Thelicham

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

 

കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ ഇപ്രകാരമാണ് ”കത്ത് അയക്കപ്പെട്ടത് നിലവിലെ  രാഷ്ട്രീയസാഹചര്യത്തിന്റെ കേവല സൃഷ്ടി മാത്രമാണ്. അത് ഇസ്്‌ലാമിനോടുള്ള ഭയത്തിന്റെ ഭാഗമല്ല”. മേലെ ഉദ്ധരിച്ചതില്‍ നിന്ന് വ്യക്തമാവുന്നത് ഇസ്്‌ലാം പേടി എന്നത് അനുഭവതലങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവയെ ഉദ്യോഗതലങ്ങളിലും അധികാരവൃത്തങ്ങളിലും കുറച്ച്കാണിക്കാനുള്ള (ട്രംപിന്റെ സമകാലിക പ്രസ്താവനങ്ങളെ മാറ്റിനിര്‍ത്തിയാല്‍) ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ്. പൊതു സംവാദങ്ങളിലൂടെ എത്ര നിഷേധിച്ചാലും തടുക്കാനാവാത്ത ഒന്നായി ഇസ്‌ലാം പേടി മാറുന്നുവെന്നാണ് വസ്തുത. അവയെ ഉപോല്‍ബലകമാക്കുന്ന രണ്ട് വസ്തുതകള്‍ കാണാം. ഒന്ന് നോര്‍ത്ത്കരോനിലയിലെ ചാപ്പല്‍ ഹില്ലില്‍ വെച്ച്, അയല്‍വാസിയായ ക്രിസ്ത്യന്‍ വിശ്വാസി അടുത്തുള്ള മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന സംഭവം. 2014 ഡിസംബര്‍ 4ന് അതിരാവിലെ അയല്‍വാസിയായ ക്രിസ്്ത്യന്‍ വിശ്വാസി ദിയയുടെ വീടിന്റെ വാതില്‍ മുട്ടി. കതക് തുറന്ന ദിയ കണ്ടത് തോക്കു ചൂണ്ടി നില്‍ക്കുന്ന അയല്‍വാസിയെയാണ്. ഉടനെ ദിയയെയും അദ്ദേഹത്തിന്റെ ഭാര്യ യുസ്്‌റിനെയും സഹോദരിയായ റസാനയെയും നിഷ്ഠൂരം വെടിവെച്ചുകൊന്നു.

ടി.ഇ.ഡി എന്ന അമേരിക്കന്‍ സാമൂഹിക സംഘടനയുടെ പ്രമുഖ പരിപാടിയില്‍ പ്രസ്തുത സംഭവത്തെക്കുറിച്ച് ദിയയുടെ സഹോദരിയായ സുസന്നെ ബറകാത്ത് പറഞ്ഞു ”എന്റെ സഹോദരനെ കൊലപ്പെടുത്തിയത് ഇസ്‌ലാം ഭീതിയാണ്. ഈ വെറുപ്പിന്റെ കഥ നമുക്ക് അവസാനിപ്പിച്ചുകൂടേ. എന്റെ അനിയന് പകരം ഒരു വെള്ളക്കാരനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ അവര്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ട് നല്‍കുക അത് ഭീകരാക്രമണം എന്ന ലേബലിലായിരിക്കും. എന്റെ അനിയനെ കൊന്നവരെ അവര്‍ മനോരോഗിയും ആ മനുഷ്യഹത്യയെ അവര്‍ കേവലം ട്രാഫിക് തര്‍ക്കമായി തള്ളികളയുകയും ചെയ്തു”. സംസാരത്തിന്റെ അവസാന ഭാഗത്ത് വിതുമ്പുന്ന സൂസന്ന താന്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യപരമായി വില കിട്ടിയില്ല എന്ന് പറയുന്നു. രണ്ടാമത്തെ വസ്തുത, അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വംശീയ ബോധത്തിന്റെ വേരുകളെക്കുറിച്ച് സോഷ്യോളിജിസ്റ്റായ സാഹര്‍ സിലോഡ് പറയുന്നു ”അമേരിക്കയിലെ മുസ്‌ലിംകള്‍ വിവിധ തരക്കാരാണ്. അവരില്‍ വെള്ളക്കാരും സൗത്ത് ഏഷ്യക്കാരും ആഫ്രോ അമേരിക്കകളും അറബികളുമുണ്ട്. പക്ഷേ ഇപ്പോള്‍ മുസ്‌ലിം സ്വത്വം കൂടുതല്‍ വംശീയ വിവേചനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. പ്രധാനമായും, ഒരു മതം മാറിവന്ന വെള്ളക്കാരി  അവള്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണെങ്കില്‍ പോലും- വെള്ളക്കാരിയായി പരിഗണിക്കപ്പെടുന്നത് അവള്‍ ഹിജാബ് ധരിക്കുന്നത് വരെയാണ്.ഉടനെ വെള്ളനിറമായപ്പോള്‍ ഉണ്ടായിരുന്ന ആനുകൂല്യമൊക്കെ നഷ്ടമാവുന്നു.ഹിജാബ് അവളെ വിദേശിയായി മനസ്സിലാക്കാനുള്ള അടയാളമായി മാറുന്നു.

ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം അമേരിക്കയുടെ മണ്ണും മനസ്സും യാന്ത്രികമായി പറയുന്നത് ഞങ്ങള്‍ക്ക് മുസ്‌ലിം അന്യമാണ് എന്നതാണോ എന്ന് വര്‍ത്തമാന അമേരിക്കന്‍ രാഷ്ട്രീയം തെളിയിക്കുന്നു. ഓര്‍ലൊന്‍ഡയിലെ വെടിവെപ്പിന് ശേഷം നടന്ന പ്രസംഗങ്ങളില്‍ ക്ലിന്റണ്‍ പറഞ്ഞു ”അമേരിക്കയിലും നല്ല മുസ്‌ലിമുണ്ട്. അവര്‍ എല്ലാവരും ചീത്ത സ്വഭാവമുള്ളവരല്ല. അവര്‍ അമേരിക്കന്‍ ജനതയില്‍ പെട്ടവരാണ് ”. എന്നാല്‍ ട്രംപിന്റെ വാചോടാപം വിഷം കലര്‍ന്നതായിരുന്നു. മുസ്്‌ലിംകള്‍ അമേരിക്കന്‍ ജനതക്ക് കടുത്ത ആപത്തും അക്രമവാസനയുള്ളവരുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്്‌ലിമിന്റെ സാന്നിധ്യം അമേരിക്കക്ക് ഭീഷണിയായ കണ്ട ട്രംപിന്റെ അനുയായികളായാണ് ഇന്ന് അമേരിക്കയിലെ മുസ്്‌ലിംകള്‍ ജീവിക്കുന്നത്. ട്രംപ് വളര്‍ന്ന് വികസിച്ച ഇസ്ലാം  ഭീതിയുടെ സിംബല്‍ മാത്രമാണ്.

അതിനപ്പുറം അമേരിക്കയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രങ്ങളിലും യൂറോപ്പിന്റെ ദേശബന്ധങ്ങളിലും പടിഞ്ഞാറിന്റെ കല്‍പിത വാര്‍പ്പ് മാതൃകകളിലും ഉള്‍ചേര്‍ന്ന ഗുപ്ത ഘടകങ്ങള്‍ക്ക് മുസ്‌ലിമിനെ ലോകത്തിന്റെ ശത്രുവായി നിര്‍ത്തുന്നതില്‍ ശക്തമായ പങ്കുണ്ട്.അമേരിക്കന്‍ മുസ്്‌ലിമിന്റെ ഇന്നലെകള്‍ തീക്ഷ്ണാനുഭവങ്ങളുടെ കഥപറയുന്ന കുടിയേറ്റത്തില്‍ നിന്നാണ് അമേരിക്കയുടെ ചരിത്രവും രാഷ്ട്രീയവും വളര്‍ന്നുവികസിക്കുന്നത്.ഏകദേശം 1620കളില്‍ മെയ്ഫഌവര്‍ എന്നകപ്പലില്‍ ഇംഗ്ലണ്ടിലെ പ്ലീമൗത്തില്‍ നിന്നും അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലേക്ക് നൂറ്റിരണ്ടുപേരടങ്ങുന്ന സംഘം യാത്ര തിരിച്ചതോടെയാണ് അമേരിക്കന്‍ കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

ഗാംബിയ,സെനഗല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ആഫ്രിക്കന്‍ ജനതയുടെ കുടിയേറ്റം മുപ്പത് ശതമാനത്തോളമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വിവേചനത്തിന്റെ ഭാഗമായി അവരില്‍ മിക്കപേരും ഇസ്്‌ലാമിലേക്ക് മതം മാറി ജീവിക്കുന്നവരായിരുന്നു. കണ്‍വേര്‍ഷന്‍ (മതപരിവര്‍ത്തനം) എന്നതിനുപകരം റിവേഴ്ഷന്‍ (തിരിച്ചുപോക്ക്) എന്ന പദമാണ് അതിനുപയോഗിച്ചത്. വിവേചനത്തിനുപരിഹാരം പ്രപിതാക്കള്‍ മുറുകെപിടിച്ച വിശ്വാസമാണെന്നും അത് ഇസ്ലാമാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. അമേരിക്കന്‍ മുസ്്‌ലിം കൗണ്‍സിലിന്റെ കണക്കു പ്രകാരം അഞ്ച് മില്യണ്‍ മുസ്്‌ലിംകളാണ് ഇന്ന് അമേരിക്കയില്‍ ജീവിക്കുന്നത്. അമേരിക്കയിലെ ഇസ്‌ലാമിന്റെ ആഗമനം വളരെ പഴക്കമേറിയതാണ്. ക്രിസ്റ്റഫര്‍ കൊളംബസ് വരുന്നതിന് മുമ്പ് എട്ട് പേരുള്ള മുസ്‌ലിംസംഘം അമേരിക്കയില്‍ എത്തിയതായി അറബിഭൂമി ശാസ്്ത്രജ്ഞനായ ഇദ്്‌രീസി (മരണം 1165) നുസ്്ഹത്തുല്‍ മുശ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. കൂടാതെ കൊളംബസിന്റെ യാത്രയില്‍ അറബിയറിയുന്ന സ്‌പെയിനുകാരും ഉണ്ടായിരുന്നു. സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും പര്യവേക്ഷകര്‍ക്ക് മുസ്‌ലിംകള്‍ എന്നും വഴികാട്ടികളായിരുന്നു. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലാണ് സുപ്രധാന കുടിയേറ്റം നടക്കുന്നത്.

ഇരുപത് ശതമാനം ആഫ്രിക്കന്‍ മുസ്ലിംകള്‍ക്ക് പുറമേ ജോര്‍ദാന്‍,ഫലസ്്തീന്‍,സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു കുടിയേറ്റക്കാര്‍. പ്രാഥമികമായി നിരക്ഷരരും കര്‍ഷക വൃത്തിയില്‍ ഏര്‍പ്പെട്ടവരുമായിരുന്നു അവര്‍. കുടിയേറ്റചരിത്രത്തിന്റെ ആധുനിക ഘട്ടം ആരംഭിക്കുന്നത് 1840മുതലാണ്. യമനികളും തുര്‍ക്കികളും ഒന്നാം ലോക മഹായുദ്ധം വരെ ഒട്ടോമന്‍ ഭരണകൂടത്തില്‍ നിന്നും കുടിയേറിയിരുന്നു. പിന്നീട് വംശ പരിഗണനകള്‍ക്കപ്പുറം ജോലിയാവശ്യാര്‍ഥ്യം പാക്, ഇന്ത്യ, രാജ്യങ്ങളില്‍ നിന്ന് ഒരുപാട് ഉദ്യോഗാര്‍ഥികള്‍ 1960കള്‍ മുതല്‍ കുടിയേറ്റം തുടങ്ങിയിരുന്നു. ജോണ്‍സന്റെ കാലത്ത് അമേരിക്കന്‍ കുടിയേറ്റനയങ്ങള്‍ ഉദാരവത്കരിച്ചതിനുശേഷമായിരുന്നു ഇത്. 1970കളില്‍ മുസ്‌ലിംകള്‍ക്ക് ശക്തിയായ സാമൂഹിക ബോധം വന്നുതുടങ്ങി. റിസാഷാ പഹ്്‌ലവിയുടെ പതനത്തിനുശേഷം (1979) ഇറാനികളും ഫലസ്തീനികളും ഗള്‍ഫ് യുദ്ധത്തിനുശേഷം രാജ്യം വിട്ട കുര്‍ദുകളും അഫ്്ഗാനികളും അമേരിക്കന്‍ കുടിയേറ്റത്തിന്റെ ഭാഗമായിരുന്നു. ആദ്യ കാലങ്ങളില്‍ ആഫ്രോ അമേരിക്കന്‍ ജനതയുടെ വീണ്ടെടുപ്പിനായി മൂറിഷ് സയന്‍സ് ടെംപിള്‍(1913),യൂണിവേഴ്‌സല്‍ ഇസ്‌ലാമിക് സൊസൈറ്റി (1926) എന്നീ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും 1940കള്‍ക്കുശേഷമാണ് നാഷണ്‍ ഓഫ് ഇസ്‌ലാം എന്ന മുസ്‌ലിം സംഘടന എലിജാ മുഹമ്മദ്,മാല്‍കം എക്‌സ്്,ലൂയിസ് ഫാറാഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രബുദ്ധമാവുന്നത്. പക്ഷേ സംഘടനാനയങ്ങളില്‍ വന്ന അപകടകരമായ മാറ്റങ്ങള്‍ മൂലം അമേരിക്കയിലെ ചില മുസ്‌ലിം സമൂഹം സുന്നി മുസ്‌ലിംകള്‍ എന്ന പേരില്‍ സ്വയം വേര്‍തിരിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.

മതകീയ ബോധം അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരുന്നത് 1952ല്‍ ഇരുപത് പള്ളികള്‍ക്കുകീഴിലായി ഫെഡറേഷന്‍ ഓഫ് ഇസ്്‌ലാമിക് അസോസിയേഷന്‍ നിലവില്‍ വന്നതിനുശേഷമാണ്. അതിനുശേഷം വന്ന എം.എസ്.എ, ഐ.സി.എന്‍.എ, ഇസ്മ എന്നീ സംഘടനകള്‍ അമേരിക്കന്‍ മുസ്‌ലിമിന്‍റെ വിവിധ സ്വത്വാവിഷ്‌കാരങ്ങളുടെ പ്രതീകങ്ങളാണ്. രാഷ്ട്രീയ മേഖലകളില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേറ്റീവ്‌സ്, മുസ്‌ലിം പബ്ലിക്ക് അഫേഴ്‌സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 2007ലെ പ്യൂ റിസേഴ്ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ പ്രകാരം തദ്ദേശീയരായ മുസ്‌ലിംകള്‍ കോളേജ് ഡിഗ്രി കരസ്ഥമാക്കിയത് 24 ശതമാനവും വിദേശ കുടിയേറ്റക്കാരില്‍ 29 ശതമാനവും പേരായിരുന്നു. കൂടാതെ നിലവിലെ അമേരിക്കന്‍ മുസ്‌ലിമിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത് സൂഫീ ഇസ്ലാം ഉയര്‍ത്തിപിടിക്കുന്ന ആശയങ്ങളാണ്.ആദ്യമായി അമേരിക്കയില്‍ സൂഫീ ആശയങ്ങള്‍ പ്രചരിക്കുന്നത് 1910കള്‍ക്കുശേഷമാണ്. 1912ല്‍ ഇന്ത്യന്‍ സൂഫീ സംഗീതഞ്ജനായ ഇനായത് ഖാന്‍ (മരണം 1927) അമേരിക്കയില്‍ സൂഫീ അധ്യാപനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു. സ്വിസ് പണ്ഡിതനായ ഫ്രിഡ്‌ജോഫ് ഷുവോണ്‍ ഇന്ത്യാനയില്‍ മര്‍യമിയ്യ ത്വരീഖത്തിനുകീഴില്‍ സാമൂഹിക വിപ്ലവം നടത്തിയിരുന്നു.1970കളില്‍ സൂഫീ ചലനങ്ങള്‍ പൂര്‍വ്വാധികം ശക്തിയായി.ഹിശാം കബ്ബാനിയുടെയും ശൈഖ് മുസഫര്‍ ഒസകിന്റെയും നഖ്ശബന്ദി ഹഖാനി ത്വരീഖത്തുകള്‍ ഇവയില്‍ പ്രധാനമാണ്.അമേരിക്കന്‍ ഉദ്യോഗതലങ്ങളില്‍ ശക്തമായ സ്വാധീനവും ഇതുവരെ കഴിഞ്ഞുപോയ മിക്ക ഭരണാധികാരികളുമായി നിരവധി കൂടിക്കാഴ്ചകളും നടത്തി അമേരിക്കയിലെ പൊതുജനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇസ്‌ലാമിക് സുപ്രീം കൗണ്‍സില്‍ ഓഫ് അമേരിക്ക എന്ന സംഘടന സൂഫീ ആശയങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പരമ്പരാഗത ഇസ്‌ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആത്മീയ ചിന്തകള്‍ പ്രസരിപ്പിക്കുന്ന നിരവധി ലോകപണ്ഡിതര്‍ പ്രസ്തുത സംഘടനക്ക് കീഴില്‍ വളര്‍ന്നുവന്നിട്ടുണ്ട്. സെലബ്രേറ്റ് മേഴ്‌സി ,തഅ്്‌ലീഫ് കണക്ഷന്‍ എന്ന സൂഫീ മൂവ്‌മെന്റുകള്‍ തുടക്കം കുറിച്ചത് ഹംസയൂസഫ്,അബ്ദുല്‍ കരീം മുറാദ്,ഹബീബ് അല്‍ ജിഫ്‌റി തുടങ്ങിയ മുസ്്‌ലിം പണ്ഡിതരിലൂടെയായിരുന്നു.അതിന്റെ മുമ്പ് തന്നെ സൂഫീ പാരമ്പര്യം അമേരിക്കന്‍ ജനതയില്‍ വേരുറച്ചിട്ടുണ്ടായിരുന്നു.ജര്‍ഗന്‍ ഹെബര്‍മാസിന്റെ വാക്കുകളില്‍ പൊതു സമൂഹം യുക്തിസഹമായി ചിന്തിക്കുന്നവരാണെന്നാണ്. അതിന്റെ കടന്നുവരവ് വ്യക്തിത്വവാദവും മതേതരത്വവും എന്‍ലൈറ്റ്‌മെന്റ് കാലത്ത് പ്രചുരപ്രചാരം നേടിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പൊതു സമൂഹം അര്‍ഥത്തെ കണ്ടത്തിയത് യുക്തിക്കപ്പുറത്ത്‌നിന്നാണെന്നും മിക്ക പണ്ഡിരും ഇതേ പാതയാണ് പിന്തുടര്‍ന്നതെന്നും ഗ്രിഫ്ത്, മാലിസ്റ്റര്‍ തുടങ്ങിയ പണ്ഡിതര്‍ പറയുന്നു. എത്രയായാലും ജീവിതത്തിന് സന്തോഷവും അര്‍ഥവും കല്‍പിക്കുന്ന ചിന്താധാരളോട് മനുഷ്യസമൂഹം കാണിച്ച പ്രതിബദ്ധത ഏറെ സുവിദിതമാണ്. അമേരിക്കയില്‍ വ്യാപിച്ച സൂഫി ധാരയില്‍ വിവിധ തരത്തിലുള്ള സരണികള്‍ പിന്തുടര്‍ന്നവരുണ്ടായിരുന്നു. പെരനിയല്‍ സ്വഭാവമുള്ള സുഫീ ഇസ്‌ലാം ബഹുസ്വര സമൂഹത്തില്‍ എല്ലാ മതങ്ങളുടെ ആശയവും ഒരേ സത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരാണ്.

അതേ സമയം ഇസ്‌ലാമിക വേരുകളിലൂന്നി സ്വയം മാറിനിന്ന് സാമൂഹികമായി സംഘടിച്ചവരും ഇസ്‌ലാമിന്റെ ആത്്മീയ മുഖം കാണിച്ചവരുമുണ്ടായിരുന്നു.അവര്‍ ഭൂരിഭാഗവും കുടിയേറ്റ സമൂഹങ്ങളായിരുന്നു. ചരിത്രപരതക്കുള്ളില്‍ നിന്നുതന്നെ അമേരിക്കയുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും വികസിപ്പിക്കുന്നതില്‍ അമേരിക്കന്‍ മുസ്്‌ലിംകള്‍ക്ക് ശക്തമായ പങ്കുള്ളതായി കാണാം.
പടിഞ്ഞാറും ഇസ്‌ലാമും ഒന്നിക്കാത്ത ധ്രുവങ്ങളോ?

അനാദികാലം ഇസ്‌ലാമും പടിഞ്ഞാറും പരിഹരിക്കാനാകാത്ത ഏറ്റുമുട്ടലിലാണെന്നും ഇസ്‌ലാമും ജനാധിപത്യ സംവിധാനങ്ങളും അടിസ്ഥാനികമായി പൊരുത്തേക്കേടില്ലാത്തതുമാണെന്ന് വരുത്തിതീര്‍ക്കുന്ന ആശങ്കകള്‍ എങ്ങനെ മുസ്്‌ലിം സമൂഹം നേരിടണം എന്നത് പ്രശ്‌നമായി തീരുന്ന കാലമാണ് ഇന്നത്തേത്. ഇസ്്‌ലാമും മുസ്്‌ലിമും പേടിക്കപ്പെടുന്ന അടയാളങ്ങളായി മാറുന്നതില്‍ ചരിത്രത്തില്‍ ആസൂത്രിതമായ പരിണാമദശയുണ്ട്. നിലവിലുള്ള ആഗോള രാഷ്ട്രീയങ്ങളുടെ ചുവര്‍ ചിത്രങ്ങള്‍ പരിശോധിച്ചാല്‍, ഇറാനില്‍ ആയത്തുല്ലാ ഖുമൈനിയും ഇറാഖില്‍ സദ്ദാം ഹുസൈനും താലിബാനും അല്‍ഖാഇദയും വര്‍ഷങ്ങളായി സൃഷ്ടിച്ചെടുത്ത അപര സമുദായവല്‍ക്കരണത്തിന്റെ ഭാഗമായി ശക്തിപ്പെട്ടതാണ് പടിഞ്ഞാറിന്റെ ഇസ്‌ലാം ഭീതിയുടെ ആരംഭം. അമേരിക്കയെക്കുറിച്ച് ഖുമൈനിയുടെ വലിയ ചെകുത്താന്‍ വിളികളും സദ്ദാം ഹുസൈന്റെ ജിഹാദ് വിളംബരവും സെപ്തംബര്‍ അക്രമണത്തിന്റെ രൂക്ഷതയും ഇവയില്‍ പ്രധാനപ്പെട്ടവയാണ്. മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയ വിഭാഗം തലവനായ വലീദ് അലി People like Us : How arrogance is deviding islam and the west എന്ന ഗ്രന്ഥത്തില്‍ പടിഞ്ഞാറും ഇസ്‌ലാമും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ”ആസേ്രതലിയയിലെ കുടുംബ കോടതി റൂമില്‍ ദ ന്യൂയോര്‍ക്കര്‍ മാസികയുടെ കവര്‍ഫോട്ടോ തൂക്കിയിട്ടതുകാണാം. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണാണെന്ന് തോന്നും. ന്യൂ യോര്‍ക്ക് നഗരത്തിന്റെ മധ്യത്തില്‍ രണ്ട് ദമ്പതികള്‍ പരസ്പരം കലഹിക്കുകയും കരയുകയും ചെയ്യുന്നു. പുരുഷന്റെ വായില്‍ നിന്ന്് കറുത്ത കുമിള കലര്‍ന്ന വെള്ള ദ്രാവകവും സ്ത്രീയുടെ വായില്‍ നിന്ന് വെളുത്ത കുമിളകളുള്ള കറുത്ത ദ്രാവകവും പുറത്ത് വരുന്നുണ്ട്. രണ്ട് പേരും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും  പരസ്പരം  മനസ്സിലാക്കാനും ഉള്‍കൊള്ളാനും പരാജയപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു പേരും സമാന ആശയങ്ങളാണ് പങ്ക് വെക്കുന്നതെങ്കിലും കലഹം അവരെ രണ്ട് ധ്രുവങ്ങിളിലാക്കി നിര്‍ത്തുന്നു. ഒന്നിക്കാന്‍ അനുയോജ്യമായ ഒരുപാട് ഘടകങ്ങളുണ്ടെങ്കിലും ആരും ആരെയും മനസ്സാന്നിധ്യത്തോടെ കേള്‍ക്കാന്‍ തയ്യാറാകാത്ത ഇതേ പ്രശ്‌നമാണ് പടിഞ്ഞാറും ഇസ്്‌ലാമും തമ്മിലുള്ളത്.

വെയ്റ്റിങ് വോര്‍ ഗോഥോ എന്ന കഥയില്‍ സാമുവല്‍ ബക്കറ്റ് പറയുന്നു ”അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും ആശയം കൈമാറുന്നില്ല. ഒരേ ആശയമാണെങ്കിലും രണ്ട് ഭാഷയാണ് പ്രയോഗിക്കുന്നത് ”. മുസ്്‌ലിമായ എനിക്ക് പടിഞ്ഞാറില്‍ നിന്ന് ലഭിച്ച ദുരനുഭവമാണിതെന്ന് വലീദ് പറയുന്നു.  ഇസ്്‌ലാമിനെ പടിഞ്ഞാറില്‍ നിന്ന്് അകറ്റുന്ന ഘടകങ്ങള്‍ സംസ്‌കാരത്തിന്റെ വേരുകള്‍ക്കപ്പുറം മതപരമായിരുന്നു. മാക്‌സിം റോഡിങ്‌സണ്‍ പറയുന്നു ”മുസ്്‌ലിം ഒരു പൊതു പ്രശ്‌നമായിത്തീരുന്നതിന് മുമ്പ്തന്നെ ഇസ്്‌ലാം പടിഞ്ഞാറിന് ഒരു പ്രശ്‌നമായി ഭവിച്ചിരുന്നു”. മധ്യകാല ചരിത്രങ്ങളില്‍ ഇസ്്‌ലാമിനെ വികലമായി ചിത്രീകരിക്കുന്നതില്‍ ക്രിസ്ത്യന്‍ ആധികാരികള്‍ക്ക് ശക്തമായ പങ്കുണ്ടായിരുന്നു. ഭയത്തിന്റെ ഭാഗമായി മുസ്്‌ലിംകളെ ബഹുദൈവാരാധകരായും പ്രവാചകനെ മാന്ത്രികനായും പോപ്പായും അവസരം നോക്കി മക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കര്‍ദിനാളായും അവര്‍ പ്രചാരണം നടത്തിയിരുന്നു. ശത്രുവിനെ കുറച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗിക വേഴ്ചയും മദ്യവും പന്നിയിറച്ചിയും മുസ്‌ലിമിന്റെ ചിഹ്നമായി അവതരിപ്പിക്കപ്പെട്ടു.

പ്രവാചകന്‍ മുഹമ്മദ് (സ)യെ പടിഞ്ഞാറിന് പരിചയപ്പെടുത്തിയ ആര്‍ ഇ സതേണ്‍ പറയുന്നു ”1100കളില്‍ മുഹമ്മദ് നബിയെക്കുറിച്ച് അറിവുണ്ടായിരുന്നത് കുറച്ച് മാത്രം. 1120 മുതല്‍ ഇസ്്‌ലാമും പ്രവാചകനും അവര്‍ പരിചയപ്പെട്ടിരുന്നു. പക്ഷേ അത് ജ്ഞാനമല്ല, പേടിയില്‍ നിര്‍മിക്കപ്പെട്ട ഭാവനാ വിലാസത്തിന്റെ സൃഷ്ടിയാണ്”. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇസ്‌ലാമിനെ വിദ്വേഷ പ്രചാരണത്തിന്റെ ഉപകരണമായി ഉപയോഗിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവ കാലത്ത് വോള്‍ട്ടയറുടെ ഫനാട്ടിക്‌സ് എന്ന കൃതിയില്‍ മുഹമ്മദ് നബി മതസ്വേഛാധിപതിയായി വിവരിക്കപ്പെട്ടിരുന്നു. കൂടാതെ ശാസ്്ത്രവും യുക്തിയും ഇസ്‌ലാമിന് അന്യമാണെന്നും അദ്ദേഹം  എഴുത്തുകളില്‍ പ്രചരിപ്പിച്ചു. ജോണ്‍ എല്‍ എസ്‌പോസിറ്റോ പറയുന്നു ”പടിഞ്ഞാറ് പണ്ട് ചിന്തിച്ചുതുടങ്ങിയ ശത്രുനിര്‍മിതിയെ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതുകളിലും മുസ്‌ലിം സമൂഹത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. 1978 1979 കാലയളവിലെ ഇറാന്‍ വിപ്ലവവും ഗള്‍ഫ് യുദ്ധവും ഇതിന് ഉദാഹരണമാണ്.

പടിഞ്ഞാറും ഇസ്‌ലാമും തമ്മിലുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനപ്പുറം  അവക്ക് തമ്മിലുള്ള കേന്ദ്രീകൃത ഘടകങ്ങളെ ജനകീയമാക്കലും ആഗോള രംഗ്ത്ത് സജീവമാണ്. ഇസ്‌ലാമോഫോബിയക്ക് പകരം ഇസ്‌ലാമോഫീലിയ (ഇസ്്‌ലാമിനോട് സഹിഷ്ണുത) എന്ന ട്രന്‍ഡ് തന്നെ വളര്‍ന്നുവരുന്നുണ്ട്.പ്രസ്തുത രണ്ട് ധാരകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആന്‍ഡ്രൂ ഷിറോക്ക് എഡിറ്റ് ചെയ്ത ഇസ്്‌ലാമോഫോബിയ ഇസ്്‌ലാമോഫീലിയ ബിയോണ്ട് ദി പൊളിറ്റിക്‌സ് ഓഫ് എനിമി ആന്റ് ഫ്രണ്ട് എന്ന കൃതി വളരെ ശ്രദ്ധേയമാണ്. ഹംണ്ടിംഗ്ടണ്‍ പരികല്‍പനാ നിര്‍മാണത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്നും യുഎസിലെ ധൈഷണിക പരിസരങ്ങളില്‍ അതിന് പ്രസക്തി ലഭിച്ചിട്ടില്ല എന്ന് ഫവാസ് ജോര്‍ജ് പറയുന്നുണ്ട്.   ഈ ആശയത്തെ മുന്‍ നിര്‍ത്തിയാണ് സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ക്ലാഷ് ഓഫ് സിവിലൈസേഷന്‍ എന്ന ലേഖനം 1993ല്‍ ഫോറിന്‍ അഫേഴ്‌സില്‍ പ്രസിദ്ധീകൃതമാവുന്നത്(പ്രസ്തുത വാക്യം നേരത്തെ 1990ല്‍ അറ്റ്‌ലാന്റിക് മന്ത്‌ലിയില്‍ പ്രിന്‍സടണ്‍ യൂണിവേഴ്‌സിറ്റി പ്രഫസറായ ബെര്‍നാഡ് ലെവിസ് പ്രയോഗിച്ചതായി കാണാം). 1991ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വിക്ടര്‍ പാസ് എഴുതി ”ഇനിയുള്ള കാലം കമ്മ്യൂണിസവും ലോകവും തമ്മില്‍ കലഹിക്കുന്നതില്‍ നിന്ന് മാറി ഇസ്്‌ലാം ലോകത്തോട് പോരടിക്കാന്‍ താല്‍പര്യപ്പെടുന്നകാലം വരും”.

1980കളിലെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ തീവ്രവാദമുഖങ്ങളുടെ സ്വഭാവം പലരാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഫവാസ് ജോര്‍ജ്  പറയുന്നു ”സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മുഖ്യധാരയില്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി രണ്ട് ധാരകള്‍ നിലനിന്നിരുന്നു.ഒന്ന്, സംഘട്ടനാവാദികള്‍ അവര്‍ ഇസ്‌ലാം ജനാധിപത്യവിരുദ്ധവും പാശ്ചാത്യവിരുദ്ധവുമാണെന്ന് വാദിക്കുന്നു. ബര്‍ണാര്‍ഡ് ലൂയിസ് മുസ്‌ലിം മതമൗലികവാദത്തെ വിശേഷിപ്പിക്കുന്നത് ഒരു മനുഷ്യന്‍, ഒരു വോട്ട് എന്ന വാക്കിലൂടെയാണ്. ജനാധിപത്യബോധം ഇസ്‌ലാമിന്റെ താത്ത്വികാടിത്തറക്ക് കടകവിരുദ്ധമാണെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഹംണ്ടിംഗ്ടണ്‍ പറയുന്നു. ദൈവികമായ ഇസ്്‌ലാം ജനാധിപത്യ വിരുദ്ധമാണെങ്കിലും ജനാധിപത്യരീതിയില്‍ നിലനിന്നിരുന്ന രാജ്യങ്ങളിലൊന്നായി ലെബനാന്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് മുസ്്‌ലിംസമൂഹം അവിടെയും ഭൂരിപക്ഷമായതോടെ ലബനാന്‍ തകര്‍ന്നുപോയി. സംഘട്ടനങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയ പ്രേരിതമായതിനപ്പുറം സംസ്‌കാരങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളാണ്. ബെര്‍ണാഡ് ലൂയിസ്് ഈ സംഘട്ടനത്തെ നിരീക്ഷിക്കുന്നത് പ്രാചീന ജൂത ക്രിസ്്ത്യന്‍ പാരമ്പര്യത്തിനെതിരായ പ്രതിലോമ ശക്തിയുടെ തുടര്‍ച്ചയായിട്ടാണ്.രണ്ടാമത്തേത്, അനുരഞ്ജനവര്‍ത്തികള്‍. ഇസ്‌ലാമും പടിഞ്ഞാറും വിരുദ്ധചേരിയിലല്ലെന്നും അവ രണ്ടിലും ഒത്തുപോകേണ്ട ഘടകങ്ങളുണ്ടെന്നും അവര്‍ പറയുന്നു. മാധ്യമങ്ങളും അധികാര വര്‍ഗങ്ങളും മുസ്‌ലിംകളില്‍ ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ തീവ്ര സ്വഭാവത്തെ സാമാന്യവത്കരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് അവര്‍ അവതരിപ്പിക്കുന്നത്. യഥാര്‍ഥ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് വിഭിന്നമാണ് പടിഞ്ഞാറ് മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ ഏകശിലാത്മകമായ ചിത്രമെന്നും വളര്‍ന്നുവരുന്ന മിലിട്ടന്‍ഡ് ഗ്രൂപ്പുകളുടെ വര്‍ധനവ് പ്രാദേശികമായ പ്രേരകങ്ങളാല്‍ പ്രചോദിതമാണെന്നും അവര്‍ നിരീക്ഷിക്കുന്നു.

അമേരിക്കയുടെ ഇസ്‌ലാം പേടികള്‍ ആഗോള രാഷ്ട്രീയത്തില്‍  അമേരിക്ക ഏകോന്മുഖമായ ഇടപെടല്‍ നടത്തുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ശീത യുദ്ധം തുടങ്ങിയതിനുശേഷം ലോകത്തിന്റെ അജയ്യശക്തിയായ ആണവ സ്രോതസ്സുകളുടെ ശേഖരം അവകാശപ്പെട്ടതോടെ അമേരിക്ക ആഗോള രാഷ്ട്രീയത്തില്‍ ഏകലോക ധ്രുവ സിദ്ധാന്തം കെട്ടിപ്പടുക്കുകയായിരുന്നു.1973ലെ അറബ് ഇസ്രായേല്‍ യുദ്ധത്തിലൂടെയും 78ലെ ഇറാന്‍ വിപ്ലവത്തിലൂടെയും നിര്‍മിതമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പ്രതിഛായ ഉപയോഗിച്ച് ഇസ്‌ലാമിനെ എക്കാലത്തും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ അമേരിക്ക ആസൂത്രിത ശ്രമങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. ഖുമൈനിയുടെ വലിയ ചെകുത്താന്‍ വിളികള്‍ കൊണ്ട്  പൊതു ഇസ്‌ലാമിന് അമേരിക്കന്‍ വിരുദ്ധ സ്വഭാവം ചാര്‍ത്തപ്പെട്ടിരുന്നു. 1980കളില്‍ അമേരിക്കയില്‍ നടന്ന കണക്കെടുപ്പുകളില്‍ ഖുമൈനി, ഷാ എന്ന് കേട്ടാല്‍ വെറുപ്പായിരുന്നുവെന്ന് കാണാം. പ്രസ്തുത കണക്ക് സെപ്തംബര്‍ ഭീകരാക്രമണ ശേഷം പതിന്മടങ്ങ് വര്‍ധിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകളിലെ മിക്കപേരും മൃഗീയ മനസ്സുള്ളവരാണെന്ന് 44 ശതമാനവും  യുദ്ധവെറിയന്മാരാണെന്ന് 50 ശതമാനവും അഭിപ്രായപ്പെടുന്നു എന്ന കണക്ക് അമേരിക്ക തുടങ്ങിയ ഇസ്്‌ലാമിക വിരുദ്ധ വിദേശനയങ്ങളുടെ ഭാഗമാണ്. കൂടാതെ അതിന് പ്രധാനമായും ചില കാരണങ്ങളുണ്ട്. ഒന്ന് അറബ് ദേശങ്ങള്‍ക്കുമേല്‍ അമേരിക്ക നടത്തിയ തീവ്ര ഇടപെടലുകള്‍  അമേരിക്കയിലെ അറബ് കുടിയേറ്റക്കാരെ തീവ്ര സ്വഭാവക്കാരാക്കിയിരുന്നു. രണ്ട്, പൊതു ഇസ്‌ലാമിനെക്കുറിച്ചുള്ള അപകടകരമായ കാഴ്ച്ചപ്പാട് അമേരിക്കയിലെ മുസ്്‌ലിം പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥവരെ എത്തി. അതിന്റെ ഭാഗമായാണ് യുഎസ് ഗവണ്‍മന്റിലെ ചില ഉദ്യോഗസ്ഥര്‍ പള്ളികള്‍ മതതീവ്രവാദത്തിന്റെ ഹബ്ബുകളാണെന്ന് പ്രഖ്യാപിച്ചത്. വളര്‍ന്നുവരുന്ന ഇസ്‌ലാമിക ചലനങ്ങളെ അസൂയയോടെ നോക്കികാണുന്ന ശത്രുസമൂഹം  മസ്ജിദുകളെയും മദ്‌റസകളെയും തീവ്രവാദ സ്വഭാവത്തിന്റെ ഉറവിടമായി ചിത്രീകരിക്കുന്നത് പാശ്ചാത്യ ലോകത്തെ ഇസ്‌ലാമിക വിരുദ്ധ ട്രന്‍ഡുകളില്‍ പെട്ടതാണ്.

ട്രംപ് ഉയര്‍ത്തിപിടിക്കുന്ന അമേരിക്കന്‍ പദവിയും ഇതേ ബോധമാണ് കൈമാറുന്നത്. ഇത്രകാലം വരെ മുസ്്‌ലിം പൗരത്വത്തിന് അംഗീകാരം ലഭിച്ചിരുന്നിടത്ത് അവര്‍ക്ക് ഇടമില്ലെന്ന് ഭരണാധികാരി പ്രഖ്യാപിക്കുമ്പോള്‍, ആ തീവ്ര ഭാഷ ശക്തിപ്പെടുത്തുന്നത് വേട്ടക്കാരന്റെ ആര്‍ജവത്തെയും ഇരയുടെ ശൂന്യബോധത്തെയുമാണ്. പൊതു സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിനെ തീവ്രതയുടെ പര്യായമാക്കുമ്പോഴും മാധ്യമ രംഗം മറച്ചുപിടിക്കുന്ന നല്ല ശബ്ദങ്ങളുമുണ്ട്. സെപ്തംബര്‍ ഭീകരാക്രമണം നടന്നതിന് ശേഷം ലോക ഇസ്്‌ലാമിക് പണ്ഡിതരില്‍ ശ്രദ്ധേയനായ ഖറദാവി പറഞ്ഞത് ഇപ്രകാരം ”വേള്‍ഡ് ട്രൈഡ് സെന്ററിനെ തകര്‍ത്ത  ഭീകരപ്രവര്‍ത്തനങ്ങള്‍ മുസ്്‌ലിമിന്റെ ഹൃദയത്തെ കൂടുതല്‍ രക്തം പുരട്ടുന്നു. കൂടാതെ സെപ്തംബര്‍ 27ന് അമേരിക്കന്‍ സൈന്യത്തില്‍ തനിക്ക് പങ്കാളിയാകല്‍ അനുവദനീയമാണോ എന്ന് ചോദിച്ച മുസ്‌ലിം അമേരിക്കന്‍ സൈനികനോട് മുസ്‌ലിം പണ്ഡിതര്‍ നല്‍കിയ ഫത്‌വ ഏറെ ശ്രദ്ധേയമാണ്. എന്തുവന്നാലും ആ സൈനികന്‍ രാജ്യത്തിന്റെ കൂടെ നില്‍ക്കണമെന്നും എന്തിനേറെ നേരിടാന്‍ വരുന്നത് മുസ്‌ലിം രാജ്യമായാലും രാജ്യസുരക്ഷക്ക് വേണ്ടി നിലകൊള്ളണമെന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു. പ്രസ്തുത ഫത്‌വ ചില അറബ് രാജ്യങ്ങളില്‍ വിവാദം സൃഷ്ടിച്ചിരുന്നെങ്കിലും അവക്ക് പണ്ഡിതന്മാര്‍ മുഖേനെ സാധൂകരണം നല്‍കപ്പെട്ടത് സെപ്തംബര്‍ അക്രമണംസമൂഹത്തിന് മേല്‍ മതപരമായ യുദ്ധത്തിന്റെ പ്രഖ്യാപനമാണെന്നാണ്. അത് കൊണ്ട്തന്നെ ഇത് ധര്‍മവിരുദ്ധമാണന്ന് പണ്ഡിതന്മാര്‍ തീര്‍പ്പ് കല്‍പിച്ചു.

ഇസ്‌ലാമിന്റെ പൊതു ശബ്ദം തീവ്രമാണെന്ന് പറയുന്നവര്‍ സ്വന്തം കണ്ണിലെ ഒലക്ക കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരുടെ കൂട്ടത്തില്‍ പെട്ടവരാണ്. ബഹുസ്വരതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യബോധവും പൗരസമൂഹത്തിന്റെ അനിവാര്യ ഘടകങ്ങളായി എണ്ണുന്നവര്‍ പോലും മതപരമായ ചിഹ്നങ്ങള്‍ക്ക് ജനാധിപത്യലോകത്ത് നിഷേധിക്കപ്പെടുന്ന ദുരന്ത കാഴ്ചയാണ് നിലവിലുള്ളത്. എല്‍ വാട്‌സണ്‍ മള്‍ട്ടി കള്‍ച്ചറലിസം എന്ന ഗ്രന്ഥത്തില്‍ പറയുന്നു ”സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസിനെ ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ ഭാഗമായി കാണുന്നവര്‍ ഹിജാബും നിഖാബും എന്ത് കൊണ്ട് ആവിഷ്‌കാരത്തിന്റെ ഭാഗമാകുന്നില്ല എന്ന് ചോദിക്കുന്നുണ്ട്’. പള്ളി മിനാരങ്ങളും ബുര്‍ക്കിനി എന്ന സ്ത്രീകള്‍ക്കുള്ള സ്വിമ്മിംഗ് സ്യൂട്ടും അന്യവത്കരിക്കപ്പെടുന്നത് ലിബറല്‍ നയങ്ങള്‍ നാഴികക്ക് നാല്‍പത്ത് വട്ടം കൂവുന്നവരുടെ നാട്ടിലാണ്.  വര്‍ഷങ്ങളോളം പഠിച്ചും അനുഭവിച്ചും ആസ്വദിച്ചും മുസ്്‌ലിം നേടിയ മതത്തിന്റെ സ്വാദും അകന്ന് നിന്ന് പൊതു വാര്‍ത്തകളുടെ പൊലിമക്കൊപ്പം ഇസ്്‌ലാമിനെക്കുറിച്ച് മുന്‍വിധി സൃഷ്ടിക്കുന്ന അപരന്‍ മനസ്സിലാക്കിയ ഇസ്‌ലാമും രണ്ടായി മാറുമ്പോഴാണ് മുസ്‌ലിം എന്ന തന്മ വീണ്ടും വിഭജിക്കേണ്ടിവരുന്നത്. മിലിറ്റന്‍റ്  ഇസ്‌ലാം, ഇസ്്‌ലാമിസ്‌റ്റ്, ജിഹാദിസ്റ്റ് എന്ന സംജ്ഞകള്‍ക്ക് മാര്‍കറ്റ് ലഭിക്കുന്ന കാലത്ത് നിലനില്‍പിനെ ആശങ്കയോടെ നോക്കികാണുന്ന മുസ്‌ലിം സമൂഹം സ്വയം മോഡറേറ്റ്, പ്രോഗസ്സീവ്, ഗുഡ് എന്ന തലത്തിലേക്ക് വിഭജിക്കപ്പെടാന്‍ നിര്‍ബന്ധിതരാവുന്നത്.

അമേരിക്കയിലെ പൗരനെ സംബന്ധിച്ചിടത്തോളം അവന്റെ രാജ്യം ഒരേ സമയം സ്വപ്‌നവും പേടിസ്വപ്‌നവുമാണെന്ന കറുത്ത ജനതയുടെ വിമോചനകനായ മാല്‍കം എക്‌സിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. ഇസ്്‌ലാമോഫോബിയയുടെ അടിയൊഴുക്കുകളെ നിയന്ത്രിക്കുന്ന ഒരുപാട് സംരംഭങ്ങള്‍ ഇന്ന്്അമേരിക്കയിലും ഇതരരാജ്യങ്ങളിലും സജീവമാണ്.ശാഫി കസ്‌കസും ഹംഗര്‍ ഫോര്‍ഡും തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷ ഇബ്രാഹിമീ മതങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി രചിക്കപ്പെട്ടതായിരുന്നു. ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും ഒരുപാട് സാമ്യതകള്‍ കണ്ടെത്തിയിട്ടും സെംപ്തബര്‍ ആക്രമണത്തിനുശേഷം പരസ്പരം ഇരു മതസ്ഥരും ഭയത്തോടെ ജീവിക്കുന്നത് ഗുണകരമല്ലെന്ന് ശാഫി കസ്‌കസ് പറയുന്നു. ഒന്നിക്കാന്‍ പറ്റിയ പ്ലാറ്റ്‌ഫോം കണ്ടത്തിയിട്ടും വിഘടിച്ചുനില്‍ക്കാന്‍ ഇസ്‌ലാമോഫോബിയ പ്രേരിപ്പിക്കുമ്പോള്‍, പുതു ട്രന്‍ഡായി വരുന്ന ഇസ്‌ലാമോ ഫീലിയ ആഗോള ഇസ്‌ലാമിന്റെ ഐക്കണാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

റഫറന്‍സ്

1: Islam without fear : egypt and new islamist, Rymond william backer(2004)2: People like Us : How arrogance is deviding islam and the west, waleed ali picador(2007)3: The Islamic threat: myth or reality, jhon L esposito (1992)4: മാല്‍കം എക്‌സ്, അലക്‌സ് ഹാലി, (വിവ: എപി കുഞ്ഞാമു), ഐ.പി.എച്ച് 5: islamophobia/ islamophobilia : beyond the politics of enemy and freind, Andrew shyrock 6: Multi- culturalism,  cw watson7: The western image and western studies of islam, Maxime Rodinson

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.