2019 ഒക്ടോബര്‍ അഞ്ചിനാണ് ആദ്യമായി മിസ്‌റിലെത്തുന്നത്. യാത്രകളില്‍ ഒറ്റക്കായിരിക്കാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറ്. മിസ്‌റിലെ എയര്‍പോര്‍ട്ടിലെത്തിയ സമയത്താണ്, ഒരു യാത്രയില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദപോലും ഞാന്‍ പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുന്നത്. കൈയില്‍ അവിടുത്തെ സുഹൃത്തുക്കളില്‍ ഒരാളുടെ പോലും നമ്പര്‍ ഞാന്‍ കരുതിയിരുന്നില്ല. അതിനിടയില്‍ എന്റെ വ്യര്‍ത്ഥമായ പരക്കം പാച്ചില്‍ കണ്ടിട്ടാകണം അടുത്തുതന്നെയുണ്ടായിരുന്ന ഒരു സൗദിക്കാരന്‍ ഫോണ്‍വിളിക്കാനോ മറ്റോ ഉണ്ടെങ്കില്‍ വിളിച്ചോ എന്ന് പറഞ്ഞു ഫോണ്‍ നീട്ടുമ്പോഴായിരുന്നു ഈ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നത്. പിന്നീട് അവരെത്തുമ്പോഴേക്ക് കുറേ നേരം പിന്നിട്ടിരുന്നു.
അവിടെനിന്നാണ് ഞാന്‍ കൈറോയിലൂടെ നടന്നുതുടങ്ങിയത്. പിന്നീടങ്ങോട്ട് ആ മഹാനഗരത്തിന്റെ ഓരോ തെരുവുകളിലൂടെയും ഒഴുകി നീങ്ങി. ഓരോ ചെറുവീഥികള്‍ക്കുമായി കാതോര്‍ത്തിരുന്നു. എന്റെ സഞ്ചാരം നഗരവും പിന്നിട്ട് വളര്‍ന്നു, ഈജിപ്തിലെ മനുഷ്യരുടെജീവിതങ്ങളിലേക്കായി, അവരുടെ കലകളും സംഗീതവും ആത്മീയതയും പകര്‍ന്നു തരുന്ന അനുഭൂതികളുടെ ലോകത്തേക്ക് അപ്പോഴേക്കും ഞാന്‍ പിച്ചവെച്ചു തുടങ്ങിയിരുന്നു.

തലസ്ഥാന നഗരിയായ കൈറോ, ലോകത്തെ ഏറെ തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ്. പലതരം നാഗരികതകളുടെ സംഗമഭൂമിയായ കൈറോയുടെ മുഖഛായ തന്നെ മാറുന്നത് ഫാത്വിമികളുടെ വരവോടു കൂടിയാണ്. ഖലീഫ ഉമറി(റ)ന്റെ കാലത്ത് അംറ്ബിന്‍ ആസ്വി(റ)ന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കപ്പെട്ട ഫുസ്താത് പട്ടണത്തിലൂടെയാണ് ഈജിപ്തിന്റെ ഇസ്‌ലാമിക ചരിത്രം തുടങ്ങുന്നത്.

ഫുസ്താതായിരുന്നു കൈറോക്ക് മുമ്പുള്ള ഇസ്‌ലാമിക തലസ്ഥാനം. അതിനും മുമ്പ് റോമക്കാരുടെ അധീനതയിലായിരുന്ന അലക്‌സാന്‍ഡ്രിയയായിരുന്നു ഈജിപ്തിലെ പ്രധാന നഗരം. അതോടൊപ്പംതന്നെ ഒരു തുറമുഖ നഗരം കൂടിയായിരുന്നു അലക്‌സാന്‍ഡ്രിയ. അംറ് ബിന്‍ ആസ്വിന് കീഴില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ജാമിഉ അംറിബിന്‍ ആസ്വായിരുന്നു ഒരു കാലത്ത്് ഈജിപ്ഷ്യന്‍ വിജ്ഞാനത്തിന്റെ ഗതിനിര്‍ണയിച്ചിരുന്നത്. പിന്നീട് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ കടന്നുവരവോടെ അസ്ഹറായി പ്രധാന കേന്ദ്രം.

1863ലാണ് ഖിദേവി ഇസ്മാഈല്‍ പാഷ ഈജിപ്തിന്റെ ഭരണാധികാരമേറ്റെടുക്കുന്നത്. ഇതിലൂടെയാണ് ആധുനിക ഈജിപ്തിന്റെ ചരിത്രം തുടങ്ങുന്നത്. ഈജിപ്തിനെ ആധുനിക വല്‍കരിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്‌നമായിരുന്നു. അതുകൊണ്ട്തന്നെ ഒരു പുതിയ പാരീസാക്കി ഈജിപ്തിനെ പരിവര്‍ത്തിക്കണമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടു.
പുതിയ കൈറോ നഗരത്തേക്കാള്‍ എനിക്കേറെ പ്രിയപ്പെട്ടത് ഇസ്‌ലാമിക നാഗരികതയുടെ സര്‍വപ്രതാപവും പേറി ഉയര്‍ന്നുനില്‍ക്കുന്ന പഴയ കൈറോയാണ്. കൈറോയെ ആയിരം മിനാരങ്ങളുള്ള നാടാക്കിമാറ്റിയത് ഈ പ്രദേശങ്ങളാണ്. പല കാലഘട്ടങ്ങളിലായി പലവിധ രാജാക്കന്മാര്‍ക്കു കീഴിലായി സ്ഥാപിക്കപ്പെട്ട പള്ളികളും മദ്‌റസകളും തകിയ്യകളും സബീലുകളും പ്രൗഢഗംഭീരമായ മാര്‍ക്കറ്റുകളുമാണ് ഈ നഗരത്തിന്റെ മാറ്റുകൂട്ടുന്നത്. അതിനിടയില്‍ കഴിഞ്ഞു പോയ ഭരണകൂടങ്ങളുടെ കണക്കുകള്‍ അവ തന്നെ നമ്മെ അത്ഭുതപ്പെടുത്തും. ഉമവി, അബ്ബാസി, ഫാത്വിമി എന്നിവരില്‍ നിന്ന് തുടങ്ങി മംലൂക്കികളിലൂടെയും, സല്‍ജൂക്കികളിലൂടെയും, തൂലൂനി, അയ്യൂബികളിലൂടെയും വളര്‍ന്ന് ഒട്ടോമനികളിലെത്തി നില്‍ക്കുന്ന വിശാലമായ ഇസ്‌ലാമിക ചരിത്രത്തിന്റെ അതിമനോഹരമായ ഒരേടു തുറന്നിട്ടു തരും.

ഇവരോരോരുത്തരുടെയും കാലത്ത് പണികഴിപ്പിച്ച നിര്‍മ്മിതികള്‍ അതിന്റെ സര്‍വവിധ ഭംഗിയോടും കൂടി നമ്മെ അടുത്തേക്ക് വലിച്ചുപിടിക്കും. പക്ഷേ, ഈ നാഗരിക ചരിത്രത്തിന്റെ സമ്മോഹനമായ പൈതൃകങ്ങള്‍ ഏതു രൂപത്തില്‍ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് ഇവിടുത്തുകാര്‍ക്ക് വലിയ നിശ്ചയമില്ലെന്ന യാഥാര്‍ഥ്യം ഒരു ചെറു വേദനയോടെയെല്ലാതെ ഉള്‍കൊള്ളാന്‍ കഴിയില്ല. പലതും ഭാഗികമായി നശിച്ചു തുടങ്ങിയിട്ടുണ്ട്. ചിലത് മാത്രമേ സംരക്ഷിക്കപ്പെട്ടുള്ളു. പ്രത്യക്ഷത്തില്‍ സംരക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൈതൃകങ്ങളെക്കാള്‍ വളരെ കൂടുതലാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ കലാനിര്‍മിതിയുമെന്നത് എടുത്തുപറയേണ്ടതു തന്നെയാണ്. അത്യപൂര്‍വ്വങ്ങളായ കൊത്തുപണികളും, കാലിഗ്രഫികള്‍ കൊണ്ടും മറ്റുമലങ്കരിച്ച ഖുബ്ബകളും, മിനാരങ്ങളും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരായിരം കഥകള്‍ക്കായി കേള്‍വിക്കാരില്ലാതായിരിക്കുന്നു.
തന്നെത്തേടി വരുന്നവര്‍ക്കായി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കൈറോ നല്‍കുന്ന പ്രചോദനം ചെറുതൊന്നുമല്ല. പഴയ തെരുവിലൂടെയുള്ള ഓരോ നടത്തവും അനുഭൂതികളുടേത് കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശാലകളുടെ മുമ്പിലൂടെയുള്ള നടത്തത്തിനിടയില്‍ അവിടെ നിന്നും ഒഴുകി വരുന്ന ഗന്ധത്തിന്റെ മാസ്മരിക സൗരഭ്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇവയിലൊരു ഗ്രന്ഥാലയത്തിലാണ് ഇമാം സുയൂത്വി പിറന്നുവീഴുന്നത്. പുരാതന കൈറോയുടെ തെക്കന്‍ കവാടമായ ബാബ് സുവൈലയിലൂടെയാണ് ഞാന്‍ അസ്ഹറിലേക്കുള്ള നടത്തമാരംഭിച്ചത്. ഇവിടങ്ങള്‍ നടന്നുതന്നെ കാണേണ്ടവയാണ്.
ബാബിനോട് ചേര്‍ന്നുതന്നെയാണ് മസ്ജിദ് മുഅയ്യിദ് ബില്ലാഹ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയില്‍ വെച്ചാണ് ഇമാം ബദ്‌റുദ്ദീന്‍ ഐനി ഇബ്‌നു ഹജറില്‍ അസ്ഖലാനിക്ക് ദര്‍സെടുത്തിരുന്നത് ഈ പള്ളി തന്നെയാണ് അവര്‍ നടത്തിയിരുന്ന സംവാദങ്ങള്‍ക്ക് കാതോര്‍ത്തിരുന്നത് ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടിത്തുടങ്ങും, തുടിക്കുന്ന ഹൃദയവുമായി പള്ളിയോട് ചേര്‍ന്നുതന്നെയുള്ള മാര്‍ക്കറ്റിലേക്കിറങ്ങിയായി പിന്നെ നടത്തം.
ഗൂരിയ്യ മാര്‍ക്കറ്റ്. സുല്‍ത്താന്‍ അഷ്‌റഫ് ഖാന്‍സു ഗൂരിയ്യ പണികഴിപ്പിച്ച അതിവിശാലമായ മാര്‍ക്കറ്റാണിത്. പലതരം തൊപ്പികള്‍, ഖമീസുകള്‍, വ്യത്യസ്തമായ തുണിത്തരങ്ങള്‍ തുടങ്ങി ഒരുപാട് വസ്തുക്കളുടെ ശേഖരംതന്നെയാണ് ഇവിടം. ഈ മാര്‍ക്കറ്റിലെ വീഥികളിലൂടെയായിരുന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇമാം നസാഇയെപ്പോലുള്ളവര്‍ നടന്നുപോയിരുന്നത്. ഇവിടത്തെ ഭോജനശാലകളിലിരുന്നായിരുന്നു അവര്‍ വിശപ്പടക്കിയിരുന്നത് ചരിത്രങ്ങള്‍ നമ്മെ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കും, എത്ര ക്ഷീണിച്ചാലും അവ നമ്മില്‍ കൗതുകത്തിന്റെ പുതു നാമ്പുകള്‍ നിക്ഷേപിച്ചു കൊണ്ടേയിരിക്കും.

ഈ നീണ്ട നടത്തത്തിനിടയില്‍ മാത്രം എത്രയോ ചരിത്രങ്ങളാണ് ഓര്‍ത്തോര്‍ത്തിരിക്കാനുള്ളത്. ഓരോ ഇടവഴികളിലും നിറഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അവക്ക് നിറം പകരുന്ന ആര്‍ക്കിടക്ചറുകള്‍. ഈ തെരുവ് നേരെ നയിക്കുന്നത് അസ്ഹറിന്റെ പിന്നാമ്പുറത്തേക്കാണ്. അതിനിടക്ക് തെരുവ് കഴിഞ്ഞാല്‍ അസ്ഹറിലേക്കുള്ള പ്രവേശനകവാടത്തിനടുത്തു തന്നെയുള്ള അല്‍ മദ്‌റസത്തുല്‍ ഐനിയ്യയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

ഇനിയങ്ങോട്ട് അസ്ഹറെന്ന മഹാലോകമാണ്. മക്ക മുസ്‌ലിംകളുടെ ആരാധനക്കുള്ള കിബ്‌ലയാണെങ്കില്‍ അസ്ഹര്‍ മുസ്‌ലിം വിജ്ഞാനത്തിന്റെ കിബ്‌ലയായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. ഞാന്‍ അസ്ഹര്‍ പള്ളിയുടെ അടുത്തേക്ക് നടന്നു. അതിഗംഭീരമായൊരു നിര്‍മിതി. പഴമയുടെ എല്ലാവിധ തനിമയും നിലനിര്‍ത്തിക്കൊണ്ട് അവയങ്ങനെ തലയുയര്‍ത്തിനില്‍ക്കുകയാണ്. അതീവ മനോഹരമായ ഒരു സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗം കൂടിയാണ് അസ്ഹര്‍. മുമ്പ് ഇമാം ബദ്‌റുദ്ദീന്‍ ഐനിയുടെ ദര്‍സിലിരിക്കുന്ന അസ്ഖലാനിയെയാണ് നമ്മള്‍ കണ്ടതെങ്കില്‍, ഇവിടെ ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ദര്‍സിലിരിക്കുന്ന ബദ്‌റുദ്ദീന്‍ ഐനിയെയാണ് കാണാന്‍ സാധിക്കുക. വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിക്ക് വിശദീകരണ ഗ്രന്ഥം രചിച്ചിട്ടുണ്ട് രണ്ടു പേരും.
ഇതൊരു വ്യത്യസ്തമായ ചിത്രമാണ്, ഗുരുവിന്റെ സദസ്സിലിരിക്കുന്ന ശിഷ്യനാണ് നമ്മുടെ പൊതു ബോധത്തിലെങ്കില്‍ അസ്ഹര്‍ നിങ്ങള്‍ക്കത് തിരുത്തിത്തരും. ശിഷ്യന്റെ സദസ്സില്‍ വിദ്യാര്‍ഥിയായി ഗുരുവിരിക്കുന്ന വലിയൊരു ഉള്‍കൊള്ളലിന്റെ ചരിത്രം അസ്ഹര്‍ നമുക്ക് പറഞ്ഞുതരും.
പള്ളിയുടെ ഓരോ മൂലകളും പല പേരുകളിലുമാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിരുന്നെത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കായി അല്‍ അഹ്‌സര്‍ വാതില്‍ തുറന്നിട്ടുകൊടുത്തു. ഒരു ഭാഗം ശാമിനാണെങ്കില്‍ മറ്റൊരു ഭാഗം ഇറാഖിനാണ്. ഇതൊന്നുമല്ല കൗതുകം ഇവിടെ ഇന്ത്യക്കുമുണ്ട് ഒരു ഭാഗം, ആ ഭാഗത്തിരുന്നായിരിക്കണം മലയാളിയായ സൈനുദ്ദീന്‍ മഖ്ദൂമും മറ്റു പല പ്രമുഖരും അറിവ് നുകര്‍ന്നത്. ഇമാം സഖാവിയില്‍നിന്ന് തുടങ്ങി ഇബ്‌നു ഖല്‍ദൂനോളം നീളുന്ന ഒരു വലിയ നിര പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൂടി അസ്ഹറിന്റെ ഭാഗമാണ്. ഇമാം ഹാഫിളുല്‍ ഇറാഖിയും ഇബ്‌നു ഹജറില്‍ അസ്ഖലാനിയുമെല്ലാം ഇവിടെ അധ്യാപകര്‍ കൂടിയായിരുന്നു.
ഹിജ്‌റ അറുനൂറുകള്‍ക്കുള്ളില്‍ മാത്രം ഇത്ര വലിയ പണ്ഡിത ലോകത്തെ സംഭാവന ചെയ്യാന്‍ അസ്ഹറിന് സാധിച്ചുവെന്നത് വലിയ കാര്യംതന്നെയാണ്. മാത്രവുമല്ല, കാലങ്ങളോളം ഈജിപ്തിലെയും മറ്റിതര മുസ്‌ലിം രാജ്യങ്ങളിലെയും മുസ്‌ലിംകളുടെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലിടപെടാന്‍ ശൈഖുല്‍ അസ്ഹറുമാര്‍ക്ക് സാധിച്ചിരുന്നു. ഈജിപ്തിലെത്തിയതില്‍ പിന്നെ വിശ്രമിക്കാന്‍ തോന്നിയിട്ടില്ല. അത്രമാത്രമുണ്ട് കണ്ടു തീര്‍ക്കാന്‍.

അതിനിടയിലാണ് ഇമാം ശാഫിയുടെ(റ) മഖ്ബറ കാണാന്‍ അതിയായി ആഗ്രഹിക്കുന്നത്. ഇമാം ശാഫിയെ(റ) കണ്ട് സലാം പറയണമെന്നത് മുന്നേ കരുതിയിരുന്നത് തന്നെയായിരുന്നു. നടന്നു വേണം മഖ്ബറയില്‍ പോകാന്‍, അതു തന്നെ മരിച്ചവരുടെ നഗരത്തിലൂടെ വേണം പോകാന്‍. എങ്കിലേ ശാഫി ഇമാമിന്റെ മഖ്ബറയിലെത്തൂ. മുഖത്തര്‍ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന മഖ്ബറയിലെത്തുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. എത്ര മാത്രം കഥകളാണ് ഈ മഹാനുഭാവനെക്കുറിച്ച് കേട്ടിരിക്കുന്നത്. എത്രമാത്രം തവണയാണ് ഇവരെ ഓര്‍ത്തോര്‍ത്തിരുന്നത്.

ഇമാം ശാഫിയുടെ(റ) ഓരത്ത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഉസ്താദ് വഖീഉം വഫാത്തായി കിടക്കുന്നത്. ഒരു വലിയ കലാനുഭവം തന്നെയാണ് ഇമാം ശാഫി(റ) മഖ്ബറ. മഹാനുഭാവന്റെ ഖുബ്ബക്ക് മുകളില്‍ ലോഹനിര്‍മിതമായ ഒരു കപ്പല്‍ കൊത്തിവെച്ചതായി കാണാം. ഭാവനാത്മകമായ ഒരു നിര്‍മ്മിതി തന്നെയാണ് അത്. വിജ്ഞാനത്തിന്റെ കടലിനുമുകളില്‍ യാത്ര തിരിക്കുന്ന ഒരു കപ്പലിന്റെ പ്രതീകമാണ് സാരം.

ഇമാം ശാഫി(റ) മഖ്ബറയും കടന്നിറങ്ങിയത് മരിച്ചവരുടെ നഗരത്തിലേക്കാണ്. ഏകദേശം ഏഴുമൈലോളം ദൂരത്തില്‍ ഈ മരിച്ചവരുടെ നഗരം തന്നെയാണ് ഓരോ കുടുംബത്തിനും ഓരോ പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. രാജാക്കന്മാര്‍ തുടങ്ങി ഒട്ടനവധിയാളുകള്‍ ഇവിടെ അന്ത്യ വിശ്രമം ചെയ്യുന്നു. മഖ്ബറയില്‍ നിന്ന് അധികം ദൂരത്തല്ലാതെ തന്നെയാണ് ഇമാം ഇബ്‌നു ഹജറിന്റെ ഖബറും സ്ഥിതി ചെയ്യുന്നത്. ചില സന്ദര്‍ശനങ്ങള്‍ നമ്മെ കരയിപ്പിക്കും. അവരുടെ ഓര്‍മകളില്‍ നാം മതിഭ്രമിക്കും. മരിച്ചേറെ കഴിഞ്ഞിട്ടും ജീവിക്കുന്ന ആ പൈതൃകങ്ങളോട് എന്തെന്നില്ലാത്ത ബഹുമാനമാണ്. അതിനിടയിലാണ് ലൈസി(റ)ന്റെ മഖ്ബറക്കരികിലെത്തുന്നത്.

ലൈസ്(റ) തങ്ങളുടെ മഖ്ബറക്കരികിലെത്തിയാല്‍ ആര്‍ക്കും ചായയും റൊട്ടിയും കിട്ടും. ഒരു വലിയ പണ്ഡിതനെന്നതില്‍ കവിഞ്ഞ് ഈജിപ്തിലെ ധനാഢ്യന്‍ കൂടിയായിരുന്നു ലൈസ്(റ). മഹാനവറുകളുടെ വസ്വിയത്തായിരുന്നുവെത്ര തന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ വരുന്നവരെയെല്ലാം വിരുന്നൂട്ടണമെന്നത്. കാലമിത്ര കഴിഞ്ഞിട്ടും ആ മഹാനുഭാവന്റെ വസ്വിയ്യത്ത് അഭംഗുരം നിറവേറ്റപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതീവ ധര്‍മിഷ്ടനായിരുന്ന ഇമാം ലൈസ്(റ) തങ്ങളുടെ അഥിതിയായിരിക്കുന്ന സമയം മറ്റെന്തിനെക്കാളുമേറെ ഹൃദയഹാരിയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട ഈജിപ്തിലെ പഠനകാലത്തിനിടയില്‍ അവിടുത്തെ സാധാരണക്കാരുമായി ഇടപഴകാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യം തന്നെയാണ്. മറ്റെവിടെയും കാണാത്ത പല പ്രത്യേകതകളുമുള്ള ജനങ്ങളുടെ നാടാണ് ഈജിപ്ത്. അടികൂടുമ്പോള്‍ പോലും പുഞ്ചിരിക്കുന്ന അപൂര്‍വ്വം മനുഷ്യരുള്ള ഒരേയൊരു നാട്. ഇസ്‌ലാമിക വിശ്വാസങ്ങളോട് ഇവര്‍ പുലര്‍ത്തുന്ന ആത്മ ബന്ധം വളരെയേറെയാണ്. ഇവിടുത്തെ സാധാരണ ജനജീവിതം രണ്ട് തലങ്ങളായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ആദ്യമായി അവരും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രണ്ടാമതായി അവരും നബിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ്.

വിശുദ്ധ ഖുര്‍ആന്‍ ഏതെങ്കിലും പ്രത്യേക സമയത്ത് മാത്രം ഓതിവരുന്ന ഒരു സമ്പ്രദായമല്ല ഈജിപ്തിലുള്ളത്. അവരുടെ ഊണിലും ഉറക്കിലും വിശുദ്ധ ഖുര്‍ആന്റെ ഈരടികള്‍ കേള്‍ക്കാം എന്തിനധികം കഫേകളില്‍നിന്നും മാര്‍ക്കറ്റുകളില്‍നിന്നുമെല്ലാം ഒഴുകി വരുന്ന ഈണങ്ങളിലുമെല്ലാം വിശുദ്ധ ഖുര്‍ആനെ കേള്‍ക്കാം. ഒരിക്കല്‍ ഭക്ഷണം കഴിക്കാനായി ഞാനും സുഹൃത്തുക്കളും കഫേയില്‍ കയറിയതായിരുന്നു. അതിനിടയില്‍ അവിടത്തെ ഒരു വെയിറ്റര്‍ വന്ന് ഞങ്ങളോട് നിങ്ങള്‍ ഇന്ത്യക്കാരാണോ എന്നും, നിങ്ങളില്‍ ആരെങ്കിലും ഹാഫിളീങ്ങളുണ്ടോ എന്നും ചോദിച്ചു. ഞാന്‍ ഒന്നു മൂളി. ഉടനെ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍, എന്നാല്‍ ഞാന്‍ ഒന്ന് ഓതിത്തരട്ടേയെന്നായി. ഞാന്‍ സമ്മതിച്ചു, വിശുദ്ധ ഖുര്‍ആനിലെ ത്വാഹാ സൂറത്തായിരുന്നു അദ്ദേഹം എന്നെ ഓതിക്കേള്‍പ്പിച്ചത്. ഓതിക്കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ ആത്മീയാനുഭൂതി മുഖത്തില്‍നിന്നുതന്നെ വായിച്ചെടുക്കാം, അത്രമാത്രം സന്തോഷവാനായിരുന്നു അദ്ദേഹം.
ഈജിപ്തുകാര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുക എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ മനപ്പാഠമാക്കുക മാത്രമല്ല ലക്ഷ്യം. അതിനപ്പുറത്ത് അവര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ വ്യത്യസ്ത രിവായാത്തുകളെയും ഖിറാആത്തുകളെയും മഖാമാത്തുകളെയുമെല്ലാം അറിയാം. അവര്‍ ശൈലിയും രീതിയുമെല്ലാം മാറ്റി ആയത്തുകള്‍ ഉരുവിട്ടുകൊണ്ടേയിരിക്കും. മറ്റൊരിക്കല്‍ എന്റെ ശൈഖായ മഹ്‌മൂദുല്‍ ഖവാരിയെ സന്ദര്‍ശിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയ സന്ദര്‍ഭം, ശൈഖ് ചില തിരക്കുകളിലായിരുന്നതിനാല്‍ തന്നെ കുറച്ച് സമയം പുറത്തിരിക്കാമെന്ന്‌വെച്ചു. അതിനിടയിലാണ് ചായയും കൊണ്ട് അവിടത്തെ ഒരു പ്യൂണ്‍ വരുന്നത്.

അദ്ദേഹം ചായ കൊണ്ടു തന്ന് നേരെ കാര്യത്തിലേക്ക് കടന്നു. എനിക്ക് നാട്ടില്‍ ഇന്ന് ഒരു ഇമാമത്ത് ഉണ്ട്. വള്ളുഹാ സൂറത്താണ് ഞാന്‍ ഓതാന്‍ ഉദ്ദേശിക്കുന്നത് രണ്ട് ശൈലികള്‍ എനിക്കറിയാം, അതില്‍ ഏത് ശൈലിയാണ് നല്ലത് എന്ന് ചോദിച്ച് രണ്ടും ഞങ്ങളെ ഓതിക്കേള്‍പ്പിച്ചു. ഇത്ര സാധാരണക്കാര്‍ പോലും എങ്ങനെയാണ് മാസ്മരികമാം വിധം ഖുര്‍ആനെ സമീപിക്കുന്നതെന്നത് ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു.
സഈദ്ക്കയെക്കൂടി പറയാതെ ഇതവസാനിപ്പിക്കാന്‍ പറ്റുമെന്ന് കരുതുന്നില്ല. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള കോഴിപ്പീടികക്കാരനാണ് സഈദ്, പ്രായം ഒരു പാട് പിന്നിട്ടിട്ടുണ്ട്, താടി മുഴുവന്‍ നരതിന്നിരിക്കുന്നു പക്ഷേ, അദ്ദേഹം ഉത്സാഹിയായിരുന്നു. ഞങ്ങള്‍ക്കദ്ദേഹം സൂറത്തുറഹ്‌മാനിലെ ചില ഭാഗങ്ങള്‍ അത്രയും സൂക്ഷ്മമായും, തെറ്റുകളില്ലാതെയും ഓതിത്തന്നു. എന്തു പറയണമെന്നറിയാതെ ഞങ്ങള്‍ ഒരു നിമിഷം നിര്‍ന്നിമേഷരായി. അദ്ദേഹത്തോട്എവിടെനിന്ന് പഠിച്ചു വിശുദ്ധ ഖുര്‍ആന്‍ എന്നു ചോദിച്ചു. റേഡിയോയില്‍ നിന്നും വായിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ ഈരടികളാണത്ര ഇവരുടെ ജീവിതത്തില്‍ ഖുര്‍ആനെ ഇത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചത്. ഇതിനകം ഞാന്‍ വ്യത്യസ്തമായി എത്ര എത്ര ആളുകളെയാണ് കണ്ടു മുട്ടിയത്.

ബസ്സില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പലരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ പോലും ഖുര്‍ആനോട് പുലര്‍ത്തുന്ന സൂക്ഷ്മത അസൂയാവഹമാണ്. ചെറു മുസ്ഹഫുകള്‍, ഏടുകള്‍ പോലെ സൂക്ഷിക്കാനുതകുന്ന രീതിയിലുള്ള ഗ്രന്ഥങ്ങള്‍ ഇവയെല്ലാം ഇവരുടെ നിത്യ ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഇതെല്ലാം കാണുമ്പോള്‍് ‘ ഖുര്‍ആന്‍ അവതരിച്ചത് ഹിജാസിലാണെങ്കില്‍, എഴുതുന്നത് ഇറാഖിലാണ്, പക്ഷേ, ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യപ്പെടുന്നത് മിസ്‌റിലാണ്’ എന്ന പഴമൊഴി എത്രമാത്രം യാഥാര്‍ഥ്യമാണ് എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.
ഒരു ഹദീസ് ക്ലാസില്‍ പങ്കെടുക്കുന്നതിനിടയില്‍ യാദൃശ്ചികമായിട്ടായിരുന്നു അവിടെ നടന്നിരുന്ന ഒരു വലിയ പരിപാടി വീക്ഷിക്കാന്‍ അവസരം ലഭിച്ചത്. അമ്പത് പിന്നിട്ട പ്രായമേറെ ചെന്ന ഒരു സ്ത്രീ ഖുര്‍ആന്‍ മനപാഠമാക്കിയതിന്റെ അവസാന ദൗറ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭമായിരുന്നു അത്. റേഡിയോയിലൂടെ മാത്രം കേള്‍ക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരികമായ ആനന്ദത്തിലൂടെയാണ് അവര്‍ ഖുര്‍ആന്‍ മനപാഠമാക്കുന്നത്.
ഇത് കണ്ട സമയത്ത്, പതിനാലാം വയസ്സില്‍ ഞാന്‍ ഖുര്‍ആന്‍ മനപാഠമാക്കി പൂര്‍ണമായി ഓതിക്കൊടുക്കുന്ന സന്ദര്‍ഭമാണ് എനിക്കോര്‍മ്മവന്നത്. അതിനേക്കാള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ വേറെയില്ല എന്നു തന്നെ പറയാം. അന്നെനിക്ക് പഠിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ആലോചനയുമില്ലാതിരുന്ന സമയമാണ്. ഈ സ്ത്രീ എത്രമാത്രം വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയായിരിക്കും വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയിട്ടുണ്ടാവുക. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍, ഇതിനിടയില്‍ സംഭവിക്കുന്ന ശാരീരികമായ പ്രയാസങ്ങള്‍ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യം തന്നെയാണ്. ഇവര്‍ എത്രമാത്രം ആനന്ദിക്കുന്നുണ്ടാകുമെന്ന് ഞാന്‍ മനസ്സില്‍ കരുതി.
ഇവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും അറിവിലേക്കായി ഓടിയടുക്കുകയാണ്. വലുപ്പച്ചെറുപ്പമില്ലാതെ അവയങ്ങനെ തുടരുന്നു.

റേഡിയോയില്‍ നിന്നുയരുന്ന മഹ്‌മൂദ് ഖലീലിന്റെ മധുരമുള്ള ഈരടികള്‍ എത്രമാത്രം ഹൃദയങ്ങളെയാണ് വിശുദ്ധ ഖുര്‍ആനിലേക്കടുപ്പിച്ചത്. അവയങ്ങനെ ഇടതടവില്ലാതെ കേട്ടുകൊണ്ടേയിരിക്കും.
ഈജിപ്തിലെ ഖുര്‍ആന്‍ വിശേഷങ്ങള്‍ ഇനിയും തീരുമെന്ന് കരുതുന്നില്ല, അസ്ഹര്‍ പള്ളിക്കടുത്തുള്ള മറ്റൊരു പള്ളിയാണ് ഇമാം ഹുസൈന്‍ പള്ളി. ആ പള്ളിയില്‍ സ്ഥിരമായി കാണുന്ന ഒരു ഭിക്ഷക്കാരനുണ്ട്, ആളൊരു ഭിന്നശേഷിക്കാരനാണ് പക്ഷേ, വളരെ ഈണത്തില്‍ അതീവ സാവധാനം അദ്ദേഹം ഓതുന്ന ഖുര്‍ആന്‍ പാരായണം കേട്ടിരുന്നു പോകും.
അവരുടെ ജീവിതത്തിന്റെ മറ്റൊരു തലം പ്രവാചകരോടുള്ള അനുരാഗത്തിന്റേതാണ്. അത്യധികം നബിയോട് ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഈജിപ്തുകാര്‍. നബിയെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ ഇവരുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങും, പറയാനുള്ള കാര്യമെന്തെങ്കിലും മറന്ന് പോയാല്‍ അവരുടനെ നബിയിലേക്ക് സ്വലാത്ത് ചൊല്ലും. രണ്ടാളുകള്‍ക്കിടയില്‍ അടിനടന്നാല്‍ അതിന് പലപ്പോഴും മധ്യസ്ഥത വഹിക്കുന്നത് സ്വലാത്ത് ചൊല്ലിയിട്ടാണ്. സ്വലാത്ത് ചൊല്ലിയാല്‍ പിന്നെ അവര്‍ അടി നിര്‍ത്തും, മധ്യസ്ഥചർച്ചയിലേക്ക് കടക്കും.
റബീഉല്‍ അവ്വല്‍ ഇവിടുത്തുകാര്‍ക്ക് ശരിക്കുമൊരു വസന്ത കാലമാണ്. അതിനായി നബിയുടെ സീറകള്‍ പറയുന്ന ചില കിതാബുകള്‍ അവര്‍ പ്രത്യേകമായി തെരഞ്ഞെടുക്കും. ശമാഇലു തിർമിദി പോലുള്ള ഗ്രന്ഥങ്ങൾ അവയിൽ പ്രധാനമാണ്. അവമുഴുവന്‍ പാരായണം ചെയ്യുകയും ചെയ്യും. അതില്‍ പ്രധാനമാണ് നബിയെ വിവരിക്കുന്ന നാല്‍പത് ഹദീസുകളുള്ള ഒരു ഗ്രന്ഥം. അവര്‍ വിപുലമായി വായിക്കാറുണ്ട്. വെറുതെ വായിക്കുകമാത്രമല്ല, പലപ്പോഴും അവിടങ്ങളില്‍ അതിനുള്ള ഇജാസത്തുകള്‍ നല്‍കപ്പെടുകയും ചെയ്യും. അസ്ഹറില്‍ എല്ലാ വര്‍ഷവും റബീഉല്‍ അവ്വലില്‍ ഒരു തുറാസി ഗ്രന്ഥം അതി വിപുലമായ രീതിയില്‍ ദര്‍സെടുക്കും, സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍ അവിടെ തടിച്ചു കൂടും. ഇസ്‌ലാമില്‍ എല്ലാവരും വിദ്യാര്‍ത്ഥികളാണ്, സാധാരണക്കാരനും, ഗുരുവും, വൃദ്ധരുമെല്ലാം ഒരേ ദിശയില്‍ തന്നെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
സാധാരണമായ ഈജിപ്ഷ്യന്‍ പ്രതിനിധാനങ്ങളില്‍ നിന്ന് മാറിയുള്ള ഒരു ഈജിപ്തിനെയാണ് ഈജിപ്തില്‍ കഴിഞ്ഞിരുന്ന വര്‍ഷങ്ങളിലെല്ലാം ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ പിരമിഡുകളിലേക്കുള്ള യാത്രകള്‍ എന്നെ ഹരം പിടിപ്പിച്ചിരുന്നില്ല. പിരമിഡുകള്‍ വളരെ അധികമല്ലാത്ത സ്ഥലത്തായിരുന്നിട്ട് കൂടി അവയെ സന്ദര്‍ശിക്കുന്നത് ഈയടുത്താണ്. ഈ കാണുന്ന കെട്ടിടങ്ങളെക്കാള്‍ കൂടുതല്‍ അവിടങ്ങളില്‍ വിദ്യ നുകര്‍ന്ന ആളുകള്‍, അവിടേക്ക് സഞ്ചരിച്ച ആളുകള്‍ അവരായിരുന്നു എന്നെ ജീവിപ്പിച്ചു കൊണ്ടേയിരുന്നത്.
Add comment