താങ്കളുടെ വ്യക്തിജീവിതത്തില്‍നിന്ന് തന്നെ ഈ സംഭാഷണം ആരംഭിക്കാം. ദക്ഷിണേഷ്യയിലെ, വിശേഷിച്ചും ഗുജറാത്തിലെ മുസ്‌ലിം സമൂഹങ്ങളെ രൂപപ്പെടുത്തിയ ആഗോള-പ്രാദേശിക ചരിത്രാനുഭവങ്ങളെ ക്രേന്ദ്രീകരിച്ചാണല്ലോ താങ്കളുടെ ഗവേഷണ രചനകളധികവും. ഈ ഗവേഷണതാല്‍പര്യങ്ങളെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങള്‍ പങ്കുവക്കാമോ?
ഡല്‍ഹിയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ, ആദ്യമായി ചരിത്രഗവേഷണത്തിനാവശ്യമായ പരിശീലനങ്ങള്‍ നേടിയതും അവിടെനിന്നാണ്. മധ്യകാല-ആദ്യാധുനിക ഗുജറാത്തിലേക്കും മുസ്‌ലിം സമൂഹങ്ങളിലേക്കും ഞാന്‍ എത്തിപ്പെട്ടത് വളരെ യാദൃശ്ചികമായാണെന്ന് പറയാം. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. അവസാനവര്‍ഷം ചരിത്രത്തില്‍ എം.എ ചെയ്യുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് മധ്യകാലത്തില്‍ കേന്ദ്രീകരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്.
ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ചരിത്രത്തില്‍ എം.എ ചെയ്യുന്നവര്‍ പ്രാചീനം, മധ്യകാലം, ആധുനികം എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ കേന്ദ്രീകരിക്കണം എന്ന വ്യവസ്ഥയുണ്ടല്ലോ. സ്‌കൂളില്‍ ഞങ്ങള്‍ പഠിച്ചിരുന്ന ചരിത്രങ്ങളധികവും പ്രാചീന ഭരണകൂടങ്ങളെക്കുറിച്ചോ ബ്രിട്ടീഷ് അധിനിവേശങ്ങളെക്കുറിച്ചോ അവയോടുള്ള ചെറുത്തുനില്‍പ്പുകളെക്കുറിച്ചോ ആയിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നതാണെങ്കില്‍ മുഗളന്മാരും ഡല്‍ഹി സല്‍ത്തനത്തുമായും ബന്ധപ്പെട്ട ഒരുപാട് ചരിത്രശേഷിപ്പുകളുടെ ഇടയിലാണ്. അവയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹമാണ് എന്നെ പതിനാലുമുതല്‍ പതിനേഴുവരെയുള്ള നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആകൃഷ്ഠയാക്കുന്നത്. അങ്ങനെ ഞാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മധ്യകാലചരിത്രത്തില്‍ എം.എ ചെയ്യുന്നതിന് പ്രവേശനം നേടി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്താണ് ദക്ഷിണേഷ്യന്‍ ഇസ്‌ലാമിനെക്കുറിച്ച് കൂടുതലറിയുന്നത്. നല്ലൊരുപറ്റം ചരിത്രപണ്ഡിതര്‍ അന്നവിടെ ഞങ്ങളുടെ അധ്യാപകരായിരുന്നു. ചരിത്രഗവേഷണത്തില്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമാണെന്ന് ഞങ്ങളെയവര്‍ ബോധ്യപ്പെടുത്തി. അതുപ്രകാരം എം.ഫില്‍ പ്രബന്ധം എഴുതാനൊരുങ്ങിയപ്പോഴേക്കും ഞാന്‍ നന്നായി പേര്‍ഷ്യന്‍ ഭാഷ വശമാക്കിക്കഴിഞ്ഞിരുന്നു. പ്രമുഖ ദക്ഷിണേഷ്യന്‍ ചരിത്രപണ്ഡിതനായ പ്രൊഫ. സുനില്‍കുമാറായിരുന്നു ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എന്റെ പ്രധാന വഴികാട്ടി. സൂഫിഗ്രന്ഥങ്ങളെ ഉപജീവിച്ച് പതിനാലാം നൂറ്റാണ്ടിന്റെ സമൂഹചരിത്രമെഴുതുന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ ആലോചനകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. പ്രസ്തുത ആലോചനകളും പേര്‍ഷ്യന്‍ ഭാഷയിലുള്ള എന്റെ പരിജ്ഞാനവും അടിസ്ഥാനപ്പെടുത്തിയാണ് എം.ഫില്‍ പ്രബന്ധത്തിന് വിഷയം തിരഞ്ഞെടുത്തത്. 1325 ല്‍ ചിശ്തി സില്‍സിലയില്‍പെട്ട സൂഫിപണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ബ്ന്‍ മുബാറക് അലവി കിര്‍മാനി രചിച്ച ഗ്രന്ഥമായ സിയറുല്‍ ഔലിയ കേന്ദ്രീകരിച്ചായിരുന്നു എന്റെ അന്വേഷണം. പ്രസ്തുത ഗ്രന്ഥത്തിന്റെ പേര്‍ഷ്യന്‍ അസ്സലും ഉര്‍ദുവിവര്‍ത്തനങ്ങളും ഉപയോഗിച്ച് ചിശ്തി സൂഫികളുടെ സമൂഹചരിത്രമെഴുതാനായിരുന്നു അതില്‍ ശ്രമിച്ചത്.
ഗുജറാത്ത് എന്റെ അന്വേഷങ്ങളുടെ പ്രധാനകേന്ദ്രമാവുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ്. എം.ഫിലിനുശേഷം ആഗോളചരിത്രകാരനായ സഞ്ജയ് സുബ്രമണ്യത്തിനുകീഴില്‍ തുടര്‍പഠനത്തിനായാണ് ഞാനവിടെ എത്തുന്നത്. ഗവേഷണപരിശീലനത്തിന്റെ ഭാഗമായി തുറമുഖ പട്ടണങ്ങളെക്കുറിച്ച് (Port city) അദ്ദേഹം നല്‍കിയ ക്ലാസുകളില്‍നിന്നാണ് ഞാന്‍ ഗുജറാത്തിനെ സംബന്ധിച്ച് കൂടുതല്‍ ആലോചിച്ചുതുടങ്ങുന്നത്. അവിടത്തെ തുറമുഖപട്ടണങ്ങളായ സൂറത്തിനും കാമ്പയ്ക്കും പശ്ചിമ ഇന്ത്യന്‍മഹാസമുദ്രത്തിലെ ചരക്കുകൈമാറ്റത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി. തുടര്‍ന്ന്, ഈ തീരദേശ പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ഉള്‍നാടുകളില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അന്വേഷിക്കാനാരംഭിച്ചു. ആരായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്നത്? തീരദേശങ്ങളും ഉള്‍നാടുകളും തമ്മിലുള്ള കെട്ടിപ്പിണഞ്ഞുകിടക്കുന്ന ബന്ധങ്ങള്‍ എങ്ങനെയെല്ലാമാണ് അവിടങ്ങളിലുള്ള സമൂഹങ്ങളെ രൂപപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങളെ തൃപ്തിപ്പെടുത്താന്‍മാത്രം ഗവേഷണങ്ങള്‍ പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ ഗുജറാത്തിനെക്കുറിച്ച് നടന്നിരുന്നില്ല. ഡല്‍ഹി സല്‍ത്തനതിന്റെ അന്ത്യത്തിനും മുഗള്‍ സാമ്രാജ്യത്തിന്റെ തുടക്കത്തിനും ഇടയിലുണ്ടായ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് നമുക്ക് വേണ്ടത്ര ചരിത്രമെഴുത്തുകളില്ല. ഈ ആലോചനകളില്‍നിന്നാണ് സൂഫി എഴുത്തുകളെ അവലംബിച്ച് ഗുജറാത്തിലെ മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചുള്ള എന്റെ പുസ്തകത്തിന്റെ ഗവേഷണങ്ങളാരംഭിക്കുന്നത്.
‘നരേറ്റീവ് പാസ്റ്റ്: ദി മേക്കിംഗ് ഓഫ് ദി മുസ്‌ലിം കമ്മ്യൂണിറ്റി ഇന്‍ ഗുജറാത്ത്’ എന്നതാണ് താങ്കളുടെ പുസ്തകത്തിന്റെ തലക്കെട്ട്; അഥവാ സൂഫിഗ്രന്ഥങ്ങള്‍ ആഖ്യാനം ചെയ്യുന്ന ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എങ്ങനെയാണ് ഗുജറാത്തിലെ മുസ്‌ലിം സമൂഹത്തെ രൂപപ്പെടുത്തിയതെന്ന അന്വേഷണം. മതപരമായ ആഖ്യാനങ്ങള്‍, വിശേഷിച്ചും സൂഫിഗ്രന്ഥങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്നതാണല്ലോ പ്രസ്തുത തലക്കെട്ട്. എന്താണ് നരേറ്റീവ് പാസ്റ്റ്? മതസമൂഹങ്ങളെ കേന്ദ്രീകരിച്ചുള്ള ചരിത്രമെഴുത്തില്‍ അതിന്റെ പ്രസക്തി എന്താണ്?
തങ്ങളുടെ പ്രപിതാക്കളെയും, ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങളെയും കുറിച്ച് പണ്ഡിതര്‍ നടത്തുന്ന ആഖ്യാനങ്ങള്‍ക്കാണല്ലോ നരേറ്റീവ്‌സ് എന്ന് പറയുക. കൊട്ടാരമെഴുത്തുകള്‍ പോലോത്ത ചെറിയ രേഖകളില്‍നിന്ന് (Documents) വ്യത്യസ്തമായി ഇരുനൂറും മൂന്നൂറും പേജുകള്‍ വരുന്ന, അടുക്കും ചിട്ടയുമുള്ള, കൃത്യമായ ഒരു തുടക്കവും ഒടുക്കവുമുള്ള എഴുത്തുകളെല്ലാം ഈ ഗണത്തില്‍വരും. എന്റെ പുസ്തകത്തില്‍ പ്രധാനമായും ഞാന്‍ അവലംബിച്ചിട്ടുള്ളത് ഇത്തരത്തില്‍ സൂഫികളെഴുതിയിട്ടുള്ള ജീവചരിത്ര ആഖ്യാനങ്ങളെയാണ്. അവയുടെ കര്‍ത്താക്കള്‍ ഭൂതകാലത്തെ സവിശേഷമായൊരു രീതിയില്‍ വിഭാവനം ചെയ്യുന്നുവെന്നും, അങ്ങനെയൊരു ഭൂതകാലത്തില്‍ ഊന്നിയുള്ള ആഖ്യാനത്തിന് സമൂഹനിര്‍മിതിയില്‍ സവിശേഷപ്രാധാന്യമുണ്ടെന്നും സൂചിപ്പിക്കാനാണ് ഞാന്‍ നരേറ്റീവ് പാസ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിനുമുമ്പുള്ള ഗുജറാത്തി മുസ്‌ലിംകളുടെ ഭൂതകാലത്തെ മനസ്സിലാക്കാന്‍ ഒരു ചരിത്രവിശകലനരീതി എന്ന നിലക്ക് നരേറ്റീവ് പാസ്റ്റ് വളരെ പ്രസക്തമാണ്.
ഇന്ത്യന്‍ മഹാസമുദ്രം വഴി ചരക്കുകൈമാറ്റത്തിനെത്തിയ അറബ് വണികുകള്‍ ഗുജറാത്തിലെ തുറമുഖ നഗരങ്ങളില്‍ കുടിയേറിപ്പാര്‍ത്തതിനെ സാധുതപ്പെടുത്തുന്ന ഒരുപാട് രേഖകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മീസാന്‍കല്ലുകളടക്കമുള്ള ഇത്തരം രേഖകള്‍ അവിടെ വന്നുപോയ വ്യക്തികള്‍, അവരുടെ പ്രപിതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കാറുണ്ട്. എങ്കിലും, ഞാന്‍ മേലെ സൂചിപ്പിച്ച ആഖ്യാനങ്ങളിലുള്ളതുപോലെ, ഇത്തരം ശിലാരേഖകള്‍ക്ക് അവ എഴുതപ്പെട്ട സാമൂഹിക സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതില്‍ പരിമിതികളില്ലേ. തീര്‍ച്ചയായും നീണ്ട ആഖ്യാനങ്ങളില്‍നിന്ന്, ഭൂതകാലവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തികളെയും രചനകളെയും സംബന്ധിച്ച അവയുടെ പരാമര്‍ശങ്ങളില്‍നിന്ന് ഇത്തരം പരിമിതികളെ നമുക്ക് മറികടക്കാനാവും.
പതിനഞ്ചാം നൂറ്റാണ്ടില്‍, അഥവാ ഗുജറാത്ത് സല്‍ത്തനത് ശക്തി പ്രാപിക്കുകയും നിരവധി മുസ്‌ലിം പണ്ഡിതര്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആഖ്യാനങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ചതുപോലെത്തന്നെ സൂഫിഗ്രന്ഥങ്ങളെയാണ് പ്രധാനമായും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളില്‍നിന്നും പേര്‍ഷ്യനിലെഴുതപ്പെട്ട ഇത്തരം രചനകള്‍ രൂപപ്പെട്ടതായി കാണാം. ശിലാരേഖകള്‍ ചേര്‍ത്തുവച്ച് മനസ്സിലാക്കാന്‍ കഴിയാത്ത നമ്മുടെ ഭൂതകാലത്തിന്റെ പല വശങ്ങളെയും ജീവചരിത്രമായും സൂഫി അധ്യാപനങ്ങളായും ക്രമീകരിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍നിന്ന് നമുക്ക് കണ്ടെടുക്കാനാവും.
രാഷ്ട്രീയ സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഓരോ സമൂഹങ്ങളും രൂപപ്പെടുന്നത് എന്ന ചരിത്രവിശകലനത്തിന് നിറഞ്ഞ പരിമിതികളുണ്ടെന്നാണല്ലോ താങ്കള്‍ അഭിപ്രായപ്പെടുന്നത്. മറ്റൊരുനിലക്ക് പറഞ്ഞാല്‍, ഡല്‍ഹി സല്‍ത്തനതിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ കേന്ദ്രീകരിച്ച് ഗുജറാത്തിന്റെ ചരിത്രം വായിക്കുമ്പോള്‍ ആ പ്രദേശത്തെ രൂപപ്പെടുത്തിയ സവിശേഷമായ ചരിത്രാനുഭവങ്ങളെ രേഖപ്പെടുത്താന്‍ നമുക്കാവില്ലെന്നര്‍ഥം. സൂഫിഗ്രന്ഥങ്ങളെ ഉപജീവിച്ചുള്ള സമൂഹചരിത്രമെഴുത്തിന് ഇത്തരം പരിമിതികളെ എങ്ങനെ മറികടക്കാനാവും?
രാഷ്ട്രീയ സംഭവവികാസങ്ങളെ കേന്ദ്രീകരിച്ചുള്ള ചരിത്രമെഴുത്തിന് നിറഞ്ഞ പരിമിതികളുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭൂതകാലത്തിന്റെ ഒരു അടരുമാത്രമേ അത്തരം അന്വേഷണങ്ങള്‍ക്ക് പ്രതിഫലിപ്പിക്കാനാവുകയുള്ളൂ. നോക്കൂ, മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട ചരിത്രങ്ങള്‍ ഇത്തരത്തില്‍ മുഗള്‍ സാമ്രാജ്യത്തിലെയും ഡല്‍ഹി സല്‍ത്തനത്തിലെയും അധികാരികള്‍, അവരുടെ ഭരണനേട്ടങ്ങള്‍, യുദ്ധവിജയങ്ങള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണല്ലോ ഉള്ളത്. ഭരിക്കപ്പെട്ടിരുന്ന സമൂഹങ്ങളെക്കുറിച്ച് സൂപ്രധാനമായ ഉള്‍കാഴ്ചകള്‍ അവ നമുക്ക് തരുന്നില്ല. കൊട്ടാരരേഖകളെ (Court Records) ഉപജീവിച്ചുള്ള അന്വേഷണങ്ങളുടെ പരിമിതിയാണിത്. ഈ തിരിച്ചറിവില്‍നിന്നാണ് ഞാന്‍ സൂഫിഗ്രന്ഥങ്ങളെ സമൂഹചരിത്രമെഴുതുന്നതിന് ഉപയോഗപ്പെടുത്താം എന്ന ആലോചനയിലെത്തുന്നത്.
സിമോണ്‍ ഡിഗ്ബി, റിച്ചാര്‍ഡ് എം. ഈറ്റണ്‍, യു.സി.എല്‍.എയില്‍ എന്റെ അധ്യാപകനായിരുന്ന നൈല്‍ ഗ്രീന്‍ തുടങ്ങിയ ചരിത്രപണ്ഡിതരുടെ എഴുത്തുകള്‍ ഇത്തരത്തില്‍ സൂഫിഗ്രന്ഥങ്ങളുടെ ചരിത്രശാസ്ത്രപരമായ പ്രാധാന്യത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ചും, സൂഫികളും ഭരണകൂടവും തമ്മിലുള്ള ബന്ധങ്ങള്‍, കൊട്ടാരങ്ങളിലെ അവരുടെ സ്ഥാനം തുടങ്ങിയവയെക്കുറിച്ച് സിമോണ്‍ ദിഗ്ബി തയ്യാറാക്കിയ പഠനം ഏറെ ശ്രദ്ധേയമാണ്. മേല്‍പ്രസ്താവിതമായ രാഷ്ട്രീയസാഹചര്യങ്ങളോട് സമാന്തരമായി രചിക്കപ്പെട്ട സൂഫിഗ്രന്ഥങ്ങള്‍ പ്രധാനപ്പെട്ട ചരിത്രസ്രോതസ്സുകളാണെന്ന് അവര്‍ ഊന്നിപ്പറയുന്നുണ്ട്. ജീവചരിത്രം, ചെറിയ സംഭവങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍, അധികാരികളുമായുള്ള ഇടപെടലുകള്‍, മറ്റു പണ്ഡിതരുമായുള്ള സംവാദങ്ങള്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് അവ ഉള്‍കൊള്ളുന്നത്. അങ്ങനെയിരിക്കെ, ഇത്തരം എഴുത്തുകളെ ചരിത്രവിശകലനത്തില്‍, പ്രത്യേകിച്ചും സമൂഹചരിത്രമെഴുതുന്നതില്‍ പരിഗണിക്കാതിരിക്കുന്നത് തികച്ചും അനീതിയല്ലേ.

കൊട്ടാരരേഖകളെ പൂര്‍ണമായും അവഗണിക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. മറിച്ച്, സൂഫിസാഹിത്യങ്ങളെക്കൂടി ഉള്‍കൊണ്ട്, മതിയായ പരിഗണന നല്‍കിയ ഒരു ചരിത്രമെഴുത്താണ് ഗുജറാത്തിനെ കേന്ദ്രീകരിച്ച് ഞാന്‍ നടത്തിയിട്ടുള്ളത്. പരസ്പരം ഇഴചേര്‍ന്നുകിടക്കുന്ന ചരിത്രരേഖകള്‍ എന്നപോലെയാണ് ഞാനവയെ സമീപിക്കുന്നത്. ഭരണകേന്ദ്രങ്ങളുമായി അടുത്തിടപഴകിയവരായിരുന്നു സൂഫികള്‍ എന്ന ചരിത്രയാഥാര്‍ഥ്യം ഈ സമീപനത്തെ ഏറെ ശരിവക്കുന്നതുമാണ്. എന്റെ പുസ്തകത്തിലെ സൂഫിപ്രധാനികളില്‍ ഒരാള്‍ ശൈഖ് അഹമ്മദ് ഖട്ടുവാണ്. ഒരുപക്ഷേ, ശൈഖ് നിസാമുദ്ദീനെപ്പോലെയോ അജ്മീര്‍ ഖാജയെപ്പോലെയോ അത്ര സുപരിചിതനായിരിക്കില്ല നിങ്ങള്‍ക്കദ്ദേഹം. മഗ്രിബിയ സില്‍സിലയുടെ ഭാഗമായിരുന്ന അദ്ദേഹത്തെ ഗുജറാത്തില്‍ താമസിപ്പിക്കുന്നത് അന്നത്തെ സുല്‍ത്താനായിരുന്ന സഫർ ഖാൻ ഒന്നാമനാണ്. ഗുജറാത്ത് സുല്‍ത്താന്മാരും സൂഫികളും തമ്മിലുള്ള ഊഷ്മളബന്ധത്തിന് തുടക്കമിടുന്നത് അദ്ദേഹത്തില്‍നിന്നാണ്.
അഹ്‌മദാബാദ് നഗരത്തിന് ശില പാകിയത് 4 അഹ്‌മദുമാരാണെന്ന് ചരിത്രം പറയുന്നുണ്ട്. ശൈഖ് അഹ്‌മദ് ഖട്ടുവും സുല്‍ത്താന്‍ അഹ്‌മദ് ഷായും ആണ് അവരില്‍ രണ്ടു അഹ്‌മദുകള്‍. മറ്റു രണ്ടുപേര്‍ അക്കാലത്തെ അധ്യാത്മികരംഗത്ത് ശോഭിച്ചിരുന്ന രണ്ട് അഹ്‌മദുമാരാണെന്ന് മാത്രമേ നമുക്കറിയൂ. ഖട്ടുവിന്റെ സ്ഥിരം സന്ദര്‍ശകനായിരുന്നു സുല്‍ത്താന്‍. നഗരങ്ങളെയും രാഷ്ട്രീയബന്ധങ്ങളെയും വിട്ടുനില്‍ക്കലായിരുന്നില്ല അവരുടെ രീതി എന്ന് സൂചിപ്പിക്കാനാണ് ഞാനിത് പറഞ്ഞത്. ഇത്തരം പ്രവൃത്തികളിലൂടെ മുസ്‌ലിംസമൂഹത്തെ ആത്മീയമായി സംസ്‌കരിച്ചെടുക്കുകയെന്ന ലക്ഷ്യത്തെ പ്രാപിക്കാനാവുമെന്ന് അവര്‍ മുന്നില്‍കണ്ടിരിക്കണം.
ചരിത്രപഠനത്തില്‍ പ്രാഥമിക രേഖകള്‍ക്ക് (Primary Source) വലിയ സ്ഥാനമുണ്ടല്ലോ. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഗുജറാത്തി മുസ്‌ലിംകളുടെ ചരിത്രാന്വേഷണത്തില്‍ അവഗണിക്കപ്പെട്ട പല ഗ്രന്ഥങ്ങളും താങ്കള്‍ക്ക് ഉപയോഗിക്കാനായിട്ടുണ്ട്. മധ്യകാല-ആദ്യാധുനിക ഗുജറാത്തിന്റെ ചരിത്രപഠനത്തില്‍ തല്‍പരരായ ഗവേഷകര്‍ക്ക് സമീപിക്കാവുന്ന മറ്റു രേഖകള്‍ എന്തെല്ലാമാണ്? എവിടെയാണ് അവ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്?
ഗുജറാത്തി മുസ്‌ലിം ചരിത്രത്തില്‍ തല്‍പരരായവര്‍ക്ക് ഉപയോഗിക്കാവുന്ന നിരവധി രേഖകള്‍ അഹ്‌മദാബാദ് ഓള്‍ഡ് സിറ്റിയിലെ പീര്‍ മുഹമ്മദ് ഷാ ലൈബ്രറിയിലുണ്ട്. അതോടുചേര്‍ന്ന് ഒരു ഗവേഷണകേന്ദ്രവും കാണാം. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ സൂഫിയായിരുന്നു പീര്‍ മുഹമ്മദ് ഷാ. പേര്‍ഷ്യന്‍, ഉറുദു, അറബിക് തുടങ്ങിയ ഭാഷകളിലായി ആയിരത്തിലധികം മാനുസ്‌ക്രിപ്റ്റുകള്‍ അവിടെയുണ്ട് എന്നാണ് എന്റെ അറിവ്. അവിടേക്കെന്നെ എത്തിച്ചതിന് ഗുജറാത്തിലെ സുഹൃത്തുക്കളോട് ഞാന്‍ ഒത്തിരി കടപ്പെട്ടിരിക്കുന്നു. ശൈഖ് അഹ്‌മദ് ഖട്ടുവിന്റെ മല്‍ഫൂസാത്ത് എനിക്ക് അവിടെ നിന്നാണ് ലഭിച്ചത്. എന്റെ ഗവേഷണത്തിലെ ഒരു പ്രധാന വഴിത്തിരിവായി പിന്നീടിത് മാറി. ലൈബ്രറിയുടെ നടത്തിപ്പുകാരായ ട്രസ്റ്റിനുകീഴില്‍ ഡിജിറ്റലൈസേഷന്‍ പദ്ധതി തകൃതിയില്‍ നടക്കുന്നതിനാല്‍ ഓണ്‍ലൈനിലും ഇവ ലഭ്യമാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയിലെ ഇറാന്‍ കള്‍ച്ചറല്‍ ഹൗസുമായി നേരിട്ട് സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഞാനവിടെ ഉണ്ടായിരുന്നു. ഗുജറാത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള രേഖകള്‍ ഇപ്പോളവിടെ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്ന് എനിക്ക് ആ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടു.

ബി.ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ലേണിങ് ആണ് ഗവേഷകര്‍ക്ക് സമീപിക്കാവുന്ന മറ്റൊരു കേന്ദ്രം. ഡല്‍ഹി നാഷണല്‍ ആര്‍കൈവ്സും എനിക്ക് ഏറെ സഹായകമായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കാറ്റലോഗുകള്‍ ഉണ്ട് എന്നതിനാല്‍തന്നെ നിങ്ങള്‍ക്കാവശ്യമുള്ളവ എളുപ്പത്തില്‍ കണ്ടെടുക്കാനാവും. അറബി, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എഴുതപ്പെട്ട പുസ്തകങ്ങളെ സമാഹരിച്ച് ഉമര്‍ ഖാലിദ് പുറത്തിറക്കിയ ഒരു കാറ്റലോഗുണ്ട്. അതിലെ ഗുജറാത്ത് എന്ന ഭാഗവും ഗവേഷകര്‍ക്ക് ഏറെ ഉപകാരപ്പെട്ടേക്കാം.
ഗുജറാത്തില്‍ നിരവധി സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ശേഖരങ്ങളുമുണ്ട്. എന്റെ ഗവേഷണ കാലത്ത് അധികം അവ പരതാനുള്ള അവസരം ഒത്തുവന്നിട്ടില്ലായിരുന്നു. അഹ്‌മദ് ഖട്ടുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന രണ്ട് സുഹ്‌റവര്‍ദി സൂഫികളെക്കുറിച്ചുമായിരുന്നല്ലോ എന്റെ പഠനം. ഗവേഷണപ്രബന്ധം പുസ്തകമാക്കാനുള്ള ഉദ്യമത്തിനിടയില്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികളെക്കുറിച്ച് ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. വ്യത്യസ്ത കുടുംബങ്ങളില്‍നിന്ന് ശേഖരിച്ച നിരവധി മാനുസ്‌ക്രിപ്റ്റുകള്‍ പകര്‍ത്തി എഴുതിയിരുന്ന മാംഗ്രോലിലെ ഒരു സയ്യിദിനെ പരിചയപ്പെട്ടത് എന്റെ ഈ അന്വേഷണങ്ങളെ കൂടുതല്‍ എളുപ്പമാക്കി. അമൂല്യമായ ഈ ശേഖരങ്ങള്‍ സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ അദ്ദേഹത്തിന്റെ പക്കലില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സാന്ദര്‍ഭികമായി മറ്റൊരു കാര്യംകൂടി പറയട്ടേ. ഇത്തരം സ്വകാര്യരേഖകള്‍ എത്തിപ്പിടിക്കാനാവുക എന്നത് അത്ര എളുപ്പമല്ല. വ്യക്തിപരവും കുടുംബപരവും മതപരവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പലരും അവ പങ്കുവക്കാന്‍ തയ്യാറാവാറില്ല എന്നതാണ് യാഥാര്‍ഥ്യം.
അക്കാദമിക പഠനങ്ങളില്‍ പൊതുവേ സൂഫിഗ്രന്ഥങ്ങളെ ഹാജിയോഗ്രഫി എന്നാണല്ലോ വിശേഷിപ്പിക്കാറ്. പക്ഷേ, താങ്കള്‍ മല്‍ഫൂസാത്ത്, തദ്കിറ, മനാഖിബ് തുടങ്ങിയ അറബി സംജ്ഞകളാണ് അതിന്റെ സ്ഥാനത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. സൂഫിഗ്രന്ഥങ്ങളുടെ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലേ ഹാജിയോഗ്രഫി? എന്തൊക്കെയാണ് അതിന്റെ പരിമിതികള്‍?
ഹാജിയോഗ്രഫി എന്ന പദം യഥാര്‍ഥത്തില്‍ യൂറോപ്യന്‍/ക്രൈസ്തവ ചരിത്രസാഹചര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രയോഗമല്ലേ. ഇസ്‌ലാമില്‍ സൂഫി എന്ന് പ്രയോഗിക്കുന്നതും ക്രിസ്ത്യന്‍ മതത്തില്‍ വിശുദ്ധര്‍ (Saints) എന്നുപയോഗിക്കുന്നതുംതമ്മില്‍ നിറഞ്ഞ വ്യത്യാസങ്ങളുണ്ട്. ഹാജിയോഗ്രഫി എന്ന പദം ഒരുപക്ഷേ ക്രൈസ്തവവിശുദ്ധരുടെ എഴുത്തുകളെ വിശേഷിപ്പിക്കാന്‍ ആപ്തമായ ഒന്നായേക്കാം. പക്ഷേ, നിറഞ്ഞ വൈവിധ്യങ്ങളടങ്ങിയ സൂഫിഗ്രന്ഥങ്ങളെ സമൂലമായി ഉള്‍കൊള്ളാന്‍ ഇങ്ങനെയൊരു സംജ്ഞക്ക് പരിമിതിയുണ്ട്. അതുകൊണ്ടാണ്, വിശാലാര്‍ഥമുള്ള ഒരു സംജ്ഞക്കുപകരം മല്‍ഫൂസാത്ത് (സൂഫിഅധ്യാപനങ്ങളുടെ സമാഹാരം), തദ്കിറ (ഓര്‍മക്കുറിപ്പുകള്‍) എന്നിങ്ങനെയുള്ള അറബി സംജ്ഞകള്‍ (Genre Specific Terms) ഞാന്‍ തിരഞ്ഞെടുത്തത്.
ഒരു ചരിത്രപണ്ഡിത എന്ന നിലയില്‍ ഇത്തരം സംജ്ഞകളെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അവ നമ്മുടെ ചരിത്രാന്വേഷണങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയും സൂക്ഷമതയും കൈവരുത്തും. മേല്‍ സൂചിപ്പിക്കപ്പെട്ട ഓരോ അറബി സംജ്ഞകളും സവിശേഷമായ ഓരോ ആഖ്യാനരീതികളാണ്. അവ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍, അത്തരം ആഖ്യാനങ്ങളുപയോഗിച്ച് രചന നടത്തിയ മുന്‍കാല പണ്ഡിതര്‍ തുടങ്ങി വലിയൊരു ചരിത്രമവക്കുണ്ട്. അങ്ങനെ വരുമ്പോള്‍, അതുകൂടെ പരിഗണിച്ചുള്ള ചരിത്രാന്വേഷണം ആ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തെയും അതുമായി ബന്ധപ്പെട്ട വലിയൊരു ഭൂതകാലത്തെയും സംബന്ധിച്ച നമ്മുടെ ഉള്‍കാഴ്ചകളെ വിപുലപ്പെടുത്തും. ഹാജിയോഗ്രഫിക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനാവില്ല എന്ന അഭിപ്രായമെനിക്കില്ല. പക്ഷേ, വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യത്തില്‍നിന്ന് വരുന്ന ഒരു പദം സൂഫിഗ്രന്ഥങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ചരിത്രപരമായ അവയുടെ പ്രത്യേകള്‍ക്ക് മതിയായ പരിഗണന ലഭിക്കില്ല എന്ന ആശങ്കയാണ് ഞാന്‍ പങ്കുവക്കുന്നത്.
സൂഫിഗ്രന്ഥങ്ങളുടെ ചരിത്രപരതയിലൂന്നിയ വായനക്ക് (Historicist Approach) വലിയ പ്രാധാന്യമുണ്ടെന്നാണല്ലോ താങ്കള്‍ പറഞ്ഞുവരുന്നത്. അഥവാ, ഓരോ സൂഫിഗ്രന്ഥങ്ങളും അവയെ രൂപപ്പെടുത്തിയ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ വായിക്കപ്പെടണമെന്നര്‍ഥം. ഇതടിസ്ഥാനത്തില്‍ സൂഫിഗ്രന്ഥങ്ങളുടെ ആഖ്യാനങ്ങളില്‍ ഗണനീയ വികാസങ്ങളുണ്ടായ രണ്ടു ചരിത്രഘട്ടങ്ങള്‍ (Narrative Moments) താങ്കള്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. അതടിസ്ഥാനത്തിലാണ് പുസ്തകം ക്രമീകരിക്കപ്പെട്ടിട്ടുള്ളതും. ഏതെല്ലാമാണത്? എന്തുകൊണ്ടവ പ്രധാനപ്പെട്ടവയായിമാറുന്നു.
താങ്കള്‍ സൂചിപ്പിച്ചതുപോലെ രണ്ട് ചരിത്രഘട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്റെ പുസ്തകത്തെ ഞാന്‍ ക്രമീകരിച്ചിട്ടുള്ളത്. ഒന്നാമത്തെ ഘട്ടം ആരംഭിക്കുന്നത് 1455 ല്‍ ശൈഖ് അഹ്‌മദ് ഖട്ടു ദിവംഗതനായതുമുതലാണെന്നുപറയാം. ഖട്ടുവിന്റെ കാലശേഷം ശിഷ്യരായിരുന്ന രണ്ട് സൂഫികൾ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ഒരുമിച്ചുകൂട്ടൂകയും അഹ്‌മദാബാദില്‍ താമസമാക്കിയിരുന്ന മുസ്‌ലിംകളിലേക്ക് അവ കൈമാറ്റം ചെയ്യുകയുമുണ്ടായി. പക്ഷേ, അഹ്‌മദ് ഖട്ടുവിന്റെ ജീവിതത്തെക്കുറിച്ചും അധ്യാപനങ്ങളെക്കുറിച്ചുമുള്ള ആഖ്യാനങ്ങള്‍ അവരുടെ വര്‍ത്തമാനകാലവുമായി കെട്ടിപിണഞ്ഞുകിടക്കുന്നത് നമുക്കുകാണാനാവും. മറ്റൊരുനിലക്കുപറഞ്ഞാല്‍, വെറും ഭൂതകാലവുമായി ബന്ധപ്പെട്ട ജീവചരിത്രങ്ങള്‍ എന്നതിനപ്പുറം, തങ്ങളുടെ വായനക്കാരുടെ വര്‍ത്തമാനത്തോട് ചില മൂല്യങ്ങള്‍ സംവദിക്കുന്ന ഗ്രന്ഥങ്ങളായിരുന്നു അവ.
കാലക്രമേണ, ചരിത്രങ്ങളും വംശാവലികളും ഇഴകിച്ചേര്‍ന്ന് ഈ ആഖ്യാനങ്ങള്‍ കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ വിവിധ വംശപരമ്പരകള്‍, വിശേഷിച്ചും സുഹ്‌റവര്‍ദികളാണിതിനുപിന്നിലെ പ്രധാന ഹേതുകം. സുഹ്‌റവര്‍ദികളുടെ പിന്‍ഗാമികള്‍ (അവരുടെ മഖ്ബറകള്‍ നോക്കിനടത്തിയിരുന്നവര്‍ പ്രത്യേകിച്ചും) അവരുടെ വംശപരമ്പരകളെ ആഖ്യാനം ചെയ്യുന്നതിന് സവിശേഷപ്രാധാന്യം നല്‍കിയിരുന്നു. പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും ഇത്തരം ആഖ്യാനങ്ങളുടെ അതിപ്രസരണമുണ്ടായി. പതിനഞ്ചാം നൂറ്റാണ്ടിലെ ആഖ്യാനങ്ങളുടെ കര്‍ത്താക്കളായ തങ്ങളുടെ മുന്‍ഗാമികളെ ശേഷമുള്ളവര്‍ അവയുടെ ഭാഗമാക്കി. ഇതിനെയാണ് രണ്ടാമത്തെ ചരിത്രഘട്ടമായി ഞാന്‍ പരിഗണിക്കുന്നത്. രണ്ടും പരസ്പരം ഇഴചേര്‍ന്നുകടക്കുന്ന പൂരകങ്ങളാണ്. ഒന്നിനെ മറ്റൊന്നില്‍നിന്ന് അടര്‍ത്തിമാറ്റി മനസ്സിലാക്കാനാവില്ല. രണ്ടുഘട്ടങ്ങളിലും ജീവചരിത്രങ്ങളും വംശാവലികളും വര്‍ത്തമാനത്തോട് സവിശേഷമായ മൂല്യങ്ങള്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.
ഞാന്‍ മുഗള്‍ സാഹചര്യത്തില്‍നിന്നുള്ള സമാനമായ ഒരു ഉദാഹരണം പറയാം. അബ്ദുല്‍ഹഖ് ദഹ്‌ലവി എഴുതിയ അഖ്ബാറുല്‍ അഖ്‌യാര്‍ എന്ന ഗ്രന്ഥമെടുക്കാം. ഇന്ത്യന്‍ സൂഫിജീവിതങ്ങളെ വിവരിക്കുന്ന വലിയൊരു സമാഹാരമാണത്. ഇങ്ങനെയൊരു ഗ്രന്ഥത്തെ സാധ്യമാക്കിയത് അതിനുമുമ്പ് വിരചിതമായ അനേകം സൂഫിഗ്രന്ഥങ്ങളും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഓര്‍മകളുമാണ്. അഥവാ, ഭൂതകാലത്തെ സംബന്ധിച്ച ആഖ്യാനങ്ങളും സൂഫിഗ്രന്ഥങ്ങളും ചരിത്രസ്മരണയുടെ ശേഖരമായി മാറുന്നതോടൊപ്പം പില്‍ക്കാല പണ്ഡിതര്‍ അവയെ ആശ്രയിച്ച് തങ്ങളുടെ വര്‍ത്തമാനത്തോട് സംവദിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ വികാസത്തെ ചുറ്റിപ്പറ്റി ഗുജറാത്തിലുണ്ടായ മാറ്റങ്ങളെ മനസ്സിലാക്കണമെങ്കില്‍ അതോട് ഇഴചേര്‍ന്നുകിടക്കുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രഘട്ടത്തെയുംകൂടെ പരിഗണനക്കെടുക്കേണ്ടതുണ്ടെന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്.
ഗുജറാത്തിലെ സൂഫികള്‍ ശൈഖ് നിസാമുദ്ദീനെപ്പോലെയോ അജ്മീര്‍ ഖാജയെപ്പോലെയോ നമുക്ക് അത്ര സുപരിചിതരല്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ. സൂഫികളെക്കുറിച്ച് അറിയാന്‍ തല്‍പരരായ നല്ലൊരുപറ്റം വായനക്കാര്‍ തെളിച്ചത്തിനുണ്ട്. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ഗുജറാത്തി സൂഫികളെക്കുറിച്ച് അല്‍പം സംസാരിക്കുന്നത് അവര്‍ക്ക് ഏറെ ഉപകാരപ്പെടും.
ശൈഖ് അഹ്‌മദ് ഖട്ടുവിലും അദ്ദേഹത്തിന്റെ സമകാലീനരായിരുന്ന രണ്ട് സുഹ്‌റവര്‍ദി സൂഫികളിലുമാണ് എന്റെ പുസ്തകം പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ശൈഖ് അ്ഹമദ് ഖട്ടുവില്‍നിന്നുതന്നെ തുടങ്ങാം. ഡല്‍ഹിയിലെ പ്രമുഖനായ ഒരു സൈനിക കമാന്‍ഡറുടെ മകനായിരുന്നു അദ്ദേഹം. അക്കാലത്ത് ഡല്‍ഹിയില്‍ ഉണ്ടായ ശക്തമായ ഒരു പൊടിക്കാറ്റില്‍ കുടുംബത്തിന് നഷ്ടപ്പെട്ട അദ്ദേഹത്തെ ഉത്തരരാജസ്ഥാനിലെ ദിദ്വാനയിലേക്ക് പുറപ്പെട്ടിരുന്ന ഒരു കച്ചവടസംഘത്തിന് കണ്ടുകിട്ടി. ബാബാ ഇസ്ഹാഖ് എന്ന് പേരുള്ള ഒരു ആധ്യാത്മിക പുരുഷനുണ്ടായിരുന്നു അക്കാലത്ത് രാജസ്ഥാനില്‍. അദ്ദേഹം ഖട്ടുവിനെക്കുറിച്ചറിയുകയും തന്റെ ശിഷ്യനായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ ഖട്ടു എന്ന ഗ്രാമത്തിലേക്ക് ചേര്‍ത്തിയാണ് ശൈഖ് അഹ്‌മദിന് ഈ പേര് ലഭിക്കുന്നത്.

ബാബാ ഇസ്ഹാഖിന്റെ മരണശേഷം ഖട്ടു അസ്വസ്ഥനാവുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാനുള്ള അഭ്യര്‍ഥനകള്‍ നിരസിച്ച് നിരന്തര യാത്രകളിലേക്ക് തിരിയുകയും ചെയ്തു. മക്കയും മദീനയും സന്ദര്‍ശിച്ച് ഡല്‍ഹിയിലേക്കാണദ്ദേഹം തിരിച്ചെത്തിയത്. തിമൂര്‍ ഡല്‍ഹി ആക്രമിക്കുന്ന സമയമായിരുന്നുവത്. അദ്ദേഹത്തിന്റെ സൈനികര്‍ ഖട്ടുവിനെ ബഹുമാനിച്ചതായും നിരവധി തടവുകാരെ രക്ഷിച്ചതായും ആഖ്യാനങ്ങളുണ്ട്. ഒടുക്കം സൈന്യത്തെ അദ്ദേഹം സമര്‍ഖന്ദുവരെ അനുഗമിക്കുകയുണ്ടായി. ഖട്ടുവിനെക്കുറിച്ചുള്ള സൂഫി ആഖ്യാനങ്ങളില്‍ ശേഷം അദ്ദേഹം മധ്യേഷ്യയിലൊട്ടാകെ യാത്ര ചെയ്തതായി കാണുന്നുണ്ട്. ഒരുപക്ഷേ അതൊരു സാങ്കല്‍പിക യാത്രയാവാം. എങ്ങനെയായാലും അവസാനം അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുന്നുണ്ട്. ഡെക്കാനിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമത്രെ. പക്ഷേ, വഴിയില്‍വച്ച് ഗുജറാത്ത് സുല്‍ത്താനായിരുന്നു സഫർ ഖാനെ കണ്ടുമുട്ടുകയും സുല്‍ത്താന്‍ അദ്ദേഹത്തിന് ഭൂമി വാഗ്ദാനം ചെയ്യുകയുമുണ്ടായി. അതുപ്രകാരം അന്നുമുതല്‍ അദ്ദേഹം അഹ്‌മദാബാദിന് 12 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കേജില്‍ താമസമാക്കി.
ബുര്‍ഹാനുദ്ദീന്‍ അബ്ദുല്ലയാണ് ഖട്ടുവിന്റെ സമകാലികരില്‍ പ്രധാനി. ഖുതുബേ ആലം എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മറ്റൊരാള്‍ ഇദ്ദേഹത്തിന്റെതന്നെ മൂത്ത പുത്രനായിരുന്ന ഷാഹേ ആലം എന്ന പേരില്‍ പ്രസിദ്ധനായ സിറാജുദ്ദീന്‍ മുഹമ്മദ് ആണ്. അദ്ദേഹത്തിന്റെ മഖ്ബറതന്നെ ഷാഹേ ആലം എന്ന പേരിലാണ് അറിയപ്പെടുന്നത്. സാന്ദര്‍ഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. അഹ്‌മദ് ഖട്ടുവിന്റെ മഖ്ബറ ഒരുപാട് കാലത്തേക്ക് അധികമാര്‍ക്കും അറിയില്ലായിരുന്നു. അല്‍പം ദശാബ്ദങ്ങള്‍ക്കുമുമ്പ് മാത്രമാണ് ചില സന്നദ്ധസംഘടനകളുടെ പരിശ്രമത്തിന്റെ ഭാഗമായാണ് അത് നമ്മുടെ ശ്രദ്ധയില്‍പെട്ടതുതന്നെ. ഞാനിതുപറഞ്ഞത്, അദ്ദേഹത്തിന്റെ ശിഷ്യരായ സുഹ്‌റവര്‍ദികള്‍ക്ക് പില്‍കാലത്ത് ലഭിച്ച ജനസ്വീകാര്യത ഖട്ടുവിന്റെ കാര്യത്തിലുണ്ടായിക്കാണമെന്നില്ല എന്ന് സൂചിപ്പിക്കാനാണ്. യോഗ്യരായ പിന്‍ഗാമികളില്ലാത്തതായിരിക്കാം ഇതിന്റെ പ്രധാന ഹേതുകം.
ബുര്‍ഹാനുദ്ദീന്‍ അബ്ദുല്ല വളരെ പ്രതാപമുള്ള, തികച്ചും ആത്മീയ പാരമ്പര്യത്തില്‍ നിന്നുള്ള പണ്ഡിതനായിരുന്നു. സുഹ്‌റവര്‍ദികളുടെ മുള്‍താന്‍ ശാഖയിലെ പ്രമുഖനായിരുന്ന അദ്ദേഹം ഗുജറാത്തിലെത്തിയതിനുപിന്നിലെ പ്രേരകമെന്താണെന്നതില്‍ വ്യക്തതയില്ല. തിമൂറിന്റെ വലിയ രീതിയിലുണ്ടായ അക്രമം തന്നെയാവണം കാരണം. മുള്‍താനിലെ നേതാവായിരുന്ന തന്റെ അമ്മാവനില്‍നിന്നും മാറി സ്വതന്ത്രമായി ഒരു അധികാരം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അതെന്നും അനുമാനിക്കപ്പെടുന്നു. പഠാനിലാണ് അദ്ദേഹം ആദ്യം താമസമാക്കിയത്. നാട്ടുരാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നു ഒരുകാലത്ത് പഠാന്‍. 1411 ല്‍ അഹ്‌മദാബാദ് എന്ന തലസ്ഥാനനഗരി രൂപപ്പെട്ടശേഷം അദ്ദേഹം അവിടേക്ക് താമസം മാറ്റി. ഇതിനുശേഷമാണ് അഹ്‌മദ് ഖട്ടുവുമായും ഗുജറാത്ത് സുല്‍ത്താന്മാരുമായുള്ള സമ്പര്‍ക്കങ്ങളുണ്ടാകുന്നത്.
കടല്‍മാര്‍ഗവും കരമാര്‍ഗവുമുള്ള ബന്ധങ്ങള്‍ ഇഴചേര്‍ന്നുണ്ടായതാണ് ഗുജറാത്തിലെ ചരിത്രാനുഭവങ്ങള്‍. മധ്യകാല-ആദ്യാധുനിക ഗുജറാത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വിവിധ ഭാഷകള്‍ ഇതിന്റെ തികഞ്ഞ അടയാളമാണ്. ഇതടിസ്ഥാനത്തില്‍ ‘മള്‍ട്ടിഗ്ലോസിക് ഗുജറാത്ത്’ എന്നാണ് താങ്കളതിനെ വിശേഷിപ്പിക്കുന്നത്. ഏതൊക്കെയായിരുന്നു ഈ ഭാഷകള്‍?
ജൈനരുടെ പ്രധാന കേന്ദ്രമായിരുന്നു അക്കാലത്തെ ഗുജറാത്ത്. ജൈനമതവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലും അപഭ്രംശം ഭാഷയിലും രചിക്കപ്പെട്ടിട്ടുണ്ട്. ചില സംസ്‌കൃതപുസ്തകങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് അക്കാലത്തെ ഗുജറാത്ത് സുല്‍ത്താനായിരുന്ന മഹ്‌മൂദ് ബേഗ്ദക്കാണ്. പേര്‍ഷ്യനായിരുന്നു മറ്റൊരു പ്രധാന ഭാഷ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൊട്ടാകെ പേര്‍ഷ്യന്‍ ഭാഷക്കായിരുന്നു അക്കാലത്ത് മേല്‍കോയ്മ. ബംഗാള്‍, ഡെക്കാന്‍, ഡല്‍ഹി തുടങ്ങിയ ഭരണകേന്ദ്രങ്ങളിലെല്ലാം ഔദ്യോഗിക ഭാഷ പേര്‍ഷ്യനായിരുന്നല്ലോ. കൊട്ടാരരേഖകളുടെയും സൂഫി പുസ്തകങ്ങളുടെയുമെല്ലാം പൊതുഭാഷ പേര്‍ഷ്യനില്‍ തന്നെയായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനമുള്ളവരുടെ (Elites) ഭാഷ കൂടിയായിരുന്നുവത്. മുസ്‌ലിംകളുടെ മാത്രം ഭാഷയായിരുന്നില്ല അത് എന്നാണ് അതുകൊണ്ട് ഞാനുദ്ദേശിക്കുന്നത്. മറിച്ച്, പകര്‍പ്പെഴുത്ത് അടക്കമുള്ള നിരവധി എഴുത്തുജോലി സാധ്യതകള്‍ ഉണ്ടായിരുന്നതിനാല്‍ നിരവധി അന്യമതസ്ഥര്‍ പേര്‍ഷ്യന്‍ അഭ്യസിക്കുകയും കൊട്ടാരവൃത്തികളില്‍ വ്യാപൃതരാവുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രവുമായുള്ള ചരക്കുകൈമാറ്റബന്ധം മുഖേന അറബി ഭാഷക്കും ഗുജറാത്തില്‍ വലിയ പ്രചാരമുണ്ടായിരുന്നു. ഗുജറാത്തിനെക്കുറിച്ചോ ഗുജറാത്തിലോ ആയി വിരചിതമായ അറബി ഗ്രന്ഥങ്ങളെ കേന്ദ്രീകരിച്ചാണ് എന്റെ നിലവിലെ ഗവേഷണം. ആദ്യാധുനിക ഗുജറാത്തിനെ സംബന്ധിച്ച പുതിയ ചരിത്രപരമായ ഉള്‍കാഴ്ചകള്‍ അത്തരമൊരു ഗവേഷണത്തിന് മുന്നോട്ട് വക്കാനാവും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നയതന്ത്രം, വ്യാകരണം, ചരിത്രം തുടങ്ങി നിരവധി മേഖലകളെ സംബന്ധിച്ച ഉള്‍കാഴ്ചകള്‍ ഇത്തരം അറബിഗ്രന്ഥങ്ങളിലുണ്ട്. അറബിയും പേര്‍ഷ്യനും ഉപയോഗിച്ചവരായിരുന്നു ഗുജറാത്തിലെ സൂഫികളും ഉലമാക്കളും.
അറബി ലിപിയില്‍ എഴുതപ്പെട്ടിരുന്ന ഗുജരി എന്നൊരു നാട്ടുഭാഷയും ഗുജറാത്തില്‍ വലിയ രീതിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. പല പേര്‍ഷ്യന്‍ പുസ്തകങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ കാണാം. വിശാലമായ ഒരു പദസമ്പത്ത് ഗുജരി ഭാഷക്കുണ്ട്. അറബിക് കോസ്മോപോളിസ്, പേര്‍ഷ്യന്‍ കോസ്മോപോളിസ് തുടങ്ങിയ സംജ്ഞകളുടെ അടിസ്ഥാനത്തില്‍ ചരിത്രമെഴുതുമ്പോള്‍ ഇത്തരം ബഹുഭാഷാസാന്നിധ്യങ്ങളെ നമ്മള്‍ പരിഗണിക്കാതിരിക്കരുത്.
Add comment