞങ്ങള്‍ ചന്ദ്രികയെ വെളിക്കിറക്കീക്കൊള്ളുന്നു’ എന്നെഴുതിയാണ് ആ മുഖപ്രസംഗം അവസാനിക്കുന്നത്.

‘ഒരു പത്രത്തിന്റെ അധിപരായിരിക്കാന്‍ മാത്രം നിങ്ങള്‍ക്ക് പ്രായമായിട്ടില്ല’

മുസ്‌ലിംകള്‍ക്കെതിരെയുള്ള ബ്രിട്ടീഷ് അധികാരികളുടെ മനോഭാവത്തെ ചന്ദ്രിക ചോദ്യം ചെയ്തു. മലബാര്‍ കലാപത്തിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ എല്ലാ മേഖലയിലും കടുത്ത വിവേചനം നിലനിന്നിരുന്ന കാലമായിരുന്നു അത്. മുസ്‌ലിംകളെ അപരിഷ്‌കൃതരും മതഭ്രാന്തന്മാരുമായി മുദ്രകുത്തി. ഗവണ്‍മെന്റ് ഉദ്യോഗതലങ്ങളില്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് പോലും അവസരങ്ങള്‍ ലഭിച്ചില്ല. ഈ സമയത്തും സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യവും ഭരണപ്രാതിനിധ്യവും ഭയപ്പാടില്ലാതെ ചന്ദ്രിക അവതരിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്താണ് ചന്ദ്രികക്ക് ആദ്യമായി അധികാരികളുടെ പീഡനം ഏല്‍ക്കേണ്ടി വന്നത്.

ചന്ദ്രിക ദിനപത്രത്തില്‍ നിന്ന് വീണ്ടും ആഴ്ചപ്പതിപ്പായ സന്ദര്‍ഭം. സായുധ സേനയില്‍ മുസ്‌ലിംകളുടെ പ്രാധിനിത്യക്കുറവ്, മുസ്‌ലിംകളോടുള്ള അനുഭാവപൂര്‍ണമല്ലാത്ത സമീപനം, മുസ്‌ലിംകള്‍ക്കു നേരെ ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിക്കുന്ന നയം എന്നിവ സംബന്ധിച്ച് കണക്കുകളുദ്ധരിച്ചും അന്നത്തെ മലബാര്‍ കലക്ടര്‍ മക്കീവന്റെ പേരെടുത്തു പറഞ്ഞും ചന്ദ്രിക തുടര്‍മുഖപ്രസംഗങ്ങളെഴുതി. മുഖപ്രസംഗം അധികാരികളെ ചൊടിപ്പിച്ചു. എഡിറ്റര്‍ വി.സി അബൂബക്കറെ മക്കീവന്‍ കോഴിക്കോട്ടെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.

വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ചന്ദ്രിക നിരോധിച്ചേക്കുമെന്നുള്ള പ്രചാരണങ്ങളുണ്ടായി. ഈ സംഭവം വി.സി അബൂബക്കര്‍ വിവരിക്കുന്നതിങ്ങനെയാണ്. ”അന്നു അഭിമുഖ സംഭാഷണത്തില്‍ ചന്ദ്രികയുടെ വാദമുഖങ്ങളെ നേരിടാന്‍ മി. മെക്കീവന്നു സാധിച്ചിരുന്നില്ലെന്ന് മാത്രമല്ല നേരിയ ഒരപരാധബോധം അദ്ദേഹത്തില്‍ നിഴലിക്കുന്നതായി തോന്നുകയും ചെയ്തു. അമര്‍ശക്കലിയില്‍ പല്ലുകടിച്ചു കൊണ്ട് ഭീമാകാരനായ ആ സായ്പ് അന്ന് പറഞ്ഞ ഒരു വാക്ക് ഞാനിപ്പോഴും ഓര്‍ക്കുന്നു. you are too young to be an editor (ഒരു പത്രത്തിന്റെ അധിപരാകാന്‍ മാത്രം നിങ്ങള്‍ക്ക് പ്രായമായിട്ടില്ല). അതൊരു പരിഹാസമായിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ബ്രിട്ടീഷുകാര്‍ ശ്രദ്ധവെച്ചിരുന്നതായി വി.സി അബൂബക്കര്‍ രേഖപ്പെടുത്തുന്നുണ്ട്.

മുന്നോട്ടുള്ള യാത്രകള്‍

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും സാമൂഹിക ഉന്നമനത്തിന്റെയും ചാലക ശക്തിയായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ചന്ദ്രികയുടേത്. അതില്‍ തര്‍ക്കങ്ങളേതുമില്ല. കിട്ടേണ്ട അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റു പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളോട് മാത്രമല്ല, മാതൃഭൂമി, പൗരശക്തി, ജനവാണി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളോടും ചന്ദ്രിക മുഖപ്രസംഗ യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.

അതിന് പുറമേയായിരുന്നു ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള പത്രത്തിന്റെ ശ്രമങ്ങള്‍. മലബാറിലെ അലീഗര്‍ എന്നറിയപ്പെടുന്ന ഫാറൂഖ് കോളജ് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ ചന്ദ്രിക ചെയ്ത സേവനങ്ങളനവധിയാണ്. എത്രയോ മുഖപ്രസംഗങ്ങള്‍ എഴുതിയ പത്രം കോളജിന് വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. സീതി സാഹിബിന്റെ ദീര്‍ഘവീക്ഷണമായിരുന്നു അതിന് പിന്നില്‍.

മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ചുവടുറപ്പിക്കാന്‍ ചന്ദ്രിക നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല.

വ്യാപാര പ്രമുഖനായിരുന്ന എകെ കുഞ്ഞിമായിന്‍ ഹാജിക്ക് ശേഷം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറായതോടെയാണ് ചന്ദ്രികയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. പത്രത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറയുപയോഗിച്ച് പ്രചാരണം നടന്നത് ബാഫഖി തങ്ങളുടെ കാലയളവിലായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലുള്ള ബാഫഖി തങ്ങളുടെ വീട് ചന്ദ്രികയുടെ കൂടി ഓഫീസായി. പത്രത്തിന്റെ ഓരോ അനക്കത്തിലും അദ്ദേഹം ശ്രദ്ധവെച്ചു. പഴയ പ്രസിനു ശേഷം 1970 ല്‍ ചന്ദ്രിക റോട്ടറി പ്രസ് വാങ്ങി. ഇന്ന് കാണുന്ന ചന്ദ്രികയുടെ ഓഫീസും പ്രസും ബാഫഖി തങ്ങളുടെ മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. അതിനായി മലബാറിലുനീളം ഫണ്ട് സ്വരൂപിച്ചതും തങ്ങള്‍ തന്നെ. ഓരോ മുസ്‌ലിം വീട്ടിലും ഓരോ ചന്ദ്രിക എന്നതായിരുന്നു ബാഫഖി തങ്ങളുടെ സ്വപ്‌നം.

1973 ല്‍ ബാഫഖി തങ്ങള്‍ മക്കയില്‍ നിര്യാതനായി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെന്ന പോലെ ചന്ദ്രികക്കും തീരാ നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. ബാഫഖി തങ്ങള്‍ യാത്രയായെങ്കിലും സി.എച്ച് മഹാമേരുവായി ചന്ദ്രികയില്‍ നില നിന്നു. മരിക്കുന്നത് വരെ സി.എച്ച് ചന്ദ്രികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. തങ്ങളുടെ അധിപന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച ബഹുമതിയും ചന്ദ്രികക്ക് സ്വന്തമാണ്.

പരാധീനതകളുടെ വര്‍ത്തമാനം

തലശ്ശേരിയിലെ കുടുസ്സു മുറിയില്‍ നിന്ന്, മലയാളത്തിലെ മുന്‍നിര പത്രമായി ചന്ദ്രിക വളര്‍ന്നു. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലെ മിക്ക നഗരങ്ങളിലും മുംബൈ അടക്കമുള്ള മഹാനഗരത്തിലും ഗള്‍ഫിലും (ഇവയില്‍ പലതും പിന്നീട് നിര്‍ത്തേണ്ടി വന്നു) പത്രം ലഭ്യമായി. ഗള്‍ഫില്‍ ചന്ദ്രികയ്ക്കായി അഭ്യുദയകാംക്ഷികള്‍ ഉണ്ടാക്കിയ ചന്ദ്രിക റീഡേഴ്‌സ് ഫോറമാണ് കെഎംസിസി എന്ന ആശയത്തിന് തന്നെ വിത്തുപാകിയത്.

തലശ്ശേരിയിലെ കുടുസ്സു മുറിയില്‍ നിന്ന്, മലയാളത്തിലെ മുന്‍നിര പത്രമായി ചന്ദ്രിക വളര്‍ന്നു. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലെ മിക്ക നഗരങ്ങളിലും മുംബൈ അടക്കമുള്ള മഹാനഗരത്തിലും ഗള്‍ഫിലും (ഇവയില്‍ പലതും പിന്നീട് നിര്‍ത്തേണ്ടി വന്നു) പത്രം ലഭ്യമായി. ഗള്‍ഫില്‍ ചന്ദ്രികയ്ക്കായി അഭ്യുദയകാംക്ഷികള്‍ ഉണ്ടാക്കിയ ചന്ദ്രിക റീഡേഴ്‌സ് ഫോറമാണ് കെഎംസിസി എന്ന ആശയത്തിന് തന്നെ വിത്തുപാകിയത്.

തൊണ്ണൂറുകള്‍ മലയാള പത്രപ്രവര്‍ത്തന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലം കൂടിയാണ്. അക്കാലത്താണ് പത്രമേഖലയില്‍ പ്രൊഫഷണലിസത്തിന് ആക്കം കൂടിയത്. അച്ചടി അടക്കമുള്ള സാങ്കേതിക മേഖലയിലും പത്ര മാനേജ്‌മെന്റുകള്‍ ശ്രദ്ധ പുലര്‍ത്തി. മലയാളത്തിലെ പത്രങ്ങളെ കുറിച്ച് പഠിച്ച ഗവേഷകന്‍ റോബിന്‍ ജെഫ്രി ഇക്കാര്യങ്ങള്‍ എടുത്തു പറയുന്നുണ്ട്.

ചന്ദ്രികയുടെ എതിരാളിയായിരുന്ന മാതൃഭൂമിയും ഇടക്കാലത്ത് കോഴിക്കോട് എഡിഷന്‍ ആരംഭിച്ച മലയാള മനോരമയും പ്രൊഫഷണലിസത്തിലും സാങ്കേതികത്തികവിലും വലിയ ശ്രദ്ധ കാണിച്ചു. എഴുത്തിലും വിന്യാസത്തിലും അഭൂതപൂര്‍വ്വമായ മാറ്റങ്ങളുണ്ടായി. മുസ്‌ലിം സമുദായത്തിന് അകത്തുനിന്ന് നിരവധി പത്രങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇക്കാലങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ഓടുന്നതിന് പകരം മാനേജ്‌മെന്റ് കടുത്ത അനാസ്ഥ കാണിച്ചു. അത് പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുകയും ചെയ്യുന്നു. മലയാളത്തിലെ മിക്ക മുഖ്യധാരാ പത്രങ്ങളും ഓണ്‍ലൈന്‍ സാധ്യതകളുടെ അനന്തലോകം പ്രയോജനപ്പെടുത്തിയപ്പോള്‍ അതിലും ചന്ദ്രിക വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല.
ചന്ദ്രിക കൂടി ഉള്‍പ്പെട്ട് നടത്തിയ ജാഗരണം കൊണ്ട് വിദ്യാഭ്യാസം സിദ്ധിച്ച, ഹൈലി എജ്യുക്കേറ്റഡ് ആയ ഒരു സമൂഹത്തെയാണ് പത്രത്തിന് അഭിസംബോധന ചെയ്യാനുള്ളത്. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒപ്പം നടക്കാനുള്ള ശേഷി പത്രം നഷ്ടപ്പെടുത്തുകയോ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് കുറ്റകരമായ അനാസ്ഥ കാണിക്കുകയോ ചെയ്തു. സീതി സാഹിബ്, സിഎച്ച്, ബാഫഖി തങ്ങള്‍ എന്നിവരെ പോലെ ഭാവനാ സമ്പന്നമായ ഒരു നേതൃത്വം പാര്‍ട്ടിക്കുണ്ടായില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഇക്കാലത്താണ് പാര്‍ട്ടിക്കുള്ളില്‍ അനഭിലഷണീയമായ അധികാര വടംവലികള്‍ രൂപപ്പെടുന്നതും.

എന്തൊക്കെ പോരായ്മകള്‍ ഉണ്ടായാലും, ഇന്ത്യയില്‍ ഒരു മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ ഇത്രയും സുദീര്‍ഘമായി പുറത്തിറങ്ങിയ മറ്റൊരു വര്‍ത്തമാന പത്രമില്ല. അത് ഭൂതകാലക്കുളിരാണ്. വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതിന് ഒപ്പം ഭാവിയിലെ വെല്ലുവിളിയെ അതിജീവിക്കാന്‍ കൂടി ചന്ദ്രികയ്ക്ക് ത്രാണിയുണ്ടാകണം. അതിനു വേണ്ടിയുള്ള സര്‍ഗാത്മകവും ഭാവനാസമ്പന്നവുമായ ചുവടുവയ്പ്പുകളാണ് വേണ്ടത്. വാക്കാണ് ആയുധം എന്നു തിരിച്ചറിയുന്ന നേതൃത്വത്തിനേ അതിനു സാധിക്കൂ.

അബ്ബാസ് മുഹമ്മദ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.