Thelicham

മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയസംഘര്‍ഷങ്ങളും സംഘര്‍ഷങ്ങളുടെ രാഷ്ട്രീയവും

ഉത്തരാഫ്രിക്കന്‍/ പശ്ചിമേഷ്യന്‍ മുസ്‌ലിം രാജ്യങ്ങളിലെ സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള മാധ്യമ മാധ്യമേതര വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വാക്കാണ് ‘വിഭാഗീയത’. എല്ലാവര്‍ക്കും ഏറെ പരിചിതമായ വംശപരമോ വര്‍ഗപരമോ പ്രാദേശികപരമായോ ആയ വിഭാഗീയതയല്ല. മറിച്ച് ഇസ്‌ലാമിനകത്തു തന്നെയുള്ള സുന്നി ശിയാ വിഭാഗങ്ങള്‍ക്കിടയിലെ മത/വിശ്വാസപരമായ വിഭാഗീയതയാണ് പൊതുവ്യവഹാരങ്ങളിലും കൂടുതലായി കാണുന്നത്. വിഭാഗീയത (ലെരമേൃശമിശാെ) എന്ന വാക്കിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവര്‍ത്തനം കൈവരുന്നതെന്നും പ്രാദേശിക-വര്‍ഗപര-വംശപര വിഭാഗീയതകളെയും വ്യത്യാസങ്ങളെയും അദൃശ്യമാക്കി സുന്നി-ശിയാ വിഭജനം കൂടുതല്‍ പറയുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും രസതന്ത്രം എന്താണെന്നും അന്വേഷിക്കേണ്ടതുണ്ട്.
ആയിരത്തി അഞ്ഞൂറ് വര്‍ഷത്തെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ സുന്നി, ശിയാ വിഭാഗീയ സംഘര്‍ഷത്തിന്റെ രേഖാപരമായ വികാസം നമുക്ക് കാണാന്‍ കഴിയില്ലെന്നു ജോസഫ് ശാക്തി ( (Joseph Schact)നെ പ്പോലുള്ള ഒറിയന്റലിസ്റ്റുകള്‍ തന്നെ എഴുതിയിട്ടുണ്ട്.
ഇറാനും സൗദി അറേബ്യക്കുമിടയിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കടുത്ത ശത്രുതക്കും കിടമത്സരങ്ങള്‍ക്കും, ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ സുന്നി, ശിയ വിഭജനവുമായി യാതൊരു ബന്ധവുമില്ലെന്ന് ശിയാ നേതാവ് നിംര്‍ അല്‍ നിംര്‍ അടക്കം 47 പേരെ തീവ്രവാദ ബന്ധം ചുമത്തി സൗദി അറേബ്യ തൂക്കിലേറ്റിയ സംഭവത്തെത്തുടര്‍ന്നുണ്ടായ വിഭാഗീയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് ഹാമിദ് ദബാഷി എഴുതിയിരുന്നു.
പടച്ചുണ്ടാക്കിയ സുന്നി-ശിയ/ അറബ്-പേര്‍ഷ്യന്‍ സമകാലിക വിഭജന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഴത്തില്‍ വേരൂന്നി നിലനിന്നിരുന്ന പരസ്പര സഹവര്‍ത്തിത്വത്തെ, മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവേചനമന്യേ ലോകത്തെമ്പാടും നിന്നുമുള്ള മുസ്‌ലിം കലാവസ്തുക്കളിലൂടെ ദബാശി ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ടൊറന്റോയിലെ മിഡില്‍ ഈസ്റ്റ് പൊളിറ്റിക്കല്‍ അനലിസ്റ്റായ മുര്‍തസ ഹുസൈന്‍ പറയുന്നു, ‘ആയിരത്തി നാനൂറ് വര്‍ഷത്തോളമായി നിരന്തര ശിയ, സുന്നി കലഹം നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കുന്ന അനവധി അവതരണങ്ങള്‍ ഇന്ന് കേള്‍ക്കാനുണ്ട്. ഇതു പ്രകാരം സമകാലിക വിഭാഗീയ സംഘര്‍ഷം, ഏഴാം നൂറ്റാണ്ടിലെ ചില സംഭവ വികാസങ്ങളില്‍ വേരൂന്നിയ പുരാതനമായ മത സംഘര്‍ഷങ്ങളുടെ കേവല തുടര്‍ച്ച മാത്രമാണ്. ഇത്തരം വാദഗതികള്‍ ചരിത്രത്തിന്റെ തെറ്റായ വായനയും വളച്ചൊടിക്കലുമാണ്. സുന്നികള്‍ക്കും ശിയാക്കള്‍ക്കും ഇടയില്‍ ദൈവശാസ്ത്രപരമായ/ വിശ്വാസപരമായ വ്യത്യാസങ്ങള്‍ വ്യക്തമായിതന്നെ നിലനില്‍ക്കുന്നണ്ടെന്നതു ശരിതന്നെ. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളും ചരിത്രത്തില്‍ പരസ്പരം കലഹിച്ചും നിരന്തരം പോരടിച്ചും മാത്രമേ നിലനിന്നിട്ടുള്ളൂവെന്ന വാദഗതി ശുദ്ധ അസംബന്ധമാണ്. മിഡില്‍ ഈസ്റ്റിലെ ചില സുന്നി, ശിയ രാഷ്ട്രീയ ഘടകങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങള്‍ക്ക്, മതപരമായ അഭിപ്രായന്തരങ്ങളുമായി യാതൊരു ബന്ധവുമില്ല. ആധുനിക സ്വത്വ രാഷ്ട്രീയത്തിലാണ് അതിന്റെ വേരുകള്‍ തിരയേണ്ടത്.
സൗദി എഴുത്തുകാരന്‍ അബ്ദുല്ല ഹമീദുദ്ദീന്റെ അഭിപ്രായത്തില്‍, മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ കലഹങ്ങളെ സുന്നി ശിയ വിഭാഗീയ പ്രശ്‌നമായി അവതരിപ്പിക്കുന്നത്, തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനുമിടയിലെ നിലവിലെ അസ്വാരസ്യങ്ങളുടെ വേര് ചാള്‍സ് രാജാവിന്റെയും ബൈസാന്റിയം രാജ്ഞിക്കുമിടയിലെ പുരാതന സംഘര്‍ഷങ്ങളില്‍ കണ്ടെത്തുന്നതു പോലെതന്നെ ശുദ്ധ അസംബന്ധമാണ്. സമകാലിക രാഷ്ട്രീയ വടം വലികളെ, യൂറോപ്യന്‍ ശക്തികള്‍ക്കിടയില്‍ ഒമ്പതാം നൂറ്റാണ്ടില്‍ നടന്ന സംഘര്‍ഷങ്ങളെ ഉപയോഗിച്ച് വിശദീകരിക്കുന്നത് വിഡ്ഢിത്തമാണ്. ഇത്തരത്തിലുള്ള ലളിത യുക്തികള്‍ തന്നെയാണ് മുസ്‌ലിം ലോകത്തെ സംഘര്‍ഷങ്ങളെ വിശദീകരിക്കാനും നിലവില്‍ പലരും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
വിദൂര ഭൂത(distant past))ത്തിന് സമകാലിക സാഹചര്യത്തില്‍ സമാനതകള്‍ ചികഞ്ഞെടുക്കുകയെന്നത് ലോകമെമ്പാടുമുള്ള രാഷ്ട്രീയ അവസരവാദികള്‍ കാലങ്ങളായി പയറ്റിപ്പോന്നിട്ടുള്ള ഒരു തന്ത്രമാണ്. ആധുനിക രാഷ്ട്രീയ ഘടകങ്ങള്‍ ദൈവശാസ്ത്രപരമായ അഭിപ്രായാന്തരങ്ങളിലേക്ക് സൂചന നല്‍കുമ്പോഴൊക്കെയും വിദൂര ഭൂതത്തില്‍ അധിഷ്ടിതമായ രൂപങ്ങളും സങ്കേതങ്ങളും ദുരുപയോഗപ്പെടുത്തുന്ന പ്രവണതയുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും പുരാതന ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ യഥാര്‍ഥമായ തുടര്‍ച്ചയുണ്ടെന്നു സ്ഥിരപ്പെടുന്നില്ല.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കൃത്യമായ ചരിത്ര വായനകളെ തിരിച്ചറിയാത്തതിനാലോ വളച്ചൊടിക്കപ്പെട്ട ചരിത്ര വായനകളെ തിരിച്ചറിയാത്തതിനാലോ മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഇത്തരം ആഖ്യാനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഇപ്പോള്‍ യമനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ നോക്കുക. അത് ശിയാക്കളിലെ സാമൂഹിക പ്രസ്ഥാനമായ ഹൂത്തികളും ബാക്കിവരുന്ന സുന്നികളും തമ്മിലുള്ള സംഘര്‍ഷമാണോ? വിശദമായ പഠനങ്ങള്‍ കാണിക്കുന്നത് മതം/വിഭാഗം (religion/sect) അവിടെ സാമൂഹിക വിഭജനത്തിന്റെ നിരവധി ഘടകങ്ങളില്‍ ഒന്നു മാത്രമാണെന്നാണ്. അതായത് വര്‍ഗം, പ്രദേശം, ഭൂമിശാസ്ത്രം, ഭരണകൂടം, ചരിത്രം തുടങ്ങിയ നിരവധി ഘടകങ്ങള്‍ തീര്‍ത്തെടുത്ത ഒന്നാണ് യമനിലെ വിഭാഗീയത. ഈ സാഹചര്യത്തില്‍ യമനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ നിര്‍മിച്ച ചില സുപ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് യമനിലെ വിഭാഗീയതയും സാമൂഹിക സംഘര്‍ഷങ്ങളും ശിയാ സുന്നി എന്ന ഘടകത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ലെന്നു മനസ്സിലാക്കാന്‍ സഹായിക്കും. ലോറന്‍സ് ജി. പോട്ടര്‍ എഡിറ്റ് ചെയ്ത Sectarian Politics in Persian Gulf (Hurst Publications, 2013) എന്ന പഠന സമാഹാരത്തിന്റെ ഭാഗമായി യമനിലെ സാമൂഹിക വിഭജനത്തിന്റെ കാരണങ്ങളന്വേഷിക്കുന്ന ഗവേഷകനാണ് ഖാലിദ് ഫത്താഹ്. ഫത്താഹ് യമനിലെ വിഭാഗീയതയുടെ മൂന്ന് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നു. 1) യമനി ഭരണകൂടത്തിന്റെ തകര്‍ച്ച. 2) മേഖലയില്‍ ഇപ്പോള്‍ രൂക്ഷമായ റിയാദ്-തെഹ്‌റാന്‍ വടംവലി. 3) സെപ്തംബര്‍ പതിനൊന്നിനു ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം മേഖലയില്‍ നടത്തിയ അധിനിവേശങ്ങളും തദ്ഫലമായുണ്ടായ രാഷ്ട്രീയ അസ്വസ്ഥതകളും.
യമനിലെ സാമൂഹിക വിഭജനം അതിന്റെ ഭൂമിശാസ്ത്രത്തില്‍ തന്നെ കാണാമെന്ന് ഫത്താഹ് പറയുന്നു. ഉത്തര യമനിലെ മലനിരകളില്‍, ഭരണകൂടത്തിന്റെ കണ്ണുകള്‍ക്ക് അധികം പിടികൊടുക്കാതെ, ശിയ സെയ്ദി വിശ്വാസം പുലര്‍ത്തുന്ന ഗോത്രവിഭാഗങ്ങള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. അവശേഷിക്കുന്ന ശിയ സെയ്ദികള്‍ കിഴക്കന്‍ യമനിലെ വരണ്ട ഭൂപ്രദേശത്തു താമസിക്കുന്നു. ഗോത്രജീവിതം നയിക്കുന്ന അലഞ്ഞു തിരിയുന്ന ശിയ സെയ്ദി ഗോത്രസമൂഹങ്ങള്‍ ഈ ഭൂമിശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. യമനിലെ ആകെ ജനസംഖ്യയുടെ 35-40 ശതമാനമാണ് ശിയാ സെയ്ദികള്‍. സുന്നി ശാഫികള്‍ തെക്കന്‍ യമനിലും യമനിലെ തീരപ്രദേശത്തും താമസിക്കുകയും വാണിജ്യ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.
സാമൂഹിക ഐക്യത്തിന്റെയും വിഭജനത്തിന്റെയും ഉപാധി യമനില്‍ ഭരണകൂടമല്ല മറിച്ച് ഗോത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. യമനില്‍ പ്രബലമായ നൂറ്റി എണ്‍പത്തിയഞ്ചോളം ഗോത്രങ്ങളാണുള്ളത്. അതു കൊണ്ട് തന്നെ ഭരണകൂടം ഗോത്രങ്ങളുമായി കരാര്‍ ഉണ്ടാക്കുകയാണ് പതിവ്. യമനിലെ ഭരണകൂടം അവിടുത്തെ ഏറ്റവും തകര്‍ന്ന സാമൂഹിക സ്ഥാപനമാണെന്നാണ് കണക്കുകള്‍ പറയുന്നത്. യമനികളുടെ ജീവിതത്തില്‍ ഒരിക്കലും സക്രിയമായി ഇടപെടാന്‍ സന്‍ആയിലെ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. 2000 ഒക്ടോബറിലും 2002 ഒക്ടോബറിലും യഥാക്രമം യു.എസ്, ഫ്രഞ്ച് എണ്ണക്കപ്പലുകള്‍ യമനി തീരത്ത് വെച്ച് ആക്രമിക്കപ്പെട്ടു. ഒരു വര്‍ഷം ഇരുപത്തിരണ്ടായിരം എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഏദന്‍ കടലിടുക്കിന്റെ സുരക്ഷയാണ് ഇപ്പോള്‍ യൂറോ അമേരിക്കന്‍ അച്ചുതണ്ടിന്റെ ഉറക്കം കെടുത്തുന്നതെന്ന് കാണാന്‍ വലിയ പ്രയാസമില്ല.
ലോറന്‍സ് ജി. പോട്ടര്‍ എഡിറ്റ് ചെയ്ത പഠനസമാഹാരത്തിന്റെ ഭാഗമായി ആഭ്യന്തര യുദ്ധാനന്തര ഇറാഖിലെ വിഭാഗീയത ബന്ധങ്ങളെയും (sectarian relations) സുന്നി സ്വത്വത്തെക്കുറിച്ചും പഠിക്കുന്ന ഗവേഷകനാണ് ഫനര്‍ ഹദ്ദാദ്. ദേശീയത, അധികാരം എന്നിവയുമായി ആഴത്തില്‍ ബന്ധപ്പെട്ടുക്കിടക്കുന്നതും സ്വത്വം, ദേശം, രാഷ്ട്രം എന്നിവയുടെ മാത്സര്യ ചിഹ്നങ്ങള്‍, ആഖ്യാനങ്ങള്‍ എന്നിവയില്‍ പ്രകടമാവുന്നതുമായ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ മത്സരത്തിന്റെ ഒരു രൂപമായിട്ടാണ് വിഭാഗീയത ബന്ധങ്ങളെ മനസ്സിലാക്കേണ്ടതെന്ന് ഹദ്ദാദ് കരുതുന്നു. വിഭാഗീയത സ്വത്വം (Sectarian Identity) പൊതുവെത്തന്നെയും ഇറാഖിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, ദേശീയ സ്വത്വത്തില്‍ നിന്നും വേര്‍ത്തിരിക്കാന്‍ കഴിയില്ലെന്ന് ഹദ്ദാദ് പറയുന്നു. സുന്നി ഇറാഖികള്‍ക്കും ശിയാ ഇറാഖികള്‍ക്കുമിടയിലെ കിടമത്സരങ്ങള്‍, ചരിത്രപരമായ ദേശീയ ഓര്‍മകളുമായും (Natioanl Historical Memories) ദേശരാഷ്ട്രത്തിന്റെ ഉടമസ്ഥത, അതിന്മേലുള്ള അവകാശം എന്നിവക്കുവേണ്ടിയുള്ള വടംവലികളുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, സുന്നി ശിയ വിഭാഗീയ കലഹങ്ങള്‍ക്കൊന്നും തന്നെ ദൈവശാസ്ത്രവുമായും (Theology) കര്‍മശാസ്ത്രവുമായും ഇസ്‌ലാമിക-ചരിത്രപരമായ ഓര്‍മകളുമായിപ്പോലുമോ (Islamic Historical Memories) യാതൊരു ബന്ധവുമില്ല. മറിച്ച്, അവ എല്ലാ അര്‍ഥത്തിലും ദേശ രാഷ്ട്രത്തിനകത്തെ അധികാര വിന്യാസങ്ങളുമായും ദേശീയ ഇടത്തിന്മേലുള്ള വിഭിന്ന വീക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റി ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മിഡില്‍ ഈസ്റ്റ് സ്റ്റഡീസിനു കീഴിലെ പൊമെപ്‌സ് പൊജക്ട് (The Project on Middle East Political Science-POMEPS)) ഡയറക്ടര്‍ ആണ് മാര്‍ക് ലിഞ്ച്. പൊമെപ്‌സ് ബ്രീഫിംഗ് 21, പൊളിറ്റിക്‌സ് ഓഫ് സെക്ടേറിയനിസത്തില്‍ ലിഞ്ച് നിരീക്ഷിക്കുന്നതിങ്ങനെയാണ്: സുന്നി, ശിയാ സംഘര്‍ഷത്തിനും ഇതുസംബന്ധിയായ അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ക്കും മതപരമായ ഭിന്നതകളുമായോ 1400 വര്‍ഷത്തെ ഇസ്‌ലാമിക ചരിത്രവുമായോ ബന്ധമുണ്ടെന്ന് പറയാനാകില്ല. മറിച്ച്, സ്വത്വരാഷ്ട്രീയത്തിന്റെ ഒരു സാമ്പ്രദായിക ഉദാഹരണമായിട്ടാണ് ഇതിനെ കാണേണ്ടത്. സ്വാര്‍ഥ താല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മതപരമായ വിഭാഗീയതകളെയും ഭിന്നതകളെയും ചൂഷണം ചെയ്യാന്‍ പാകത്തില്‍ സുഗമമായി ലഭ്യമായ ഇടമാണല്ലോ ഐഡന്റിറ്റി പൊളിറ്റിക്‌സ്.
1990കളില്‍ പഴയ യൂഗോസ്ലാവിയയെ കടിച്ചു കീറിയ വംശീയ മതകീയ ധ്രുവീകരണവുമായി ഇതിന് ഒരുപാട് സമാനതകള്‍ കാണാനാകുന്നുണ്ട്. ബഹ്‌റൈനിലെയും സിറിയയിലെയും വിഭാഗീയ ധ്രുവീകരണങ്ങള്‍, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ഇസ്‌ലാമിസ്റ്റ്-സെകുലറിസ്റ്റ് ധ്രുവീകരണത്തിന്റെ മാതൃകകള്‍ തന്നെ പിന്‍പറ്റുന്നുണ്ട്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിഭാഗീയതയെ ഉയര്‍ത്തിവിടുന്ന ദുശക്തികള്‍ക്ക് തന്നെ നിയന്ത്രിക്കാനാകാത്ത തോതില്‍ വളരുന്നുണ്ടെങ്കില്‍ കൂടി, ഇന്നത്തെ വിഭാഗീയതയും തുടര്‍ സംഘര്‍ഷങ്ങളും ആത്യന്തികമായി രാഷ്ട്രീയപരം തന്നെയാണ്.
വിഭാഗീയ സംഘര്‍ഷങ്ങള്‍ ശക്തരായ ഭരണാധികാരികളുടെ ചരിത്രംകുറിച്ച വീഴ്ചയോടുള്ള പ്രകൃതിപരവും സ്വാഭാവികവുമായ പ്രതികരണമായിരുന്നില്ല. ദുഷിച്ച കാലത്ത് അടിയന്തരമായി തുടച്ചു നീക്കേണ്ട വിഭാഗീയതയെ ഫലപ്രദമായ ഒരായുധമായി മേഖലയിലെ പല വന്‍തോക്കുകളും മനസ്സിലാക്കിയിട്ടുണ്ടെന്ന് ലിഞ്ച് പറഞ്ഞുവെക്കുന്നു. അഥവാ വിഭാഗീയ സ്വത്വങ്ങള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗിക്കപ്പെടും.
ബഹ്‌റൈനും സൗദി അറേബ്യയും ‘ശിയാ ഭീഷണി’യെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെ രാജ്യത്തിനകത്തുനിന്നുള്ള എതിര്‍ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അസാധുവാക്കുന്നതിനെക്കുറിച്ച് റ്റോബി മാറ്റ്ഹീസന്‍ (Toby Matthiesen) വിവരിക്കുന്നുണ്ട്. സൗദി നേതൃത്വത്തിലുള്ള പാന്‍ അറബ് മാധ്യമസാമ്രാജ്യം ഈ ആഖ്യാനത്തെ പ്രചരിപ്പിക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫെലോ ജെനീവ് അബ്ദോ (Geneive Abdo) യുടെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. ”മുസ്‌ലിംകള്‍ക്കും പടിഞ്ഞാറിനുമിടയിലെ വിശാലാര്‍ഥത്തിലുള്ള സംഘര്‍ഷത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ സുന്നി, ശിയാ വിഭജനം പ്രതിഷ്ഠിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ ‘ഫലസ്ഥീന്‍ അധിനിവേശം’ അറബ് രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രചാലക ശക്തിയും നിര്‍ണായക ഘടകവുമായ നിലവിലെ അവസ്ഥയിലും മാറ്റമുണ്ടായേക്കാം. ഇത് ക്രമേണ ഭാവിയില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ മുഴുക്കെയുള്ള ഫലസ്ഥീന്‍ അനുകൂല ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ മാറ്റം വരുത്തിയേക്കാം. അഥവാ ഫലസ്ഥീന്‍ വിഷയം ഒരിക്കലും ചര്‍ച്ചയാകാത്ത തരത്തിലുള്ള ഒരു അറബ് പൊളിറ്റിക്‌സ് രൂപപ്പെട്ടേക്കാം.”
സുന്നികള്‍ക്കും ശിയാക്കള്‍ക്കുമിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടെന്ന് ചിലര്‍ വാദിക്കുന്ന സംഘര്‍ഷാവസ്ഥ, 1979ലെ ഇറാന്‍ വിപ്ലവം, പെട്രോ ഡോളറിന്റെ പിന്തുണയോടെ വഹാബിസത്തിന്റെ വക്താക്കളുടെ ആഗോള വളര്‍ച്ച തുടങ്ങിയ സമീപകാലത്തെ പല സംഭവവികാസങ്ങളുടെയും സൃഷ്ടിയാണ്. ഇതൊരിക്കലും തന്നെ ‘ആയിരത്തി നാനൂറ് വര്‍ഷത്തെ സുന്നി ശിയ സംഘട്ടനത്തിന്റെ’ തുടര്‍ച്ചയല്ല. മറിച്ച് സ്വത്വ രാഷ്ട്രീയമെന്ന വളരെ ആധുനികമായ പ്രതിഭാസത്തിന്റെ പ്രതിഫലനമാണ്. ഇരു ഭാഗത്തുള്ളവരും രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി തെറ്റായ ചരിത്ര ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുകയും വിദൂര ഭൂതകാലത്തില്‍ നിന്നുള്ള ചിഹ്നങ്ങളും ഭാഷകളും കടംകൊള്ളുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പൂര്‍ണമായും ആധുനിക സൃഷ്ടികളാണ്. എല്ലാത്തിനും പുറമെ, പടിഞ്ഞാറന്‍ സൈനിക ശക്തിയും ഇത്തരം വിഭജനങ്ങളെ ഊതിവീര്‍പ്പിച്ച് മുസ്‌ലിം സമൂഹത്തിനിടയില്‍ തന്നെ ആന്തരിക സംഘര്‍ഷങ്ങളും ക്രമേണ ചോരക്കളിയും കൂട്ടക്കരുതികളും സൃഷ്ടിച്ചെടുക്കാനും ശ്രമിച്ചിട്ടുണ്ട്. റുവാണ്ടയില്‍ ബെല്‍ജിയന്‍ കൊളോണിയല്‍ അധികാരികള്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ വേണ്ടി ഉയര്‍ത്തിക്കൊണ്ടു വന്ന ‘ഹുടു’ ((Hutu), ‘ടൂട്‌സി’ (Tutsi)) വിഭാഗീയത/വിഭജനം, അനന്തരം എട്ട് ലക്ഷത്തോളം ആളുകളുടെ കൂട്ടക്കൊലയില്‍ കലാശിച്ച 1994ലെ റുവാണ്ടന്‍ വംശഹത്യയോളം വളര്‍ന്നതില്‍ ലോകത്തെ സര്‍വ്വ മുസ്‌ലിംകള്‍ക്കും മദ്ധ്യപൗരസ്ത്യ ദേശക്കാര്‍ക്കു വിശേഷിച്ചും വ്യക്തമായ പാഠമുണ്ട്.
നിരവധി അടരുകളുള്ള മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഗോള ദേശീയ പ്രാദേശിക ചലനങ്ങളുടെ അലയൊലികള്‍ ഉയര്‍ന്ന തോതില്‍ വഹിക്കുന്നുണ്ട്. വിവിധ അടരുകളുള്ള മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ സുന്നി ശിയാ ദ്വന്ദങ്ങള്‍ക്കിടയിലെ വിഭാഗീയതയിലേക്ക് ചുരുക്കുന്നതിന് അനുഭവപരമായും വസ്തുതാപരമായും വിശകലനപരമായും അനവധി പരിമിതികളുണ്ട്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.