ഇസ്ലാമിലെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ് മുസ്ലിം പള്ളി നിര്‍മിതിയിലെ വ്യത്യസ്തതയും. എല്ലാ സംസ്‌കാരങ്ങളും ഇസ്ലാമിനോട് ഉള്‍ചേര്‍ന്നു വ്യത്യസ്ത ആര്‍ക്കിടെക്ച്ചര്‍ ശൈലികള്‍ വികസിപ്പിച്ചെടുത്തിരുന്നു. അത് പലപ്പോഴും ഇസ്ലാമിന്റെയും ആ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ശൈലിയുടെയും വ്യത്യസ്ത ഘടകങ്ങളെ ഉള്‍ചേര്‍ത്തുകൊണ്ടോ അല്ലെങ്കില്‍ അവിടെയുണ്ടായിരുന്ന പ്രബല ശൈലിയുടെ തുടര്‍ച്ചയോ ആയാണ് വ്യാപിച്ചത്. ഈ ശൈലികള്‍ പഠനവിധേയമാക്കുന്നതിലൂടെ ഒരു നിശ്ചിത പ്രദേശത്തുള്ള വിശ്വാസികളുടെ സാമൂഹിക നില മാത്രമല്ല, അന്നത്തെ സാമൂഹിക ക്രമവുമായുള്ള അവരുടെ ബന്ധവും വായിച്ചെടുക്കാന്‍ കഴിയും.
പൊതുവെ, ഇസ്ലാമിക ലോകത്തെ പള്ളികളെ നാലായാണ് തരംതിരിക്കാറുള്ളത് (typology):
1 ഹൈപ്പോസ്‌റ്റൈല്‍ (hypostyle)
2. ഫോര്‍-ഐവാന്‍ (four Iwan),
3.സെന്‍ട്രല്‍ ഡോം
4.നോണ്‍-ഹൈപ്പോസ്‌റ്റൈല്‍ (non-hypostyle) .
എന്നാല്‍ ഈ വര്‍ഗീകരണം ഇന്ത്യന്‍ മഹാസമുദ്രതീരത്തുള്ള കേരളം, ഇന്‍ഡോനേഷ്യ, മലേഷ്യ, സന്‍സിബാര്‍ പോലുളള പ്രദേശങ്ങള്‍, വെസ്റ്റ് ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലെ പള്ളികളുടെ വൈവിധ്യമാര്‍ന്ന ശൈലികളെ വളരെ കേവലാര്‍ഥത്തില്‍ മാത്രമേ പരിഗണിക്കുന്നുള്ളൂ. എന്നിരിക്കിലും നാലുതരം ശൈലികള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വര്‍ഗീകരണമാണ് സാധാരണയായി അവലംബിക്കപ്പെടാറുള്ളത്.
ഹൈപ്പോസ്‌റ്റൈല്‍ പള്ളികള്‍ (അറബ്)
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭവനം ഒരു വലിയ നടുമുറ്റത്തിന് നാലുപാടും നിരനിരയായ തൂണുകള്‍ക്കൊണ്ട് താങ്ങിനിര്‍ത്തപ്പെട്ട നീണ്ട മുറികളുള്ള ഒരു നിര്‍മിതിയായിരുന്നു. ഇത് മധ്യകാല അറേബ്യയില്‍ ഉണ്ടായിരുന്ന ഒരു ശൈലി തന്നെയാണ്. ഈ രൂപക്രമത്തില്‍ പ്രചോദിതമായി നിര്‍മിക്കപ്പെട്ട ആദ്യകാല പള്ളികള്‍ ഹൈപ്പോസ്‌റ്റൈല്‍ മസ്ജിദ് എന്നറിയപ്പെട്ടു. നിരവധി തൂണുകള്‍ എന്നാണ് ഇതുകൊണ്ടുദ്ദേശം. സ്വാഭാവികമായും ഇസ്ലാമിന്റെ ആദ്യ ഘട്ടങ്ങളില്‍ വ്യാപകമായി പ്രചരിച്ചതും ഈ ശൈലിയിലുള്ള പള്ളികളായിരുന്നു.

(fig. 1) മുഹമ്മദ് നബിയുടെ മദീനയിലെ വീടിന്റെ ഫ്‌ലോര്‍ പ്ലാന്‍ (എ.ഡി. 623) (morteda, 2011, പേജ് 43).
ഫോര്‍-ഐവാന്‍ പള്ളികള്‍ (പേര്‍ഷ്യന്‍)
ആദ്യകാല ഇസ്ലാമിലെ പള്ളി ആര്‍ക്കിടെക്ച്ചറിനെ ഹൈപ്പോസ്‌റ്റൈല്‍ പള്ളികള്‍ നിര്‍വചിച്ചതുപോലെ, പതിനൊന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യയിലേക്കുള്ള ഇസ്ലാമിന്റെ വ്യാപനത്തോടുകൂടി പള്ളികളടക്കമുള്ള നിര്‍മിതികളുടെ രൂപീകരണത്തെ ഫോര്‍-ഐവാന്‍ ശൈലി വലിയ തോതില്‍ സ്വാധീനിച്ചു. ഇസ്ലാമിന് മുമ്പുള്ള പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ മുഖ്യഘടകമായിരുന്നു (architectural feature) ഐവാന്‍ (fig. 2 ).

Courtesy: Bernard Gagnon, CC BY-SA 4.0, Wikimedia Commons.
കമാനമെന്ന അര്‍ഥത്തില്‍ ഐവാനെ വിശേഷിപ്പിക്കാം. ഈ മാതൃകയുടെ അടിസ്ഥാനത്തിലാണ് മുഗളര്‍ ഉള്‍പ്പെടെയുള്ള വടക്കേയിന്ത്യന്‍ മുസ്ലിം രാജവംശങ്ങള്‍ അവരുടെ ആര്‍ക്കിടെക്ച്ചറല്‍ ശൈലി വികസിപ്പിച്ചത്.
സെന്ട്രല്‍ ഡോം (ഉസ്മാനിയ)
പതിനാറാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ശേഷം ബൈസന്റൈന്‍ ബസിലിക്കയായിരുന്ന ഹായ സോഫിയയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണ് സെന്ട്രല്‍ ഡോം ശൈലി. മധ്യഭാഗത്ത് തൂണുകളില്ലാതെ ഒരു വലിയ ഡോമും (central dome) അതിന് ചുറ്റും ചെറു ഡോമുകളുമാണ് ഇതിന്റെ സവിശേഷത (fig. 3).

Courtesy: Jorge Láscar from Australia, CC BY 2.0, Wikimedia Commons.
നോണ്‍- ഹൈപ്പോസ്‌റ്റൈല്‍ പള്ളികള്‍
മധ്യ ഇസ്ലാമിക ദേശങ്ങള്‍ക്കപ്പുറം (central Islamic region) ചൈന, പശ്ചിമാഫ്രിക്ക, തെക്കുകിഴക്കനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിംകളുടെ വാസ്തുവിദ്യ പരിശോധിക്കുമ്പോള്‍ മുകളില്‍ പ്രതിപാദിച്ച ശൈലികള്‍ അവയെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നുകാണാം. മലബാര്‍ തീരത്തെ പള്ളികള്‍ ഈ തരത്തിലുള്ളവയാണ്.

Courtesy: Chensiyuan, CC BY-SA 4.0, Wikimedia Commons.

Courtesy: Si Gam, CC BY 4.0, Wikimedia Commons

Courtesy: Ruud Zwart, CC BY-SA 2.5 NL, Wikimedia Commons.
കേരളത്തിലെ പള്ളികള്‍
ഒരു നിശ്ചിത പ്രദേശത്ത് പള്ളി പണിയുന്നത് വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യത്തെ മാത്രമല്ല, അവരുടെ അവിടത്തെ ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട്. പ്രാദേശിക സാമൂഹിക ഘടനകളിലേക്കുള്ള അവരുടെ സമന്വയത്തെയും പള്ളികള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് സെബാസ്റ്റിയന്‍ പ്രാഞ്ജ് നിരീക്ഷിക്കുന്നു. കെട്ടുറപ്പുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് (architecture of permanence) സാധാരണയായി രാജാവിന്റെ സമ്മതം ആവശ്യമായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, ഏതാനും ഉയര്‍ന്ന മുസ്ലീം വ്യാപാരികളുടെ വീടുകള്‍ എന്നിവക്ക് മാത്രമേ കന്മതിലുകള്‍ സ്ഥാപിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൂടാതെ, ഒരു പള്ളിയുടെ നിര്‍മാണത്തിന് സാമ്പത്തിക നില മാത്രമല്ല പ്രധാനമാവുന്നത്. കാലാവസ്ഥയ്ക്ക് അനുഗുണമായ (climate responsive) സാമഗ്രികളും (building materials) തൊഴില്‍ വൈദഗ്ധ്യവും ആവശ്യമായിരുന്നു. ഈ സവിശേഷ സാഹചര്യം മുസ്ലിംകളെ പ്രാദേശിക സമ്പ്രദായങ്ങളോട് ചേര്‍ന്നുനില്‍ക്കാനും തദ്ദേശീയ കെട്ടിടനിര്‍മാണ ശൈലിയെ അനുവര്‍ത്തിക്കാനും നിര്‍ബന്ധിതരാക്കി.
മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് മലബാറിലെ പള്ളികളുടെ പുറംഘടനയ്ക്ക് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യാ സവിശേഷതകളുമായി (exterior architectural features) ശ്രദ്ധേയമായ ചില സമാനതകള്‍ കാണാം(fig. 7)

എന്നാല്‍ അവയുടെ ഉള്‍ഭാഗം ക്ഷേത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ക്ഷേത്രത്തിന്റെ അകത്തളങ്ങള്‍ പ്രധാനമായും പ്രദക്ഷിണ സ്ഥലങ്ങളായി (processional) ഉപയോഗിക്കുമ്പോള്‍ പള്ളികളുടേത് (fig. 8) ഒത്തുചേരലുകള്‍ക്കുവേണ്ടിയാണ് (congregational) ഉപയോഗിക്കുന്നത്.

കേരളത്തിലെ പള്ളികള്‍ സാധാരണയായി താഴത്തെ നിലയില്‍ ചുറ്റുവരാന്തയുള്ള ഇരുനില നിര്‍മിതികളാണ് (fig. 9, 10).
(fig. 9) അറയ്ക്കല്‍ പള്ളിയുടെയും ഹൈദ്രോസ് പള്ളിയുടെയും ചുറ്റുവരാന്തകള്, കണ്ണൂര്‍ സിറ്റി. (fig.10) അറയ്ക്കല്‍ പള്ളിയുടെയും ഹൈദ്രോസ് പള്ളിയുടെയും ചുറ്റുവരാന്തകള്, കണ്ണൂര്‍ സിറ്റി.
അകം പൊരുള്‍

പുറംപള്ളി (antechamber) (fig. 11,12) കടന്നുവേണം അകംപള്ളിയിലേക്ക് (chamber) (fig. 13,14) പ്രവേശിക്കാന്‍. പുറംപള്ളിയുടെ വലതുവശത്തായി ഹൗദും (ablution pool) (fig. 12,15) നിര്‍മിച്ചിട്ടുണ്ടാകും.




ഇസ്ലാം വിഗ്രഹഭഞ്ജനം (iconoclasm) അനുശാസിക്കുന്നതിനാല്‍ സൂക്ഷ്മമായി കൊത്തിയെടുത്ത ഖുര്‍ആന്‍ സൂക്തങ്ങളും, മച്ചിലും തൂണുകളിലും മിമ്പറിലും മിഹ്‌റാബിലും പ്രാദേശികമായി കാണപ്പെടുന്ന സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും പ്രതീകാത്മകത കലകളുമായിരുന്നു അലങ്കാരപ്പണികളായി ഉണ്ടായിരുന്നത്.
മറ്റു പള്ളികളേക്കാള്‍ ഉത്തരേന്ത്യന്‍ ഇസ്ലാമിക വാസ്തുവിദ്യയാണ് ഹനഫി മദ്ഹബ് പിന്തുടരുന്ന പള്ളികളിലെ അലങ്കാര രൂപങ്ങളെ സ്വാധീനിക്കുന്നത്. ഗുജറാത്ത്, ബോംബെ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍മാണ വിദഗ്ധരുടെ ഇടപെടലാണ് ഇതിനു കാരണം. ഇവിടെ സ്ഥിരതാമസമാക്കിയവരും അല്ലാത്തവരുമായ ഉത്തരേന്ത്യന്‍ വ്യാപാരികളുടെ രക്ഷാകര്‍തൃത്വത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. (fig. 26,27,28)







വിവിധ തരം മലബാര്‍ പള്ളികള്‍
ഭൂമിശാസ്ത്രപരമായ സ്ഥാനം, അവ പിന്തുടരുന്ന ഇസ്ലാമിക കര്‍മശാസ്ത്രം, രക്ഷാധികാരം (patronage) എന്നിവ അനുസരിച്ച് വിവിധ ഉപവിഭാഗങ്ങളായി മലബാറിലെ മുസ്ലിം പള്ളികളെ തരംതിരിക്കാവുന്നതാണ്.
പ്രധാനമായും പള്ളികളുടെ ആസൂത്രണം (planning) അത് പിന്തുടരുന്ന ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായാണ് രൂപപ്പെട്ടിരിക്കുന്നത്. ശാഫി (മദ്ഹബ്) പള്ളികള്‍ ഭൂരിഭാഗവും വീതികുറഞ്ഞതും തിരശ്ചീനമാവുമ്പോള്‍ (verticality in plan) (fig. 23, 24, 25) ഹനഫി പള്ളികള്‍ വീതിയേറിയതും രേഖീയവുമാകുന്നു (horizontality in plan) (fig. 26, 27, 28).












Add comment