Thelicham

കണ്ടതും കേട്ടതുമെല്ലാം കവിതയിലേക്കൊഴുക്കിയ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (1877-1938) ഒരിക്കല്‍ കവിതയെഴുത്ത് നിറുത്താന്‍ തീരുമാനിച്ചു. ആസ്വാദനത്തിന്റെ തെളിനീര് കോരിക്കളഞ്ഞാല്‍ കേവലം ചണ്ടിനിറഞ്ഞ പുഴസ്ഥലിയാണ് തന്റെ കവിതാലോകമെന്ന് അദ്ദേഹം സന്ദേഹിച്ചുവത്രെ. തന്റെ കവിതകള്‍ അലക്ഷ്യമായ വാക്മയങ്ങള്‍ മാത്രമാണെന്നുകൂടി അദ്ദേഹം സംശയിച്ചു. നൈരാശ്യത്തിന്റെ കൊടുമയിലേറിയ ഇഖ്ബാല്‍ ചിരകാല സുഹൃത്ത് അബ്ദുല്‍ഖാദറിനെ സമീപിച്ചു. കവിത നിറുത്തി, ഉപകാരപ്രദവും അനുഗുണവുമായ മറ്റൊന്നിലേക്ക് തന്നെ പറിച്ചുനടുകയാണെന്ന് പറഞ്ഞു. ഇഖ്ബാല്‍ കവിതകളിലെ സജീവതയും ലക്ഷ്യസാഫല്യവും തൊട്ടറിഞ്ഞ സുഹൃത്ത് അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹത്തിന്റെ വരികളും വാക്കുകളും നിര്‍ജീവമായ സമുഹത്തെ ഉദ്ദീപിക്കുന്നുണ്ടെന്നും കവിതയില്‍ ആകര്‍ഷ മാന്ത്രികതയുണ്ടെന്നും ഉണര്‍ത്തി. ഭാവിയുടെ പ്രവചന സ്വഭാവത്തോടെ വര്‍ത്തമാനത്തെ നിരീക്ഷിക്കുന്ന ഇഖ്ബാലിന്റെ കവിതകള്‍ സമൂഹത്തെ ചലനാത്മകമാക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. പ്രിയഗുരു, സര്‍. അര്‍ണോള്‍ഡ് തോമസ് (1864-1930) കൂടി വിഷയം ധരിപ്പിച്ചതോടെ ഇഖ്ബാല്‍ കവിതയെഴുത്ത് പുനരാരംഭിക്കുകയായിരുന്നു.

എന്നുപറഞ്ഞാല്‍, ഇഖ്ബാല്‍ എഴുതിയ കവിതകളൊന്നും കവിതകള്‍ക്കുവേണ്ടിയായിരുന്നില്ല. ആസ്വാദനത്തിനുമായിരുന്നില്ല. പൊള്ളുന്ന ആശയങ്ങളും തറക്കുന്ന വാക്കുകളും നിറഞ്ഞുനിന്ന കവിതകള്‍ക്കൊരു ലക്ഷ്യമുണ്ടായിരുന്നു; ധര്‍മ്മാധിഷ്ഠിത സമൂഹനിര്‍മ്മിതി. തന്റെ കാല്‍പ്പനികതയുടെ വൃക്ഷത്തലപ്പില്‍ ഉത്കൃഷ്ട സമൂഹം കായ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അര്‍മഗാനെ ഹിജാസും, ബാലെ ജിബ് രീലും, ശിക് വ ജവാബെ ശിക് വയും രചിച്ചു. എഴുതിയ വരികളെല്ലാം വന്‍കരകളില്‍ പ്രശസ്തമായപ്പോഴൊന്നും കവിതയെ കാതലായി പരിഗണിച്ചില്ല ഇഖ്ബാല്‍. കവിത കേവലമായ മാധ്യമമായിരുന്നു. ആശയങ്ങളായിരുന്നു ഇഖ്ബാലിന്റെ കാതല്‍. ചെപ്പിനുള്ളിലെ പവിഴമാണല്ലോ പ്രധാനം.

ജീവിച്ച ചുറ്റുപാടുകളില്‍ നിന്നും അനുഭവങ്ങളുടെ മേമ്പൊടിയുമായി തെളിഞ്ഞുവന്ന ചില ആശയങ്ങളായിരുന്നു ഇഖ്ബാല്‍. കണ്ടറിഞ്ഞവരെയെല്ലാം ഉള്ളറിഞ്ഞ് തൊട്ടറിഞ്ഞപ്പോഴാണ് ഒരു കേവല മനുഷ്യനില്‍ നിന്നും ദാര്‍ശനികനായ ഇഖ്ബാല്‍ രൂപപ്പെട്ടുവന്നത്. മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍, സമകാലിക ചിന്തകന്മാര്‍, പണ്ഡിതര്‍ തുടങ്ങി പല സത്രങ്ങളില്‍ കയറിയിറങ്ങിയപ്പോഴാണ് ഇഖ്ബാലിന് ഇഖ്ബാലിനോളം വളര്‍ച്ചയും തെളിയമയും സ്വീകാര്യതയും കൈവന്നത്.

ജ്ഞാനം, യാനം, ദര്‍ശനം

ഇഖ്ബാലിന്റെ ദര്‍ശനങ്ങളും സങ്കല്‍പ്പങ്ങളും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഫലമായിരുന്നു. ആ വിശ്വാസം തുടങ്ങുന്നതാവട്ടെ, മാതാപിതാക്കളുടെ സൂക്ഷമതനിറഞ്ഞ ജീവിതചുറ്റുപാടുകളില്‍ നിന്നും. പരസ്പരമെന്നതിലപ്പുറം സ്വന്തത്തോട് തന്നെ വിശ്വാസ കാര്യങ്ങളില്‍ മത്സരിച്ചിരുന്ന ദമ്പതികളായിരുന്നു ഇഖ്ബാലിന്റെ മാതാപിതാക്കള്‍; നൂര്‍ മുഹമ്മദും ഇമാം ബീബിയും. ഇവരുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഗൗരവതയാണ് പിന്നീട് അദ്ദേഹത്തില്‍ നിഴലിച്ചുനിന്ന ധര്‍മ്മബോധ്യങ്ങള്‍. ഒരു പ്രാദേശിക ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ നൂര്‍മുഹമ്മദിനെ തന്റെ ജോലിക്കാരനായി നിയമിച്ചു. ഉദ്യോഗസ്ഥന്റെ വരുമാനത്തെ കുറിച്ച് അന്വേഷിച്ച ഇമാം ബീബി അദ്ദേഹത്തിന് ചില നിഷിദ്ധമായ വരുമാന മാര്‍ഗങ്ങളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് തന്റെ കാര്യങ്ങള്‍ക്കായി പ്രസ്തുത ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം ഉപയോഗപ്പെടുത്തരുതെന്ന് ശഠിച്ചു. അതോടെ ആ ജോലി ഉപേക്ഷിച്ച് മുഖപട വ്യവസായവുമായി വാര്‍ധക്യം വരെ നൂര്‍ മുഹമ്മദ് വരുമാനം കണ്ടെത്തി. ഭാര്യയുടെ സൂക്ഷമതക്ക് നൂര്‍മുഹമ്മദിന് നല്‍കാനുണ്ടായിരുന്നത് പാപത്തിന്റെ നേര്‍ത്ത കറപോലുമില്ലാത്ത വിശുദ്ധതയുടെ ജീവസ്പര്‍ശമായിരുന്നു. (1)

ഒരിക്കല്‍ വീട്ടിലേക്ക് കയറിവന്ന യാചകനോട് ഇഖ്ബാല്‍ പരുശമായി പെരുമാറി. പിതാവിന് വല്ലാത്ത വിഷമം തോന്നി. പിതാവ് ഇങ്ങനെ ഉപദേശിച്ചു: പരലോകത്ത് പ്രവാചകരും യോദ്ധാക്കളും പണ്ഢിതരും ഒരുമിച്ച് നില്‍ക്കുന്ന സമയത്ത് തിരുമേനിയുടെ ശ്രദ്ധ ഈ യാചകന്റെ ക്ലേശത്തിലേക്ക് തിരിയുന്നതിനെക്കുറിച്ച് നീ ചിന്തിക്കുന്നില്ലേ. നിന്നെ നോക്കി ഈ ചെറുപ്പക്കാരന്‍ എന്റെ അധ്യാപനങ്ങളില്‍ നിന്ന് ഒന്നും ഉള്‍കൊണ്ടില്ലല്ലോ എന്ന് പ്രവാചകന്‍ വേപഥുപ്പെടുന്നതിനെ കുറിച്ച് നീ ആലോചിക്കുന്നില്ലേ. സാമൂഹികവും ആത്മീയവുമായ നന്മയെ ഉന്നംവെച്ചുള്ള ഇത്തരം ഉപദേശങ്ങള്‍ ഇഖ്ബാലിനെ ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.(2) ഇഹത്തിലും പരത്തിലും മാര്‍ഗദര്‍ശികളായിരുന്ന മാതാപിതാക്കള്‍ ഇഖ്ബാലില്‍ മാനവികബോധവും വിശാലമനസ്‌കതയും ആവോളം നിറച്ചുവെച്ചു. ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍ ഇഖ്ബാല്‍ തന്റെ മാതാപിതാക്കളെ സ്മരിച്ചുകൊണ്ടിരുന്നു. തന്റെ ദര്‍ശനങ്ങള്‍ ചിന്താധ്യാനങ്ങളിലൂടെ രൂപപ്പെട്ടതല്ലെന്നും മാതാപിതാക്കളില്‍ നിന്നും അനന്തരമെടുത്തതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ഇഖ്ബാലിന്റെ സ്മരണകള്‍ക്കൊപ്പം കാളിമ തീര്‍ത്ത ശോഭയോടെ അവരും പ്രശോഭിച്ചു. മുല്ലവിരിഞ്ഞ് സുഗന്ധം പരത്തുമ്പോഴാണല്ലോ വള്ളിയെ കുറിച്ച് നാം ചിന്തിക്കുക.

ഇഖ്ബാലിന് അറിവൊരു മുറിവായിരുന്നു. ജ്ഞാനം വിശ്വാസിയുടെ കൈമോശം വന്ന സ്വത്താണെന്ന പ്രവാചക പ്രേക്തം അദ്ദേഹത്തെ സദാ അസ്വസ്ഥനാക്കി. ഭൗതികമെന്നോ ആത്മീയമെന്നോ അദ്ദേഹം വിജ്ഞാനീയങ്ങളെ തരംതിരിച്ചില്ല. സര്‍വ്വ ജ്ഞാനവും ദൈവത്തിലേക്കുള്ള മാര്‍ഗമാണല്ലോ. അറിവിന്റെ മെഴുകുവെട്ടത്തിലേക്ക് ഇയ്യാംപാറ്റയെ പോലെ തന്നെ ആകര്‍ഷിപ്പിക്കണേ എന്ന് അദ്ദേഹം എഴുതുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സത്കര്‍മ്മത്താല്‍ തെളിഞ്ഞില്ലാതെയാവട്ടെ
ഭൂവാനലോകം ചൂഴുമിത്തരം ഇരുളുകള്‍.
എന്‍ പ്രഭാകിരണത്താല്‍ തിളങ്ങട്ടയീഭൂമികള്‍
നാഥാ,
എന്റെ ജീവിതം ഇയ്യാംപാറ്റയുടേത് പോലെയാക്കേണമേ..
അറിവിന്റെ മെഴുകുതിരിവെട്ടത്തോടെന്നില്‍
അടങ്ങാത്ത പ്രണയം നിറക്കണേ…
(ബച്ചേ കി ദുആ, ബച്ചോന്‍ കേലിയേ, ഇഖ്ബാല്‍)

തനിക്കറിയാത്ത ഹദീസുകളുണ്ടെന്ന വ്യഥയാല്‍ മരണമടഞ്ഞ മുസ്ലി (റ)മിന്റെ പിന്‍ഗാമിയാണെന്ന ബോധം അദ്ദേഹത്തില്‍ സജീവമായിരുന്നു. അതിനാല്‍, അവസരങ്ങളെ അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. മാത്രമല്ല, പൂര്‍ണ്ണതയേക്കാള്‍ കുറഞ്ഞതൊന്നും പ്രവര്‍ത്തനങ്ങളില്‍ കാഴ്ച്ചവെച്ചുമില്ല.

അദ്ദേഹത്തിന്റെ അറിവുലോകം പല വര്‍ണ്ണങ്ങളുള്ള നിറക്കുപ്പികളുടെ സമാഹാരമായിരുന്നു. ആത്മീയതയും, മതവിചാരവും, ഭാഷയും, സാഹിത്യവും, തത്വജ്ഞാനവും അതില്‍ നിറഞ്ഞ്നിന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, അറബിക് എന്നിവയില്‍ ഡിസ്റ്റിങ്ഷനോടെ ഡിഗ്രി കരസ്ഥമാക്കുകയും തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പും നേടിയെടുത്തു. ഫിലോസഫിയില്‍ മാസ്റ്റേഴ്സും കരഗതമാക്കി. 1899-ല്‍ ഫൈനല്‍ കോംപ്രഹന്‍സീവ് എക്സാം ഡിസ്റ്റിങ്ഷനോടെ പാസ്സായ ഏക വിദ്യാര്‍ഥി എന്ന നിലയില്‍ ഇഖ്ബാല്‍ വലിയ ഖ്യാദി നേടിയിരുന്നു. അതിന് പുറമെ, പഞ്ചാബി, അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍, ജര്‍മന്‍ ഭാഷകളും അദ്ദേഹത്തിന് വശമുണ്ടായിരുന്നു.

ഇഖ്ബാലിന്റെ യുവത്വം അറിവോട്ടങ്ങളുടെ കാലമായിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസത്തിനായി ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തി. ബ്രിട്ടനിലും ജര്‍മനിയിലുമായി വ്യത്യസ്ഥ സര്‍വകലാശാലകളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ലണ്ടനില്‍ ബാര്‍ യോഗ്യതക്കായി ലിങ്കണ്‍ ഇന്നിലും കാംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ ഡ്രിഗ്രിയും ചെയ്തു. മാസ്റ്റേഴ്സ് ഡിഗ്രിക്ക് ശേഷം ജര്‍മനിയില്‍ പി.എച്ച്.ഡി ചെയ്യുന്നതിനിടക്കാണ് യു.കെയില്‍ മറ്റൊരു ഡിഗ്രിക്കായി ഇഖ്ബാല്‍ ശ്രമിച്ചിരുന്നതെന്നത് കൗതുകമുളവാക്കുന്നു. കാംബ്രിഡ്ജില്‍ അക്കാലത്തുണ്ടായിരുന്ന ജോണ്‍ മക്ക്റ്റാഗേര്‍ട്ട് (1866-1925), ജയിംസ് വാര്‍ഡ്(1843-1925), ഇ.ജി ബ്രൗണ്‍ (1862-1926), റെയ്നോള്‍ഡ് നിക്കോള്‍സണ്‍ (1868-1945) പോലുള്ള അധ്യാപകരുടെ ശിക്ഷണവും അറിവുകളുമായിരിക്കണം ഇഖ്ബാലിനെ മറ്റൊരു ഡിഗ്രിക്കായി പ്രേരിപ്പിച്ചതും. പേര്‍ഷ്യയിലെ ആത്മജ്ഞാനത്തിന്റെ വികാസം എന്ന വിഷയത്തിലാണ് ജര്‍മനിയിലെ മ്യൂണിക് സര്‍വകലാശാലയില്‍ പ്രൊഫ. ഹോമലിന്റെ (1854-1936) കീഴില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കുന്നത്. ജര്‍മനിയിലെ തന്നെ ഹൈഡെല്‍ബെര്‍ഗ് സര്‍വകലാശാലയില്‍ നിന്നും ജര്‍മന്‍ ഭാഷ സ്വായത്തമാക്കി. 1908 യൂറോപ്പില്‍ നിന്ന് മടങ്ങുമ്പോള്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റും കാംബ്രിഡ്ജില്‍ നിന്ന് ബി.എയും ലണ്ടനിലെ ലിങ്കണ്‍ ഇന്നില്‍ നിന്ന് ബാരിസ്റ്റര്‍ അറ്റ് ലോയും ഇഖ്ബാല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യയിലെ അറബ് സമൂഹത്തില്‍ നിന്നും യൂറോപ്പ് ഒളിച്ചുകടത്തിയവയെല്ലാം തിരിച്ച് പിടിക്കണമെന്നതിന്റെ ആലങ്കാരികാവിഷ്‌കാരമായിരിക്കണം അത്.

എണ്ണമറ്റ അധ്യാപകരുണ്ടായിരുന്നെങ്കിലും, അറിവൊരുക്കി ഇഖ്ബാലിനെ ഇഖ്ബാലിലേക്ക് വഴിതിരിച്ച് വിട്ടത് രണ്ട് പേരായിരുന്നു. സയ്യിദ് മീര്‍ ഹസന്‍(1929), സര്‍ തോമസ് അര്‍നോള്‍ഡ് (1930). സ്‌കോച്ച്മിഷന്‍ കോളേജ് പഠന കാലത്ത് ക്ലാസ്സ് കഴിഞ്ഞാല്‍ മീര്‍ ഹസന്റെ വീട്ടിലേക്ക് ഓടിയെത്തിയ ഇഖ്ബാല്‍ അദ്ദേഹം നുകര്‍ന്ന് തന്ന ആത്മജ്ഞാനങ്ങള്‍ മൊത്തിക്കുടിച്ചു. അദ്ദേഹത്തിലെ കവിയെ വിത്തിട്ട് വെള്ളം നനച്ച് വളര്‍ത്തിയെടുത്തതിലും മീര്‍ഹസന്റെ പങ്ക് ചെറുതായിരുന്നില്ല.ലാഹോറിലെ ഗവണ്‍മെന്റ് കോളേജ് പഠന കാലളവിലാണ് സര്‍തോമസ് അര്‍നോള്‍ഡിനെ ഇഖ്ബാല്‍ പരിചയപ്പെടുന്നത്. വളരെ സുമനസ്യനായ അദ്ദേഹം പെരുമാറ്റംകൊണ്ടും അറിവുകൊണ്ടും ഇഖ്ബാലിനെ കീഴ്പ്പെടുത്തി. ഇസ്ലാമിക അറബ് സംസ്‌കാരം-പാശ്ചാത്യന്‍ ഫിലോസഫി എന്നീ വിഷയങ്ങളില്‍ അഗ്രേസരനായ അദ്ദേഹം ഇഖ്ബാലിന്റെ അറിവനുഭവങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി. യൂറോപ്പില്‍ ഉപരിപഠനം നടത്തണമെന്ന ഇഖ്ബാലിന്റെ തൃഷ്ണ വളര്‍ത്തിയത് അദ്ദേഹമായിരുന്നു. ഇഖ്ബാലിന് പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങളില്‍ ദാര്‍ശനികദേശാടനത്തിന്റെ പാലം പണിതത് സര്‍ തോമസാണെന്ന് തന്നെ പറയാം. 1904 അര്‍നോള്‍ഡ് ലണ്ടനിലേക്ക് തിരിക്കുമ്പോള്‍ ഇഖ്ബാല്‍ ‘നാലേ ഫിറാഖ്’ (വിരഹവിലാപം) എന്ന കവിതയിലൂടെ തന്റെ ഗുരുവിനെ വന്ദിച്ചു.

നിന്റെ നിവാസിയിപ്പോള്‍ പടിഞ്ഞാറെത്തിയിരിക്കുന്നു..
പൗരസ്ത്യഭൂമിയവര്‍ക്ക് അത്രമേല്‍ പ്രിയമല്ലാതിരുന്നല്ലോ…
വിരഹദിവസത്തെ പ്രകാശത്തിന് രാത്രിയേക്കാള്‍ ഇരുട്ടുണ്ട്..
ഇന്നെന്റെ ഹൃദയത്തെ സ്പര്‍ശിച്ചിരിക്കുകയാണീ സത്യം..
(നാലേ ഫിറാഖ്, ബാങ്കേദറാ, ഇഖ്ബാല്‍)

വിജ്ഞാനം മനുഷ്യന് എന്ത് പ്രദാനിക്കുന്നു? നീണ്ട കാലത്തെ ജീവിതത്തിലൂടെയാണ് ഇഖ്ബാല്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. ജ്ഞാനം മനുഷ്യന്റെ ഭൗതിക വളര്‍ച്ചയെയും ആത്മീയ ഉന്നതിയെയും സാധ്യമാക്കുന്നു. അതിലുപരി, മനുഷ്യനെ സ്ഫുടംചെയ്തെടുക്കുന്നു. യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയ ഇഖ്ബാല്‍ അഭിഭാഷകനായും കവിയായും അധ്യാപകനായും സാമൂഹ്യസേവനങ്ങള്‍ അര്‍പ്പിച്ചു. എക്കാലത്തും സത്യത്തിനൊപ്പം പതറാതെ നിലകൊണ്ടു. സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അദ്ദേഹത്തെ മോഹവലയത്തിലിടാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വച്ചുനീട്ടിയ പല പദവികളും സ്നേഹത്തോടെ നിരസിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തി വളരെ സ്വീകാര്യകരമായിരുന്നു. കേസുമായി ഇഖ്ബാലിന്റെ മേശപ്പുറം തേടിയെത്തുന്നവര്‍ അനവധിയുണ്ടായിരുന്നു. പക്ഷേ, കൂടുതല്‍ സമ്പാദിക്കണമെന്ന കേവല വിചാരം പോലും ഇഖ്ബാലിനുണ്ടായിരുന്നില്ല. തനിക്കും തന്റെ കൂടെ ജോലിചെയ്യുന്നവരുടെയും ചെലവുകള്‍ക്കാവശ്യമായ തുക സമ്പാദിച്ചെന്ന് ഉറപ്പായാല്‍ കേസുകള്‍ സ്വീകരിക്കില്ല. ശേഷം വരുന്ന കേസുകള്‍ക്ക് മറ്റു അഭിഭാഷകരെ നിര്‍ദേശിക്കുമായിരുന്നു. (3) ഒരു മനുഷ്യനെത്ര ഭൂമി വേണമെന്ന തലക്കെട്ടില്‍ ടോള്‍സ്റ്റോയിയുടെ കഥയുണ്ട്. തലക്കെട്ടിലെ ചോദ്യം തന്നെയാണ് കഥയുടെ സാരാംശവും. ജീവിതാന്ത്യംവരെ പാടുപെട്ട് അപരനെ വിസ്മൃതിയുടെ കുഴിയിലാഴ്ത്തി മനുഷ്യന്‍ നേടിയെടുക്കുന്ന സമ്പത്തിനെയാണ് ടോള്‍സ്റ്റോയി പ്രശ്നവത്കരിക്കുന്നത്. ആവശ്യങ്ങളെയാണ് ശമിപ്പിക്കേണ്ടത്. അത്യാര്‍ത്ഥിയെയല്ല.

മനുഷ്യന് നല്‍കാവുന്ന ഏറ്റവും കൊടൂരമായ ശിക്ഷ അവഗണനയാണ്. ഏറ്റവും നിര്‍മലമായ സ്വീകാര്യത പരിഗണനയും. അത്കൊണ്ടാവാം, പ്രസന്നഭാവംകൊണ്ടും ശുഭവിശ്വാസംകൊണ്ടും ഇഖ്ബാല്‍ മനുഷ്യരെ അഭിമുഖീകരുന്നത്. അദ്ദേഹത്തിന്റെ നര്‍മബോധവും സരസമായ സ്വഭാവവും വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടി. നിസ്വാര്‍ഥ സമീപനവും ഔപചാരിതകളില്ലാത്ത പെരുമാറ്റവും അദ്ദേഹത്തിലേക്ക് മനുഷ്യരെ അടുപ്പിച്ചു. രാഷ്ട്രീയക്കാരും അഭിഭാഷകരും പണ്ഡിതരും അധ്യാപകരും പത്രക്കാരും കവികളും വിദ്യാര്‍ഥികളും സാധാരണക്കാരും പ്രശ്നവൈവിധ്യങ്ങള്‍കൊണ്ട് വീട്ടുപടിക്കലിലെത്തി സാമീപ്യത്തിനായി ഉമ്മറത്ത് കാത്തുനിന്നു. ഉള്‍ക്കനമുള്ള അറിവുകൊണ്ടും അനുഭവനാളങ്ങള്‍കൊണ്ടും ഇഖ്ബാല്‍ തിരികൊളുത്തി വഴിവെളിച്ചം തൂവി. ഉന്നതലക്ഷ്യങ്ങള്‍ കാണിച്ചുകൊടുത്തു. സ്വഭാവംകൊണ്ട് അവരുടെ ഖല്‍ബും നിറച്ചു. അദ്ദേഹത്തിന്റെ സഹവാസം ജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കും പരിവേദനകള്‍ക്കുമുള്ള ഒരു മറുമരുന്നായിരുന്നെന്ന് അബ്ദുല്‍ വഹീദ് സാക്ഷ്യപ്പെടുത്തുന്നു. അറിവും വിശ്വാസവും സമ്മേളിച്ചാല്‍ മനുഷ്യന്‍ മനുഷ്യനാവാതിരിക്കില്ലെന്നതാണ് ഇഖ്ബാലിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ആശയം.

മനുഷ്യന്‍ മാത്രമല്ല. മൃഗങ്ങളും ഈ സ്നേഹത്തിന്റെ ദുതന്റെ തൂവല്‍സ്പര്‍ശം അനുഭവിച്ചിരുന്നു. അദ്ദേഹത്തിന് തത്തയോടും പ്രാവിനോടും പ്രത്യേക ഇഷ്ടമായിരുന്നു. മകന്‍ ജാവേദ് ഇഖ്ബാല്‍ ഓര്‍ക്കുന്നു, ഉപ്പയുടെ ആരോഗ്യം തീരെ തളര്‍ന്ന സമയത്ത് വീടിന്റെ മേല്‍ക്കൂരയില്‍ വലിയൊരു കൂടുണ്ടാക്കി, അത് നിറയെ പ്രാവുകളെ വളര്‍ത്തി, അതിന്റെ നടുവിലായി തന്റെ കട്ടില്‍ വെക്കണമെന്ന് അത്യധികം ആഗ്രഹിച്ചിരുന്നു. തത്തയെ കയ്യില്‍ പിടിച്ച് ഗൃഹപാഠം ചെയ്യുന്ന ഇഖ്ബാലിനോട് അധ്യാപകന്‍ മീര്‍ ഹസന്‍ ചോദിച്ചു: എന്താനന്ദമാണതിലുള്ളത്? ഞൊടിയില്‍ ഇഖ്ബാല്‍ പറഞ്ഞു: ‘ഗുരോ , ഇതിനെപ്പിടിക്കൂ. എന്നിട്ട് അനുഭവിച്ചറിയൂ. (4)

അബുല്‍ഹസന്‍ നദ്‌വിയുടെ വീക്ഷണത്തില്‍, ഇഖ്ബാലിന്റെ വ്യക്തിത്വ രൂപീകരണത്തില്‍ ചില സവിശേഷ ഘടകങ്ങള്‍ അവയുടെ പങ്ക് വഹിച്ചിട്ടുണ്ട്: ആത്മാവുള്ള ദൈവവിശ്വാസവും അദമ്യമായ പ്രവാചക സ്നേഹവും. ‘ഖുര്‍ആന്‍ നിനക്ക് അവതരിച്ച പോലെ നീ അതിനെ പഠിക്കുക’ എന്ന പിതൃ ഉപദേശം കൈക്കൊണ്ടുള്ള ഖുര്‍ആനോടുള്ള സമീപനം. സ്വത്വത്തിന്റെ നിര്‍മ്മാണവും അതിന്റെ വളര്‍ച്ചയും അതിപ്രധാനവിഷയമായി ഗൗനിച്ചതും എഴുത്തിലും വിശ്വാസത്തിലും ഉയര്‍ത്തിപ്പിടിച്ചതും. അതിശൈത്യമുള്ള പ്രഭാതങ്ങളില്‍ പോലും സുബഹിക്ക് മുമ്പ് ഉണരുന്ന ശീലം. ജലാലുദ്ദീന്‍ റൂമിയുടെ മസ്നവിയുടെ സ്വാധീനം. ഇതെല്ലാം പലരീതിയിലും അളവിലും സമ്മേളിച്ചപ്പോഴാണ് വിശ്രുതനായ ഇഖ്ബാല്‍ രൂപപ്പെട്ടുവന്നതെന്ന് നദ്‌വി നിരീക്ഷിക്കുന്നു.

യാത്രകളുടെ ഇഷ്ടക്കാരനായിരുന്നു ഇഖ്ബാല്‍. വിദ്യാഭ്യാസം, രാഷ്ട്രീയം, സ്വാതന്ത്ര്യം എന്നിങ്ങനെ പല കാരണങ്ങളുണ്ട് അതിന് പിന്നില്‍. ഭരണഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റ് വിളിച്ച രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വീണ്ടും അദ്ദേഹം യൂറോപ്പില്‍ പോയി. മൂന്നാം കോണ്‍ഫറന്‍സിന് ശേഷം, നാലു മാസത്തോളം യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ലെന്‍ ഇന്‍വാലിനിഡനിലെ നെപോളിയന്‍ ബോണോപാട്ടിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. തുടര്‍ന്ന്, പാരീസില്‍ പോയി പ്രൊഫസര്‍ ഹെന്റി ബാര്‍ഗ്സനെയും പ്രൊഫസര്‍ ലൂയിസ് മാസൈനോനെയും സന്ദര്‍ശിച്ചു. ഫ്രാന്‍സില്‍ നിന്നും സ്പെയിനിലേക്ക് പോയി സ്പാനിഷ് സ്‌കോളര്‍ അസീന്‍ പലാഷ്യസിന്റെ ക്ഷണപ്രകാരം മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തി.

ഇഖ്ബാലിന്റെ യാത്രകള്‍ അറിവിനായിരുന്നു. നുകരാനും പകരാനും. ഒരിക്കല്‍, അഫ്ഗാന്‍ രാജാവ് മുഹമ്മദ് നാദിര്‍ഷായുടെ ഔദ്യോഗികമ ക്ഷണം സ്വീകരിച്ച്, സുലൈമാന്‍ നദ്‌വി, സര്‍ സയ്യിദ് മസ്ഊദ് എന്നിവര്‍ക്കൊപ്പം കാബൂളിലേക്ക് പോയി. പാശ്ചാത്യ രീതികളും പൗരസ്ത്യ മൂല്യങ്ങളും ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന യൂനിവേഴ്സിറ്റിക്കാവശ്യമായ നിര്‍ദേശങ്ങള്‍ ചോദിക്കാനായിരുന്നു ഈ ക്ഷണവും യാത്രയും. പ്രസ്തുത കാബൂള്‍ അനുഭവത്തിന്റെ രേഖയാണ് ‘മുസാഫിര്‍’ എന്ന കവിത. 1934ല്‍ സൗത്താഫ്രിക്കയിലും ഓക്സ്ഫോഡിലും ലക്ച്ചറിങ്ങിനായി ക്ഷണിക്കപ്പെട്ടിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. യൂറോപ്പില്‍ നിന്നുള്ള യാത്രക്കിടയില്‍ ജറൂസലമിലെ ഇസ്ലാമിക് ഇന്റെര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. 1928 അവസാനവും 1929 തുടക്കത്തിലുമായി ഹൈദരാബാദ്, മദ്രാസ്, അലീഗര്‍ യൂണിവേഴ്സിറ്റികളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഈ പ്രഭാഷണങ്ങളാണ് പിന്നീട് ‘റീ കണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്‌ലാം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പുസ്തകം ഇഖ്ബാലിന്റെ താത്വിക ചിന്തകളുടെ സത്തായി വിലയിരുത്തപ്പെടുന്നു.

ത്വാരിഖ് ബിന്‍ സിയാദും സംഘവും ഈമാനിന്റെ ദൃഢതകൊണ്ട് പടുത്തുയര്‍ത്തിയ സ്പെയിനുമായി ഇഖ്ബാല്‍ വൈയക്തികവും വൈകാരികവുമായ ബന്ധം വെച്ചുപുലര്‍ത്തി. പ്രവര്‍ത്തന ചാപല്യങ്ങള്‍കൊണ്ട് വിനഷ്ടമായ സ്പെയിന്‍ തീര്‍ഥയാത്രപോലെ സന്ദര്‍ശിച്ചു. മുസ്ലിം പൈതൃകം ഉറങ്ങിക്കിടക്കുന്ന സൗധങ്ങളും സ്മാരകങ്ങളും ഒന്നൊന്നായി സന്ദര്‍ശിച്ചു. 1239ല്‍ കുരിശുവരച്ച് ക്രിസ്ത്യന്‍ പള്ളിയായി മാറ്റപ്പെട്ട കൊര്‍ദോബ പള്ളി സന്ദര്‍ശിക്കവെ ഇഖ്ബാല്‍ കുനിഞ്ഞിരുന്ന് കരഞ്ഞുവത്രെ. അവിടെ രണ്ട് റക്അത്ത് നിസ്‌കരിക്കാന്‍ അദ്ദേഹത്തിന് അഭിലാഷമുണ്ടായി. നിസ്‌കാര ശേഷം കണ്ണീരുതിര്‍ത്ത് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ‘ നാഥാ! ഈ നാടും ഇവിടുത്തെ ജനങ്ങളും ഈ പള്ളിയും അല്‍ഹംറാ കൊട്ടാരവും ചേതോഹരവും നയനാനന്ദകരവുമാണ്. അവയെല്ലാം അവയെ പണിതുണ്ടാക്കിയവരുടെ മഹത്വം വിളിച്ചോതുന്നു. ഈ സ്മാരകങ്ങളെല്ലാം സംരക്ഷിക്കണേ നാഥാ!’. കൊര്‍ദോബന്‍ മസ്ജിദ് എന്ന പേരില്‍ വികാരനിര്‍ഭരമായ ഒരു കവിതയും അദ്ദേഹം എഴുതി. (5)

ഖുദി: ആത്മദര്‍പ്പണത്തിലെ അപരന്‍

ക്രിയാത്മകതയും നിര്‍മാണാത്മകതയും ചലനാത്മകതയും ഇഖ്ബാല്‍ നിര്‍വചിച്ചത് ‘ഖുദി’യുടെ പ്രതലത്തില്‍ പ്രതിഷ്ടിച്ചാണ്. ഖുദിയെന്നാല്‍ സ്വത്വബോധം. ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പൊങ്ങച്ചം, ദുരഭിമാനം എന്നൊക്കെയര്‍ത്ഥം. പക്ഷേ, ഇഖ്ബാല്‍ വളരെ വ്യത്യസ്തമായാണ് പദത്തെ മനസ്സിലാക്കുന്നതും. ഉപയോഗിക്കുന്നതും. അസ്റാറെ ഖുദി എന്ന കാവ്യ സമാഹാരത്തിന്റെ ആമുഖത്തില്‍ ഇഖ്ബാല്‍ ഖുദിയുടെ ആന്തരിക വ്യവഹാരത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഖുദി അര്‍ഥമാക്കുന്നത് സ്വത്വത്തെ അനുഭവിക്കുകയും ഉറപ്പിക്കുകയുമാണ്. അത് ആശയങ്ങളെയും പ്രേരണകളെയും ദീപ്തമാക്കുന്ന ഉള്‍ക്കരുത്തിന്റെയും ഭാവനകളുടെയും പ്രതീകമാണ്. മനുഷ്യന്റെ അതിരൂക്ഷ ചിന്തകളെയും ഭാവനകളെയും ബന്ധിച്ചിടുന്ന ശാശ്വതീഭാവമുള്ള യാഥാര്‍ഥ്യമാണ്. കര്‍മനൈരന്തര്യത്തെ അതിയായി അഭിലഷിക്കുന്ന നിശ്ശബ്ദ ശക്തിയാണ്. (6) ചുരുക്കിപ്പറഞ്ഞാല്‍, ഖുദി സ്വന്തത്തെ കുറിച്ചുള്ള ബോധമാണ്. മനുഷ്യന്‍ അതിലൂടെ തന്നെയും തന്റെ സ്ഥാനത്തെയും മനസ്സിലാക്കുന്നു. അപരന് അത് വകവെച്ച് നല്‍കുകയും ചെയ്യുന്നു. ഓരോ പൗരനും ഈ ബോധത്തിലെത്തുമ്പോള്‍ രാഷ്ട്രവും സമുദായവും മൂല്യബോധത്തിന്റെ നിറപ്പകിട്ടാര്‍ന്ന ശിലകളായി മാറുന്നു. അതായത്, മാറ്റങ്ങളുടെ തുടക്കം സ്വന്തത്തില്‍ നിന്നാവണം. അതിന് മുമ്പായി, സ്വന്തത്തിന് ഗൗരവതരമായ പരിഗണന ലഭിക്കണം. ദൈവവചനം സുപ്രസിദ്ധമാണ്; ‘ആത്മജാഗരണത്തിന് സജ്ജരായ സമുദായത്തെ മാത്രമേ ദൈവം മാറ്റങ്ങള്‍ക്ക് വിധേയമാക്കൂ’.
സ്വന്തത്തെ അറിഞ്ഞവന് മാത്രമേ ദൈവത്തെ അടുത്തറിയാന്‍ സാധിക്കൂ. അത്കൊണ്ടുതന്നെ, ഇഖ്ബാലില്‍ സ്വന്തത്തെക്കുറിച്ചുള്ള ചിന്തകളും വൈയക്തിക നൈരാശ്യങ്ങളുമൊക്കെയാണ് നിഴലിച്ച് നിന്നത്. ക്രമേണ, ആ വൈകാരിക ബന്ധത്തിന്റെ വരമ്പുകള്‍ വിശാലമായി. ഇന്ത്യയോളം വലുതായി. വിശിഷ്യ ഇന്ത്യന്‍ മുസ്ലിംകളോളം ആഴവും ഇസ്ലാമിക ലോകത്തോളം പരപ്പുമുണ്ടായി. ഒടുവില്‍, ആ സ്നേഹത്തിന്റെ പരമകാഷ്ട പ്രപഞ്ചവും പ്രാപഞ്ചികവുമായ സകലതും പ്രതിബിംബിപ്പിക്കുന്ന കളങ്കമില്ലാത്ത ദര്‍പ്പണമായി പര്യവസാനിച്ചു. ‘സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചിടാന്‍. സ്നേഹത്തിന്‍ പരം സ്നേഹം ത്യാഗത്തിന്‍ പരം ത്യാഗം’.

ഇഖ്ബാലിന്റെ അഭിപ്രായത്തില്‍, സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉത്ഥാന-പതനങ്ങള്‍ അവരുടെ ‘ഖുദി’യെ അടിസ്ഥാനമാക്കിയാണ്. ഏതൊരു സമൂഹവും അവരുടെ പ്രതാപത്തിലേക്ക് കുതിക്കുന്നത് സ്വന്തത്തിന്റെ മഹത്വം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ്. മുസ്ലിംകള്‍ അവരുടെ ശ്രദ്ധയും ഊര്‍ജ്ജവും ‘ഖുദി’യില്‍ നിക്ഷേപിച്ചപ്പോള്‍ അധികാരത്തിന്റെയും അഭിമാനത്തിന്റെയും പറുദീസയേറി. അതവരില്‍ ഉത്തരവാദിത്വബോധം ഉരുപ്പിടിപ്പിച്ചു. ബാഗ്ദാദിന്റെയും കൊര്‍ദോബയുടെയും ചുമര്‍ചിത്രങ്ങളില്‍ ഒരു ബിനാലെ-പടം പോലെ അവര്‍ നിറഞ്ഞുനിന്നു. പിന്നീട്, അദ്വൈതവാദം (വഹ്ദത്തുല്‍ വുജൂദ്) അവരെ സ്വാധീനിച്ചു. ഖുദിയുടെ അംശങ്ങള്‍ അവര്‍ക്ക് കൈമോശം വന്നു. ആത്മനാ അവര്‍ വിസ്മൃതരായി; ചരിത്രമോ വര്‍ത്തമാനമോ ഇല്ലാതെ.

അദ്വൈതവാദപ്രകാരം മനുഷ്യനൊരു തുള്ളിയാണ്. സാഗരത്തിലെത്തുമ്പോള്‍ മാത്രം പൂര്‍ണ്ണതകൈവരുന്നത്; ലക്ഷ്യം പ്രാപിച്ചില്ലെങ്കില്‍ അര്‍ഥശൂന്യമാവുന്നത്. കാരണം, ദൈവത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴാണ് മനുഷ്യന് ദൈവത്തെക്കുറിച്ച് അറിയാനാവുന്നത്. എന്നാല്‍ ഇഖ്ബാലിന്റെ വീക്ഷണത്തില്‍ മനുഷ്യനൊരു മുത്തിന്റെ ഗുണമുള്ള ജലകണികയാണ്. സാഗരത്തിലെത്തുമ്പോള്‍ മുത്തിന്റെ ഗുണത്തില്‍ നിന്നും, രൂപത്തിലേക്കും വ്യാപിക്കുന്നത്.’ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു’ (അല്‍ മുഅ്മിനൂന്‍,14) എന്ന ഖുര്‍ആന്‍ സൂക്തമുണ്ട്. അല്ലാഹുവിനെ കൂടാതെ മറ്റു പലരും സൃഷ്ടിപ്പ് എന്ന ദൗത്യത്തില്‍ അധ്വാനിക്കുന്നു എന്നര്‍ത്ഥം. അവരേക്കാള്‍ ഏറ്റവും ഉന്നതന്‍ അല്ലാഹുവാണ്. മറ്റുള്ളവര്‍ അവനേക്കാള്‍ താഴെയും അവനെ അവലംബിച്ചുമാണെങ്കിലും ക്രിയാത്മകതയിലൂടെയും പ്രവര്‍ത്തനക്ഷമതയിലൂടെയും പലതിനെയും സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ ഭാഗികമായ സൃഷ്ടിപ്പിനെയും സ്രഷ്ടാവ് വകവെക്കുന്നു. പ്രവര്‍ത്തനക്ഷമതയാണ് മനുഷ്യന്റെ പൂര്‍ണ്ണതയും പ്രവണതയും.

‘നീ ഇരുട്ടിനെ ഉണ്ടാക്കി, ഞാന്‍ വിളക്കിനെയും
നീ കളിമണ്ണ്, ഞാന്‍ ചഷകവും
നീ മരുഭൂമിയും മലനിരകളും താഴ്വരകളും
ഞാന്‍ പൂക്കട്ടിലും പൂവാടിയും കായ് കനിത്തോട്ടവും
ഞാന്‍ കല്ലില്‍ നിന്ന് കണ്ണാടി കൊത്തിയെടുത്തു
വിഷത്തില്‍ നിന്ന് മദ്യവും(ഹണി ഡ്രിങ്ക്) വാറ്റിയെടുത്തു.’
(വി.ജി കിയേണന്‍, പോയംസ് ഓഫ് ഇഖ്ബാല്‍-94)
അഥവാ, മനുഷ്യന്റെ മതപരവും ധാര്‍മികവുമായ ദൗത്യം സ്വത്വത്തിന്റെ നിഷേധമല്ല, സ്ഥാപനമാണ്. കടലില്‍ ചെന്നു ചേരുന്ന കേവലം തുള്ളിയായി മാറുന്നതിന് പകരം കടലില്‍ ചേരുമ്പോള്‍ പവിഴമാവുന്ന ജലബിന്ദുവായി മാറുക എന്നര്‍ഥം. കടലില്‍ പോയി ഒതുങ്ങുന്ന തുള്ളിക്ക് പകരം സാഗരഗുണങ്ങള്‍ ഒത്തുചേരുന്ന ഒരു ജലകണികയാവാനായിരുന്നു ഇഖ്ബാല്‍ പ്രിയംവെച്ചത്.

ആത്മത്തെ നീ ഉന്നതസ്ഥലിയില്‍
പ്രതിഷ്ഠിക്കുകയെന്തെന്നാല്‍
സര്‍വ്വ വിധികള്‍ക്ക് മുമ്പും ദൈവം ചോദിക്കുന്നു..
ദാസാ നിന്‍ തൃപ്തിചൊല്ലീടുവിന്‍
(ഖുദീ കൊ കര്‍ ബുലന്ത് ഇത്നാ, ഇഖ്ബാല്‍)

ബോധ്യം ഉള്‍ചേര്‍ന്ന വിശ്വാസം

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് കാറല്‍ മാക്സാണ്. മനുഷ്യരാശിയെ തന്നെ അസന്തുലിതമാക്കിയേക്കാവുന്ന ഘടകമാണ് മതമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മതം മാറ്റിനിര്‍ത്തിയാലേ മനുഷ്യന്‍ നന്നാവൂ എന്നതായിരിന്നു മാക്സിന്റെ പക്ഷം. പക്ഷേ, ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം, മതം എല്ലാമായിരുന്നു. രാഷ്ട്രവും സമൂഹവും വ്യക്തിയും മതത്തിന്റെ ഉള്ളിലാണ് വരുന്നത്. മതവും വിശ്വാസവും ഒഴിച്ചുനിര്‍ത്തിയാല്‍ മനുഷ്യന്‍ അര്‍ത്ഥശൂന്യരാണ്. വ്യക്തിയുടെ മാത്രമല്ല, രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ വിശ്വാസത്തില്‍ അന്തര്‍ലീനമാണ്. സര്‍വ്വസ്വാതന്ത്ര്യം അത്യധികം പാരതന്ത്ര്യമാണ്. ദൈവികമായ വലയമില്ലെങ്കില്‍ സര്‍വ്വസ്വാതന്ത്ര്യം നല്‍കുന്ന വിഷാദവലയത്തില്‍ മനുഷ്യന്‍ അകപ്പെടുമെന്നത് നിസ്സംശയം.

ഇസ്ലാം പ്രപഞ്ചത്തിന്റെ താളമാണ്. മണ്ണും വിണ്ണും വാനഭൂവനങ്ങളും സര്‍വസ്രഷ്ടാവിന് മുന്നില്‍ സമര്‍പ്പണത്തിലാണ്. ഈമാനെന്നാല്‍ പ്രപഞ്ചത്തെ ക്രമപ്പെടുത്താനുള്ള മാര്‍ഗമാണ്. സമുചിതപൂര്‍ണ്ണമാക്കാനുള്ള നിര്‍ണ്ണായക വഴിയാണ്. ഇഖ്ബാല്‍ തൗഹീദെന്ന പ്രമാണത്തില്‍ തന്റെ സംഹിതകളെ കോര്‍ത്തുവെച്ചു. അത് ദൈവത്തിന്റെ അഖണ്ഢമായ അദ്വിതീയതയുടെ അപരിമേയമായ അംഗീകരണമാണെന്ന് വിശ്വസിച്ചു. അതില്‍ വൈയക്തിക-മത-രാഷ്ട്രീയ തലങ്ങളുടെ ഏകോപനമുണ്ട്. തൗഹീദ് മാനവിക ഏകതയുടെ നിര്‍ണ്ണായക പ്രേരകവുമാണ്.

അന്ധമായ അനുകരണമോ സമ്പൂര്‍ണ്ണ യുക്തിപരമായ സമീപനമോ ആയിരുന്നില്ല ഇഖ്ബാലിന് മതം. അനന്തരമെടുത്ത ആചാരങ്ങളുടെ ചുരുക്കപ്പേരുമായിരുന്നില്ല. മറിച്ച്, അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് മതവും അതിലെ പരമപ്രമേയങ്ങളും. ഇസ്ലാമാണ് പരിഹാരമെന്ന് ഇഖ്ബാല്‍ വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്തു. പുതിയ കാലത്തിന്റെ വാക്കുകളും ചിന്തകളും ഉപയോഗിച്ച് അദ്ദേഹം ഇസ്ലാമിനെ പരിചയപ്പെടുത്തി. പ്രശ്നങ്ങള്‍ക്ക് വേണ്ടത് പരിഹാരമായിരുന്നല്ലോ. കെന്നത്ത് ക്രൈകിന്റെ വാക്കുകള്‍ പ്രസ്ഥാവ്യമാണ്. ഇഖ്ബാലിന്റെ രചനകള്‍ക്ക് വലിയ ദൗത്യമുണ്ടായിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ആധുനിക ചിന്തകളുടെ വെളിച്ചത്തില്‍ പുനരവതരിപ്പിക്കുകയിരുന്നു അത്. ഡോ. ഫസ്ലുറഹ്മാന്‍ മോഡേണ്‍ യുഗത്തിലെ ഏക ഇസ്ലാമിക ഫിലോസഫറായി എണ്ണുന്നത് ഇഖ്ബാലിനെയാണ്. കാരണം, നൂതനമായ കണ്ടുപിടുത്തങ്ങളുടെ തൂവെളിച്ചത്തില്‍ ഇസ്ലാമിലെ തത്വചിന്താ പാരമ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അധ്യാത്മിക ജ്ഞാനങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആധുനികത ഇസ്ലാമിനുമേല്‍ പതിച്ച മുള്ളാണെന്ന് പറഞ്ഞ പണ്ഢിതരുണ്ടായിരുന്നു. പക്ഷേ, അതേ മുള്ളുകൊണ്ട് കണ്ണിലെ കരടെടുത്ത് വിശ്വാസികളുടെ ഉള്ളകങ്ങളെ കുളിര്‍പ്പിച്ച താത്വിക പണ്ഢിതനായി ഇഖ്ബാല്‍.

മതം അറിയലാണ്. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് പുറപ്പെടേണ്ട അമൃത് വാക്കുകളാണ് മതാധ്യാപനങ്ങള്‍. ഉള്‍ക്കൊള്ളലാണ് പ്രധാനം. വിദ്യാര്‍ത്ഥികളും സര്‍വാത്മനാ അധ്യാപകരും. ദില്‍സെ ജൊ ബാത് നികല്‍തിഹെ അസര്‍ രക്തിഹെ. ഹൃദയത്തില്‍ നിന്ന് പൊട്ടിയൊലിക്കുന്ന വാക്കുകള്‍ക്ക് ഹൃദയത്തിലേക്ക് മാത്രമേ അണയാനാവൂ. ഇസ്ലാമിന്റെ പ്രഭ കെടുത്തുന്നത് തൊണ്ടതൊടാതെയുള്ള വിഴുങ്ങലും ഖല്‍ബ് അറിയാതെയുള്ള പറച്ചിലുമാണെന്ന് ഇഖ്ബാല്‍ നിരീക്ഷിച്ചു. അത്കൊണ്ട് തന്നെ അദ്ദേഹം മൊല്ലമാരെ ശക്തമായി എതിര്‍ത്തു. കാണാതെ പഠിക്കുന്നതിലും സ്വയം ഉള്‍ക്കൊള്ളാതെ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലുമാണ് ഈ മൊല്ലമാര്‍ ശ്രദ്ധിച്ചത്. ആത്മാവ് നഷ്ടപ്പെട്ട ജീവിതത്തിലേക്ക് സമൂഹത്തെ കൂട്ടമായി വഴിതെളിക്കുകയാണിവര്‍. നിര്‍ജീവമായ ഇസ്ലാമിനെ തട്ടിക്കൂട്ടുകയുമാണ്.
ഇസ്ലാമിനകത്താണ് മാരകമായ ശത്രുപാളയമുള്ളതെന്ന് ഇഖ്ബാല്‍ വിലയിരുത്തി. ഇടുങ്ങിയ ചിന്താഗതിയുള്ള പണ്ഢിതര്‍, വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന ആത്മീയജീവികള്‍, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ജീവിക്കുന്ന മുസ്ലിം ഭരണാധികാരികള്‍ എന്നിങ്ങനെ പേരില്‍മാത്രം വ്യത്യാസപ്പെടുന്ന ഏകലക്ഷ്യ ജീവികളാണ് പാളയത്തിനുള്ളിലുള്ളത്. ദൈവ ഭരമേല്‍പ്പിനെയും, തവക്കുലിനെയും തെറ്റിദ്ധരിപ്പിച്ച് ‘ധ്യാനനിഷ്ടകളിലേക്ക്’ ചുരുങ്ങിയ നിഷ്‌ക്രിയ സമൂഹത്തെ അവര്‍ വളര്‍ത്തിയെടുത്തു. മറുപക്ഷത്ത്, ജിഹാദിനെ എതിര്‍നിര്‍വചിച്ച് തീവ്രമനോഭാവമുള്ള മറ്റൊരു സമൂഹത്തെയും വളര്‍ത്തിയെടുത്തു. തുടര്‍ന്ന്, മതം മിതവഴിയാണെന്ന ധാരണപോലും ഇല്ലാതായി. പുറത്തെ മുറിവിനെക്കാള്‍ അകത്തെ മുറിവുകളാണ് നമ്മെ എപ്പോഴും തളര്‍ത്തുന്നതും ശീഘ്രമായി നശിപ്പിക്കുന്നതും. പ്രയോഗം എത്ര സത്യം.

ഇസ്ലാം ജീവനഷ്ടത്തിന്റെ വക്കിലാണ്. വിശ്വാസികള്‍ക്ക് സമുദ്ധാരണത്തിന്റെ ജീവസ്പര്‍ശം അനിവാര്യമായിരിക്കുകയാണ്. ഇഖ്ബാല്‍ എഴുതി: വിശ്വാസിക്ക് തന്റെ ജീവോന്മേഷം നഷ്ടമായിരിക്കുന്നു. അവരുടെ ഹൃദയമിടിപ്പ് നിലച്ചിരിക്കുന്നു. അവനായിരുന്നു ഇസ്റാഫീല്‍. പക്ഷേ, കാഹളം അണഞ്ഞിരിക്കുന്നു. അജ്ഞതയുടെ ഇരുട്ട് പരക്കുമ്പോള്‍ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന വാക്കുതിര്‍ക്കാതിരിക്കാന്‍ ഒരു വിശ്വാസിക്കാവില്ലല്ലോ.
ശുഷ്‌കമായിപ്പോയ മതവിചാരങ്ങളെ സജീവമാക്കാന്‍ ഒരു ഗസാലിയും (1058-1111) പിറവിയെടുക്കുന്നില്ലെന്ന സത്യം ഇഖ്ബാലിനെ പലയാവര്‍ത്തി അലട്ടിയിട്ടുണ്ടാകാം. ഒടുവില്‍ നവരീതിശാസ്ത്രമുള്ള പുതിയ ഗസാലിയായി സ്വയം പരിവര്‍ത്തിതമാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നീതിയുടെ നാളം കെട്ടുപോകുമ്പോള്‍ സ്വയം നീതിയായി ആളിപ്പടരണമെന്നതല്ലേ ധര്‍മ്മം. അതിനാല്‍, രാജ്യത്ത് ഇസ്ലാമിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു സംഘടന രൂപീകരിക്കാനും മുസ്ലിം ഉന്നമനത്തിന് ഒരു ട്രസ്റ്റ് സംവിധാനിക്കാനും ഇഖ്ബാല്‍ ഉല്‍ക്കടമായി ആഗ്രഹിച്ചു. കാലത്തിന്റെ നവ രീതിശാസ്ത്രങ്ങളിലൂടെ മതത്തെ അവതരിപ്പിക്കുന്ന മറ്റൊരു ശാസ്ത്രീയ കൂട്ടായ്മയും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. അല്‍-അസ്ഹര്‍ സര്‍വ്വകലാശാല റെക്ടര്‍ മുസ്തഫാ അല്‍-മറാഗിയുമായി ഇവ്വിഷയത്തില്‍ കത്തിടപാട് നടത്തുകയും ചെയ്തിരുന്നു. മംഗോളിയന്‍ അധിനിവേഷത്തിലൂടെ ഇസ്ലാമിനേറ്റ പ്രഹരങ്ങള്‍ വലുതായിരുന്നു. എന്നാല്‍ അതിലേറെ പ്രത്യാഘാതങ്ങളാണ് പടിഞ്ഞാറിന്റെ സാസ്‌കാരിക നുഴഞ്ഞുകയറ്റത്തിലൂടെ ഇസ്ലാമിന് സംഭവിക്കാന്‍ പോകുന്നതെന്ന് ഇഖ്ബാല്‍ മുന്‍കൂട്ടികണ്ടു.

സൂഫിസം നെല്ലും പതിരും

ശരീരത്തിലും വസ്ത്രത്തിലും അടയാളപ്പെടുത്താവുന്ന ഒന്നല്ല സൂഫിസം. അതിനാല്‍, ഇഖ്ബാലൊരു സൂഫിരൂപം പൂണ്ട മനുഷ്യനായില്ല; മനുഷ്യരൂപം പൂണ്ട യോഗീവര്യനായി. കാട്ടിക്കൂട്ടലിന്റെ ഇടുപ്പുകളഴിച്ച് മൂല്യങ്ങളുടെ എടുപ്പുകള്‍ വിരലിലണിഞ്ഞു. അത് സ്നേഹമായും കവിതയായും ജീവിതമായും പകുത്തുകൊടുത്തു. തസവ്വുഫിന്റെ പല ആന്തരിക ഗുണങ്ങളും ഇഖ്ബാലില്‍ മുഴച്ചുനിന്നിരുന്നു. ഭൗതികതയുടെ തിരസ്‌കാരമായിരുന്നില്ല അദ്ദേഹത്തിന്റെ ആത്മീയത. അതിനാല്‍, ഭൗതികതയിലൂടെ ആത്മീയതയുടെ ഔന്നത്യത്തിലെത്തണമെന്ന് അദ്ദേഹം ദര്‍ശിച്ചു. സൃഷ്ടിപ്പിന്റെ സങ്കീര്‍ണ്ണതകളിലൂടെ സുന്ദരനായ ദൈവത്തെ കണ്ടെത്താമെന്നതാണ് അതിലെ യുക്തി. അദ്ദേഹം പറഞ്ഞു: ലോകം കേവലം കാണാനോ വിശ്വാസങ്ങളിലൂടെ അറിയാനോ മാത്രമുള്ളതല്ല. പ്രത്യുത, നിര്‍മിക്കാനും പുനര്‍നിര്‍മിക്കാനുമുള്ളതാണ്. കഴിയുന്നതെല്ലാം അനുഭവിച്ചറിഞ്ഞു. ഇഖ്ബാല്‍ അനുഭവങ്ങളുടെ തമ്പുരാനായിരുന്നു. ആത്മീയതയും ഭൗതികതയും അനുഭവവിധേയമാക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങുകയായിരുന്നു. പക്ഷേ, അത് കേവലാസ്വാദനത്തിന്റെ അന്ധതയായിരുന്നില്ല. പരമസത്യങ്ങളെ ചിറകിലേറ്റിയ ശാഹീന്‍പക്ഷിയുടെ അവതരണമായിരുന്നു. (7)

ധ്യാനത്തിലൂന്നിയ സൂഫിസം ഇഖ്ബാലില്‍ വിത്തെടുത്തില്ല, മുളപൊട്ടിയുമില്ല. നിഷ്‌ക്രിയത്വമല്ല, നിരന്തരകര്‍മമാണ് തസവ്വുഫിന്റെ അകസാരമെന്ന് അദ്ദേഹം വിശ്വസിച്ചു. അധ്യാത്മികത പൂത്ത വാക്കുകളും മൂല്യവത്തായ പ്രവര്‍ത്തനങ്ങളുമായി ഇഖ്ബാല്‍ ദൈവ സന്നിധിയിലെ അവസാന ദിനത്തെ കാത്തിരുന്നു. അനാര്‍ക്കലി ബസാറില്‍ താമസിച്ചിരുന്ന ഇഖ്ബാലിനെ ഒരു പീര്‍സാഹിബ് (ആത്മീയ പുരുഷന്‍) സമീപിച്ചു. അവരുടെ വാര്‍ഷികസംഗമത്തിനുവേണ്ട സാമ്പത്തിക സഹായങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും പാസ്സാക്കിയെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നു. പ്രസ്തുത ആവശ്യത്തിനു വേണ്ട അപേക്ഷ ഇഖ്ബാലിനോട് ചെയ്യിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇഖ്ബാല്‍ രോഷാകുലനായി. പ്രവാചക കുടുംബത്തില്‍പ്പെട്ട പീര്‍സാഹിബിനോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. തിരുമേനി ഒരിക്കല്‍ പോലും ഒരു മനുഷ്യനോടും യാചനയുടെ കൈനീട്ടലുമായി സമീപിച്ചില്ല. നിങ്ങള്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിനോടല്ല, ആകാശഭൂമികളുടെ ഉടമസ്ഥനായ സ്രഷ്ടാവിനോടാണ് അഭ്യാര്‍ത്ഥിക്കേണ്ടത്.(8)

പ്രണയമായിരുന്നു ഇഖ്ബാലിയന്‍ അധ്യാത്മികതയുടെ അച്ചുതണ്ട്; നാഥനോടും അവന്റെ റസൂലിനോടും. ‘പ്രവാചകരുടെ മുന്നില്‍ എന്റെ ദോഷങ്ങളുടെ കെട്ടഴിക്കരുത്. എന്റെ തിന്മകളെ റസൂല്‍ (സ്വ) യുടെ ദൃഷ്ടിയില്‍പ്പെടാതെ നോക്കണേ’യെന്ന് അല്ലാഹുവിനോട് കേഴുന്ന ഇഖ്ബാലിലുണ്ട് തിരുസ്നേഹം. ബാലേ ജിബ്രീലിലെ, മസ്ജിദേ ഖുര്‍തുബയിലെ അത്യധികം മനോഹരമായ വരികളില്‍ ഈ പ്രണയത്തിന്റെ മഴവില്‍ വര്‍ണങ്ങള്‍ പ്രകടമാണ്. അവിടെ പ്രണയം ജിബ്രീലി (അ)ന്റെ ചിറകും മുഹമ്മദ് (സ്വ) ഹൃദയവും ദൈവദൂതും നാഥന്റെ തപസ്സു മായി വിവര്‍ത്തനം ചെയ്യപ്പെടുന്നു.

ആധ്യാത്മികതയുടെ വെണ്ണക്കല്ലില്‍ ഇഖ്ബാല്‍ തന്റെ ജീവിതം ഉരച്ചുമിനുക്കിക്കൊണ്ടിരുന്നു. അല്ലാഹുവിന്റെ അമര സ്മരണകള്‍ അദ്ദേഹത്തെ വീര്‍പ്പുമുട്ടിച്ചു. ഖുര്‍ആന്‍ പാരായണം കേട്ട് വിതുമ്പിക്കരഞ്ഞിരുന്നുവത്രെ അദ്ദേഹം. മാത്രമല്ല, സംസാരിക്കുമ്പോള്‍, അപരനെ കേള്‍ക്കുമ്പോള്‍, കവിത പാടുമ്പോള്‍, ഖുര്‍ആന്‍ ഓതുമ്പോള്‍ എല്ലാം ഇഖ്ബാലിന്റെ കണ്ണുകള്‍ നനഞ്ഞുകുതിര്‍ന്നു. കദനക്കടല്‍ ഉള്ളിലൊതുക്കിയ പോലെ മുഹമ്മദെ(സ്വ)ന്ന പേര് കേള്‍ക്കുമ്പോള്‍ സ്വഹാബത്തിന്റെ ഉള്‍ത്തുടിപ്പുള്ള ചരിത്രങ്ങള്‍ അയവിറക്കുമ്പോള്‍ നിറകണ്ണുകളോടെ യല്ലാതെ ഇഖ്ബാലിന്റെ കമലവദനം കാണാനാവില്ല. അല്‍ത്വാഫ് ഹുസൈന്‍ ഹാലിയുടെ മുസദ്ദസി (6 വരികളില്‍ കോര്‍ത്ത ഉര്‍ദു കാവ്യം) ലെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കുന്നത് ഇഖ്ബാലിന് ഹരമായിരുന്നു. മുസദ്ദസേ ഹാലി മകന്‍ ജാവേദ് ചൊല്ലിക്കൊടുക്കുമായിരുന്നു. റസൂലി(സ്വ)നെക്കുറിച്ചുള്ള വരികള്‍ വരുമ്പോഴേക്കും ഇഖ്ബാലിന്റെ കണ്ണുകള്‍ ഈറനണിയുമായിരുന്നു. ഇസ്ലാമിക ചരിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇഖ്ബാലിനെന്നും ഹരമായിരുന്നു. ഖലീഫ ഉമറി(റ)ന്റെയും ഖാലിദ് ബിന്‍ വലീദി(റ)ന്റെയും ചരിത്രങ്ങള്‍ കൂടെക്കൂടെ സ്മരിക്കുമായിരുന്നു. പൂര്‍വ്വികരോട് തനിക്ക് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വല്ലാത്ത അലട്ടലുണ്ടായിരുന്നു ഇഖ്ബാലിന്റെയുള്ളില്‍. അവര്‍ കാഴ്ച്ചവെച്ച സ്നേഹവും ത്യാഗവും നിഷ്ഫലമാകുമോയെന്ന പേടിയായിരുന്നു അതിന് പിന്നില്‍.

പിതാവ് നൂര്‍ മുഹമ്മദില്‍ നിന്നും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ച ഇഖ്ബാലിനെ സൂഫി ലോകത്തെ പ്രമുഖരുടെ ജീവിത ശൈലികളും ആശയങ്ങളും സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ രസതന്ത്രം പഠിപ്പിച്ച ഗസാലിയും സ്നേഹത്തിന്റെ പൂക്കുടമേന്തി ഇറാനില്‍ അലഞ്ഞുനടന്ന റൂമിയും (1207-1273) ദൈവാനുരാഗത്തിന്റെ വീണമീട്ടിയ ഇബ്നു അറബിയും (1165-1240) അബ്ദുല്‍ കരീം അല്‍-ജീലിയും (1424) നടന്നകന്ന വഴികളിലൂടെ ഇഖ്ബാല്‍ നടന്നു; ചവിട്ടടികളില്‍ കാലുറപ്പിച്ച് തന്നെ. മനുഷ്യനും ദൈവവുമുള്ള ബന്ധം, സമ്പൂര്‍ണ മനുഷ്യനെന്ന സങ്കല്‍പം, പൂര്‍ണതയിലേക്കുള്ള സഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ പറഞ്ഞുവെച്ചതെല്ലാം വഴിയില്‍ ഘനീഭവിച്ചിരുന്നു. ഇഖ്ബാലിന് അവ പെറുക്കിയെടുക്കാന്‍ തിടുക്കവുമുണ്ടായി. മസ്നവിയുടെ ഉള്ള്പൊളിക്കുന്ന വരികളില്‍ ഇഖ്ബാല്‍ ആകൃഷ്ടനായി. തുടര്‍ന്ന് തന്റെ ആത്മീയ ഗുരുവായി റൂമിയെ സ്വീകരിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ ബോധ്യങ്ങള്‍ ക്രമേണ രൂപപ്പെട്ടതായിരുന്നു. തന്നിലേക്കൊഴുകിയെത്തിയ അറിവുറവുകളുടെ തെളിമയനുസരിച്ച് അദ്ദേഹം തന്റെ ബോധ്യങ്ങളെ ക്രമപ്പെടുത്തി, വ്യത്യാസപ്പെടുത്തി. നേരം വൈകിവന്ന ശരികളെ സ്വീകരിച്ചു. ആദ്യകാല ശരികളിലെ തെറ്റുകള്‍ സമ്മതിക്കുകയുംചെയ്തു. മന്‍സൂര്‍ ഹല്ലാജിനെ (d.922) കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ പ്രസിദ്ധമാണ്. ഹല്ലാജ് അദ്വൈതവാദത്തിലേക്ക് പതിച്ചിരിക്കുന്നുവെന്ന് ആദ്യകാലങ്ങളില്‍ അദ്ദേഹം വാദിച്ചു. 1908-ല്‍ തന്റെ പി.എച്ച്.ഡി തീസിസിലായിരുന്നു അത്. വര്‍ഷങ്ങള്‍ക്കിപ്പുറം 1928-ല്‍ ഇഖ്ബാല്‍ മദ്രാസില്‍ ഒരു പ്രസംഗം നടത്തി. ഹല്ലാജിന്റെ വാക്കുകള്‍ അത്യധികം ആഴത്തിലുള്ള വ്യക്തിത്വത്തില്‍ സ്വത്വത്തിന്റെ സ്ഥായിത്വവും യാഥാര്‍ത്ഥ്യവും ധീരതയോടെ പ്രഖ്യാപിക്കുന്നതായി വിശേഷിപ്പിച്ചു. അറിവ് വിശ്വാസിയുടെ വിശ്വാസസ്വത്താണല്ലോ. അത് കൈമോശം വരുന്നതിനേക്കാള്‍ ഭയാനകമല്ലേ, കയ്യിലിരുന്ന് മോശമാകുന്നത്.

തീക്ഷ്ണമായ ചൂടുള്ള കാലം. ഇഖ്ബാല്‍ റോഡിലുള്ള (മാവോ റോഡ്) ജാവേദ് മന്‍സിലിലേക്ക് ഒരു പീര്‍സാഹിബ് കടന്നുവന്നു. പിന്നാലെ ഒരു ശിഷ്യന്‍ ഓടിക്കിതച്ചെത്തി. വിയര്‍പ്പൊഴുകുന്ന മേനിയുമായി അവന്‍ ഇഖ്ബാലിന്റെയും പീര്‍സാഹിബിന്റെയും മുന്നിലിരുന്നു. വലിയ ദാരിദ്ര്യക്കെണിയിലാണെന്നും ഇരുനൂറു രൂപയോളം വരുന്ന തന്റെ കടത്തെ കുറിച്ച് ആധിയിലാണെന്നും പരാതി പറഞ്ഞു. ഒടുവില്‍ രണ്ടു രൂപയെടുത്ത് പീര്‍സാഹിബിന് നല്‍കി. പ്രാര്‍ത്ഥിക്കാന്‍ അഭ്യാര്‍ത്ഥിച്ചു. സാഹിബ് തനിക്ക് ലഭിച്ച രണ്ടുരൂപ പോക്കറ്റിലിട്ടു. ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ശേഷം, ഇഖ്ബാലിനോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. കൈകളുയര്‍ത്തിപ്പിടിച്ച് അദ്ദേഹം പ്രര്‍ത്ഥിച്ചു: നാഥാ, ഞങ്ങളുടെ കാലത്തെ പീര്‍സാഹിബുമാര്‍ വഴി തെറ്റിയിരിക്കുന്നു. അവരെ നീ സന്മാര്‍ഗത്തിലാക്കണേ. മുരീദുമാരെ ശൈഖുമാരുടെ ചതിയില്‍ നിന്നും രക്ഷിക്കണേ. ഈ മുരീദ് ഇരുനൂറ് രൂപ കടത്തില്‍ നിന്ന് ഇരുനൂറ്റി രണ്ട് രൂപ കടത്തിലെത്തിയിരിക്കുന്നു. ഇളിഭ്യനായ പീര്‍സാഹിബ് രണ്ട് രൂപ തിരികെ കൊടുത്തു, ബാക്കി കടം വീട്ടാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ആത്മീയത ജീവിതോപാധിയാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു ഇഖ്ബാല്‍(8)

കവിതയുടെ കടല്‍

ഇഖ്ബാല്‍ കവിതകളെ എഴുതിയില്ല. കവിതകളെല്ലാം ഇഖ്ബാലിനെ എഴുതുകയായിരുന്നു. അങ്ങനെ ഇഖ്ബാല്‍ കാലാതിവര്‍ത്തിയായ സാരാംശമുള്ള ഒരു കവിതയായി പരിണമിച്ചു. ചുരുക്കി പറഞ്ഞാല്‍, അസ്വസ്ഥമായ ചുറ്റുപാടുകളില്‍ നിന്നും അക്കാലത്തെ കവിതകള്‍ ധര്‍മ്മബോധവും അധ്യാത്മികതയും സ്വഭാവഗുണവുമുള്ള സുമുഖനിലേക്ക് ചേക്കേറുകയായിരുന്നു. നുറുങ്ങുകാര്യങ്ങള്‍ മുതല്‍ അദ്ധ്യാത്മജ്ഞാനവും തത്വദര്‍ശനങ്ങളും പൂപോലെ കവിതകയുടെ ഇതളുകളില്‍ കോര്‍ത്തുണ്ടാക്കിയ ഇഖ്ബാല്‍ പേര്‍ഷ്യനിലും ഉര്‍ദുവിലും രചനകള്‍ നടത്തി. അവയില്‍ അധ്യാത്മികതയുടെ വ്യാകരണവും മതമൂല്യങ്ങളുടെ സാഹിത്യനിയമങ്ങളും ശതഗുണത്തില്‍ പാലിക്കപ്പെട്ടു. ഉറങ്ങിക്കിടന്ന സമുദായത്തെ തട്ടിയുണര്‍ത്തി യാത്ര തുടരാന്‍ പ്രേരിപ്പിക്കുന്ന ഉണര്‍ച്ചയുള്ള കവിതകളായിരുന്നു അവയെല്ലാം. സ്വത്വബോധവും അതിന്റെ ജാഗരണവുമായിരുന്നു അവയുടെ പ്രമേയങ്ങള്‍. സ്നേഹത്തിന്റെ പ്രകര്‍ഷവും മതബോധത്തിന്റെ നവീകരണവും കൂടിയായിരുന്നു. ദൈവവിശ്വാസത്തിന്റെ വിളംബരവും പ്രവാചകസ്നേഹത്തിന്റെ അലയൊലിയും എഴുത്തുകള്‍ക്ക് അനന്യസാധാരണ ഭംഗി നല്‍കി. ആത്മാവ് നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കാനായിരുന്നു ഇഖ്ബാലിന്റെ ശ്രമങ്ങളത്രയും.
എഴുതിയതെല്ലാം മതമൂല്യങ്ങളായിട്ടും ഇഖ്ബാല്‍ സ്വീകരിക്കപ്പെട്ടു. കവിതാലോകത്തെ വരേണ്യനായി അംഗീകരിക്കപ്പെട്ടു. ഇഖ്ബാലിനെ യൂറോപ്പിന് പരിചയപ്പെടുത്തിയത് ആര്‍.എ നിക്കോള്‍സനാണ്. അസ്റാറെ ഖുദീയുടെ പരിഭാഷയുടെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചുവച്ചിരുന്നു. ഇഖ്ബാല്‍ കാലഘട്ടത്തിന്റെ കവിയാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച കവിയാണ്. കൂടെ, വര്‍ത്തമാന കാലത്തോട് കലഹിച്ച കവിയാണ്. അതായത്, കാലവും ഭാഷയുമായിരുന്നില്ല ഇഖ്ബാലിന്റെ പ്രശ്നം. ആശയം മാത്രമായിരുന്നു.

ഇഖ്ബാലിന്റെ പ്രഥമ കാവ്യസമാഹാരം ബാങ്കേദറയാണ്. 1924ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ സമാഹാരത്തില്‍ തറാനെ ഹിന്ദി, തറാനെ മില്ലി എന്നിവയൊക്കെ ഉള്‍പ്പെടുന്നു. 1935ല്‍ പുറത്തിറങ്ങിയ ബാലെ ജിബ് രീല്‍ സമാഹാരമായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്.തുടര്‍ന്ന് 1936ല്‍ സര്‍ബെ കലീമും, 38ല്‍ അര്‍മഗാനെ ഹിജാസും വായനക്കാരിലെത്തി. പറയാനുള്ളതെല്ലാം ഇഖ്ബാല്‍ പറഞ്ഞുവെച്ചു. ആവേശത്തോടെ ലോകമത് നെഞ്ചിലേറ്റി. വായനാലോകമെഴുതിയ ആസ്വാദനക്കുറിപ്പുകള്‍ വേണ്ടവിധം ജീവാംശമുള്ളതായോ എന്നതിലേ സംശയമുള്ളൂ. വേര്‍ഡ്സ്വര്‍ത്തും ബ്രൗണിങ്ങുമായിരുന്നു ഇഖ്ബാലിന്റെ പ്രിയംനിറഞ്ഞ റൊമാന്റിക് കവികള്‍. വേര്‍ഡ്സ്വര്‍ത്തിനെ പ്രകൃതിയുടെ കവിയെന്ന് ലോകം വിളിച്ചു. ഇഖ്ബാലിനെ മനുഷ്യന്റെ കവിയെന്നും. രണ്ട് പേരും ജീവിതത്തിന്റെ ആനന്ദവും പ്രകൃതിയെ ചൂഴ്ന്ന് നില്‍ക്കുന്ന നിശ്ശബ്ദതയും, പ്രകൃതിയും മനുഷ്യനും നടത്തുന്ന സംസര്‍ഗവും തുടരെത്തുടരെ കവിതകളില്‍ പ്രതിപാദിച്ചു. (9) മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം അവര്‍ അന്തര്‍ജ്ഞാനത്തിലൂടെ കണ്ടെത്തി. പക്ഷേ, വേര്‍ഡ്സ്വര്‍ത്തിന് അന്തര്‍ജ്ഞാനം പ്രകൃതി കനിഞ്ഞപ്പോള്‍ ഇഖ്ബാലിന് തന്റെ മതം പകര്‍ന്നുകൊടുത്തു. ഇഖ്ബാല്‍ വേര്‍ഡ്സ്വര്‍ത്തിനെ സ്മരിക്കുന്നത് അദ്ദേഹം എന്റെ പഠനകാലത്ത് നാസ്തിക ചിന്താഗതിയില്‍ നിന്ന് രക്ഷിച്ചു’ എന്നാണ്. ( ഇഖ്ബാല്‍, സേറ്ററേ ഓഫ് റിഫ്ലക്ഷന്‍സ്,54)

ഇഖ്ബാല്‍ പലതുള്ളി ചേര്‍ന്ന പെരുവെള്ളമായിരുന്നു. വേര്‍ഡ്സ് വര്‍ത്തിനെ കൂടാതെ, ജര്‍മന്‍ ഫിലോസഫര്‍ ഹെഗല്‍ (റ.1831), ഗോദേ (റ.1832), മിര്‍സ ഗാലിബ് (റ.1869 ), അബ്ദുല്‍ ഖാദിര്‍ ബദീല്‍ (റ. 1720) എന്നിവരും അവരുടെ ആശയങ്ങളും ഇഖ്ബാലില്‍ സന്നിവേശിച്ചു. പലരീതിയില്‍ സ്വാധീനിച്ചു. എല്ലാവരെയും തന്റെ വിശ്വാസത്തിന്റെ അരിപ്പയിലളന്നെടുത്തു ഇഖ്ബാല്‍. അദ്ദേഹം സ്മരിക്കുന്നു. കാര്യങ്ങളുടെ അകം കാണാന്‍ പഠിച്ചത് ഹെഗലില്‍ നിന്നും ഗോദെയില്‍ നിന്നുമാണ്. വിദേശ പാശ്ചാത്യ ആദര്‍ശങ്ങള്‍ ഗ്രഹിക്കുമ്പോഴും ആത്മാവിലും ആവിഷ്‌കാരത്തിലും പൗരസ്ത്യ മൂല്യങ്ങള്‍ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് പഠിപ്പിച്ചത് ഗാലിബും ബദീലുമാണ്. നാസ്തികത മുഴുവന്‍ മൂര്‍ച്ചയുള്ള വാളുമായി തന്റെ വിശ്വാസത്തിന്റെ തലയരിയാന്‍ മുതിര്‍ന്നപ്പോള്‍ തടഞ്ഞുവെച്ചത് വേര്‍ഡ്സ് വര്‍ത്താണ്. ഇഖ്ബാല്‍ ഏറെ ബഹുമാനിച്ച സ്നേഹിച്ച യൂറോപ്യന്‍ സ്‌കോളറാണ് ലൂയിസ് മസൈനോണ്‍ (1883-1962). അദ്ദേഹത്തിന്റെ ഹല്ലാജിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ് സൂഫിസത്തിലെ പ്രധാനഉള്‍ക്കാഴ്ചകള്‍ ഇഖ്ബാലിന് ലഭിച്ചത്. അദ്ദേഹത്തെ പാരീസില്‍ പോയി നേരില്‍ കാണുകയും ഹല്ലാജിനെക്കുറിച്ചുള്ള കൂടുതല്‍ വ്യാഖാനങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവത്രെ ഇഖ്ബാല്‍. ഇസ്ലാമിക പാരമ്പര്യത്തിലെ വിശ്രുത പണ്ഢിതരിലേക്കും ഇഖ്ബാല്‍ തന്റെ ആശയാവിശ്യങ്ങളുമായി ചെന്നടുത്തിരുന്നു. ഇമാം സര്‍ഹിന്ദിയും (1624) ശാഹ് വലിയുല്ലാഹി ദഹ് ലവി (1762)യുമായിരുന്നു പ്രധാനികള്‍. അദ്ദേഹത്തിന്റെ നിലപാടുകളിലെവിടെയും ഒരു സര്‍ഹിന്ദിയന്‍ ചുവയും പ്രവര്‍ത്തനങ്ങളില്‍ ദഹ്ലവിയന്‍ പ്രവണതയും കാണാമെങ്കില്‍ സ്വഭാവികം മാത്രം. നിസാമുദ്ദീന്‍ ഔലിയയുടെ അധ്യാത്മിക വഴികളില്‍ ഒരു പഥികനെപോലെ അദ്ദേഹമുണ്ടായിരുന്നു.അവരുടെ മഖ്ബറ സന്ദര്‍ശിക്കുകയും ആ സാമീപ്യത്തിലിരുന്ന് വിശ്വാസത്തിനും ദര്‍ശനത്തിനും ഊര്‍ജം കണ്ടെത്തുകയും ചെയ്തു ഇഖ്ബാല്‍.

അറിവിന് വേണ്ടി ഭൂഖണ്ഡങ്ങള്‍ താണ്ടിയ ഇഖ്ബാല്‍ ജീവിതത്തിന്റെ അറ്റത്ത് തളര്‍ന്നിരുന്നു. വാര്‍ദ്ധക്യവും നരയുടെ വെളുത്ത മുടികളും ഇരച്ചുകയറിയ ആ ശരീരം തുലോം ശുഷ്‌കിച്ചു പോയിരുന്നു. അദ്ദേഹം വീട്ടുവളപ്പ് വിട്ട് എവിടെയും പോകാതായി. പക്ഷേ, ഉത്തരവാദിത്വങ്ങളുടെ തിരക്കില്‍ നിന്നും വിരമിച്ചതിന്റെ സന്തോഷം അദ്ദേഹത്തില്‍ കാണാനായില്ല. കാരണം, അക്കാലയളവില്‍ അദ്ദേഹത്തെ വലിയൊരു ദുഃഖം ചൂഴ്ന്നുനിന്നിരുന്നു. അതൊരു യാത്രയെ കുറിച്ചായിരുന്നു. പോകാന്‍ സാധിക്കാതിരുന്ന യാത്രയെ കുറിച്ച്. ഹജ്ജും സിയാറത്തും നിര്‍വ്വഹിക്കാന്‍ മക്കയിലും മദീനത്തും ചെന്നെത്താന്‍ കഴിയാതിരുന്നതിനെ കുറിച്ച്. മുഹമ്മദെന്ന് കേള്‍ക്കുമ്പോള്‍ കണ്ണൊലിക്കുന്ന ഇഖ്ബാലിന്റെ ജീവിതനൈരാശ്യമായിരുന്നു മക്കയും മദീനയും. ആത്മാവ് കൊണ്ട് പരശ്ശതം തീര്‍ത്ഥാടനങ്ങള്‍ ഹിജാസ് കണ്ട് വന്നെങ്കിലും തന്റെ ഇഷ്ട ഗേഹത്തില്‍ ശരീരവും ശാരീരവും സംഗമിക്കാത്തതിന്റെ കദനം.

  • ലേഖനത്തിന്റെ തലവാചകം സുപ്രസിദ്ധമായ ബാലേ ജിബ്രീല്‍ (ജിബ്രീലിന്റെ ചിറക്) എന്ന ഇഖ്ബാലിന്റെ പ്രയോഗത്തില്‍ നിന്നും പ്രചോദിതമാണ്.

1)അബ്ദുസ്സലാം നദ് വി, ഇഖ്ബാലേ കാമില്‍, (ആസംഗര്‍: മത്വബഅ് മആരിഫ്, 1948), ജ: 45
2)Ibid, 48.
3) സയ്യിദ് വഹീദുദ്ദീന്‍, റോസ്ഗാറേ ഫഖീര്‍, (ലാഹോര്‍, ലാറ്റിന്‍ ആര്‍ട്ട് പ്രസ്സ്, 1963), 170.
4) Muhammed Thahir Faruqi, Sirathe Iqbal, (Lahore, Qawmi Khuthub Khana, 1966)
5)മഹ്മൂദ് നിസാമി, (എഡിറ്റര്‍, മല്‍ഫൂസാത്, ലാഹോര്‍, 1938)76.
6) Hafeez Malik (editor), Iqbal: Poet Philoospher of Pakistan, (New York, London: Columbia University Press)
7)Muhammed Iqbal, The Reconstruction of Religious Thought in Islam, 198
8)മഹ്മൂദ് നിസാമി, മല്‍ഫൂസാത്, 66-67.
9) Muhammed Iqbal, Stray Reflections, (edited by Javid Iqbal), Iqbal Academy, Pakistan, 33
10)Sir Muhammed Iqbal, The mysteries of Selflensses (translated by Arthur J. Arberry), London: John Murray Publishers, 1953)
11)Javid Iqbal, Iqbal: My father in Hafeez Malik’s Iqbal: poet-philoospher of Pakistan, 59-63

ഡോ. സയ്യിദ് മുഹ്സിന്‍ ഹുദവി and നിസാം ചാവക്കാട്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.