Home » Fiction » Short Story » സൈബര്‍ വേട്ട

സൈബര്‍ വേട്ട

”അതായത് മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലം തലച്ചോറിന്റെ വ്യവസ്ഥകളില്‍ മാറ്റം വന്നിട്ടുണ്ടായ പ്രജ്ഞാകലാപമാണ് ഇപ്പോയെന്റെ ചികില്‍സയിലുള്ള മിക്കവരുടേയും ഉന്മാദാവസ്ഥക്ക് കാരണം. പിന്നെ, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍. അവരുടെ വിരലുകള്‍ എലി ചലിക്കുന്നത് പോലെയാണ്. അതിശീഘ്രചലനം. അവര്‍ ഉറങ്ങിയാലും തലച്ചോറ് ഉറങ്ങാന്‍ ഇരുപത് മിനിറ്റോളം വരും. കാലത്തുണര്‍ന്നാലും ഇത് പോലെതെന്നെ. ഒരു തട്ട് തട്ടിയാല്‍ സിസ്റ്റം റെഡി. പക്ഷെ, കുറേ ഫയലുകള്‍ കറപ്റ്റ്ഡായിരിക്കും.”
ഡോ അലേന്‍ മാര്‍കേസ് എന്ന ഊശാന്‍താടിയുള്ള സൈകോളജിസ്റ്റ് തന്റെ മുമ്പിലിരിക്കുന്ന പാതിമയക്കത്തിലമര്‍ന്ന മനുഷ്യനിലേക്ക് തുറിച്ച് നോക്കി. അയാളെ വിശദ പരിശോധനക്ക് വിധേയമാക്കി. കൂടെയുണ്ടായിരുന്ന അച്ചന്‍ നാരായണന്‍ നമ്പൂതിരിയോട് മകനായ മനുഷ്യന്റെ രോഗ ലക്ഷണവും അതിന്റെ കാലപഴക്കവും നിസ്സഹകരണത്തിന്റെ രീതികളും ചോദിച്ചുമനസ്സിലാക്കി. തുടര്‍ന്നു അയാളെ ഹിപ്‌നോട്ടൈസ് ചെയ്യാനുള്ള ക്രമീകരണത്തിലേക്ക് കടന്നു. മുഖമൊഴികെ ശരീരമാകെ മൂടിയിരുന്ന മനുഷ്യന്റെ ബോധം മരുന്നുകളുടെ പ്രവര്‍ത്തനം കൊണ്ട് കൂടുതല്‍ ആഴത്തിലേക്ക് പോവുകയും ആ ഉപബോധമനസ്സ് പൂര്‍ണമായും ആ സൈക്കോളജിസ്റ്റിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതെല്ലാം വിശ്വസനീയമായ രൂപത്തില്‍ റെക്കോര്‍ഡ്‌ചെയ്യപ്പെട്ടു.
തിരുവോണത്തിന്റെ അന്ന് ജോലി റിസൈന്‍ ചെയ്ത് നാട്ടിലെത്തിയ ദിവസമാണ് മനുഷ്യന്‍ നാടിന്റെ പ്രക്യതിയുടെ ഗ്യഹാരുതത്വ ഭംഗി തിരിച്ചറിഞ്ഞത്. പ്രവാസത്തിന്റെ തീക്ഷ്ണ നിറം അയാളിലൊന്നാകെ നിഴലിച്ചിരുന്നു. അവര്‍ണനീയമായ എന്തക്കെയോ വിശേഷണങ്ങള്‍ തങ്ങിനില്‍ക്കുന്ന, അധികമാരോടും സംസാരിക്കാതെ നിഗൂഢമായി മന്ദഹസിക്കുന്ന മനുഷ്യന്‍ ഒമ്പത് സ്മാര്‍ട്ട് ഫോണുകളും രണ്ട് പി.സികളും ഉപയോഗിക്കുന്ന ന്യൂജെന്‍ തലമുറയുടെ പുതുസന്തതിയാണ്.
നാരായണന്‍ നമ്പൂതിരിയെന്ന ധനാഢ്യന്റെ ഏകമകനായി ജനിച്ച മനുഷ്യന്‍ എന്‍ജിനീയറിംഗ് ഉയര്‍ന്ന മാര്‍ക്കില്‍ പാസ്സായി ഒരു ഐ.ടി പ്രൊഫഷണലിസ്റ്റായി ജീവിതമെന്ന വെപ്രാള നാടകം തുടങ്ങുമ്പോള്‍ മനസ്സില്‍ മോഹങ്ങളുടെ പെരുമ്പറയായിരുന്നു. ഒരുപാട് കാലം അയാള്‍ പത്രത്തിലെ ക്ലാസിഫൈഡ് കോളം നോക്കിയിരിക്കുമായിരുന്നു. ആയിരുന്നു, ആയിരുന്നു, ആയിരുന്നു. (”ആയിരുന്നു” എന്ന പദം ഇല്ലായിരുന്നെങ്കില്‍ സാഹിത്യകാരന്മാര്‍ അന്തംവിടുമായിരുന്നു.) വിവാഹം കഴിച്ച ഐ.ടി ജോലിക്കാരി സുനിത തന്നെ ഇട്ടേച്ച് പോയപ്പോയേക്കും അയാളുടെ ജീവിതം വിരസമായ കോട്ടായിയുടെ ശൂന്യതയിലെത്തിയിരുന്നു. ഒരു പുതിയ ജോലിക്കായി അയാള്‍ മമ്മയറിയാതെ മീര്‍ലാന്റിലേക്ക് അപേക്ഷ അയച്ചിരുന്നു. പക്ഷെ, അമ്മ: മനൂ… നീ മീര്‍ലാന്റിലേക്ക് പോകണ്ട.
അതെന്താ….? ദൂരം കൂടുതല്‍ കൊണ്ടാണോ?
അതല്ല, മീര്‍ലാന്റില്‍ എന്നും വംശീയ കലാപമാണ്. അവിടേക്ക് ചെന്നാല്‍ ”ഛപാക്” അവര്‍ നിന്നെ വെടിവെച്ചുകൊല്ലും. ഹഹഹ.. ഇത് കേട്ട് അയാള്‍ പൊട്ടിചിരിച്ച് മീര്‍ലാന്റിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. അതിന് ശേഷം ഒരു ദിവസം മുഴുവന്‍ താനെന്തിനാണ് ചിരിച്ചതെന്ന് താത്വികമായി ചിന്തിച്ച് വമ്പിച്ച പുകവലി നടത്തി.
ഭൂമിവാതില്‍ക്കല്‍ എന്ന വിളിപ്പേരുള്ള നഗരമെന്നോ ഗ്രാമമെന്നോ വര്‍ണിക്കാനാവാത്ത ഒരു വിചിത്ര സ്ഥലമായിരുന്നു അയാളുടെ നാട്. ഒരു ഇരുണ്ട ഭീകരരൂപമുണ്ടായിരുന്നു അയാളുടെ നാടിന്. ഇലെക്ഷന്‍ പോസ്റ്ററുകളും ഫുട്‌ബോള്‍ ജ്വരവും നിറഞ്ഞ ശുദ്ധ ഭ്രാന്തന്‍ തനിമയെ പുല്‍കാതെ, ശുദ്ധ ഗ്രാമീണ ഭംഗി കലര്‍ന്ന നാട്ടുകാരോട് ഇടപെടാതെ, വിശാലമായ നാരായണന്‍ നമ്പൂതിരിയുടെ ഇല്ലത്തെ ആനചന്തം ആസ്വദിക്കാതെ വീടിന്റെ ഇരുട്ടറക്കുള്ളില്‍ തന്റെ സ്മാര്‍ട്ട് ഫോണുകളിലും പിസികളിലും അയാള്‍ ഒതുങ്ങി. അവയുടെ വെര്‍ച്വല്‍ കീകളില്‍ മനുഷ്യന്റെ വിരലുകള്‍ അതിദ്രുതം ചലിക്കുമ്പോള്‍ അയാള്‍ ആസന്നമായ ലോകത്തെ കുറിച്ച് ബോധവാനാകില്ല. ഒരൊറ്റ നിമിഷം കൊണ്ട് നൂറ് പേരോട് സംവദിക്കാനുള്ള ശേഷിയില്‍ മനുഷ്യന്‍ അഭിമാനിച്ചിട്ടുണ്ട്. ”അനിമല്‍ മാന്‍”എന്ന എകൗണ്ടാണ് അയാളുടെ ഇഷ്ടവും അയാളുടെ മെയിന്‍ വീക്ക്‌നസും.
ലോകം ഇപ്പോള്‍ മനുഷ്യന്‍ തന്റെ വിരലുകളിലെ സ്‌ക്രീനില്‍ തട്ടുന്നത് മാത്രമാണ്. ”ഡ്യൂഡ്, പ്രോ പിച്ചര്‍ പൊളിപ്പന്‍.” ”ബ്രോ, ഫെയ്‌സ്ബുക്ക് പോസ്റ്റ് കൊള്ളാം, ബട്ട് കുറച്ച് മെറ്റീരിയലിസം കലരണം.” ഇത്തരം കമന്റ്‌സ് മനുഷ്യന്‍ അധികവും കാണല്‍ അനിമല്‍ മാന്‍ എന്ന തന്റെ മെയിന്‍ വീക്ക്‌നസായ ഫെയ്ക്ക് എക്കൗണ്ടിലാണ്.
ഫഌപ്കാര്‍ട്ട്, ആമസോണ് വഴി മനുഷ്യന്റെ ഇല്ലത്ത് എത്തുന്ന വസ്തുവകകളുടെ ലിസ്റ്റ് കണ്ടിട്ട് പലപ്പോയും അച്ചന്‍ നാരായണന്‍ നമ്പൂതിരി ദുഖാകുലനും ദേഷ്യവാനുമായി തീര്‍ന്നിരുന്നു. വലിയ പ്രതീക്ഷകളുടെ ഭാരം ചുമന്നാണ് അയാള്‍ മനുഷ്യന്‍ സുനിത എന്ന ഐടി പ്രൊഫഷണലിസ്റ്റിനെ വിവാഹം കഴിപ്പിച്ചത്. വിവാഹാനന്തരം മനുഷ്യന്‍ ചിരിക്കാനും ദുഖിക്കാനും മറന്നു. അയാളുടെ കൈക്രിയകള്‍ റിയാലിറ്റിയില്‍ നിന്നും വെറും ആര്‍ട്ടിഫിഷ്യലായി നിലംപതിച്ചു.
ഒറ്റക്ക് റൂമില്‍ ഒതുങ്ങികൂടിയപ്പോയും അയാള്‍ അച്ചനോടും ഭാര്യയോടും പറഞ്ഞത് ഒരു ഐടിക്കാരന് റൂമിലിരുന്നും ജോലി ചെയ്യാമെന്നായിരുന്നു.
രാപ്പകലില്ലാതെ അയാള്‍ സ്മാര്‍ട്ട് ഫോണിന്റേയും പിസികളുടേയും സ്‌ക്രീനില്‍ ഒതുങ്ങിയിരുന്നു. അറ്റാച്ഡ് ബാത്‌റൂമായതിനാല്‍ അയാള്‍ക്ക് റൂമിന്റെ പടിക്ക് പുറത്തേക്കിറങ്ങേണ്ടതേ വന്നില്ല. ഒരിക്കല്‍ അയാളുടെ ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡിഡീല്‍ ഷോപിംഗ് വസ്തുവകകള്‍ റൂമിലേക്കെത്തിക്കുന്നതിനിടയില്‍ അയാളുടെ ജനനസംഹാരികയായ നാരായണിയമ്മ പുതിയൊരു വിവാഹ പ്രപോസലിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അത്ര കാലം മൗനത്തിന്റെ തീജ്വാലയണിഞ്ഞിരുന്ന അയാള്‍ ആക്രോശിച്ചു”ഗെറ്റ് ലോസ്റ്റ്, ഡോണ്ട് ടച്ച് മൗ തിങ്‌സ് എവര്‍. ഐ വില്‍ മാനേജ് മൗ തിങ്‌സ്” എന്നും പറഞ്ഞ് പുതുതായി ഓര്‍ഡര്‍ ചെയ്ത മോണിറ്റര്‍ ഒരൊറ്റയേറ്. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച അമ്മയുടെ മുഖത്തേക്കു തന്നെ ആ മോണിറ്റര്‍ വന്നു ഒരു വലിയ പോറലേല്‍പിച്ചു നിലത്തേക്കു നിലംപരിശയായി വീണു. ഇനി ഈ റൂമിന്‍ പടി ചവിട്ടിപോകരുതെന്ന് അയാള്‍ ആക്രോശിച്ചു.
അപ്പോള്‍ തന്നെ മുഖപുസ്തകത്തിലെ തന്റെ അസംഖ്യം എക്കൗണ്ടുകള്‍ക്കിടയില്‍ അനിമല്‍ മാന്‍ എന്ന എക്കൗണ്ട് തുറന്ന് വാളില്‍ പുതിയ പോസ്റ്റിട്ടു: ”നിനക്ക് ഡിസ്റ്റര്‍ബന്‍സ് ആവുന്നവരെ നീ ഇല്ലാതാക്കണം. മാത്യസ്‌നേഹം ശല്യമായാല്‍ നിന്റെ അമ്മയേയും. ഒരര്‍ഥത്തില്‍ സ്‌നേഹം ശല്യമാണ്. അലോണ് ഈസ് ബെറ്റര്‍.”
മനുഷ്യന്‍ എന്ന് വിളിക്കുന്ന ദുരൂഹ സമസ്യകള്‍ നിറഞ്ഞ സൈബര്‍ ജീവിയുടെ ജീവിതാവസ്ഥ ഒറ്റപ്പെടലിന്റെ ഭീകരതക്കിടയില്‍ മുമ്പെത്തേതില്‍ നിന്നും ശക്തമായി ഉന്മാദചിത്തമായി. അയാള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വീട്ടുകാര്‍ റൂമിന്‍ പടിയില്‍ വെച്ചുകൊടുത്തു.
രൗദ്രഭാവമില്ലാത്ത മുഖപുസ്തകത്തിലെ അയാള്‍ക്കെതിരെയുള്ള കമന്റുകള്‍ അയാളെ ഭ്രാന്തനും വിദ്വോഷിയുമാക്കി. അയാളുടെ എക്കൗണ്ടുകള്‍ സൈബര്‍ വേട്ടക്കാരുടെ അധീനതയിലായി. അമ്മക്കെതിരെയുള്ള അയാളുടെ പരാമര്‍ശത്തില്‍ ഒരു സുനന്ദ കക്കര്‍ കമന്റിട്ടു: ”ടാ എട്ടുകാലി മമ്മൂഞ്ഞേ, പത്ത് മാസം നിന്നെ വയറ്റില്‍ ചുമന്ന മാതാവിന്റെ സഹനം നിനക്കറിയോ എരപ്പാ.”
ഇരുട്ടറയില്‍ കുത്തിയിരുന്ന് ആ സൈബര്‍ ജീവിയുടെ താടിയും മുടിയും വിക്യത രൂപത്തില്‍ വളര്‍ന്നു വലുതായിരുന്നു. വലിയ ഫ്രെയിമുള്ള കണ്ണട ധരിച്ച അയാളുടെ നീണ്ട നഖങ്ങള്‍ ഇരയെ തേടി ആകാശത്തില്‍ അലയുന്ന കഴുകനെ ഓര്‍മിപ്പിച്ചു.
ഒരു രാത്രി, മനുഷ്യന്റെ ഇരുണ്ടമുറി ഉദയശാലീനതയില്‍ മുങ്ങിനില്‍ക്കുന്നു. ശീലം കൊണ്ടാവാം, മനുഷ്യന്‍ ആ സമയത്ത് ഉണര്‍ന്നു. ഉണരുന്നതിന്റെ ഒരു നിമിഷാര്‍ദ്രം മുമ്പ്, ഒരു പക്ഷെ, ഉറക്കത്തിന്റെ മദ്ധ്യമൂര്‍ത്തിയിലുമാവാം, അയാള്‍ ഒരു വൈക്അപ് കാള്‍ കേട്ടതുപോലെ തോന്നി. അന്ന് രാത്രി അയാളുടെ ഒമ്പതോളം സ്മാര്‍ട്ട് ഫോണുകളും രണ്ട് സിസ്റ്റങ്ങളും കെട്ടുപോയി. അയാള്‍ എത്ര തവണ ഓണാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും പ്രതികരിച്ചില്ല. അയാള്‍ ആക്രോശിച്ചു. ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ അവസ്ഥ.
അയാള്‍ തന്റെ ഇരുട്ടറ യില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും മരവിച്ച തന്റെ ശരീരം അതിന് വഴങ്ങിയില്ല. അയാള്‍ ഞെരങ്ങി എഴുന്നേറ്റ് വാതില്‍ തുറന്ന് വീടിന്റെ അകത്തളത്തേക്കിറങ്ങി. അയാളുടെ വീട് വിചിത്രമാം അപരിഷ്‌കൃതമായി അനുഭവപ്പെട്ടു. ഒരു കൂട്ടുകുടുംബത്തിന്റെ ഞെരക്കവും ഇടുങ്ങിയ ഇടങ്ങളുണര്‍ത്തുന്ന ഭീതിയും അവിടെ നിറഞ്ഞുനിന്നു. എല്ലാ പ്രായത്തിലും പെട്ട കുട്ടികളുടെ ബഹളങ്ങള്‍. വേച്ചു വേച്ചു നടക്കുന്ന പടുകിഴവികളുടെ നിശബ്ദമായ വരവും ആങ്ങിതൂങ്ങിയുള്ള
തൂങ്ങിയുള്ള പോക്കും അയാളെ തന്റെ സിസ്റ്റത്തിലെ വിക്റ്റിം ഹണ്ട് എന്ന ഗെയ്മിലെ ഞെരങ്ങുന്ന റോബോട്ടിനെ ഓര്‍മിപ്പിച്ചു. ഏതെക്കെയോ അപരിചിതര്‍ അയാളെ വന്യമൃഗത്തെ ദര്‍ശിക്കും പോലെ തുറിച്ചുനോക്കുന്നു. കഷണ്ടിയുള്ള മുഴുവനായി ക്ഷൗരം ചെയ്ത, സിഗരറ്റ് വലിക്കുന്ന കുറച്ച്കൂടി പ്രായമുള്ള തടിച്ചുകുറുതായ ഒരാള്‍ ഉടന്‍ അവിടേക്ക് വന്നു. അതാണത്രേ അയാളുടെ അച്ചന്‍. അയാളുടെ ഗ്യഹാരുതത്വ ഓര്‍മകള്‍ക്കും വൈറസ് ബാധിച്ചിരുന്നു. അയാള്‍ അവിടെ നിന്നില്ല. അയാള്‍ ഇനി ഒരിക്കലും നിവരാന്‍ സാധ്യതയില്ലാത്ത തന്റെ കുനിഞ്ഞ ശിരസ്സുമായി വഴിയോരത്തേക്കിറങ്ങി. തന്റെ വെര്‍ച്വല്‍ കീകളില്‍ പതിഞ്ഞ് തെളിയുന്ന സ്‌ക്രീനില്‍ കാണുന്നതല്ല ഈ ലോകമെന്ന് മനുഷ്യനെന്ന വിഢ്ഢികുഞ്ഞിന് മനസ്സിലായി.
അയാളുടെ വിഭ്രാന്തിയും ഉന്മാദവുമായ സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പും സ്വയം എറിഞ്ഞുതകര്‍ത്തു. പണ്ട് താന്‍ കളിച്ചുനടന്നിരുന്ന കുളിക്കടവിലൂടെ വിവസ്ത്രനായി നടക്കാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ താന്‍ പണ്ട് വായിച്ച സിഗ്മണ്ട് ഫ്രോയിഡിന്റെ ”ഫിയര്‍ ഓഫ് കാസ്ഫിറേഷന്‍” എന്ന ആശയം ഓര്‍ത്ത് ആര്‍ത്തട്ടഹസിച്ചു.
വീണ്ടും രാത്രി, കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന മനുഷ്യന്‍. താനെന്താണ് ചിന്തിക്കുന്നത്? താനൊരു ഡ്രാക്കുളയാണെന്നോ? മനുഷ്യന്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ആദ്യം വായിക്കുന്നത് മൂന്നാം ക്ലാസിലാണ്. സെമി-റിയലിസ്റ്റിക്ക് രീതിയിലുള്ള ചിത്രകഥയിലാണ് മനുഷ്യന്‍ ആദ്യമായി ഡ്രാക്കുളയെ വായിച്ചത്. പിന്നീട് നോവല്‍ രൂപത്തിലും വായിച്ചു. മനുഷ്യന് നന്നായി ഓര്‍മയുണ്ട്. സെമി-റിയലിസ്റ്റിക്ക് രൂപമടക്കം പതിനാല്‍ തവണ വായിച്ചുതീര്‍ത്തപ്പോയും മനുഷ്യന്‍ ഉറക്കത്തില്‍ അലറിവിളിക്കുകയും അതുവഴി വീട്ടുകാര്‍ക്ക് മുഴുവന്‍ ”ഡ്രാക്കുള” ഒരു പരിചയ വ്യക്തി ആയിതീരുകയും ചെയ്തിരുന്നു.
താന്‍ വഌദ് ഡ്രാക്കുള്‍ മൂന്നാമനാണോ? തനിക്ക് കൂര്‍ത്തു മൂര്‍ത്ത പല്ലുകളുണ്ടോ? ഷിറ്റ്, ഈസ് ഫക്ക്ഡ് അപ്പ്
ഞാന്‍ മനുഷ്യന്‍. ഒരു അപൂര്‍ണനായ മനുഷ്യജീവി മാത്രം. അത്രേയൊള്ളൂ. നതിങ് എല്‍സ്. ഒരു രാത്രിക്കോ ഒരു കിടയ്ക്കക്കോ ഒരു ഉറക്കത്തിനോ ആര്‍ക്കും ആരേയും സിംഹമോ ഡ്രാക്കുളയോ ആക്കാന്‍ പറ്റില്ല.
മനുഷ്യന്‍ എന്ന ഞാന്‍ എന്നും പൂര്‍ണനായ മനുഷ്യജീവി തന്നെ.ആയിരിക്കില്ലേ?തനിക്ക് സംശയം തോന്നുന്നുവോ എന്നയാള്‍ക്ക് സംശയം തോന്നി.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.