thelciham
Home » Article » Religion » ജവാഹിറുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിക രഹസ്യങ്ങളിലേക്കൊരു താക്കോല്‍

ജവാഹിറുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിക രഹസ്യങ്ങളിലേക്കൊരു താക്കോല്‍

കണ്ണാടിയില്‍ സ്വന്തത്തെ ഉറ്റുനോക്കുന്ന അനശ്വരതയാണ് സൗന്ദര്യം.കണ്ണാടിയില്‍ സ്വന്തത്തെ ഉറ്റുനോക്കുന്ന അനശ്വരതയാണ് സൗന്ദര്യം. -ഖലീല്‍ ജിബ്രാന്‍ ദിവ്യ സൗന്ദര്യത്തിന്റെ മൂര്‍ത്തമായ പ്രതിബിംബനങ്ങളാണ് അക്ഷര പ്രപഞ്ചമായ ഖുര്‍ആനും അടയാള പ്രപഞ്ചമായ ഭൗതിക ലോകവും. ഒന്ന് വരികളില്‍ കോര്‍ത്തിണക്കിയ (മസ്ത്വൂര്‍) സംഗീതവും മറ്റേത് വിശാലതയില്‍ വിന്യസിക്കപ്പെട്ട (മന്‍ശൂര്‍) നിശബ്ദ രാഗവുമാണെന്ന് അസ്തിത്വ രഹസ്യങ്ങളുടെ താക്കോല്‍ തേടിയലഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ച പ്രതിഭാസങ്ങളുടെ സൂക്ഷ്മ രഹസ്യങ്ങളിലേക്ക് പ്രകാശ കിരണങ്ങള്‍ പായിക്കുന്ന ദിവ്യദര്‍പ്പണമാണ് ദൈവിക വചനം.  ഭൗതിക പ്രതിഭാസങ്ങളില്‍ നിന്ന് സമാര്‍ജിതമാവുന്ന മാനവ ധിഷണക്ക് മാര്‍ഗ ദര്‍ശനമായി വരുന്ന ദിവ്യ ഗ്രന്ഥത്തെ വെളിച്ചത്തിനു മേല്‍ വെളിച്ചമെന്ന് (നൂറുന്‍ അലാ നൂര്‍) ഇമാം റാസി വിവരിക്കുന്നതും ഈയര്‍ഥത്തിലാണ്. സ്രഷ്ടാവിന്റെ ദിവ്യസൗന്ദര്യത്തിന്റെയും സംസൃഷ്ട പ്രപഞ്ചത്തിലെ സര്‍ഗ സൗന്ദര്യത്തിന്റെയും സുഭഗമേളനമാണ് വിശുദ്ധ ഖുര്‍ആനെന്ന സംഗമസ്ഥലി സാധ്യമാക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിനിധിയായെത്തുന്ന മനുഷ്യനിയോഗവും ദിവ്യ സൗന്ദര്യത്തിന്റെ ദ്വിമാന പ്രകാശനം തന്നെയാണ് നിര്‍വഹിക്കുന്നത്. ഭൗമ തലത്തില്‍ വ്യാപരിച്ചിരുന്ന വിശുദ്ധ വചനമായി പ്രവാചകരെ (സ്വ) ആഇശാ ബീവി (റ) വിശേഷിപ്പിക്കുന്നതും ഇവിടെ സ്മരണീയമാണ്. അനശ്വരതയില്‍ നിന്ന് പ്രയാണമാരംഭിച്ച മനുഷ്യാത്മാവിലൂടെ അണ്ഡകടാഹത്തിന്റെ അനന്തതയിലേക്ക് നീളുന്ന സാഗര പ്രവാഹമാണ് ഖുര്‍ആന്‍. ‘കണ്ണാടിയില്‍ തന്നെ ഉറ്റുനോക്കുന്ന അനശ്വരതയാണ് സൗന്ദര്യം’ നിങ്ങള്‍ തന്നെയാണ് കണ്ണാടി, നിങ്ങള്‍ തന്നെയാണ് അനശ്വരത എന്ന് ഖലീല്‍ ജിബ്രാന്‍ നിരീക്ഷിക്കുന്നതും അങ്ങനെയാണെന്ന് തോന്നുന്നു. മനുഷ്യന്‍, പ്രപഞ്ചം എന്നീ പുസ്തകങ്ങളിലേക്ക് തുറന്നുവെച്ച ഖുര്‍ആനിക ദര്‍പ്പണങ്ങളില്‍ യുഗാന്തരങ്ങളിലൂടെ തെളിഞ്ഞുവന്ന പ്രതിബിംബങ്ങള്‍ അപാരമായ സൗന്ദര്യത്തിന്റെ ആശയസ്ഫുരണങ്ങള്‍ സമ്മാനിച്ചു കൊണ്ടിരുന്നു. ഫുതൂഹാതുല്‍ മക്കിയ്യ, മസ്‌നവി, ഇഹ്‌യാഉലൂമിദ്ദീന്‍, മഫാതീഹുല്‍ ഗൈബ്, റസാഇലുന്നൂര്‍, മുവാഫഖാത്, ഹുജ്ജതുല്ലാഹില്‍ ബാലിഗ തുടങ്ങി ഒട്ടനേകം സുന്ദര ശില്‍പങ്ങള്‍ അതില്‍ തെളിഞ്ഞു കൊണ്ടേയിരുന്നു. അനീതിക്കെതിരെയുള്ള പടധ്വനിയായും നിരാശയുടെ മരുസ്ഥലികളില്‍ മരുപ്പച്ചയായും അസ്തിത്വ പ്രതിസന്ധിയുടെ കൊടും വേനലുകളില്‍ ആത്മഹര്‍ഷത്തിന്റെ അഭംഗുര വര്‍ഷമായും അജ്ഞതയുടെ അനന്ത വിദൂര തീരങ്ങളില്‍ ജ്ഞാന വീചികളുടെ കടലിരമ്പമായും നിരവധി രൗദ്രലാസ്യ ഭാവങ്ങളില്‍ ആ കലാശില്‍പങ്ങള്‍ സ്വയം വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ഭാഷ, നിയമം, ചരിത്രം, തത്വചിന്ത, ശാസ്ത്രം, അധ്യാത്മ ജ്ഞാനം തുടങ്ങി മനുഷ്യാസ്തിത്വത്തിന്റെ സര്‍വതലങ്ങളെയും ചാരുതയോടെ അവ വരച്ചു വെച്ചു. ദൈവിക ഗ്രന്ഥത്തിന്റെ അവതരണ ദൗത്യമെന്തെന്ന അടിസ്ഥാന ചോദ്യത്തിനു മുന്നില്‍ നിരന്നു നിന്ന് ഉത്തരങ്ങളാവുന്നവ തന്നെയാണവയെല്ലാം. വിശുദ്ധ വചനങ്ങളുടെ മൗലിക ലക്ഷ്യങ്ങള്‍ കാല-ദേശ-സംസ്‌കാരങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ പ്രകാശിപ്പിക്കുകയായിരുന്നു കലാസൗഭഗത്തിന്റെ ആ താരാവ്യൂഹങ്ങളഖിലവും. എങ്കിലും ഖുര്‍ആന്റെ മൗലിക ലക്ഷ്യങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണങ്ങള്‍ വ്യതിരിക്തമായൊരു ജ്ഞാനശാഖയായി വികസിച്ചു വന്നിട്ടുണ്ട്. മതനിയമങ്ങളുടെ ലക്ഷ്യങ്ങളെ ചര്‍ച്ച ചെയ്യുന്ന ശാഖ മഖാസ്വിദുശ്ശരീഅ: എന്നപേരിലറിയപ്പെടുമ്പോള്‍ ഖുര്‍ആനിക ലക്ഷ്യങ്ങളുടെ പഠനമനനങ്ങള്‍ ‘മഖാസ്വിദുല്‍ ഖുര്‍ആന്‍’ എന്ന് വിളിക്കപ്പെടുന്നു. ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ), സുയൂഥി(റ), ആലൂസി(റ), ഗസാലി(റ), സുര്‍ഖാനി(റ), ത്വാഹിര്‍ ബിന്‍ ആശുര്‍(റ) തുടങ്ങിയ പ്രതിഭകള്‍ സമ്പന്നമാക്കിയ ഭൂമികയാണിത്. ഈ ഗണത്തില്‍ പ്രഥമ രചനയായി ഗണിക്കപ്പെടുന്ന ഇമാം ഗസാലി(റ) യുടെ ‘ജവാഹിറുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥം വിശുദ്ധ വചനങ്ങളുടെ വ്യത്യസ്ത ഭാവങ്ങളെയും അനന്തമാനങ്ങളെയും വിശകലനം ചെയ്യുന്നു. ഖുര്‍ആന്റെ ജ്ഞാനവസന്തത്തില്‍ വിരിയുന്ന അനര്‍ഘ കുസുമങ്ങളെ അവയുടെ വേരുകളിലേക്കിറങ്ങിച്ചെന്ന് ഈ കൃതി അന്വേഷിക്കുന്നു.

മതനിയമങ്ങളുടെ ലക്ഷ്യങ്ങളെ ചര്‍ച്ച ചെയ്യുന്ന ശാഖ മഖാസ്വിദുശ്ശരീഅ: എന്നപേരിലറിയപ്പെടുമ്പോള്‍ ഖുര്‍ആനിക ലക്ഷ്യങ്ങളുടെ പഠനമനനങ്ങള്‍ ‘മഖാസ്വിദുല്‍ ഖുര്‍ആന്‍’ എന്ന് വിളിക്കപ്പെടുന്നു. ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ), സുയൂഥി(റ), ആലൂസി(റ), ഗസാലി(റ), സുര്‍ഖാനി(റ), ത്വാഹിര്‍ ബിന്‍ ആശുര്‍(റ) തുടങ്ങിയ പ്രതിഭകള്‍ സമ്പന്നമാക്കിയ ഭൂമികയാണിത്‌

മഖാസ്വിദുല്‍ ഖുര്‍ആന്‍ മഖാസ്വിദ് എന്നാല്‍ ‘ലക്ഷ്യങ്ങളെ’ന്നാണ് ഭാഷാര്‍ഥം. സാങ്കേതികമായി വിശുദ്ധ ഗ്രന്ഥത്തിന്റെ മൗലിക പ്രമേയങ്ങളും അടിസ്ഥാന ധര്‍മങ്ങളുമെന്ന് വിവക്ഷ. ഇരുപതാം നൂറ്റാണ്ടിലെ ടുണീഷ്യന്‍ പണ്ഡിതന്‍ ഇബ്‌നു ആശുറിന്റെ (റ) (1879-1973) വീക്ഷണത്തില്‍ ഖുര്‍ആന്റെ പരമപ്രധാന ലക്ഷ്യം വ്യക്തിഗതവും സമഷ്ടിഗതവും നാഗരികവുമായ നന്മയാണ്. ഇമാം ഗസാലി(റ) യുടെ അഭിപ്രായത്തില്‍ സ്രഷ്ടാവ്, പരലോകം, സന്മാര്‍ഗം എന്നിവ പരിചയപ്പെടുത്തുകയാണ് മൗലിക ലക്ഷ്യങ്ങള്‍. മഖാസ്വിദുശ്ശരീഅ: യുടെ വാതായനങ്ങള്‍ തുറന്നുവെച്ച ഇമാം ഗസാലി (റ) തന്നെ ‘മഖാസ്വിദുല്‍ ഖുര്‍ആനി’ല്‍ ഗ്രന്ഥം രചിച്ചിരുന്നുവെങ്കിലും എന്തുകൊണ്ടോ ആ ധീരമായ ചുവടുകള്‍ക്ക് പിന്‍മുറക്കാര്‍ വളരെ കുറവമായിരുന്നു. ഇമാം റാസി (റ), സുയൂഥി(റ), ആലൂസി (റ), സയ്യിദ് ഖുത്ബ് തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ വ്യക്തിമുദ്രകള്‍ പതിപ്പിക്കുകയുണ്ടായെങ്കിലും ആപേക്ഷികമായി ഏറെ ശുഷ്‌കിച്ചു കിടക്കുന്ന ഭൂതകാലമാണ് ഈ ശാഖക്ക് അവകാശപ്പെടാനുള്ളത്.
ജവാഹിറുല്‍ ഖുര്‍ആന്‍ രചനയുടെ ഉദ്ദേശ്യം ദൈവിക വചനങ്ങളുടെ പുറന്തോടുകളില്‍ നിന്ന് ബാഹ്യാര്‍ഥങ്ങളുടെ ചിപ്പികള്‍ മാത്രം പെറുക്കിയെടുക്കുന്നവര്‍ക്ക് ഉണര്‍ത്തുപാട്ടായാണ് ഇമാം കൃതിയെ ആരംഭത്തില്‍ തന്നെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം ചോദിക്കുന്നു. ‘സാഗരത്തിലെ അല്‍ഭുതങ്ങള്‍ക്ക് നേരെ കണ്ണടച്ച് എത്രകാലം നീ തീരങ്ങളില്‍ അലഞ്ഞുകൊണ്ടിരിക്കും? കടലിലെ അല്‍ഭുതങ്ങള്‍ കാണാന്‍ നീയെന്തുകൊണ്ട് കപ്പല്‍ കയറുന്നില്ല? ദ്വീപുകളിലെ മേന്മയേറിയ വിഭവങ്ങള്‍ ശേഖരിക്കുവാനും അഗാധതയിലേക്ക് ഊളിയിട്ട് മാണിക്യങ്ങള്‍ കൈവശപ്പെടുത്താന്‍ മുതിരാന്‍ വൈകുന്നതെന്തിന്? തീരങ്ങളിലും പുറന്തോടുകളിലും കണ്ണുനട്ട് മാണിക്യ മുത്തുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ കുറ്റബോധമില്ലേ? നിനക്കറിയില്ലേ? ഖുര്‍ആന്‍ ഒരു മഹാസമുദ്രമാണ്. സര്‍വ വിജ്ഞാനീയങ്ങളും അതില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത്. മഹാസമുദ്രത്തില്‍ നിന്ന് നദികളുടെ കൈതോടുകളും പിരിഞ്ഞു പോകുന്ന പോലെ’. തുടര്‍ന്ന് കടലിലിറങ്ങി മുത്തുകളെടുത്തവരെ കുറിച്ചും അവരുടെ യാത്രയെകുറിച്ചും അനുവാചകന് വിവരണം നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഖുര്‍ആന്റെ മൗലികതത്വങ്ങളുടെ നിര്‍ണയം പ്രധാനമായും ആറ് മൗലിക തത്വങ്ങളാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. അവ മൂലതത്വങ്ങളെന്നും പൂരക തത്വങ്ങളെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. മൂല തത്വങ്ങള്‍ പരിചയപ്പെടുത്തുന്നത് ഈ മൂന്ന് കാര്യങ്ങളാണ്. 1. സ്രഷ്ടാവ്, 2. സ്രഷ്ടാവിലേക്കുള്ള മാര്‍ഗം 3. സ്രഷ്ടാവിന്റെ സവിധത്തിലണയുന്ന സമയത്തെ അവസ്ഥാവിശേഷങ്ങള്‍ പൂരകങ്ങളായ തത്വങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇവയാണ്. 1. വിശ്വാസികളുടെ രക്ഷയും അവിശ്വാസികള്‍ക്കുള്ള ശിക്ഷയും. 2. അവിശ്വാസികളുടെ നന്ദികേടിനെ വിവിരിക്കുന്നതോടൊപ്പം സ്‌നേഹ സംവാദത്തിലൂടെ അവരെ തങ്ങളുടെ അബന്ധങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക. 3. ആദികേന്ദ്രത്തിലേക്കുള്ള വഴിയിലെ സത്രങ്ങളുടെ പരിപാലനം, യാത്രാപാഥേയമൊരുക്കലിന്റെ രീതിശാസ്ത്രം എന്നിവ ശേഷം ആറ് തത്വങ്ങളുടെയും വിശദവിവരണമാണ് അടുത്ത അധ്യായങ്ങളിലായി നടക്കുന്നത്. സ്രഷ്ടാവിനെക്കുറിച്ച ജ്ഞാനംആദ്യമായി സ്രഷ്ടാവിനെ യാഥോചിതം ഗ്രഹിച്ചെടുക്കുകയെന്ന തത്വമാണ് വിവരിക്കുന്നത്. പ്രഥമമായ ഈ തത്വം മൂന്ന് ഉപതത്വങ്ങളിലേക്ക് വഴിപിരിയുന്നു.

പ്രധാനമായും ആറ് മൗലിക തത്വങ്ങളാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. അവ മൂലതത്വങ്ങളെന്നും പൂരക തത്വങ്ങളെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. മൂല തത്വങ്ങള്‍ പരിചയപ്പെടുത്തുന്നത് ഈ മൂന്ന് കാര്യങ്ങളാണ്. 1. സ്രഷ്ടാവ്, 2. സ്രഷ്ടാവിലേക്കുള്ള മാര്‍ഗം 3. സ്രഷ്ടാവിന്റെ സവിധത്തിലണയുന്ന സമയത്തെ അവസ്ഥാവിശേഷങ്ങള്‍

1. ദൈവത്തിന്റെ സാരംശം 2. ദൈവത്തിന്റെ വിശേഷ ഗുണങ്ങള്‍ 3. ദൈവിക ക്രിയാവിലാസങ്ങള്‍ എന്നിവയാണവ. ഇവ തുല്യപ്രധാനങ്ങളല്ലെന്നു മാത്രമല്ല, ഒന്നാമത്തെ സത്താജ്ഞാനം ഏറ്റവുമധികം പ്രധാന്യമര്‍ഹിക്കുമ്പോള്‍ ഗുണങ്ങളുടെ ജ്ഞാനം രണ്ടാമതും ദൈവ ക്രിയകള്‍ മൂന്നാമതും ക്രമാനുസൃതം പ്രാധാന്യമര്‍ഹിക്കുന്നു. ദൈവിക സത്തയെ കുറിച്ച ജ്ഞാനം ഏറെ ദുര്‍ഘടമായ പാതയാണെന്ന് നിരീക്ഷിക്കുമ്പോള്‍ തന്നെ ഗുണങ്ങളുടെ ജ്ഞാനം അത്ര സങ്കുചിത വലയത്തിലൊതുങ്ങുന്നില്ലെന്ന് ഇമാം ചൂണ്ടിക്കാണിക്കുന്നു. ദൈവിക ക്രിയാലീലകളുടെ ലോകം അനന്തമായി നീണ്ടുകിടക്കുന്ന പാരാവാരമാണെന്നും അല്ലാഹുവല്ലാത്തവയഖിലവും അവന്റെ ക്രിയകളാണെന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ആകാശ ഭൂമികള്‍, നക്ഷത്ര വ്യൂഹങ്ങള്‍, സസ്യജീവജാലങ്ങള്‍, ശൈലങ്ങല്‍, സാഗരങ്ങള്‍ തുടിങ്ങിയെല്ലാം ആ ക്രിയാവിലാസത്തിന്റെ വൈവിധ്യ പൂര്‍ണമായ ഭാവങ്ങള്‍ മാത്രം.സ്രഷ്ടാവിലേക്കുള്ള യാത്ര മൂലതത്വങ്ങളിലെ രണ്ടാമത്തെ തത്വമായ സ്രഷ്ടാവിലേക്കുള്ള യാത്രയുടെ വിവരണമാണ് പിന്നീട് വരുന്നത്. യാത്രയുടെ നിയാമക ഘടങ്ങള്‍ രണ്ടുകാര്യങ്ങളാണ്. 1. മുലാസമ 2. മുഖാലഫ. ദൈവവസ്മരണയുടെ നിത്യസാന്നിധ്യമാണ് മുലാസമ വിവക്ഷിക്കുന്നത്. ദൈവേതരമായ സര്‍വതിന്റെയും പരിത്യാഗമാണ് മുഖാലഫ

ദ്യോതിപ്പിക്കുന്നത്. ഈ തീര്‍ത്ഥയാത്രയില്‍ യാത്രികനോ ലക്ഷ്യസ്ഥാനമോ വിരുദ്ധ ദിശകളില്‍ പ്രയാണം നടത്തുന്നില്ല. മറിച്ച് ലക്ഷ്യസ്ഥാനമായ ദൈവവും യാത്രികനും ഒന്നായുള്ള അവസ്ഥയാണിത്. അന്വേഷിയുടെയും ലക്ഷ്യസ്ഥാനത്തിന്റെയും മനോഹരമായ ഉപമ ഇമാം ഇവിടെ നല്‍കുന്നുണ്ട്. അന്വേഷിയും അന്വേഷിക്കപ്പെടുന്ന ലക്ഷ്യവും കണ്ണാടിക്കു മുമ്പിലെ ചിത്രത്തിനു സമാനമാണ്. തുരുമ്പെടുത്ത് ഉപരിതലത്തില്‍ കറപിടച്ച കണ്ണാടി വ്യത്തിയാക്കുന്നതോടെ ആ രൂപം പൂര്‍വാധികം ശോഭയോടെ പ്രതിബിംബിക്കുന്നതു പോലെയാണത്.ഐക്യപ്പെടലിന്റെ അവസ്ഥ മൂന്നാമത്തെ മൂലതത്വം സ്രഷ്ടാവിലെത്തിച്ചേരുന്ന അവസ്ഥയാണ് ചര്‍ച്ച ചെയ്യുന്നത്. സ്വര്‍ഗീയ സുഖങ്ങളുടെ പാരമ്യതയായ ദൈവവദര്‍ശനമാണ് യാത്രയുടെ അന്ത്യപരിണതി. യാത്രക്ക് തയാറാവാതിരുന്നവര്‍ അഭിമുഖീകകരിക്കുന്ന നിന്ദയും അപമാനവും കൂടി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. അടുത്തതായി പൂരകതത്വങ്ങളിലെ ആദ്യത്തേതായ യാത്രികരുടെയും യാത്രയോട് വൈമുഖ്യം പ്രകടിപ്പിച്ചവരുടെയും അവസ്ഥകളാണ് ചര്‍ച്ചക്ക് വരുന്നത്. പ്രവാചകന്മാരുടെയും ദൈവത്തിന്റെ ഇഷ്ടദാസരുടെയും കഥകള്‍ യാത്രികരുടെ അവസ്ഥകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. നംറൂദ്, ഫിര്‍ഔന്‍, ആദ്, സമൂദ്, അസ്ഹാബുല്‍ അയ്ക്ക തുടങ്ങിയവരുടെ ചരിത്രങ്ങള്‍ യാത്രക്കൊരുങ്ങാതെ മടിച്ചു നിന്നവരുടെ അവസ്ഥകളും വിവരിക്കുന്നു. പൂരകതത്വങ്ങളില്‍ രണ്ടാമത്തെ ഇനമായ സംവാദഖണ്ഡനങ്ങളാണ് പിന്നീട് വിവരിക്കപ്പെടുന്നത്. പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് ഈ തത്വം പ്രയോഗവല്‍ക്കരിക്കപ്പെടുക. 1. അല്ലാഹു 2. പ്രവാചകന്‍ 3. വിധി ദിനം എന്നിവയുടെ നിഷേധമോ അവയുടെ സങ്കല്‍പത്തിലുള്ള അനൗചിത്യമോ ആയിരിക്കും വാദപ്രതിവാദങ്ങള്‍ കൊണ്ടും ഖണ്ഡനങ്ങള്‍ കൊണ്ടും പ്രതിരോധിക്കേണ്ടി വരിക. അവസാനത്തെ പൂരകതത്വമായ മാര്‍ഗ പരിപാലനത്തില്‍ ഭൗതിക ലോകത്തെ മനുഷ്യാത്മാവിന്റെ വാസത്തെ വിസ്മരിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. ഐഹിക ജീവിതവും ഉപജീവനമാര്‍ഗവും സുബദ്ധവും സുഘടിതവുമാവുമ്പോള്‍ മാത്രമേ ആത്മാവിന്റെ തീര്‍ഥയാത്ര സഫലമാവുകയുള്ളൂ. ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയിലധിഷ്ഠിതമായിരിക്കും സുബദ്ധമായ ജീവിതം.

അന്വേഷിയുടെയും ലക്ഷ്യസ്ഥാനത്തിന്റെയും മനോഹരമായ ഉപമ ഇമാം ഇവിടെ നല്‍കുന്നുണ്ട്. അന്വേഷിയും അന്വേഷിക്കപ്പെടുന്ന ലക്ഷ്യവും കണ്ണാടിക്കു മുമ്പിലെ ചിത്രത്തിനു സമാനമാണ്. തുരുമ്പെടുത്ത് ഉപരിതലത്തില്‍ കറപിടച്ച കണ്ണാടി വ്യത്തിയാക്കുന്നതോടെ ആ രൂപം പൂര്‍വാധികം ശോഭയോടെ പ്രതിബിംബിക്കുന്നതു പോലെയാണത്.

ദേഹ കുടുംബാദികളുടെ സുരക്ഷ സാധ്യമാകണമെങ്കില്‍ അവയുടെ നിലനില്‍പിനാധാരമായ മാര്‍ഗങ്ങളുടെ സംരക്ഷണത്തോടൊപ്പം അവയുടെ നാശകാരികളില്‍ നിന്നുള്ള സുരക്ഷയും ഉറപ്പ് വരുത്തണം. സാമ്പത്തികവും വൈവാഹികവുമായ നിയമങ്ങളും പരിരക്ഷയുമാണ് ദേഹകുടംബാദികളുടെ നിലനില്‍പിന്റെ അടിസ്ഥാനശിലകള്‍. വിനാശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നവയാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ശിക്ഷാവിധികള്‍. മുകളില്‍ വിവരിച്ച ആറ് തത്വങ്ങളും അവയുടെ ശാഖകളുമടക്കം പത്ത് മൗലിക തത്വങ്ങള്‍ ദര്‍ശിക്കാനാവും. 1. ദൈവിക സത്ത 2. ഗുണങ്ങള്‍ 3. ദൈവിക ക്രിയകള്‍ 4. പരലോകം 5. ആത്മസംസ്‌കരണം 6. ആത്മ സമ്പുഷ്ടീകരണം 7. ഇഷ്ടദാസരുടെ പരിണതി 8. ദുഷ്ട ജനങ്ങളുടെ ഗതി 9. സത്യനിഷേധികളുമായുള്ള സംവാദം 10. നിയമങ്ങള്‍. ഈ ദശതത്വങ്ങളെ ആധാരമാക്കിയാണ് മതവിജ്ഞാനീയങ്ങളുടെ സര്‍വശാഖകളും ജന്മമെടുക്കുന്നത് എന്നാണ് സവിസ്തരം അടുത്ത അധ്യായം ചര്‍ച്ചചെയ്യുന്നത്. മതവിജ്ഞാനീയങ്ങള്‍ ബാഹ്യ വിജ്ഞാനനീയങ്ങളൊന്നും (ഉലൂമു സദഫ്) സത്താ വിജ്ഞാനീയങ്ങളെന്നും രണ്ടായി വഭജിക്കപ്പെടുന്നു. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മൗലികമായ ദശതത്വങ്ങള്‍ക്ക് ചിപ്പികളും അതിനകത്ത് മാണിക്യങ്ങളുണ്ടെന്ന് ഗ്രന്ഥകാരന്‍ ഉണര്‍ത്തുന്നു. ഖുര്‍ആനിലെ മാണിക്യമുത്തുകളായ ആശയ പ്രപഞ്ചത്തിന്റെ ചിപ്പി അറബി ഭാഷയാണ്. ഭാഷയിലെ പദങ്ങളില്‍ നിന്ന് ഭാഷാ ശാസ്ത്രം (ഇല്‍മുല്ലുഗാ), വ്യാകരണം (നഹ്‌വ്), ഉച്ചാരണശാസ്ത്രം (മഖാരിജ്) എന്നിവ രൂപപ്പെടുന്നു. ഭാഷയിലെ അടിസ്ഥാനഘടകം സ്വരങ്ങളാണ്. സ്വരങ്ങള്‍ കൂടിച്ചേര്‍ന്ന് ഭാഷയും രംഗപ്രവേശം നടത്തുന്നു. ഭാഷയോടൊപ്പം തന്നെ കടന്നുവരുന്ന വ്യാകരണ രൂപങ്ങളില്‍ നിന്ന് ജന്മമെടുക്കുന്ന വ്യത്യസ്ത പാരായണ സാധ്യതകള്‍ പാരായണ ശാസ്ത്രത്തിന് (ഇല്‍മുല്‍ ഖിറാഅത്ത്) രൂപം നല്‍കുന്നു. വ്യാകരണഘടനയില്‍ തെറ്റില്ലാതെ വരുന്ന പദം ഒരുനിശ്ചിത ആശയം ദ്യോതിപ്പിക്കുന്നതായിരിക്കും. പദത്തിന്റെ ബാഹ്യാര്‍ഥ വ്യാഖ്യാന (തഫ്‌സീര്‍) മാണ് ഈ ഘട്ടത്തില്‍ സംജാതമാവുന്നത്. ബാഹ്യ വിജ്ഞാനീയങ്ങളെന്ന് അറിയപ്പെടുന്ന അഞ്ച് ശാസ്ത്രങ്ങള്‍ ഇവയാണ്. ഖുര്‍ആനെന്നാല്‍ അക്ഷരങ്ങളും ശബ്ദങ്ങളുമാണെന്ന മൂഢധാരണയുമായി കടന്നുവരികയും അത് സൃഷ്ടിയാണെന്ന് സിദ്ധാന്തിക്കുകയും ചെയ്ത വിഭാഗത്തെ ഇമാം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ബാഹ്യശാസ്ത്രങ്ങളില്‍ അവസാനമായി വരികയും മാണിക്യ മുത്തിനോട് തൊട്ടുരുമ്മി നില്‍ക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് വ്യാഖ്യാന ശാസ്ത്രം (തഫ്‌സീര്‍). ഇക്കാരണത്താല്‍ തന്നെ ബാഹ്യാര്‍ഥ വിവരണമെന്ന വ്യാഖ്യാനത്തിനപ്പുറം ശ്രേഷ്ടമായി മറ്റൊന്നുമില്ലെന്ന അബദ്ധ ധാരണയില്‍ കഴിഞ്ഞുകൂടുന്നവരാണ് വലിയൊരു വിഭാഗമെന്ന് ഇമാം പ്രത്യേകം ഉണര്‍ത്തുന്നു. സത്താ വിജ്ഞാനീയങ്ങളെ സവിസ്തരം പ്രതിപാദിക്കുകയാണ് അടുത്ത അധ്യായം. ഇവതന്നെയും വിഭിന്നങ്ങളായ രണ്ട് വര്‍ഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. പൂരക തത്വങ്ങളെന്ന് നാം പരിചയപ്പെട്ട മൂന്നിനങ്ങളാണ് താരതമ്യേന പ്രാധാന്യം കുറഞ്ഞവ. ഒന്നാമതായി വരുന്നത് ഖുര്‍ആനിലെ കഥകള്‍, പ്രവാചക ചരിത്രങ്ങള്‍ തുടങ്ങിയവയാണ്. രണ്ടാമത്തേത് സത്യനിഷേധികളോടുള്ള സ്‌നേഹ സംവാദമാണ്. അവിടെയാണ് നുതനധാരകള്‍, അന്ധവിശ്വാസങ്ങള്‍, ആരോപണ സംശയങ്ങള്‍ തുടങ്ങിയവക്ക് ഖണ്ഡന മറുപടികളുമായെത്തുന്ന ദൈവശാസ്ത്രം (ഇല്‍മുല്‍ കലാം) പ്രത്യക്ഷപ്പെടുന്നത്. ഈ ജ്ഞാനശാഖ ഗ്രന്ഥകാരന്‍ തന്നെ വിശദമായി വിവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. രിസാലത്തുല്‍ ഖുദ്‌സിയ്യ എന്ന കൃതിയില്‍ ഹൃസ്വമായും അല്‍ ഇഖ്ത്വിസാദ് ഫില്‍ ഇഅ്തിഖാദ് എന്ന ഗ്രന്ഥത്തില്‍  ഗഹനമായും ഈ വിഷയം പ്രതിപാദിക്കുന്നുവെന്ന് ഇമാം (റ) തന്നെ വ്യക്തമാക്കുന്നുണ്ട്. തഹാഫതുല്‍ ഫലാസിഫ, അല്‍ മുസ്തള്ഹരി, ഹുജ്ജത്തുല്‍ ഹഖ്, ഖവാസിമുല്‍ ബാത്വിനിയ്യ, മുഫസ്സ്വലുല്‍ ഖിലാഫ് ഫീ ഉസ്വൂലുദ്ദീന്‍ എന്നീ ഗ്രന്ഥകാരന്റെ തന്നെ കൃതികള്‍ ഈ ദിശയില്‍ ഏറെ സഹായകമാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. സംവാദത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും രീതിശാസ്ത്രങ്ങളും സുഗ്രാഹ്യവും ലളിതവുമായി വിവരിക്കുന്ന ഇമാമിന്റെ മിഹക്കുന്നള്ര്‍, മിഅ്‌യാറുല്‍ ഇല്‍മ് എന്നീ രണ്ടു ഗ്രന്ഥങ്ങളെ അദ്ദേഹം തന്നെ ശിപാര്‍ശ ചെയ്യുന്നു. പൂരകതത്വങ്ങളിലെ അവസാനത്തേതും മൂന്നാമത്തേതുമായ ക്രമസമാധാന നിയമ പരിപാലനത്തെ പുരസ്‌കരിച്ചുള്ള അന്വേഷണങ്ങളാണ് ഫിഖ്ഹ് എന്ന പേരിലറിയപ്പെടുന്നത്.

അവസാനത്തെ പൂരകതത്വമായ മാര്‍ഗ പരിപാലനത്തില്‍ ഭൗതിക ലോകത്തെ മനുഷ്യാത്മാവിന്റെ വാസത്തെ വിസ്മരിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. ഐഹിക ജീവിതവും ഉപജീവനമാര്‍ഗവും സുബദ്ധവും സുഘടിതവുമാവുമ്പോള്‍ മാത്രമേ ആത്മാവിന്റെ തീര്‍ഥയാത്ര സഫലമാവുകയുള്ളൂ

നിയമവിശാരദര്‍ സാമ്പത്തിക വ്യവഹാരങ്ങള്‍, വൈവാഹിക ബന്ധങ്ങള്‍ എന്നിവയെ അഗാധ തലത്തില്‍ അപഗ്രഥിക്കുകയും അത്തരം വ്യവഹാരങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വിനാശഭീഷണിയുയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാവിധികള്‍ നിയമത്തിന്റെ ഭാഷയില്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഭൗതിക ലോകത്തെ സൈ്വര്യജീവിതവും സമാധാനവും ഉറപ്പുവരുത്തുകവഴി പരലോകനന്മ പ്രദാനം ചെയ്യുന്ന ശാസ്ത്ര ശാഖയെന്ന നിലയില്‍ സമൂഹത്തിന് കൂടുതല്‍ ആവശ്യമുള്ള ഒന്നാണിത്. തന്മൂലം ദൈവശാസ്ത്രജ്ഞര്‍, സാരോപദേശകര്‍, ചരിത്രപണ്ഡിതര്‍ തുടങ്ങയിവരെക്കാള്‍ ഈ ശാഖയുടെ വക്താക്കള്‍ക്ക് സമൂഹത്തില്‍ ഉന്നത സ്ഥാനം കല്‍പിക്കപ്പെടുകയുമുണ്ടായി. ആവശ്യമുള്ളതിലേറെ ചര്‍ച്ചകള്‍ക്കും മനനങ്ങള്‍ക്കും രംഗവേദിയാകാന്‍ ഈ മേഖല വിധിക്കപ്പെട്ടതും അതുകൊണ്ടൈാക്കെ തന്നെയായിരുന്നു. അഭിപ്രായ ഭിന്നതകള്‍ തുഛമായിരുന്നുവെങ്കിലും അവയെ പുനര്‍ ചര്‍ച്ചകള്‍ക്കും ചര്‍വിത ചര്‍വണങ്ങള്‍ക്കും വിധേയമാക്കി അസംഖ്യം രചനകള്‍ പിറന്നുവെന്നും ഇമാം കൂട്ടിച്ചേര്‍ക്കുന്നു. രോഗാരോഗ്യങ്ങളുടെ രഹസ്യങ്ങളും സൂര്യചന്ദ്രാദികളുടെ ഭ്രമണ പ്രയാണങ്ങളും ഈ മഹാസാഗരത്തിലെ അലച്ചാര്‍ത്തുകളില്‍ ചിലതാണെന്ന് ഇമാം പറഞ്ഞു വെക്കുന്നു. ഖുര്‍ആനിക വചനങ്ങളുടെ ദീപ്ത മാനങ്ങള്‍ ഗ്രഹിച്ചെടുക്കണമെങ്കില്‍ ഈ ശാസ്ത്രങ്ങളുടെ അഗാധ പാണ്ഡിത്യം ആവശ്യമാണെന്നും അദ്ദേഹം തുടരുന്നു. ദൈവ ജ്ഞാനത്തിന്റെ ശാഖകളിലൊന്ന് ദൈവിക ക്രിയാ വിലാസങ്ങളെ കുറിച്ച ജ്ഞാനമാണെന്ന ആപ്തവാക്യത്തില്‍ ഈ ബൃഹത് സത്യത്തെ അദ്ദേഹം സംഗ്രഹിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഭൗമലോകവും വാനലോകവും തമ്മിലുള്ള അതീന്ദ്രീയമായ പാരസ്പര്യത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ അനാവൃതമാവുന്നു. ഖുര്‍ആനിക തത്വങ്ങളെ വര്‍ഗീകരിക്കുകയും അവക്ക് പ്രത്യേക നാമധേയങ്ങള്‍ നല്‍കുകയും ചെയ്ത്തിന്റെ കാര്യകാരണ ബന്ധങ്ങളാണ് ആദ്യം കാണുന്നത്. നിദ്രാവസ്ഥയില്‍ ഹൃദയം ലൗഹുല്‍ മഹ്ഫൂള് ദര്‍ശിക്കുന്ന പോലെ അനുവാചകന്റെ മേധാപ്രാപ്തിയനുസരിച്ച് ഖുര്‍ആന്‍ പ്രപഞ്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തി നല്‍കുന്നു. ആത്മീയ മണ്ഡലങ്ങളിലെ ക്രയവിക്രയങ്ങളുടെ പ്രതിബിംബനങ്ങള്‍ ഗ്രഹിക്കുവാന്‍ ആത്മനിദ്രക്ക് തയാറെടുക്കേണ്ടതിനെ കുറിച്ച് അടുത്ത അധ്യായം സംസാരിക്കുന്നു. വിശുദ്ധ വചനങ്ങളില്‍ ഒളിച്ചിരിക്കുന്ന പ്രതീകസൂചനകളെ കുറിച്ചും നിഷേധികളുടെ ദൃഷ്ടികളില്‍ അവ മഞ്ഞളിക്കുന്നതിന്റെ കാരണങ്ങളും തുടര്‍ന്ന് വിവരിക്കുന്നുണ്ട്. ഫാതിഹ, ആയത്തല്‍ കുര്‍സി, ഇഖ്‌ലാസ്വ്, യാസീന്‍ എന്നീ ഖുര്‍ആനികാധ്യായങ്ങളുടെ രഹസ്യ നിലവറകളിലേക്ക് വാതിലുകള്‍ മലര്‍ക്കെ തുറക്കുകയാണ് അടുത്ത അധ്യായങ്ങളില്‍. ദൈവ ജ്ഞാനത്തിന്റെ ജ്യോതിര്‍ ബിംബങ്ങളായി മാണിക്യങ്ങളും (ജവാഹിര്‍) സന്മാര്‍ഗത്തില്‍ നിത്യം ചേര്‍ത്തു വെക്കുന്നയായി ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ ്എന്നിവക്കിടയിലൂടെ രൂപപ്പെടുന്ന ജ്ഞാന ശാഖയാണ് ഉസ്വൂലുല്‍ ഫിഖ്ഹ്. നിയമ നിര്‍മാണത്തിന്റെ മൗലിക പ്രമാണങ്ങളെന്ന് വിളിക്കപ്പെടുന്ന ഈ ശാസ്ത്രമാണ് ഇസ്‌ലാമിക തത്വചിന്തയുടെ മൂല ശിലയായി വര്‍ത്തിക്കുന്നത്.സത്താ ജ്ഞാനങ്ങളില്‍ ശ്രേഷ്ഠ അല്ലാഹുവിനെയും പരലോകത്തെയും സംബന്ധിച്ച ജ്ഞാനമാണ് പരമമായ ലക്ഷ്യത്തെ കുറിച്ച ജ്ഞാനമാണത്. അതിനു തൊട്ടു താഴെയായി ഋജുമാര്‍ഗത്തെയും അതില്‍ പ്രവേശിക്കേണ്ട രീതികളെകുറിച്ചുമുള്ള  ജ്ഞാനം. ആത്മസംസ്‌കരണത്തോടൊപ്പം സ്വഭാവ ദൂഷ്യങ്ങളുടെ വിനാശങ്ങളില്‍ നിന്ന് കൊണ്ടുള്ള സംരക്ഷണവും ഇതിലെ പ്രധാന പ്രമേയങ്ങളാണ്. തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഇവയെ കുറിച്ച് നിര്‍ലോഭം വവിരിക്കുന്നുണ്ടെന്ന് ഇമാം സൂചിപ്പിക്കുന്നു. ഫിഖ്ഹ് ഇല്‍മുല്‍ കലാം തുടങ്ങി സര്‍വ വിജ്ഞാന ശാഖകള്‍ക്കും മുകളിലാണ് ഈ ജ്ഞാനത്തിന്റെ സമുന്നത സ്ഥാനം. ദൈവിക ക്രിയാ വിലാസങ്ങളില്‍ നിന്ന് ദൈവിക ഗുണങ്ങളിലേക്കും പിന്നീട് ദൈവ സത്തയിലേക്കുമുള്ള ക്രമാനുഗത പ്രയാണമാണ് ഉത്തമമായ രീതിയായി ഇമാം പരിചയപ്പെടുത്തുന്നത്. അടുത്ത അധ്യായത്തില്‍ വിവരിക്കുന്നത് ഖുര്‍ആനിക ഭൂമികയില്‍ നിന്ന് സര്‍വ വിജ്ഞാനങ്ങളും ഉയിരെടുക്കുന്നതിനെ കുറിച്ചാണ് വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, ജ്യാമിതി, ജന്തുശാസ്ത്രം, ശരീര ഘടനാ ശാസ്ത്രം തുടങ്ങി വിജ്ഞാന ശാഖകള്‍ ഇതുവരെ ഇമാം വിവരിച്ചതിലുള്‍പെടാത്തവയാണല്ലോ എന്ന സംശയത്തിനു മറുപടിയെന്നോണമാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഇമാം എണ്ണിപ്പറഞ്ഞവയും അല്ലാത്തതും ആയ സര്‍വ വിജ്ഞാനങ്ങളും ദൈവജ്ഞാനത്തിന്റെ സാഗരങ്ങളിലൊന്നായ ദൈവിക ക്രിയാസാഗരത്തില്‍ നിന്ന് കുമ്പിളില്‍ കോരിയെടുക്കുന്ന ബിന്ദുക്കള്‍ മാത്രമാണ്. ഈ സാഗരം തീരങ്ങളില്ലാതെ അനന്തതയിലേക്ക് നീളുന്ന ദൈവ വചനങ്ങള്‍ക്ക് മഷിത്തുള്ളികളായി സപ്തസാഗരങ്ങള്‍ വന്നെത്തിയാലും വചനങ്ങള്‍ അന്തമില്ലാത്ത നാദബ്രഹ്മമായി തുടരുമെന്ന് ഖുര്‍ആന്‍. മുത്തുകളും വിവരിക്കുന്നതോടെ ഖുര്‍ആനിക സാഗരത്തിലേക്ക് തിരിച്ചു വെച്ച ഈ ഗ്രന്ഥം അവസാനിക്കുന്നു.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.