Thelicham
ജലാലുദ്ധീന്‍ റൂമി

നൃത്തം ചെയ്യുന്ന ദര്‍വേശകളുടെ നാട്ടില്‍

ഇസ്തംബൂളില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിയുടെ ഉല്‍ഘാടന പരിപാടിയിലും അനുബന്ധ അന്താരാഷ്ട്ര സെമിനാറിലും സംബന്ധിക്കാനാണ് തുര്‍ക്കിയിലെത്തുന്നത്. ഉസ്മാനീ ഖിലാഫത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഇസ്തംബൂളില്‍ ഒരാഴ്ച ചിലവഴിച്ച ശേഷം സല്‍ജൂഖ് ഭരണത്തിന്റെ ആസ്ഥാനവും മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ അനുരാഗ വസന്തം പൂത്ത മണ്ണുമായ കൊന്‍യയിലേക്കായിരുന്നു അടുത്ത യാത്ര.  തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയുടെ തെക്ക് ഭാഗത്തായി മധ്യ അനാറ്റോലിയയിലാണ് കൊന്‍യ നഗരം സ്ഥിതി ചെയ്യുന്നത്. സിവിലൈസേഷനല്‍ ടൂറിസത്തിന് ഏറെ പേരു കേട്ട കൊന്‍യ നിരവധി സൂഫികളുടെയും മെവിലാനാ ത്വരീഖത്തിലെ മുരീദുകളുടെയും സംഗമ കേന്ദ്രവുമാണ്. കൊന്‍യയിലെ പ്രധാന ആകര്‍ഷക കേന്ദ്രമായ മെവിനാലാ മ്യൂസിയം ജലാലുദ്ദീന്‍ റൂമിയുടെയും മെവിലാനാ ത്വരീഖത്തിന്റെയും ചരിത്ര വഴികളെ തന്‍മയത്തത്തോടെ അടയാളപ്പെടുത്തുന്നുണ്ട്. തന്റെ ചെറുപ്പ കാലത്ത്, മംഗോളിയരുടെ ആക്രമണത്തില്‍ മധ്യേഷ്യയും സമീപ പ്രദേശങ്ങളും തകര്‍ന്നു പോയപ്പോള്‍ പിതാവ് ബഹാഉദ്ദീന്‍ വലദുമൊത്ത് യാത്ര തിരിച്ച റൂമി ഹിജാസ്, ഇറാഖ് തുടങ്ങി നിരവധി ദേശങ്ങളിലൂടെ യാത്രകള്‍ ചെയ്ത് അവസാനം തുര്‍ക്കിയിലെ കരാമനില്‍ എത്തിച്ചേരുന്നുണ്ട്. തുടര്‍ന്ന് അന്നത്തെ  സല്‍ജൂഖീ രാജാവായിരുന്ന അലാഉദ്ദീന്‍ ഖൈഖുബാദിന്റെ നിരന്തര ക്ഷണം സ്വീകരിച്ചാണ് റൂമിയുടെ പിതാവ് കുടുംബസമേതം കൊന്‍യയിലേക്കെത്തുന്നത്. പിന്നീട് പിതാവ് മരണപ്പെട്ടപ്പോള്‍ രാജാവ് തന്റെ പ്രശസ്തമായ റോസ് ഗാര്‍ഡന്‍ അവരുടെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തു. അതാണ് ഇന്ന് മെവിലാനാ മ്യൂസിയമായി തലയുയര്‍ത്തി നില്‍ക്കുന്നത്.

1273ല്‍ റൂമി ഈ ലോകത്തോട് വിടചൊല്ലിയപ്പോള്‍ അദ്ദേഹത്തിന് അന്ത്യവിശ്രമ സ്ഥലമൊരുക്കിയതും ഇവിടെ തന്നെ. മിഅ്മാര്‍ സിനാന്റെ പിന്മുറക്കാരുടെ കലാവൈഭവം തിളങ്ങി നില്‍ക്കുന്ന ഇസ്തംബൂളിലെ മ്യൂസിയങ്ങളും പള്ളികളും കണ്ട് കൊന്‍യയിലെത്തുമ്പോള്‍ നമ്മെ വരവേല്‍ക്കുക അധികവും മെവിലാനാ മ്യൂസിയമടക്കമുള്ള സല്‍ജൂഖ് കാലത്തെ വാസ്തുശൈലികളായിരിക്കും.

ജലാലുദ്ധീന്‍ റൂമി  മ്യൂസിയത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ തന്നെ റൂമിയും നൃത്തം വെക്കുന്ന സൂഫികള്‍  (Whirling Dervishes) എന്നറിയപ്പെടുന്ന മെവിലാനാ മുരീദുകളും ഏറെ വ്യത്യസ്തരാണെന്ന് ബോധ്യപ്പെട്ട് തുടങ്ങും. പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ മാര്‍ബിള്‍ പതിച്ച മുറ്റവും ദര്‍വേശുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലവും ഹുര്‍റം പാഷ മഖ്ബറയും കാണാം.

ഉസ്മാനിയ്യ ഖലീഫ  സുല്‍ത്താന്‍ സുലൈമാന്‍ ഒന്നാമനാണ് രണ്ടും പണികഴിപ്പിച്ചത്. ഇടത് ഭാഗത്ത് ദര്‍വേശുകള്‍ക്ക് താമസിക്കാനുള്ള പതിനേഴ് ചെറിയ മുറികള്‍ മുകളില്‍ മനോഹരമായ ചെറിയ ഖുബകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുറാദ് ഒന്നാമന്റെ കാലത്ത് നിര്‍മിക്കപ്പെട്ടവായിണിത്.

മെവിലാനാ സൂഫീ പന്ഥാവ് തിരഞ്ഞെടുത്ത ദര്‍വേശികളുടെ നിറ സാന്നിധ്യം ചരിത്രത്തില്‍ അണമുറിയാത്ത കാഴ്ചയായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് ഈ മുദ്രകള്‍. സൂഫീ സംഗീതവും ഇന്ന് സൂഫീ നൃത്തമെന്ന പേരില്‍ പ്രസിദ്ധമായ ‘സമ’യും ഇവിടെ മുമ്പേ പരിശീലിക്കപ്പെട്ടിരുന്നു. റൂമിയുടെ പിതാവ്, മകന്‍ സുല്‍ത്താന്‍ വലദ് തുടങ്ങി നിരവധി കുടുംബാംഗങ്ങളുടെ ഖബറുകളും മ്യൂസിയത്തിനകത്തുണ്ട്. ഇന്ന് ചിത്രങ്ങളില്‍ കാണുന്നത് പോലെ റൂമിയുടെ ഖബര്‍ ഖുര്‍ആന്‍ വചനങ്ങള്‍ നെയ്ത തുണികളാല്‍ അലങ്കൃതമാവുന്നത് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലത്താണ്. തലഭാഗത്ത് മെവിലാന സൂഫികളുടെ കിരീടം പോലെ തലപ്പാവ് ചുറ്റിയ തൊപ്പി വെച്ചിരിക്കുന്നത് കാണാം. ഉസ്മാനിയാ ഖലീഫമാരുടെ മഖ്ബറകളിലെല്ലാം ഇപ്രകാരം അലങ്കരിച്ചതായി കാണാന്‍ കഴിയുന്നുണ്ട്.  സന്ദര്‍ശിച്ച മറ്റു പ്രധാന ഖബറുകളിലും ഇതേ അലങ്കാര രീതി തന്നെ ഉപയോഗിച്ചതായി കാണുന്നുണ്ട്. ഇസ്താംബൂളിലുള്ള അംറ് ബിന്‍ ആസ്വിന്റേത് എന്ന് രേഖപ്പെടുത്തിയ ഖബറും തൊട്ടടുത്തുള്ള സുഫ്‌യാന്‍ ബിന്‍ ഉയയയ്‌ന യുടെ ഖബറും ഇപ്രകാരം തന്നെ. മൗലാനയോടുള്ള ആദരവ് പ്രകാരമാണ്  ഇപ്രകാരം ചെയ്യുന്നതെന്നാണ് ചിലരുടെ പക്ഷം.    സമക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍, മസ്‌നവിയുടെ കയ്യെഴുത്ത് പ്രതി, റൂമിയുടെ വസ്ത്രങ്ങള്‍, ദര്‍വേശുകള്‍ ഉപയോഗിച്ചിരുന്ന മറ്റു ഉപകരണങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചരിത്രത്തെ പെട്ടെന്ന് വായിച്ചെടുക്കാനുതകുന്ന വിധം ചിത്രീകരണങ്ങളും ശില്‍പങ്ങളും നിര്‍മിച്ചുവെച്ചതായി കാണാം.

റൂമീ സ്‌നേഹവും സൂഫീ പാതകളും അന്വേഷിച്ചെത്തുന്ന സത്യാന്വേഷികളെ ആശങ്കയലാഴ്ത്തുന്ന ഒന്ന് കൂടിയാണ് അവിടെ നിര്‍മിച്ചുവെച്ചിരിക്കുന്ന ആള്‍രൂപങ്ങള്‍. ഒരിന്ത്യന്‍ വിദ്യാര്‍ഥി എന്ന നിലയില്‍ നമ്മെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ച മഖ്ബറകളുടെ പുറത്ത് മ്യൂസിയത്തിനകത്തായി കാണാനുണ്ട്. ഡോക്ടര്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന് വേണ്ടി തന്റെ ആത്മീയഗുരുവായി ഇഖ്ബാല്‍ വിശേഷിപ്പിച്ച റൂമിയുടെ ചാരത്ത് ആദരസൂചകമായി ഒരു ഖബറിനുള്ള  സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു. ഈ സ്ഥലം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മഹാനായ കവിയും ആശിഖു റസൂലുമായ ഇഖ്ബാലിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നുവെന്ന് ഉര്‍ദു അടക്കമുള്ള വിവിധ ഭാഷകളില്‍ എഴുതി വെച്ചിരിക്കുന്നു.

ജലാലുദ്ധീന്‍ റൂമിസമ നേരിട്ടു വീക്ഷിക്കുന്നതിനായി മെവിലാന കള്‍ച്ചറല്‍ സെന്ററിലേക്ക് പോയി. മെവിലാനയുടെ മുരീദുകള്‍ ഇന്നും സമ പരിശീലിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.ശൈഖിന്റെ നേതൃത്വത്തിലാണ് സമ നടക്കുക. ലൈനിയിരുന്ന് ഓരോരുത്തര്‍ വന്ന് ശൈഖിന്റെ അടുത്തെത്തി വണങ്ങി ആശിര്‍വാദം വാങ്ങിയ ശേഷം കറങ്ങി കറങ്ങി മുന്നോട്ടുപോവുന്ന നൃത്തരൂപമാണ് സമ. അങ്ങനെ അനന്തമായി കറങ്ങുന്ന ഒരുകൂട്ടം ആളുകള്‍.

മനുഷ്യ മനസ്സിനെ തളര്‍ത്തുന്ന അവന്റെ എല്ലാ അഹംഭാവങ്ങളും ഒഴിവാക്കി ദൈവ സ്‌നേഹത്തില്‍ ലയിക്കുന്നതിന്റെ പ്രതീകമായാണ് കൈകള്‍ വിടര്‍ത്തിപ്പിടിച്ചുള്ള ഈ കറക്കങ്ങള്‍. സഞ്ചാരികളുടെ ബാഹുല്യം പരിഗണിച്ച് പ്രത്യേകം തയ്യാറാക്കിയ വലിയ കള്‍ച്ചറല്‍ സെന്ററിലാണ് ഇപ്പോള്‍ സമ അരങ്ങേറുന്നത്. ശബ്ദ വര്‍ണ ലയങ്ങളാല്‍ ആസ്വാദനത്തിന്റെയും അനുരാഗത്തിന്റെയും അനന്ത തലങ്ങളിലേക്ക് ഒരു ദര്‍വേശ് മെല്ലെ പറന്നു പോകുന്നത് പോലെ അനുഭവപ്പെടുന്നു. കൈ രണ്ടും ഉയര്‍ത്തിപ്പിടിച്ച് വിരിഞ്ഞ് നില്‍ക്കുന്ന പ്രത്യേക തരം വസ്ത്രത്തില്‍ എല്ലാം മറന്ന് സ്‌നേഹത്തിന്റെ ലോകത്ത് ലയിച്ചു ചേരുകയാണ് സമയിലൂടെ സൂഫി ചെയ്യുന്നതത്രേ.

സാമ്രാജ്യങ്ങളും രാജക്കന്മാരും മാറിമാറി വന്നിട്ടും റൂമി എന്നും കൊന്‍യയുടെ മാത്രമല്ല മൊത്തം തുര്‍ക്കിയുടെ തന്നെ ആത്മീയ നേതാവായി എല്ലാവരാലും ഗണിക്കപ്പെടുന്നു. ആദരവുപൂര്‍വ്വം തുര്‍ക്കികള്‍ റൂമിയെ മെവിലാന (ഞങ്ങളുടെ നേതാവ്) എന്നാണ് വാഴ്ത്താറ്. അദ്ദേഹത്തിന്റെ വഫാത്ത് ദിനത്തോടനുബന്ധിച്ച് ഉറൂസ് നടത്തപ്പെടുന്നുവെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. കേരളത്തിലേത് പോലെ മഹാന്മാരുടെ ഉറൂസുകള്‍ കഴിക്കുക അതോടനുബന്ധിച്ച് അന്നദാന ചടങ്ങുകള്‍ സംഘടിപ്പിക്കുക ഇന്നും തുര്‍ക്കിയില്‍ സജീവമാണ്.

ജലാലുദ്ധീന്‍ റൂമികൊന്‍യയിലെ തന്നെ ശംസ് തബ് രീസിയുടെ മഖ്ബറയില്‍ ചെന്ന് പ്രാര്‍ത്ഥ നടത്തിയാണ് റൂമിയുടെ ഉറൂസ് ആരംഭിക്കുന്നത്. റൂമിയും ശംസ് തബ് രീസിയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണിത്. 1244ല്‍ കൊന്‍യയിലെ ഒരു തെരുവില്‍ ശരീരം മുഴുക്കെ മൂടുന്ന കറുത്ത വസ്ത്രം ധരിച്ച് ശംസ് തിബ്‌രീസ് എന്തോ അന്വേഷിച്ച് നടക്കുകയായിരുന്നു. അവസാനം താന്‍ അന്വേഷിക്കുന്ന റൂമി ഒരു കുതിരപ്പുറത്ത് സവാരി ചെയ്യുന്നത് അദ്ദേഹം കണ്ടെത്തി. മറ്റൊരിക്കല്‍ റൂമി പുസ്തക കൂട്ടങ്ങള്‍ക്കരികിലിരുന്ന് വായിക്കുകയായിരുന്നു. അതുവഴി വന്ന ശംസ് ചോദിച്ചു എന്താണ് നീ ചെയ്തുകൊണ്ടിരിക്കുന്നത് റൂമി: നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. ഇതുകേട്ട പാടെ ശംസ് എല്ലാ പുസ്തകങ്ങളും അടുത്തുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വേദനയില്‍ ഒന്നും ആലോചിക്കാതെ കുളത്തിലിറങ്ങി റൂമി തന്റെ പുസ്തകങ്ങള്‍ വേഗം ഒരുമിച്ചുകൂട്ടി. പക്ഷെ, അവ ഒട്ടും നനഞ്ഞിരുന്നില്ല!. റൂമി ചോദിച്ചു നിങ്ങളെന്താണ് കാണിക്കുന്നത്. ശംസ് പറഞ്ഞു മൗലാന ഇതാണ് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍. റൂമിയെ ആത്മീയ ഉന്നതിയിലേക്ക് വഴി നടത്തിയ ഗുരുവുമായുള്ള ആദ്യ കണ്ടുമുട്ടലായിരുന്നു അത്.  തന്റെ ഗുരുവിനോടുള്ള സ്‌നേഹവും ആദരവും അടുപ്പവും വ്യക്തമാക്കുന്ന നിരവധി കവിതകള്‍ റൂമിയുടേതായിട്ടുണ്ട്. ദീവാനെ ശംസ് തബ് രീസ് ഒരു ഉദാഹരണം മാത്രം. ഇന്ന് കൊന്‍യയിലുള്ള ശംസിന്റെ മഖ്ബറയെ ചൊല്ലി ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ട്. ശംസിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് മഖ്ബറകള്‍ പാകിസ്താന്റെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ട്. അദ്ദേഹം കൊല ചെയ്യപ്പെട്ടതാണെന്നും കൊന്‍യയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായതാണെന്നുമെല്ലാം അഭിപ്രായ വൈജാത്യങ്ങളുണ്ടെങ്കിലും ഇന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മഖ്ബറയാണ് ശംസ് തബ് രീസിയുടേത്. ഇവിടെ നിന്നും ദുആ ചെയ്തു കൊണ്ടാണ് ഉറൂസ് ആരംഭിക്കുന്നത്. ഇത്തരം വേളകളിലെല്ലാം സമ തന്നെയാണ് മുഖ്യാകര്‍ഷണമെന്ന് പറയാതെ വയ്യ. കൊന്‍യയുടെ ആത്മീയ പൈതൃകം റൂമിയില്‍ മാത്രം ഒതുങ്ങുന്നില്ല. തത്വചിന്തകനും ഇബ്‌നു അറബി ചിന്താധാരയുടെ വക്താവുമായ സദ്‌റുദ്ദീന്‍ കൂനവി കൊന്‍യ ദേശക്കാരനാണ്. പണ്ഡിത ലോകത്ത് പരിചിതമായ കൂനവി എന്ന സംജ്ഞ തന്നെ കൊന്‍യന്‍ ദേശക്കാരന്‍ എന്നതിനെ കുറിക്കുന്നു. പില്‍ക്കാലത്ത് നര്‍മങ്ങളില്‍ മാത്രം പരിചിതനായ ഖാജാ മുല്ലാ നാസറുദ്ദീന്‍ കൊന്‍യയില്‍ ഇന്നും കൊണ്ടാടുന്ന ആത്മീയാചാര്യനാണ്. സൂഫിസത്തെയും പാരമ്പര്യത്തേയും എന്നും ചേര്‍ത്ത് പിടിച്ച തുര്‍ക്കിക്കാര്‍ക്കിടയില്‍ സലഫി ചിന്താധാരകള്‍ ഇന്നും അന്യമാണ്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.