ROHINGYA
Home » Article » International » റോഹിങ്ക്യ : നീതി നിഷേധത്തിന്റെ തുടര്‍ക്കഥകള്‍

റോഹിങ്ക്യ : നീതി നിഷേധത്തിന്റെ തുടര്‍ക്കഥകള്‍

ലോകസമാധാനം, മനുഷ്യാവകാശം, മാനവികത തുടങ്ങിയ ഒരുപിടി പദങ്ങള്‍ എത്ര മനോഹരമായ പൊള്ളത്തരങ്ങളാണെന്ന് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തിക്കൊണ്ടാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യയുടെ ദയനീയ ചിത്രങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലമുറകളായി വലിയൊരു ഭൂപ്രദേശത്ത് അധിവസിച്ചുപോരുന്ന ഒരു സമൂഹത്തെ തങ്ങളുടെ പൗരന്മാരേ അല്ല എന്ന് പറഞ്ഞു മാറ്റിനിര്‍ത്തുന്ന ഒരു സര്‍ക്കാറും മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ കടന്നാക്രമിക്കുന്ന ആള്‍കൂട്ടവും ആളും അര്‍ത്ഥവും നല്‍കി അവരുടെ സംരക്ഷക വേഷം ഭംഗിയായി നിര്‍വഹിക്കുന്ന സൈന്യവുമൊക്കെ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് നിലവിലെ മ്യാന്‍മറിലെ പ്രതിസന്ധി. ആഗോള സമാധാനവും ലോക ക്ഷേമവുമൊക്കെ തങ്ങളുടെ കൂട്ടുത്തരവാദിത്വമായി പ്രഖ്യാപിച്ച് ചുമലിലേറ്റിയിരുന്ന ലോകരാജ്യങ്ങളില്‍ പലതും റോഹിങ്ക്യകളോട് പുലര്‍ത്തുന്ന നിസ്സംഗതയാണ് ഏറെ ഭീതിജനകം. ശാസ്ത്ര സാങ്കേതിക വിദ്യകളും സാംസ്‌കാരിക വിനിമയങ്ങളും സാധ്യമാക്കിയ തുല്യനീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ലോകവീക്ഷണം എത്രമേല്‍ കപടമാണെന്ന് വിളിച്ചോതുന്നുണ്ട് മ്യാന്മറില്‍ നിന്നെത്തുന്ന വാര്‍ത്തകളോരോന്നും.  ലോകസമാധാനം, മനുഷ്യാവകാശം, മാനവികത തുടങ്ങിയ ഒരുപിടി പദങ്ങള്‍ എത്ര മനോഹരമായ പൊള്ളത്തരങ്ങളാണെന്ന് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തിക്കൊണ്ടാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യയുടെ ദയനീയ ചിത്രങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലമുറകളായി വലിയൊരു ഭൂപ്രദേശത്ത് അധിവസിച്ചുപോരുന്ന ഒരു സമൂഹത്തെ തങ്ങളുടെ പൗരന്മാരേ അല്ല എന്ന് പറഞ്ഞു മാറ്റിനിര്‍ത്തുന്ന ഒരു സര്‍ക്കാറും മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ കടന്നാക്രമിക്കുന്ന ആള്‍കൂട്ടവും ആളും അര്‍ത്ഥവും നല്‍കി അവരുടെ സംരക്ഷക വേഷം ഭംഗിയായി നിര്‍വഹിക്കുന്ന സൈന്യവുമൊക്കെ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് നിലവിലെ മ്യാന്‍മറിലെ പ്രതിസന്ധി. ആഗോള സമാധാനവും ലോക ക്ഷേമവുമൊക്കെ തങ്ങളുടെ കൂട്ടുത്തരവാദിത്വമായി പ്രഖ്യാപിച്ച് ചുമലിലേറ്റിയിരുന്ന ലോകരാജ്യങ്ങളില്‍ പലതും റോഹിങ്ക്യകളോട് പുലര്‍ത്തുന്ന നിസ്സംഗതയാണ് ഏറെ ഭീതിജനകം. ശാസ്ത്ര സാങ്കേതിക വിദ്യകളും സാംസ്‌കാരിക വിനിമയങ്ങളും സാധ്യമാക്കിയ തുല്യനീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ലോകവീക്ഷണം എത്രമേല്‍ കപടമാണെന്ന് വിളിച്ചോതുന്നുണ്ട് മ്യാന്മറില്‍ നിന്നെത്തുന്ന വാര്‍ത്തകളോരോന്നും. 1948 ല്‍ മ്യാന്മര്‍ രാഷ്ട്രം രൂപീകൃതമാവുന്നതോടെ ആരംഭിക്കുന്നതാണ് റോഹിങ്ക്യകള്‍ക്കെതിരെയുള്ള സംഘടിതമായ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ ചരിത്രം. 1982 ല്‍ സൈനിക ഭരണകൂടം പാസാക്കിയ പൗരത്വനിയമപ്രകാരം രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്ന ബംഗ്ലാദേശികളായി അവരെ പ്രാഖ്യാപിക്കുന്നത് ഈ വിദ്വേഷ പ്രചരണങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ്. ഭരണ പരമായി പരിരക്ഷകളോ സംരക്ഷണങ്ങളോ ഇല്ലാതെ അരക്ഷിതരായി മാറിയ റോഹിങ്ക്യകളെ അക്രമിച്ച് കീഴ്‌പെടുത്താനും അഭയാര്‍ഥി വേഷം കെട്ടിച്ച് നാട് കടത്താനുമുള്ള  ശ്രമങ്ങള്‍ക്ക് തീവ്രത വര്‍ധിക്കുന്നത് അതില്‍ പിന്നെയാണ്.

അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ക്കും ഇനിയും പ്രവേശനം ലഭിച്ചിട്ടില്ലാത്ത റാഖൈന്‍ പ്രവിശ്യകളില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്ന ലോകമിനിയുമറിഞ്ഞിട്ടില്ലാത്ത പീഡനങ്ങളുടെ തീവ്രതയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളില്‍ പ്രതിഫലിച്ചു കാണുന്നത്‌

രാജ്യത്തെ ഭൂരിപക്ഷ മതാനുയായികളുടെ ഇംഗിതവും താല്‍പര്യവുമാണ് ഭരണകൂട സമവാക്യങ്ങളെന്ന ഉറച്ചബോധ്യമാണ് ലഭ്യമായ വഴികളൊക്കെ ഉപയോഗപ്പെടുത്തി പാലായനം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ അവരെത്തിച്ചേരുന്നത് അപ്രകാരമാണ്.  കഴിഞ്ഞ വര്‍ഷം വയനാട് ജില്ലയിലെ മടക്കിമലയില്‍ താമസമാക്കിയ റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബത്തെ സന്ദര്‍ഷിക്കാനായി ചെന്നിരുന്നു. സുമനസ്സുകളാരോ സംഘടിപ്പിച്ച് നല്‍കിയ പഴയ വീട്. സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേരാണ് അവിടെ താമസിക്കുന്നത്. പലരും അകന്ന ബന്ധുക്കളാണെങ്കിലും ഒപ്പമാണ് താമസം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ അവര്‍ക്കെല്ലാം യു.എന്‍.എച്ച്.സി.ആര്‍ നല്‍കിയ അഭയാര്‍ത്ഥി കാര്‍ഡുകളുണ്ട്. വംശീയ പീഡനത്തിനിരയായി പാലായനം ചെയ്തവരാണെന്നും പരിചിതമായ സ്വാതന്ത്രങ്ങളോടെയാണെങ്കിലും അവര്‍ക്കിവിടെ താമസിക്കാന്‍ അവകാശമുണ്ട് എന്നതിനുള്ള ഏക രേഖയാണത്. സ്വന്തം രാജ്യം നിഷേധിച്ച പൗരത്വത്തിനുമുള്ള ബദലായി അത്തരമൊരു ആഗോള പൗരത്വം സ്വന്തമാക്കാനായതിന്റെ ആശ്വാസം അവരുടെ സംസാരത്തില്‍ വ്യക്തമായിരുന്നു.  കൂട്ടത്തില്‍ ഗൃഹനാഥനെന്ന് പരിചയപ്പെടുത്താനാവുന്ന മധ്യവയസ്‌കനായ അബ്ദുറഹ്മാന്‍ ഇന്ത്യയിലെത്തിയ ശേഷം പഠിച്ചെടുത്ത ഹിന്ദിയില്‍ ദീര്‍ഘമായി സംസാരിച്ചു. ഏതു നിമിഷവും ബുദ്ധിസ്റ്റ് തീവ്രവാദികളുടെ അക്രമണം പേടിച്ച് കഴിയുന്ന റാഖൈനിലെ ഗ്രാമങ്ങളെ കുറിച്ച്. അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കിയ പാടങ്ങളെ അര്‍ദ്ധരാത്രിയില്‍ അഗ്നി വിഴുങ്ങന്നതിനെക്കുറിച്ച്. മത്സ്യബന്ധനം ചെയ്ത് അവരുണ്ടാക്കുന്ന സമ്പത്ത് അപരിചിതര്‍ക്ക് പങ്കുവെക്കേണ്ടിവരുന്നതിനെ കുറിച്ച്. തലമുണ്ഡനം ചെയ്ത കഷായവസ്ത്രധാരികളുടെ മുഖത്തും വിരിയാനുള്ള ബീഭത്സമായ  കൊലച്ചിരിയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ചരിത്രവും സംസ്‌കാരവും സ്വന്തമായുണ്ടായിരുന്ന ഒരു സമൂഹത്തിന്റെ അടിവേരുകളോരോന്നും അറുത്തുമാറ്റി മേല്‍വിലാസമില്ലാത്തവരായി ഉപേക്ഷിച്ചതിന്റെ ദൈന്യതയാണ് അവരുടെ സംസാരങ്ങളില്‍ നിറയെ Ethnic Cleansing(വംശീയ ഉന്മൂലത്തിന്റെ) മുന്നോടിയായി ഒരു സമൂഹത്തെ ഏതെല്ലാം തരങ്ങളില്‍ അപരവത്കരിക്കാം എന്നതിന്റെ പ്രായോഗിക പരീക്ഷണങ്ങളാണ് മ്യാന്‍മറില്‍ അരങ്ങേറിയത്. ഇത് ഞങ്ങളുടെ കൂടെ രാജ്യമാണ് എന്ന പറയുമ്പോഴും അതു ശരിവെക്കുന്ന തെളിവുകളൊന്നും ഹാജറാക്കാന്‍ സാധിക്കാത്ത വിധം നിസ്സഹായരാണവര്‍. ചരിത്രത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അവരുടേതായ എല്ലാം തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. ലോകം റോഹിങ്ക്യകള്‍ എന്ന് വിളിക്കുന്നതിലൂടെ അവര്‍ക്കനുവദിച്ചു നല്‍കുന്ന സാമൂഹിക സ്വത്വം പോലും വകവെച്ചു നല്‍കാന്‍ മ്യാന്‍മര്‍ ഭരണകൂടം തയ്യാറല്ല.

അടുത്ത കാലത്തായി വര്‍ദ്ദിച്ചുവരുന്ന അഭയാര്‍ഥി പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ലോകത്ത് നടന്നിട്ടുണ്ട്. പ്രായോഗികമായ പല പരിഹാര നിര്‍ദ്ദേശങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുമുണ്ട്. പക്ഷെ, അവ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇനിയും ലോകരാഷ്ട്രങ്ങള്‍ക്കില്ല എന്നതാണ് സത്യം

സര്‍ക്കാര്‍ രേഖകളിലും അവരിപ്പോള്‍ ബംഗാളികളാണ്. തങ്ങളുടേതല്ലാത്ത ഭൂമിയില്‍ അനധികൃതമായി കുടിയേറിയവര്‍. അടിച്ചിറക്കിയാലും കൊന്നുതീര്‍ത്താലും ചോദിക്കാനോ പറയാനോ ആരുമില്ലാത്തവര്‍.  കിട്ടുന്നത് ഒരു കച്ചിത്തുരുമ്പാണെങ്കിലും അതില്‍ പിടിച്ച് രാജ്യാതിര്‍ത്തിക്ക് പുറത്തെവിടെയെങ്കിലുമെത്താനുള്ള യത്‌നത്തിലാണ് മ്യാന്‍മറില്‍ ശേഷിച്ചിരിപ്പുള്ള റോഹിങ്ക്യകള്‍. താത്കാലികമായി പണിതുണ്ടാക്കുന്ന ജലയാനങ്ങള്‍ ഉപയോഗപ്പെടുത്തി പലരും ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ഒഴുക്കില്‍ പെട്ടും ബോട്ട് തകര്‍ന്നും പലര്‍ക്കും ജീവഹാനി സംഭവിക്കുന്നു. പോഷകാഹാരക്കുറവും പ്രതികൂലമായ കാലാവസ്ഥയും രോഗങ്ങളായും പട്ടിണി മരണങ്ങളായും അവരെ വേട്ടയാടുന്നു. മ്യാന്‍മറിലെ റോഹിങ്ക്യന്‍ ഹത്യകളെ ശക്തമായി വിമര്‍ശിക്കുന്ന ബംഗ്ലാദേശ് പോലും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന വിഷയത്തില്‍ കൈമലര്‍ത്തുകയാണ്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ക്കും ഇനിയും പ്രവേശനം ലഭിച്ചിട്ടില്ലാത്ത റാഖൈന്‍ പ്രവിശ്യകളില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്ന ലോകമിനിയുമറിഞ്ഞിട്ടില്ലാത്ത പീഡനങ്ങളുടെ തീവ്രതയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളില്‍ പ്രതിഫലിച്ചു കാണുന്നത്.  അഭയാര്‍ത്ഥികളായി റോഹിങ്ക്യകള്‍ എത്തിപ്പെട്ട വിവിധ രാജ്യങ്ങളിലെ അവരുടെ സ്ഥിതിവിശേഷങ്ങള്‍ വിശകലന വിധേയമാക്കുന്നത് മ്യാന്‍മറിലെ പീഡനങ്ങളുടെ വ്യാപ്തി മനസ്സിലാക്കാന്‍ കൂടെ സഹായകരമാണ്. ആ രാജ്യത്തുള്ള Host Country ആകര്‍ഷക ഘടകങ്ങള്‍ Pull Factors ശക്തമാവുന്നിടത്താണ് പാലായനങ്ങള്‍ സംഭവിക്കുന്നതെന്ന് സാമൂഹ്യശാസ്ത്രം. ഇന്ത്യയില്‍ നിലവില്‍ നാല്‍പതിനായിരത്തോളം അഭയാര്‍ത്ഥികളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഡല്‍ഹിയിലും കാശ്മീരിലും ബംഗാളിലും തമിഴ്‌നാട്ടിലൊക്കെയുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലെ ദയനീയ ചിത്രങ്ങള്‍ ഈയിടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍, നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെട്ടുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. സന്നദ്ധ സംഘടനകളും സുമനസ്സുകളും നല്‍കുന്ന സഹായങ്ങളാണ് ഏക ആശ്രയം. യു.എന്‍.സി.എച്ച്.സി ആറിന്റെ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്ക് തന്നെ ജോലി നല്‍കാനോ സ്ഥാവരവസ്തുക്കള്‍ ഉടമപ്പെടുത്താനോ അവകാശമില്ല. അഭയം തേടിയെത്തുന്ന രാജ്യങ്ങളിലെല്ലാം ഇത്തരം വിവേചനങ്ങള്‍ നേരിടുമെന്ന് അറിയാതെയാവില്ല പാലായനമെന്ന അറ്റകൈപ്രയോഗത്തിന് റോഹിങ്ക്യകള്‍ തയ്യാറാവുന്നത്. വിഭാഗീയതയുടെ ആസുര ചിന്തകള്‍ ഗ്രസിച്ച അക്രമിക്കൂട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു പഴുതുമില്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണത്. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ലോകത്ത് നടന്നിട്ടുണ്ട്. പ്രായോഗികമായ പല പരിഹാര നിര്‍ദ്ദേശങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുമുണ്ട്. പക്ഷെ, അവ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇനിയും ലോകരാഷ്ട്രങ്ങള്‍ക്കില്ല എന്നതാണ് സത്യം. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ചൂഷണാത്മകമായ വൈകൃതങ്ങളുടെ  മറ്റൊരു തലം ലോകമെമ്പാടുമുള്ള അഭയാര്‍ഥികളിലൂടെ വെളിപ്പെട്ടുവരുന്നു എന്നതാണ് അതിന് പിന്നിലെ രഹസ്യം. അരക്ഷിതാവസ്ഥയും സാമ്പത്തിക അസമത്വവും നേരിട്ട ശേഷം ഇതര രാജ്യങ്ങളിലെത്തുന്ന അഭയാര്‍ഥികള്‍ ഡിമാന്റുകളേതുമില്ലാതെ തൊഴിലിടങ്ങള്‍ തേടിപ്പിടിക്കുകയും ചൂഷണാത്മക വ്യവസ്ഥിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുതലാളിത്വം അവരെ കൈനീട്ടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ കടുത്ത സാമ്പത്തിക അസമത്വമാണ് ആതിഥേയ രാജ്യങ്ങളില്‍ രൂപപ്പെടുന്നത്. സ്വദേശികളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ജീവിത നിലവാരത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക പ്രതിഭാസമായി ഇതു മാറുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ ഈ പ്രതിഭാസമുണ്ടാക്കിയ കെടുതികളെ കൃത്യമായി മാര്‍ക്കറ്റ് ചെയ്തതും അഭയാര്‍ഥി സമൂഹത്തെ ഒന്നടങ്കം അമേരിക്കയില്‍ നിന്ന് പുറത്താക്കുമെന്ന പരിഹാരം നിര്‍ദ്ദേശിച്ചതുമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് കാരണമെന്ന് നിരീക്ഷിച്ചവരുണ്ട്. വികസിത രാജ്യങ്ങളൊന്നും തന്നെ തങ്ങളുടെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്ന് റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ ഒരു പരിഹാരത്തിന് ശ്രമിക്കുകയില്ല എന്ന് സാരം. ഇന്ത്യ പോലുള്ള താഴ്ന്ന സാമൂഹിക നിലവാരമുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ സാമ്പത്തികാസമത്വമുണ്ടാക്കാത്ത രീതിയില്‍ അവരെ പുനരധിവസിപ്പിക്കുക സാധ്യമാവുകയുള്ളൂ. റോഹിങ്ക്യകളെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനും തയ്യാറുള്ള മലേഷ്യയും ഫിലിപ്പീന്‍സും പോലുള്ള രാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഉത്സാഹിക്കേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹികവുമായ സങ്കുചിതത്വങ്ങളെ മാറ്റിനിര്‍ത്തി മാനവികമായൊരു നിലപാട് കൈക്കൊള്ളാന്‍ ലോകം തയ്യാറാവുന്ന പക്ഷം മനസ്സാക്ഷിക്ക് മേല്‍ ഭാരം കയറ്റിവെക്കുന്ന റോഹിങ്ക്യന്‍ പ്രശ്‌നത്തിനൊരു പ്രായോഗിക പരിഹാരം സാധ്യമാണ്.

Editor Thelicham

Thelicham monthly

Add comment