വിനോദങ്ങളാണ് ജോലിത്തിരക്കുകള്‍ക്കിടയില്‍ മനുഷ്യന് ആശ്വാസത്തിന്റെ തെളിനീരുപകരുന്നത്. സിനിമകള്‍, കലാരൂപങ്ങള്‍, യാത്രകള്‍, സംഗീത സദസ്സുകള്‍ ഇങ്ങനെ നമ്മുടെ വിനോദങ്ങള്‍ക്ക് നിറം പകരുന്ന വിഭവങ്ങളേറെയാണ്. പ്രണയവും വേര്‍പാടും സല്ലാപങ്ങളുമായി അവ നമ്മെ അനുഭൂതിയുടെ ആകാശങ്ങളിലേക്കുയര്‍ത്തുന്നു. ആസ്വാദനത്തിന്റെ രസച്ചെരടുകള്‍ പൊട്ടുമ്പോള്‍ പക്ഷെ പലപ്പോഴും നാം മത പരിമിതികള്‍ കടന്നശേഷമാവും ഉണരുക. നമുക്കു ചുറ്റും ജനകീയമായി നിലനില്‍ക്കുന്ന വിനോദങ്ങളില്‍ പലതും ഇസ്്‌ലാം പൂര്‍ണ്ണാര്‍ഥത്തില്‍ നമുക്കനുവദിക്കുന്നതല്ല. പലപ്പോഴും മനസ്സിനെ മത്തുപിടിപ്പിക്കുന്ന സംഗീത കച്ചേരികള്‍ വിശ്വാസിയുടെ ഹൃദയങ്ങളെ കടുത്തതാക്കുന്നുവെന്നാണ് പണ്ഡിത ഭാഷ്യം. എന്നാല്‍ വഴി തെറ്റുകയും പിഴക്കുകയും ചെയ്യുന്ന ഈ പുതിയ കാലത്ത് നന്മയുടെ തെളിനീരുറവയായി ഇവകള്‍ക്ക് പകരം നില്‍ക്കുകയാണ് ഖാരിഉകളും ആത്മീയതയുണര്‍ത്തുന്ന നശീദുകളും. മതവിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നേരെ പലപ്പോഴും മന:പൂര്‍വ്വം കണ്ണടച്ചും കണ്ണടഞ്ഞും നാം നമ്മുടെ ലോകത്ത് വിഹരിക്കുന്നു. ഈ വിഹാരങ്ങള്‍ക്കിടയില്‍ കണ്ണു നനയിച്ച് ആത്മാവിനെയുണര്‍ത്തുന്ന രാഗങ്ങള്‍ ഇടക്കെങ്കിലും നമ്മുടെ കാതുകളില്‍ ഇവരിലൂടെ മുഴങ്ങാറുണ്ട്. പുല്ലാങ്കുഴലും ആശിഖിന്റെ ഹൃദയത്തില്‍ നിന്നുറവെടുക്കുന്ന വേദനകളും പലപ്പോഴും കണ്ണുകളില്‍ മിഴിനീരു കൊണ്ട് സുറുമയെഴുതാറുമുണ്ട്. അബ്ദുല്‍ ബാസിത്വ്, അബ്ദുറഹ്്മാന്‍ സുദൈസ്, അബ്ദുല്ല അവ്വാദ് അല്‍ ജുഹനി, മുഹമ്മദ് സിദ്ദീഖ് മിന്‍ശാവി,സഊദ് ശുറൈം, ആദില്‍ റയ്യാന്‍, അഹ്്മദ് ബ്‌നി അലി അല്‍ അജ്മി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ഖാരിഉകളുടെ നിരതന്നെയുണ്ട്് നമുക്ക് മുമ്പില്‍. നശീദുകളായി, ഖൂര്‍ആനിക വചസ്സുകളായി അവര്‍ പലപ്പോഴും ഹൃദയങ്ങളില്‍ കുളിരുകോരി പെയ്തിറങ്ങുന്നു.
ഖുര്‍ആന്‍ വിശ്വാസിയുടെ ഔഷധമാണ്. ആത്മീയവും ശാരീരികവുമായ രോഗങ്ങള്‍ക്ക്് വിശ്വാസികളുടെ ശമനം ഖുര്‍ആന്റെ തണലിലാണ്. മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും വിഷമങ്ങള്‍ക്കും അതിലും മികച്ച മരുന്നൊന്നില്ലത്രെ. മിശാരി അല്‍ അഫാസിയുടെ ഖുര്‍ആനിക പാരായണങ്ങളും നശീദുകളും അത്തരത്തില്‍ ഹൃദയസ്പൃക്കായ ഒരനുഭൂതി പകരുന്നതാണ്. അനല്‍ അബ്ദുല്‍ മുസീഉ അസയ്ത്തു ദന്‍ബന്‍ എന്നു തുടങ്ങുന്ന നശീദ് വിശ്വാസികളുടെ ഉള്ളുലക്കുന്ന പ്രാര്‍ത്ഥനയാണ്. മാസ്മരികമായ ഖുര്‍ആന്‍ പാരായണത്തിനു പുറമേ ഉള്ളുണര്‍ത്തുന്ന നശീദുകള്‍ സമകാലിക ഖാരിഉകളില്‍ അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.
സ്വര്‍ഗീയമെന്ന് തോന്നും വിധം വശ്യമായ ഈണമാണ് ഖുര്‍ആനിക വചസ്സുകള്‍ക്ക് ജീവന്‍ പകരുന്നതെങ്കില്‍ ആ ഔഷധത്തണലിന് മധുരമൊന്നു കൂടെയേറും. അത്തരമൊരനുഭൂതി തരുന്നതാണ് മൗലാനാ കുര്‍തിഷി അല്‍ മഖ്ദൂനിയെന്ന ഖാരിഇന്റെ ഈണം. വസന്തങ്ങളും പൂമ്പാറ്റകളെയും വിരുന്നു വിളിച്ച് സ്വര്‍ഗീയാരാമത്തിലെത്തിയെന്ന പ്രതീതി. ആസ്വാദനത്തിനു മാത്രമായി താളാത്മകതയണിയുന്ന ആ ഈണത്തില്‍ മുഴങ്ങുന്ന വചസ്സുകള്‍ ശ്രോതാവിനെ അഭൗമമായ ലോകങ്ങളിലേക്കു നയിക്കുന്നു. മിശാരി അറദയുടെ ഫര്‍ശി തുറാബ് എന്നു തുടങ്ങുന്ന നശീദും ഈ ഗണത്തില്‍ പെടുന്നതും അര്‍ഥഗംഭീരവും ഹൃദയസ്പര്‍ശിയുമാണ്. അനുവദനീയമല്ലാത്ത വിനോദങ്ങള്‍ മാറ്റി വെച്ച് നാം നന്മ നിറഞ്ഞ വിനോദങ്ങളിലേക്ക്് കൂടുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Add comment