നിരവധി സൂഫിവര്യന്മാരുടെ സാന്നിധ്യം കൊണ്ടനുഗൃഹീതമായതാണ് ഇന്ത്യയുടെ മണ്ണ്. അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റ രീതിയുടെയുടെയും സ്വാധീനം മൂലം ധാരാളം ആളുകള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പറയുന്നതിനു പകരം സ്വന്തം ജീവിതം കൊണ്ടു മാതൃക തീര്‍ക്കുകയെന്നതായിരുന്നു അവരുടെ രീതി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഇസ്‌ലാം വ്യാപനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം മഹാന്മാരുടെ പങ്ക് തീര്‍ത്തും ബോധ്യപ്പെടും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധിക്കുമ്പോള്‍ പശ്ചിമേന്ത്യന്‍ സംസ്ഥാനമായ ഗുജറാത്ത്, സൂഫികളുമായി വളരെയേറെ ബന്ധപ്പെട്ടുക്കിടക്കുന്നുണ്ട്. അഹ്‌മദാബാദിനു പുറമെ സൂറത്ത്, പട്ടന്‍, പോര്‍ബന്തര്‍ തുടങ്ങി സംസ്ഥാനത്തിലങ്ങോളമിങ്ങോളം സൂഫിവര്യന്മാരും പണ്ഡിതരും സയ്യിദുമാരുമൊക്കെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്.
ആത്മിക സരണികളായ ഖാദിരിയ്യ, രിഫാഇയ്യ, നഖ്ശ്ബന്ദിയ്യ എന്നിവയ്ക്കു പുറമെ ചിശ്തിയ്യ, സുഹ്റവര്‍ദിയ്യ, മഗ്രിബിയ്യ, ഐദറൂസിയ്യ സില്‍സിലകളിലെ മശാഇഖുമാരും ഈ പ്രദേശങ്ങളില്‍ മതകീയ വെളിച്ചം പകരുകയും ധാരാളം ശിഷ്യ ഗണങ്ങളെയും ഖലീഫമാരെയും വാര്‍ത്തെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത മഗ്രിബിയ്യ സില്‍സിലയില്‍പ്പെട്ടയാളാണ് ശൈഖ് അഹ്‌മദ് ഖട്ടു(റ).
പഴയ ഭൂമിശാസ്ത്രമനുസരിച്ച് മഗ്രിബ് എന്ന് അറിയപ്പെട്ടിരുന്ന ട്രിപ്പോളി, ടുണീഷ്യ, സ്പെയ്ന്‍, മൊറോക്കോ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഉല്‍ഭവിച്ച സൂഫീ സരണിയാണ് മഗ്രിബിയ്യ സില്‍സില. ഹിജ്‌റ 6-ാം നൂറ്റാണ്ട് മുതല്‍ 10-ാം നൂറ്റാണ്ടു വരെ ഇന്ത്യയില്‍ വ്യാപകമായി നിലനിന്നിരുന്ന ഈ സില്‍സിലയിലെ മശാഇഖുമാര്‍ കടല്‍ മാര്‍ഗമാണ് ഇവിടെക്ക് എത്തിച്ചര്‍ന്നത് എന്നതിനാല്‍ തന്നെ തീരപ്രദേശങ്ങളിലാണ് കൂടുതലായും ഇതിന്റെ വ്യാപനമുണ്ടായത്. ശൈഖ് അബൂ മദ്യന്‍ അല്‍മഗ്രിബിയിലേക്കാണ് ഈ സില്‍സില ചെന്നെത്തുന്നത്. ഈ സില്‍സിലയില്‍പ്പെട്ട പ്രശസ്തനായ സൂഫി ബാബാ ഇസ്ഹാഖ് മഗ്രിബി (വഫാത്: ഹി. 781)യുടെ മുരീദാണ് ശൈഖ് അഹ്‌മദ് ഖട്ടു(റ).
ജനനം, വളര്‍ച്ച
എ.ഡി 1336 ല്‍ ഡല്‍ഹിയിലാണ് അഹ്‌മദ് ഖട്ടു(റ) ജനിക്കുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ബ്ന്‍ തുഗ്ലക്കായിരുന്നു അന്നത്തെ ഡല്‍ഹി ഭരണാധികാരി. ചെറുപ്പ കാലത്ത് കുട്ടികളുമൊത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ശക്തമായ കൊടുങ്കാറ്റടിക്കുകയും മാതാപിതാക്കളില്‍ നിന്നും കൂട്ടുകുടുംബക്കാരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്തു. സഹായിക്കാന്‍ ആളില്ലാതെ അലഞ്ഞു തിരിയുന്നതിനിടയിലാണ് ബാബാ ഇസ്ഹാഖ് മഗ്രിബി എന്ന സൂഫിവര്യനെ കണ്ടുമുട്ടുന്നതും തന്റെ സ്വദേശമായ രാജസ്താനിലെ ഖട്ടു എന്ന പ്രദേശത്തേക്കു അഹ്‌മദിനെ കൊണ്ടു പോവുകയും ചെയ്തത്. അജ്മീറിന്റെ വടക്കു പടിഞ്ഞാര്‍ ഭാഗത്ത് ഏകദേശം 170 കിലോ മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഖട്ടു. ഇവിടെ ജീവിച്ചു വളര്‍ന്നതു കൊണ്ടാണ് ശൈഖ് അഹ്‌മദ് മഗ്രിബി എന്നവര്‍ ശൈഖ് അഹ്‌മദ് ഖട്ടു എന്ന പേരില്‍ പ്രസിദ്ധനായത്.
അബൂ ഇസ്ഹാഖ് മഗ്രിബിയുടെ ആത്മിക ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ക്രമേണ സൂഫിസത്തിലെ സ്ഥാനങ്ങളായ ഇജാസത്തും ഖിലാഫത്തുമൊക്കെ കരസ്ഥമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മിക വളര്‍ച്ചയെക്കുറിച്ച് ശാഹ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്ലവി അഖ്ബാറുല്‍ അഖ്യാര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു:
‘ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം പ്രാഥമിക വിദ്യ അഭ്യസിച്ചത്. ശേഷം ഖാന്‍ ജഹാന്‍ മസ്ജിദില്‍ ശക്തമായ രിയാളയില്‍ മുഴുകുകയും ആത്മീയോന്നതികള്‍ നേടുകയും ചെയ്തു. പകല്‍ നോമ്പനുഷ്ഠിക്കുകയും ഒരു ചീന്ത് കാരക്ക കൊണ്ടു നോമ്പ് തുറക്കുകയും ചെയ്യുമായിരുന്നു. നാല്‍പതു ദിവസം ധ്യാനമിരുന്നപ്പോള്‍ ഒരു ഈത്തപ്പഴം വീതമാണു കഴിച്ചിരുന്നത്. മുളഫ്ഫര്‍ ശാഹ് ഗുജറാത്തിന്റെ ഭരണമേറ്റെടുത്തപ്പോള്‍ ഡല്‍ഹിയിലായിരുന്ന ശൈഖ് അഹ്‌മദ് ഖട്ടുവിനെ ഗുജറാത്തിലേക്കു ക്ഷണിച്ചു. പ്രസ്തുത ക്ഷണപ്രകാരം അദ്ദേഹം വരികയും അഹ്‌മദാബാദില്‍നിന്ന് ഏകദേശം 7 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാര്‍ സ്ഥിതി ചെയ്യുന്ന സര്‍ഖേജ് എന്ന പ്രദേശത്ത് താമസമാക്കുകയും ചെയ്തു. പിന്നീട് മരണം വരെയും അവിടെയായിരുന്നു അദ്ദേഹത്തിന്റെ താമസം. പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. വഫാതിനു ശേഷവും ആ ചര്യ തുടര്‍ന്നു വരുന്നുണ്ട്’.
ആദ്ധ്യാത്മിക വിജ്ഞാനങ്ങള്‍ക്കു പുറമെ ബാഹ്യമായ അറിവുകളിലും അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം സമര്‍ഖന്ദിലെ ഒരു പള്ളിയിലെത്തി. അവിടെ ഒരു പണ്ഡിതന്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. മഹാനവര്‍കള്‍ ഒരു സാധാരണക്കാരനെപ്പോലെ വസ്ത്രം ധരിച്ചു കൊണ്ട് പള്ളിയുടെ ഒരു മൂലയില്‍ പോയിരുന്നു. ഹനഫീ മദ്ഹബിലെ പ്രധാന നിദാന ശാസ്ത്ര ഗ്രന്ഥമായ ഹുസാമിയായിരുന്നു അന്നേരം ദര്‍സു നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ഹുസാമി വായിക്കുന്നതിനടയില്‍ പിഴവു പറ്റിയപ്പോള്‍ പള്ളിയുടെ ഒരു ഭാഗത്തിരിക്കുകയായിരുന്ന അഹ്‌മദ് ഖട്ടു അതു തിരുത്തിക്കൊടുക്കുകയും ഇതു കണ്ട് അവിടെയുണ്ടായിരുന്ന അധ്യാപകര്‍ അദ്ദേഹത്തോട് ഉസ്വൂലുല്‍ ഫിഖ്ഹുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു. എല്ലാ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.
ആത്മീയമായി ഏറ്റവും ഉന്നതിയിലെത്തിയതു കൊണ്ടു തന്നെ അതു സൂചിപ്പിക്കുന്ന ധാരാളം സ്ഥാനപ്പേരുകളും മഹാനര്‍ക്കു ലഭിച്ചിരുന്നു. ബദ്റുല്‍ ആരിഫീന്‍, സിറാജുസ്സ്വിദ്ദീഖീന്‍, ഖുത്വ്ബെ ആലം, ഗഞ്ച് ഗീര്‍, ഗഞ്ച് ബഖ്ശ് തുടങ്ങിയ പല പേരുകളിലും ചരിത്രകാരന്മാര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഇവയില്‍ ഗഞ്ച് ബഖ്ശ് എന്ന പേരാണ് ഏറ്റവും പ്രസിദ്ധമായത്. ഗഞ്ച് എന്നാല്‍ നിധി എന്നും ഗഞ്ച് ഗീര്‍ എന്നാല്‍ നിധി കൈവശപ്പെടുത്തിയവന്‍ എന്നും ഗഞ്ച് ബഖ്ശ് എന്നാല്‍ നിധി ദാനം ചെയ്തവന്‍ എന്നുമാണര്‍ഥം. ഹി. 758 ല്‍ പ്രസിദ്ധ സൂഫിവര്യനായ ഹസ്റത്ത് ജലാലുദ്ദീന്‍ ബുഖാരി (മുല്‍താനിലെ ഉച്ച് എന്ന പ്രദേശത്ത് അന്ത്യ വിശ്രമം കൊള്ളുന്നു അദ്ദേഹം മഖ്ദൂം ജഹാനിയാന്‍ ജഹാന്‍ ഗശ്ത് എന്നാണ് അറിയപ്പെടുന്നത്) അഹ്‌മദ് ഖട്ടുവിന് സൂഫീ സ്ഥാന വസ്ത്രമായ ഖിര്‍ഖ സമ്മാനിക്കുകയും അദ്ദേഹം അതിനെ ഒരു നിധി പോലെ 80 വര്‍ഷത്തോളം സൂക്ഷിച്ച് വെക്കുകയും ചെയ്തിരുന്നു. ഇതു കൊണ്ടാണ് ഗഞ്ച് ഗീര്‍ എന്ന പേര് വന്നത്. പിന്നീട് ഹി. 834 ല്‍ അത് അഹ്‌മദാബാദിലെ മറ്റൊരു സൂഫി വര്യനായ ശാഹെ ആലം എന്നവര്‍ക്കു ദാനം ചെയ്തപ്പോള്‍ ഗഞ്ച് ബഖ്ശ് എന്ന പേരും ലഭിച്ചു.
ജീവിതത്തിന്റെ വലിയൊരു ഭാഗം സഞ്ചാരത്തിനു വേണ്ടിയാണു അഹ്‌മദ് ഖട്ടു നീക്കി വെച്ചത്. സുദീര്‍ഘമായ ഇത്തരം യാത്രകളിലൂടെ ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ള നിരവധി മഹാരഥന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ അനുഭവം വിശദീകരിച്ചു കൊണ്ട് അദ്ദേഹം തന്നെ തന്റെ തുഹ്ഫതുല്‍ മജാലിസ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഞാന്‍ പന്ത്രണ്ടു വര്‍ഷത്തോളം നഗ്ന പാദനായി സഞ്ചരിച്ചിട്ടുണ്ട്. ഏതെങ്കിലും പട്ടണത്തിലെത്തിയാല്‍ അവിടെയുള്ള പള്ളിയില്‍ അന്തിയുറങ്ങാറായിരുന്നു എന്റെ പതിവ്. നിങ്ങള്‍ നഗ്‌ന പാദരായി സഞ്ചരിക്കൂ; എന്നാല്‍ റബ്ബിനെ നേരിട്ടു ദര്‍ശിക്കാം എന്ന നബിവചനം അന്വര്‍ഥമാക്കിയാണ് ഞാന്‍ ഇത്രയും കൂടുതല്‍ കാല്‍നടയായി സഞ്ചരിച്ചത്. യാത്രകളില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും ആത്മീയമായ ധാരാളം അനുഭൂതികള്‍ ലഭിക്കുന്നതിലൂടെ വല്ലാത്ത സന്തോഷം അനുഭവിക്കാന്‍ കഴിയും’.
ഗുരുവായ ബാബാ ഇസ്ഹാഖ് മഗ്രിബി അങ്ങേയറ്റം ഇഷ്ടപ്പെടുകയും ആശീര്‍വദിക്കുകയും ചെയ്ത ശിഷ്യനായിരുന്നു അഹ്‌മദ് ഖട്ടു. ഒരിക്കല്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി ഡല്‍ഹിയില്‍ വന്നപ്പോള്‍ ബാബാ ഇസ്ഹാഖ് മഗ്രിബി അഹ്‌മദ് ഖട്ടുവിനോട് ജലാലുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം ആഗ്രഹിക്കുന്നണ്ടോ എന്ന് ചോദിക്കുകയും നിങ്ങളുടെ ശിഷ്യനായി നില്‍ക്കുന്നതിനാല്‍ അതിന്റെ ആവശ്യമില്ലെന്ന് പ്രതികരിക്കുകയും ചെയ്തപ്പോള്‍ ഗുരു പ്രാര്‍ത്ഥനാ പൂര്‍വം പറഞ്ഞു: ‘മുഴുവന്‍ ഭരണാധികാരികളും രാജാക്കളും നിന്റെ ദര്‍ബാറിലെത്തുന്ന ദിനം വിദൂരമല്ല’.
ഗുരുവിന്റെ ഈ പ്രാര്‍ത്ഥനയുടെ സഫലീകരണമെന്നോളം ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഭരണാധികാരികള്‍ അദ്ദേഹത്തെ ബഹുമാനിക്കാറുണ്ടായിരുന്നു. ഫിറോസ് ശാഹ് തുഗ്ലക്ക്, ഗിയാസുദ്ദീന്‍ തുഗ്ലക്ക്, അബൂബക്കര്‍ തുഗ്ലക്ക്, നാസ്വിറുദ്ദീന്‍ തുഗ്ലക്ക്, മഹ്‌മൂദ് തുഗ്ലക്ക് തുടങ്ങിയ ഡല്‍ഹി ഭരണാധികാരികളും മുസഫ്ഫര്‍ ശാഹ്, അഹ്‌മദ് ശാഹ്, മഹ്‌മൂദ് ശാഹ് തുടങ്ങിയ ഗുജറാത്തു ഭരണാധികാരികളും അദ്ദേഹത്തെ ആദരിച്ചുവെന്നു മാത്രമല്ല അഹ്‌മദ് ശാഹ് അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് അഹ്‌മദ് ശാഹ് ഒന്നാമന്‍ അഹ്‌മദാബാദ് എന്ന പട്ടണം നിര്‍മിച്ചത്.
രചനകളും അധ്യാപനങ്ങളും
പേര്‍ഷ്യന്‍ ഭാഷയില്‍ നിരവധി കവിതകള്‍ അദ്ദേഹത്തിന്റേതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. പലതും അദ്ദേഹത്തിന്റെ മല്‍ഫൂസാത്തു(വാമൊഴികള്‍)കളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ഗുജറാത്ത് ഭരണാധികാരിയായ അഹ്‌മദ് ശാഹ് ഒന്നാമനു വേണ്ടി എഴുതിയ രിസാലയാണ് മറ്റൊരു രചന. ശിഷ്യഗണങ്ങളില്‍ പലരും അദ്ദേഹത്തിന്റെ വാമൊഴികള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശിഷ്യനായ മഹ്‌മൂദ് എര്‍ജി ക്രോഡീകരിച്ച തുഹ്ഫതുല്‍ മജാലിസാണ് അവയില്‍ പ്രധാനപ്പെട്ടതും നിലവില്‍ ലഭ്യമായതും. ശൈഖ് മുഹമ്മദ് ബ്ന്‍ അബില്‍ഖാസിം ക്രോഡീകരിച്ച മിര്‍ഖാതുല്‍ വുസ്വൂല്‍ ഇലല്ലാഹി വര്‍റസൂല്‍ ആണ് മറ്റൊരു വാമൊഴി.
അഹ്‌മദ് ഖട്ടുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു തുഹ്ഫതുല്‍ മജാലിസ് ക്രോഡീകരിച്ച ഇറാന്‍ സ്വദേശിയായ ശൈഖ് മഹ്‌മൂദ് എര്‍ജി. ഒരിക്കല്‍ ഗുരുവായ അഹ്‌മദ് ഖട്ടു(റ) അദ്ദേഹത്തോടു പറഞ്ഞു: ‘മഹ്‌മൂദ്, ഇപ്പോള്‍ നല്ല അവസരമാണ്. നിന്റെ ആഗ്രഹങ്ങളൊക്കെ എന്നോടു പറയൂ’. ഭൗതിക താല്‍പര്യങ്ങള്‍ ഗുരുവിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതിനു പകരം ശിഷ്യന്‍ പറഞ്ഞു: ‘അങ്ങയോടൊപ്പം സഹവസിച്ചതു കൊണ്ടാണ് ഇരുലോക വിജയവും സൗഭാഗ്യവും എനിക്കു ലഭിച്ചത്. അങ്ങു പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കണമെന്നതാണ് ഇനി എന്റെ ആഗ്രഹം. സമ്മതമാണെങ്കില്‍ മാത്രം അങ്ങനെ ചെയ്യാം’. ശൈഖവര്‍കള്‍ സമ്മതം നല്‍കുകയും ഓരോ ദിവസവും പറയുന്ന കാര്യങ്ങള്‍ ശിഷ്യന്‍ രേഖപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. അതാണ് തുഹ്ഫതുല്‍ മജാലിസ് എന്ന പേരില്‍ പ്രസിദ്ധമായത്. ഒരു സദസ്സില്‍ പറഞ്ഞ കാര്യങ്ങള്‍ എന്നര്‍ഥത്തില്‍ ഓരോ അധ്യായവും മജ്ലിസ് എന്ന പേരിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം 75 മജ്ലിസുകളാണ് ഈ മല്‍ഫൂസാത്തിലുള്ളത്.

തന്റെ ആത്മീയ ജീവിതത്തിനിടയിലുണ്ടായ ധാരാളം അനുഭവങ്ങളും സൂഫികളുടെയും ദര്‍വീശുകളുടെയുമൊക്കെ മഹത്വവുമാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. മജ്ലിസ് 19 ല്‍ പറയുന്നു: ‘ദര്‍വീശുമാരുടെ സദസ്സിലേക്കു പ്രവേശിക്കല്‍ എളുപ്പമുള്ള കാര്യമാണ്. പക്ഷേ, വിജയകരമായി അവിടെ നിന്നു തിരിച്ചു പോരലാണു പ്രയാസം. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ മഹത്വവും അവരുടെ സദസ്സില്‍ പാലിക്കേണ്ട മര്യാദകളുമാണ് ഈ വാക്കില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ മനുഷ്യരെ സമീപിക്കുന്നതു പോലെ ഇത്തരം മഹാന്മാരെ സമീപിച്ചാല്‍ ദുന്‍യാവിലും ആഖിറത്തിലും പരാജയപ്പെടാന്‍ അതു കാരണമായേക്കും. അവരുടെ സദസ്സില്‍ പ്രവേശിച്ചാല്‍ അവരുടെ ഇഷ്ടവും സ്നേഹവും നേടിയെടുക്കാന്‍ സാധിക്കണം’. ഗ്രന്ഥം ക്രോഡീകരിച്ച മഹ്‌മൂദ് എര്‍ജി ഈ വാക്കിന്റെ വിശദീകരണത്തില്‍ പറയുന്നു: ‘സയ്യിദ് ബഹാഉദ്ദീന്‍ സകരിയ്യ മുല്‍താനി (റ) പറയാറുണ്ടായിരുന്നു: ‘പരമാവധി സൂഫികളുടെ അടുത്തു പോവാതിരിക്കുക. പോവുകയാണെങ്കില്‍ തന്നെ അന്ധരെപ്പോലെ, ബധിരരെ പോലെ, മൂകരെ പോലെ അവരുടെ സദസ്സില്‍ ഇരിക്കുക. അഥവാ കണ്ണും കാതും വായയും അടച്ച് ഹൃദയം തുറന്നിരിക്കുക. കാരണം, അവര്‍ ഹൃദയത്തിന്റെയാളുകളാണ്. ഹൃദയത്തിലേക്കാണവരുടെ നോട്ടം’.
മജ്ലിസ് 21 ല്‍ തന്റെ ഔദാര്യവുമായി ബന്ധപ്പെട്ട ഒരനുഭവം വിശദീകരിക്കുന്നു: ‘എന്റെ ഗുരുവായ ബാബാ ഇസ്ഹാഖ് മഗ്രിബി പറയാറുണ്ടായിരുന്നു: അഹ്‌മദ്, നീ വലിയ ഉദാരവാനാണല്ലോ. ധര്‍മം ചെയ്യാന്‍ പറ്റാത്ത വിധം നിന്റെ കൈകള്‍ താഴ്ന്നു പോകുന്നതിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ’. മഹാനവര്‍കള്‍ മറുപടി പറഞ്ഞു: ‘മഹാന്മാരുടെ ബറകത്തു കൊണ്ട് എന്റെ കൈ എന്നും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്’. ധര്‍മം ചെയ്യുന്നതിലൂടെ സമ്പത്തു വര്‍ധിക്കും എന്നാണ് മഹാനര്‍ ഉദ്ദേശിച്ചത്. ഗുരു പറഞ്ഞു: ‘അഹ്‌മദ്, ഞാന്‍ നിന്നെ പരീക്ഷിച്ചതായിരുന്നു. നിന്റെ കൈ എന്നും ഉയര്‍ന്നു നില്‍ക്കാന്‍ ഞാന്‍ അല്ലാഹുവിനോടു ദുആ ചെയ്യുന്നു’.
മജ്ലിസ് 29 ല്‍ തന്റെ വിനയവും അല്ലാഹുവിന്റെയടുക്കല്‍ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള വിലാപവുമാണ് അടങ്ങിയിട്ടുള്ളത്. ഒരു പേര്‍ഷ്യന്‍ കവിതയിലൂടെ പറയുന്നു:
ന ദര്‍ ശുമാറെ മറദ് ന അന്ദര്‍ ശുമാറെ സന്‍
മഅ്ലൂം നീസ്ത് ദര്‍ ചെ ശുമാരീം ആഹ് ആഹ്
ഖാനദ് അഗര്‍ ബ ലുത്ഫ് ബയായീം ശാദ് ശാദ്
റാനദ് അഗര്‍ ബ ഖഹ്ര് ബര്‍ ആരീം ആഹ് ആഹ്
(അല്ലാഹുവിന്റെ മുന്നില്‍ എന്റെ സ്ഥാനം എന്താണെന്നെനിക്കറിയില്ല. പുരുഷന്മാരുടെ കൂട്ടത്തിലാണോ സ്ത്രീകളുടെ കൂട്ടത്തിലാണോ ഞാന്‍ പെടുകയെന്നുമറിയില്ല. സ്നേഹത്തോടെ അവന്‍ എന്നെ വിളിക്കുകയാണെങ്കില്‍ സന്തോഷത്തോടെ ഞാന്‍ മുന്നോട്ടു വരും. കോപത്തോടെ അവന്‍ എന്നെ ആട്ടുകയാണെങ്കില്‍ ഖേദത്തോടെ ഞാന്‍ പുറത്തു പോവുകയും ചെയ്യും).
മജ്ലിസ് 47 ല്‍ ഗൗസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖു.സി) യുടെ മഹത്വം വിവരിച്ചു കൊണ്ടു പറയുന്നു: ‘ബാബാ ഇസ്ഹാഖ് മഗ്രിബിയോടു ഞാന്‍ ചോദിച്ചു: സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പദവി എന്താണ്? അദ്ദേഹം പറഞ്ഞു: ശൈഖ് ജീലാനിയുടെ മഹത്വത്തെ പന്ത്രണ്ടു ഭാഗമാക്കിയാല്‍ അതിലൊരു ഭാഗം വിശദീകരിച്ചു തീര്‍ക്കാന്‍ സമുദ്രങ്ങള്‍ മുഴുവന്‍ മഷിയും മരങ്ങള്‍ മുഴുവന്‍ പേനയും ഭൂമി മുഴുവന്‍ കടലാസ്സുമായാല്‍ പോലും സാധ്യമല്ല’.
ഹി. 849 ശവ്വാല്‍ 14 വ്യാഴാഴ്ചയായിരുന്നു മഹാനവരുടെ വഫാത്ത്. ജനാസ കര്‍മങ്ങളില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ബ്നു അഹ്‌മദ് ബാദ്ഷായും പങ്കെടുത്തു. അഹ്‌മദാബാദില്‍ നിന്ന് തെക്ക് പടിഞ്ഞാറു ഭാഗത്ത് 7 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സര്‍ഖേജ് എന്ന പ്രദേശത്താണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്.
Add comment